Tuesday, September 25, 2018

തവ കഥാമൃതം തപ്തജീവനം കവിഭിരീഡിതം കല്‍മഷാപഹം
ശ്രവണ മംഗളം ശ്രീമദാതതം ഭുവി ഗൃണന്തി തേ ഭുരിദാ ജനാഃ
ഗോപികമാര്‍ പാടി:
അങ്ങിവിടെ ഭൂജാതനായതില്‍പ്പിന്നെ ഐശ്വര്യത്തിന്റെ അധിദേവത ഇവിടെ സ്ഥിരതാമസമാക്കിയിരിക്കുന്നു. പ്രിയപ്പെട്ടവനേ, നിന്റെ ഭക്തര്‍ നിന്നെ തിരഞ്ഞു നടക്കുന്നുതു കാണുന്നില്ലേ? പ്രേമസുരഭിലമായ കടാക്ഷം കൊണ്ട്‌ ഞങ്ങളുടെ ജീവനെത്തന്നെ അവിടുന്നു കവര്‍ന്നെടുത്തിരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ വൃന്ദാവനവാസികളെ കാലാകാലങ്ങളിലുണ്ടാവുന്ന ദുരിതങ്ങളില്‍ നിന്നെല്ലാം നീ രക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്കറിയാം നീ ഗോപികമാരുടെ വെറും കളിത്തോഴന്‍ മാത്രമല്ലാ എന്ന്‌. നീ സകല ജിവികള്‍ക്കും അന്തര്യാമിയായ സാക്ഷീഭാവമത്രെ. സൃഷ്ടാവിന്റെ പ്രാര്‍ത്ഥനപ്രകാരം സാത്വികരുടെ ഇടയില്‍ ജന്മമെടുത്തിരിക്കുകയാണ്‌ അവിടുന്ന് എന്നും ഞങ്ങള്‍ അറിയുന്നു.
ഭഗവാനേ അവിടുത്തെ കൈള്‍ തലയില്‍വച്ച്‌ അനുഗ്രഹിച്ചാലും. ആ കൈകള്‍ അവിടുത്തെ അഭയം പ്രാപിക്കുന്നുവര്‍ക്കു ഭയവിമോചനം നല്‍കുന്നുവയത്രേ. ഞങ്ങളെ വിനീതദാസികളായി കണക്കാക്കി ഞങ്ങള്‍ക്ക്‌ അവിടുത്തെ ദര്‍ശനസുഖമേകിയാലും. അവിടുത്തെ കുമ്പിടുന്നവരുടെ സകല പാപങ്ങളേയും നശിപ്പിക്കുന്ന ആ പാദാരവിന്ദങ്ങളെ ഞങ്ങളുടെ മാറിടത്തില്‍ വച്ചാലും. അതേ പാദങ്ങളാണല്ലോ ഞങ്ങള്‍ക്ക്‌ ഐശ്വര്യമേകുന്ന പശുക്കളെയും പൈക്കുട്ടികളെയും മേയ്ക്കുന്നത്‌. കാളിയന്റെ ദര്‍പ്പമവസാനിപ്പിക്കാനായി നൃത്തം ചെയ്തതും അതേ പാദമലരുകള്‍ തന്നെ. പ്രിയപ്പെട്ടവനേ, ഞങ്ങളില്‍ ഉദാസീനമായിപ്പോയ ചേതനയെ അവിടുത്തെ അധരപുടങ്ങളില്‍ നിന്നുമൊഴുകുന്ന അമൃതുകൊണ്ട്‌ ഉണര്‍ത്തിയാലും. അവിടുത്തെ മഹിമകളും ലീലകളും വര്‍ണ്ണിക്കുന്ന കഥകള്‍പോലും ദുഃഖിതരുടെ പ്രാണനെ പുനര്‍ജീവിപ്പിക്കുന്നു. മഹാത്മാക്കള്‍ ആ കഥകള്‍ പാടി വര്‍ണ്ണിക്കുന്നത്‌ ദുഷ്ടതയെ നശിപ്പിക്കുന്നുതും മംഗളകരവും ശാന്തിയേകുന്നുതുമത്രേ. അവ കേള്‍ക്കുന്നവര്‍ അനുഗൃഹീതരുമത്രെ.

No comments:

Post a Comment