Thursday, September 20, 2018

ആരാണ് രാധ?

ഹൈന്ദവപുരാണങ്ങൾ പ്രകാരം ശ്രീകൃഷ്ണന്റെ ബാല്യകാലസഖിയും കാമുകിയുമാണ് രാധ .ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായാണ് രാധാകൃഷ്ണ പ്രണയത്തെ കണക്കാക്കുന്നത്.
രാധയുടെ അവതാരം ഈ ഭൂമിയിലുള്ള മനുഷ്യര്‍ക്ക്‌ കൃഷ്ണ പ്രേമരസത്തെ മനസ്സിലാക്കിത്തരാനാണ്!

പ്രണയത്തിനു ലോകത്തെ ഏറ്റവും വലിയ മാതൃകയാണ് രാധാ-കൃഷ്ണ പ്രണയം.

കൃഷ്ണന്‍റെ ഏറ്റവും പ്രിയപ്പെട്ടവള്‍ രാധയാണ്. അവളെ കൃഷ്ണനും ആരാധിക്കുന്നു. രാധ കൃഷ്ണനെയും ആരാധിക്കുന്നു. രാധയെ ഗന്ധര്‍വ എന്നും പറയാറുണ്ട്‌ ,ലക്ഷ്മിയാണ്‌ രാധയായി ജന്മം കൊണ്ടത്‌, രാധ കൃഷ്ണന്റെ പ്രാണപ്രേയസിയാണ്.
അവളെ നാല് വേദങ്ങളും സ്തുതിക്കുന്നു. ബ്രഹ്മജ്ഞാനം തികഞ്ഞ മഹാർഷിമാര്‍ക്ക് രാധയെ സംബന്ധിക്കുന്ന ഗീതങ്ങള്‍ അറിയാം.

 എന്താണ് രാധക്കിത്ര പ്രധാന്യം?..... പഞ്ചദേവിമാരിൽ അഞ്ചാമത്തെതും, പഞ്ചപ്രമാണങ്ങളുടെയും അധിദേവതയും, പഞ്ചപ്രാണസ്വരൂപിണിയും, പ്രാണങ്ങളെക്കാള്‍ പ്രിയപ്പെട്ടവളും,  പരമസുന്ദരിയും, ഏറ്റവും ശ്രേഷ്ഠയും, സര്‍വസൌഭാഗ്യങ്ങളും തികഞ്ഞവളും, ഗൗരവത്തോടുകൂടിയവളും, മാനിനിയും ,
ശ്രീകൃഷ്ണ പരമാത്മാവിന്റെ വാമാംഗാര്‍ധ സ്വരൂപിണിയും,  ഭഗവാനെപ്പോലെതന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളും,
പരാപര സാരഭൂതയും,  സനാതനയും
പരമാനന്ദസ്വരൂപിണിയും, ധന്യയും, മാന്യയും,
 പൂജ്യയും, ശ്രീകൃഷ്ണ ഭഗവാന്റെ രാസക്രീഡയില്‍ അധിദേവിയും,രാസമണ്ഡലത്തില്‍ ഉണ്ടായി രാസമണ്ഡലത്തില്‍ പരിശോഭിക്കുന്ന രാസേശ്വരിയും,രസികയും, രാസാവാസനിവാസിനിയും, ഗോലോകസ്ഥിതയും
ഗോപികാവേഷധാരിണിയും, പരമാനന്ദസ്വരൂപിണിയും, നിര്‍ഗുണയും,
 നിരാകാരയും,നിര്‍ലിപ്തയും, ആത്മസ്വരൂപിണിയും, യാതൊരവസ്ഥാഭേദത്താലും ബാധിക്കപ്പെടാത്തവളും, നിരീഹയും
 നിരഹങ്കാരയും, ഭക്തന്മാര്‍ക്ക് അനുഗ്രഹം കൊടുക്കുന്നവളും, ദേവശ്രേഷ്ഠന്മാരാലും മുനിശ്രേഷ്ഠന്മാരാല്‍ക്കൂടിയും ഈ മാംസചക്ഷുസ്സുകള്‍ കൊണ്ട് കാണപ്പെടുവാന്‍ സാധിക്കാത്തവളും,  എന്നാല്‍ വേദങ്ങളാല്‍ വിധിക്കപ്പെട്ടിട്ടുള്ള ധ്യാനങ്ങളനുസരിച്ച് ധ്യാനിച്ചാല്‍ ജ്ഞാനദൃഷ്ടികൊണ്ട് കാണപ്പെടുന്നവളും. അഗ്നിയില്‍പ്പോലും ദഹിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നവളും, കോടി ചന്ദ്രന്റെ പ്രകാശമുള്ളവളും , വരാഹകല്പത്തില്‍ വൃഷഭാനുവിന്റെ പുത്രിയായി അവതരിച്ചവളുമാകുന്നു.,

അക്കാലത്ത് ആ ദേവിയുടെ പാദസ്പര്‍ശം നിമിത്തം ഭാരതഭൂമി പുണ്യവതിയായി. പണ്ട് ബ്രഹ്മാവ് ഈ ദേവിയുടെ പാദസ്പര്‍ശം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സുചെയ്യുകയുണ്ടായി.  അക്കാലത്ത് ദേവിയെ സ്വപ്നത്തില്‍പ്പോലും കാണുവാന്‍ സാധിച്ചില്ല. പിന്നെ കരുണാമയിയായ ആ ദേവിതന്നെ വൃന്ദാവനത്തില്‍ ലോകാനുഗ്രഹാര്‍ഥം അവതരിച്ചപ്പോള്‍ അവിടെവച്ചു മാത്രമേ ആ ദേവിയെ എല്ലാവര്‍ക്കും പ്രത്യക്ഷമായി കാണുവാന്‍ കഴിഞ്ഞുള്ളൂ.

ശ്രീ കൃഷ്ണ പരമാത്മാവിന്റെ ആത്മാവാണ് ശ്രീരാധാദേവി. മൂലപ്രകൃതിയായ രാധാദേവിയിൽ നിന്നാണ് സമസ്ത പ്രപഞ്ചങ്ങളും ഉണ്ടായത്.ശ്രീകൃഷ്ണ ഭഗവാൻ ആത്മാരാമനാണ് .അതായതു സ്വന്തം ആത്മാവിൽ മാത്രം രമിക്കുന്നവൻ. രാധാദേവിയിൽ നിന്നും ജതമായതാണ് ഈ പ്രപഞ്ചം എന്നതിനാൽ ഈ പ്രപഞ്ചത്തിലെ എല്ലാത്തിനോടും ഉള്ള പ്രേമം കൃഷ്ണന്റെ ആത്മരതി തന്നെയാണ്. രാധായല്ലാതെ കണ്ണന് രമിക്കാൻ വേറെ ഒന്നും തന്നെ ഇല്ല. ഇത് തന്നെ കണ്ണന്റെ മഹാരസം . അത് സാദാ നടന്നു കൊണ്ടിരിക്കുന്നു.

മഹാരസം അറിയാൻ അനുഭവിക്കാൻ കഠിനമായ സാധനയോ ധ്യാനമോ ഒന്നും വേണ്ട. ഉറവ വറ്റാത്ത , കൊടുക്കും തോറും ഇരട്ടിയായി നിറഞ്ഞൊഴുകുന്ന നിറഞ്ഞ പ്രേമം മാത്രം മതി.

ശ്രീകൃഷ്ണപട്ടറാണിയായ ഗോലോകരാജ്ഞി, രാധിക ,രാധ, കൃഷ്ണന്റെ അര്‍ധാംഗിനിയാണ് , ‘അവള്‍ ഗോലോകറാണിയായ രാധികയാണ്. രാധാ ശബ്ദത്തിന്റെ പ്രഭവം. രമയില്‍നിന്നു രേഫവും ആദി ഗോപികയില്‍ നിന്ന് ‘ആ’കാരവും ‘ധര’യില്‍ നിന്ന് ‘ധ’കാരവും വിരജാ എന്നതില്‍ നിന്ന് ‘ആ’ കാരവും ചേര്‍ന്ന് ‘രാധാ’ എന്ന ശബ്ദവുമുണ്ടായി. ശ്രീകൃഷ്ണ തേജസ്സില്‍ നിന്നുത്ഭവിച്ച ആദിഗോപികമാരായ ലീല, ഭൂമി, ശ്രീ, വിരജാ-ഇവര്‍ ഒന്നായിച്ചേര്‍ന്നതാണ് രാധാ!’ രാധാനാമം സദാ ജപിക്കുന്നവര്‍ക്ക് തങ്ങളുടെ ഏതഭീഷ്ടവും സാധിക്കുമെന്നും ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളല്ല, ശ്രീകൃഷ്ണസാമീപ്യംപോലും ലഭിക്കും ശ്രീഭഗവാന്റെ അര്‍ദ്ധാംഗിനിയാണ് രാധ! ഒരു അര്‍ദ്ധം രാധയും മറ്റേ അര്‍ദ്ധം കൃഷ്ണനും. ഭാരതീയമായ അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്റെ മറ്റൊരു കല്പനതന്നെയാണ് രാധാകൃഷ്ണ സങ്കല്പവും. രാധയെകൂടാതെ കൃഷ്ണനോ കൃഷ്ണനെക്കൂടാതെ രാധയോ ഇല്ല! പ്രകൃതി-പുരുഷമേളനമെന്ന സാംഖ്യവീക്ഷണവും ഇതിന് തുണയാകുന്നു. രമ, ആദിഗോപിക, രാധ, വിരജാ എന്നീ സംജ്ഞകളില്‍ നിന്ന് യഥാക്രമം രേഫം, ‘ആ’കാരം, ‘ധ’കാരം, (വീണ്ടും) ‘ആ’ കാരം എന്നിവ ചേര്‍ന്നാണത്രേ, ‘രാധാ’ ശബ്ദം രൂപംകൊണ്ടത്. സര്‍വ്വസ്ത്രീ പ്രകൃതിയേയും പ്രതിനിധീകരിക്കുന്നതാണ് രാധാ ശബ്ദമെന്ന് ഇതില്‍ നിന്നൂഹിക്കം. രാധ എന്ന പ്രകൃതിയും കൃഷ്ണനെന്ന പുരുഷനും ഗോലോകപതിയില്‍ ഏകീഭവിക്കുന്നു. ബഹുത്വം അഭിന്നമായി ഏകീഭവിച്ചിരിക്കുകയാല്‍ രാധാകൃഷ്ണമൂര്‍ത്തി ഏകവചനമായി. രാധാശബ്ദവും ഭഗവദ്‌വാചിയായിരിക്കുന്നു. സര്‍വ്വപ്രപഞ്ചവസ്തുക്കളിലും ധാരയായി പ്രവഹിക്കുന്ന ചൈതന്യമാണ് രാധ! ആ ചൈതന്യം ഈശ്വരശക്തിയാകയാല്‍ രാധാശബ്ദവും സര്‍വേശ്വരന്‍ എന്ന അര്‍ത്ഥത്തില്‍ വ്യവഹരിക്കാവുന്നതാണ്.

നീണ്ടകാലം മുഴുവന്‍ വിവരിച്ചാലും തീരാതെ രാധയുടെ ഗുണഗണങ്ങള്‍ വ്യാപൃതമാണ്.
ആരാണ് രാധയുടെ സന്തോഷത്തിനു പ്രാപ്തമാകുന്നത്, അവര്‍ക്ക് ലഭ്യമാകുന്നത് പരമധാമാമാണ്.
രാധയെ അവഗണിച്ചു കൊണ്ട് കൃഷ്ണനെ ആരാധിക്കുന്നവരെ മൂടന്മാരെന്നു വിളിക്കണം. വേദങ്ങളാകട്ടെ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.
രാധയും രാമേശ്വരിയും രമ്യയും കൃഷ്ണയും മന്ത്രാദി ദേവതയും സര്‍വാദ്യയും സര്‍വമന്യയും വൃന്ദാവനവിഹാരിണിയും വൃന്ദയും രാധ്യായയും രമയും സത്യയും സത്യപരയും സത്യഭാമയും കൃഷ്ണവല്ലഭയും വൃഷഭാനുസുതയും ഗോപീമൂലപ്രകൃതിയും ഈശ്വരിയും ഗന്ധര്‍വയും രാധികയും രമ്യയും പരമേശ്വരിയും പരാത്പരയും നിത്യയും വിനാശിനിയുമൊക്കെ രാധയുടെ വിശേഷണങ്ങളാണ്.

ആരാണോ ഈ നാമങ്ങളൊക്കെയും ചൊല്ലുന്നത് അവര്‍ക്ക് ലഭ്യമാകുന്നത് ജീവന്മുക്തിയാണ്.

No comments:

Post a Comment