Wednesday, September 19, 2018

സുഖം വിഷയങ്ങളിലാണെന്നു സാധാരണക്കാര്‍ വിശ്വസിക്കുന്നു, അതല്ല, മനസ്സിലാണെന്നു ഒരുകൂട്ടം അഭിജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വിഷയത്തിലും മനസ്സിലും സുഖം ഇല്ലെന്നും സുഖം ആത്മാവിന്റെ സ്വരൂപമാകയാല്‍ അത് ആത്മാവിനുള്ളതാണെന്നും ആത്മാജ്ഞാനികള്‍ അവകാശപ്പെടുന്നു. ഇതേപ്പറ്റി അല്പം ചിന്തിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
വിഷയങ്ങളില്‍ സുഖമുണ്ടെങ്കില്‍ ഒരു വിഷയം ഉപയോഗിക്കുന്ന അവസരങ്ങളിലെല്ലാം സുഖമുണ്ടാവണം. അഗ്നി തണുപ്പുകാരലത്തു സുഖം തരുന്നെങ്കില്‍ ചുടുകാലത്തു സുഖംതരുന്നില്ല. പ്രത്യേകിച്ചു അസുഖം ഉണ്ടാക്കുകയും ചെയ്യുന്നു. ഭക്ഷണം വിശപ്പുള്ളവനുമാത്രം സുഖം നല്‍കുന്നു. വിശപ്പില്ലാത്തവനു സുഖം നല്‍കുന്നില്ല, വെള്ളം ദാഹമുള്ളവനു സുഖം നല്‍കുമ്പോള്‍ ദാഹമില്ലാത്തവനു സുഖം നല്‍കുന്നില്ല. വസ്തുവില്‍ സുഖം ഉണ്ടായിരുന്നു എങ്കില്‍ അതു എപ്പോള്‍ ഉപയോഗിച്ചാലും സുഖം ഉണ്ടാവേണ്ടതാണ്. അപ്പോള്‍ വിഷയത്തിലല്ല സുഖം. ലഭിക്കുന്നില്ല.
മനസ്സുണ്ടെങ്കിലും അജീര്‍ണ്ണം ബാധിച്ചവനു ഭക്ഷണത്തില്‍ സുഖം ഉണ്ടാവുന്നില്ല. മനസ്സിനു സ്വയം സുഖം കൈവരുത്താനും കഴിയുന്നില്ല. വിഷയത്തില്‍ പിന്നെവിടാണു സുഖം? ഉറക്കത്തില്‍സുഖം ഉണ്ടാകുന്നല്ലോ. അവിടെ മനസ്സും വിഷയവും ഇല്ല. അവിടെ സുഖം ഉണ്ടുതാനും, ശരീരത്തിനും മനസ്സിനും എന്തെല്ലാം അസുഖങ്ങള്‍ ഉണ്ടായിരുന്നാലും സുഷുപ്തിയില്‍ സുഖം മാത്രമാണനുഭവം.
സുഷുപ്തിയില്‍ അനുഭവം സുഖമാണോ? ഏതായാലും ദുഃഖമില്ലെന്നു തീര്‍ച്ചതന്നെ, ദുഃഖമില്ലാത്ത അവസ്ഥ തീര്‍ച്ചയായും സുഖമാണ്. ഇരുട്ടില്ലെങ്കില്‍ പിന്നുള്ളതു വെളിച്ചവുമാണ്. ഉണര്‍ന്നുവരുമ്പോള്‍ ഉറക്കം സുഖമായിരുന്നു എന്നാണുപറയുക, മെത്തയും കൊതുകുവലയും ശരിപ്പെടുത്തി ഈശ്വരസ്മരണയോടുകൂടി കയറിക്കിടക്കുന്നത് എന്തിനാണ്? സുഖം അനുഭവിക്കാന്‍ ആര്‍ക്കും ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നതു ഇഷ്ടപ്പെടുന്നുമില്ല. അപ്പോള്‍ അതു സുഖംതന്നെയാണ്. പക്ഷെ ആ സുഖം അറിയാന്‍ മനസ്സില്ലാതിരുന്നു എന്നുള്ളതു പരമാര്‍ത്ഥമാണ്.
സുഖാനുഭവത്തെപ്പറ്റി അറിയുന്നതു മനസ്സാണ്. എന്നാല്‍ സുഖം മനസ്സിനപ്പുറമാണ്. മനസ്സിനു സുഖം അനുഭവിക്കാന്‍ സാദ്ധ്യമല്ല. മനസ്സുഖത്തിനു തടസ്സം ചെയ്യുന്ന ഉപാധിയാണ്. അതാണു യോഗികള്‍ മനസ്സിനെ നിയന്ത്രിക്കുവാന്‍ അല്ലെങ്കില്‍ ശമിപ്പിക്കുവാന്‍ പാടുപെടുന്നത്. മനസ്സിന്റെ ലയമാണു ഭക്തനും കാംക്ഷിക്കുന്നത്. ഇരുകൂട്ടരും ആത്യന്തികസുഖത്തിനുവേണ്ടി വേല ചെയ്യുന്നവരാണ്. മനസ്സുള്ളിടത്തോളം കാലം സുഖം സാദ്ധ്യമല്ലെന്നു അവര്‍ അറിഞ്ഞിട്ടുണ്ട്. പിന്നെ ആത്മാവിനാണു സുഖമെങ്കില്‍, അതു നാശമില്ലാത്ത വസ്തുവുമാണെങ്കില്‍ എന്തുകൊണ്ടു എപ്പോഴും സുഖം ഉണ്ടാവുന്നില്ല? അതു കാരണം മുന്‍പു പറഞ്ഞതുതന്നെ. വിഷയങ്ങളും മനസ്സും അതിനു തടസ്സം ചെയ്യുന്നു.
സുഷുപ്തിയില്‍ അവരണ്ടുമില്ലാത്തതുകൊണ്ടു തടസ്സമില്ലാത്ത സുഖം അനുഭവമാകുന്നു. എന്നാല്‍ വിഷയം അനുഭവിക്കുന്ന കാലത്തുണ്ടാകുന്ന സുഖം പിന്നേതാണു എന്നൊരു ചോദ്യമുണ്ടാവാം. അതു വിഷയങ്ങളുടെയോ മനസ്സിന്റേയോ അല്ല. ആത്മാവിന്റെ തന്നെയാണ്. അതു ഉദാഹരണസഹിതം തെളിയിക്കാം. ഒരാള്‍ വെള്ളം ദാഹത്തിനു ആഗ്രഹിക്കുന്നു. വെളഅളം വെള്ളം എന്നു മനസ്സു ചലിക്കയാണു അപ്പോള്‍, അതു ദുഃഖമാണ്. വെള്ളം ലഭിക്കുമ്പോള്‍ മനസ്സ് ചലനമറ്റ് അവിടെ ലയിക്കുന്നു. അവിടെ സുഖം പ്രകാശിക്കുന്നു.
വേറൊരുവിഷയം ആഗ്രഹിക്കാന്‍ അതായതു മനസ്സു ചലിക്കാന്‍ തുടങ്ങുന്നതുവരെ ഏതാനും നിമിഷം സുഖം തന്നെ പ്രകാശിക്കുന്നു. വെള്ളം കുടിച്ചു സുഖാനുഭവത്തില്‍ കഴിയുമ്പോള്‍ ഒന്നു മുറുക്കണമെന്നു ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അപ്പോള്‍ മുറുക്കാനുവേണ്ടി മനസ്സു ചലിക്കുന്നു. ദുഃഖമായി, മുറുക്കാന്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ആ ചലനം നിശ്ശേഷംനശിക്കുന്നു. അവിടേയും സുഖം പ്രകാശിക്കുന്നു. പിന്നീടു ഒന്നു കിടക്കണമെന്നു വിചാരിക്കുമ്പോള്‍ ദുഃഖമായി. കിടന്നുകഴിഞ്ഞാല്‍ മനസ്സിന്‍രെ ആ വ്യാപാരം അവസാനിച്ചു. സുഖം പ്രകാശിച്ചു.
വെള്ളത്തിലെ തിര അവസാനിക്കുമ്പോള്‍ വെള്ളം മാത്രം കാണുന്നതുപോലെ, അല്ലെങ്കില്‍ വെള്ളത്തിന്റെ ഒരു ഭാഗമായ തിര വെള്ളത്തില്‍ ലയിക്കുന്നതുപോലെ, ആത്മാവിന്റെ അഥവാ അറിവിന്റെ ഒരു ഭാഗമായ മനസ്സ് ആത്മാവില്‍ അഥവാ അറിവില്‍ ലയിക്കുന്നു. വെളളത്തെ മറന്നു നാം തിരയെകാണുന്നു. വെള്ളത്തിന്റെ ഗുണങ്ങളേയും മറക്കുന്നു, അതുപോലെ ആത്മാവിന്റെ അംശമായ മനസ്സു ചലിക്കുമ്പോള്‍ ആത്മാവിനെ മറക്കുന്നു. ഗുണങ്ങളേയു മറക്കുന്നു. അതിനാല്‍ സുഖരൂപമായ ആത്മാവിനെ മറക്കുന്നതും മറയ്ക്കുന്നതും മനസ്സാണ്. സുഖസ്വരൂപമായ ആത്മാവിനെ മറക്കപ്പെട്ടപ്പോള്‍ അല്ലെങ്കില്‍ മറയ്ക്കപ്പെടുമ്പോള്‍ അനുഭവപ്പെട്ടില്ല.
അതിനാല്‍ മനസ്സു സുഖത്തിനു കാരണക്കാരനല്ലെന്നും പ്രത്യുത സുഖത്തെ നശിപ്പിക്കുകയാണു ചെയ്യുന്നതെന്നും കണ്ടു കഴിഞ്ഞു. പരമാനന്ദ സ്വരൂപമായ പരമാത്മാവിന്റെ സ്ഫുരണങ്ങളാണു വിഷയത്തില്‍നിന്നും ലഭിക്കുന്നു എന്നു നാം വ്യാമോഹിക്കുന്ന ക്ഷണികസുഖങ്ങള്‍, അതു മനസ്സു നശിക്കുന്നു, അല്ലെങ്കില്‍ ലയിക്കുന്ന വേളകളില്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുളളൂ എന്നും വ്യക്തമാണ്. ഈ സുഖം തന്റെ ആത്മാവില്‍-തന്നില്‍ കുടികൊള്ളുന്നു. അതിനാല്‍ സുഖം തന്നില്‍തന്നെ അനുഭവപ്പെടുന്നു.
ഉപനിഷത്തില്‍ ഇതിനെ സ്ഥാപിക്കുവാന്‍ ഉദാഹരണം പറഞ്ഞിരിക്കുന്നതു ഇപ്രകാരമാണ്.
ഒരു പൂച്ചയുടെ ശിരസ്സില്‍ വെണ്ണ വെച്ചിരിക്കുന്നു.അതിന്റെ ഗന്ധംകൊണ്ടു പൂച്ച വെണ്ണ എവിടെയന്നറിയാതെ പല സ്ഥലങ്ങളിലും ചെന്നു മണപ്പിക്കുന്നു. നമ്മുടെയുള്ളില്‍ തിങ്ങിവിങ്ങി പ്രകാശിക്കുന്ന ആത്മസ്വരൂപം ആ പരമാനന്ദസ്വരൂപം നാം അറിയാതെ അതിന്റെ ഗന്ധം സ്വീകരിച്ചുകൊണ്ടു ഓരോവിഷയങ്ങളിലും അന്വേഷിച്ചലയുന്നു. ഈ ക്ഷണിക സുഖങ്ങള്‍ ആ പരമാത്മ സ്വരൂപത്തിന്റെ ഗന്ധം മാത്രമാണ്. പക്ഷെ നമ്മുടെ ലക്ഷ്യം സാക്ഷാത്തായ ആത്മസുഖം അല്ലെങ്കില്‍ ആത്യന്തികസുഖമാണ്.
വിഷയങ്ങളില്‍നിന്നും മനസ്സു പാടെ പിന്‍തിരിഞ്ഞു ആത്മാവിനെ അഭിമുഖീകരിക്കുമ്പോള്‍ മനസ്സു അവിടെ നിര്‍വൃതി അടയുന്നു. ആത്യന്തികസുഖം അനുഭവപ്പെടുന്നു.
PUNYABHUMI

No comments:

Post a Comment