Wednesday, September 19, 2018

പശു പാശം പതി

അപ്പര്‍

തമിഴ്നാട്ടിലെ പ്രമുഖ ശൈവസന്ന്യാസിമാരിലൊരാള്‍. എ.ഡി. 7-ാം ശ.-ത്തിന്റെ മധ്യത്തില്‍ തെക്കേ ആര്‍ക്കാട്ടിലുള്ള തിരുവാവൂര്‍ എന്ന സ്ഥലത്ത് വെള്ളാള സമുദായത്തില്‍ ജനിച്ചു. പിതാവ് 'പുകഴനാര്‍'; മാതാവ് 'മാതിനിയാര്‍'. അപ്പര്‍ക്ക് മാതാപിതാക്കള്‍ നല്കിയ പേര് 'മരുള്‍നീക്കിയാര്‍' എന്നായിരുന്നു. 'വാകീശന്‍' (വാഗീശന്‍) എന്നും 'തിരുനാവുക്കരശന്‍' എന്നും പില്ക്കാലത്ത് ഇദ്ദേഹത്തിനു പേരുകള്‍ സിദ്ധിച്ചു.
ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചുപോവുകയാല്‍ അപ്പര്‍ സഹോദരി തിലകവതിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. അചിരേണ ഇദ്ദേഹം ജൈനമതവിശ്വാസിയാകുകയും ബൌദ്ധജൈനന്‍മാരുടെ കേന്ദ്രമായ പാടലീപുത്രത്തിലേക്കു പോകുകയും ചെയ്തു. ജൈനര്‍ ഇദ്ദേഹത്തെ 'തിരിപ്പാതിരിപ്പുലിയൂര്‍' മഠത്തിന്റെ അധിപതിയായി തിരഞ്ഞെടുത്തു. 'ധര്‍മസേനന്‍' എന്ന പേരില്‍ ഇദ്ദേഹം അവരുടെ ഗുരുവായിത്തീര്‍ന്നു.
സഹോദരിയുടെ പ്രേരണാഫലമായി ഇദ്ദേഹം ശൈവമതത്തിലേക്ക് മടങ്ങി. ജൈനമതസ്ഥനായ മഹേന്ദ്രവര്‍മന്‍ എന്ന പാണ്ഡ്യരാജാവിനെ ഇദ്ദേഹം ശൈവമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചു. ഈ രാജാവ് പാടലീപുത്രത്തിലെ ജൈനക്ഷേത്രങ്ങള്‍ നശിപ്പിച്ച് തത്സ്ഥാനത്ത് ശൈവക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അപ്പര്‍ ഭക്തജനങ്ങളോടൊന്നിച്ച് ശിവക്ഷേത്രദര്‍ശനം നടത്തുക പതിവാക്കി. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പുല്ലു ചെത്തിവാരി ഈശ്വരസേവ ചെയ്യാനും ഇദ്ദേഹം സന്നദ്ധനായി. ചീര്‍കാഴിയില്‍വച്ച് തിരുജ്ഞാനസംബന്ധരാണ് ഇദ്ദേഹത്തിന് 'അപ്പര്‍' എന്ന പേരു നല്കിയത്. അപ്പര്‍ 126 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതായി രേഖകള്‍ കാണുന്നു. ഇദ്ദേഹത്തെ ചുറ്റിപ്പറ്റി അനേകം ഐതിഹ്യങ്ങളും അദ്ഭുതകഥകളും ആവിര്‍ഭവിച്ചിട്ടുണ്ട്.
ഭക്തിലഹരിയില്‍ മുഴുകി അപ്പര്‍ അനേകം സ്തോത്രഗാനങ്ങള്‍ പാടി. പതി, പശു, പാശം എന്നീ സ്ഥിരഭാവങ്ങളെ പരാമര്‍ശിക്കുന്ന ശൈവസിദ്ധാന്തങ്ങള്‍ ഇദ്ദേഹത്തിന്റെ ഗാനങ്ങളില്‍ വികസ്വരമായി. ഈശ്വരസ്തുതിപരമായി അപ്പര്‍ രചിച്ച 3,066 പദ്യങ്ങള്‍ 4, 5, 6 എന്നീ 'തിരുമുറകളായി' സമാഹരിക്കപ്പെട്ടിട്ടുണ്ട്. 'കൊല്ലി', 'കാന്താരം', 'സാതാരി', 'ഇന്തളം', 'കുറിഞ്ചി' മുതലായവയാണ് അവയ്ക്കു നിര്‍ദേശിച്ചിട്ടുള്ള രാഗങ്ങള്‍. 'താണ്ടകം' (ദണ്ഡകം) വൃത്തത്തില്‍ ഒട്ടധികം പദ്യങ്ങള്‍ ചമയ്ക്കുകയാല്‍ 'താണ്ടകവേന്തു' എന്നും 'താണ്ടകചതുരന്‍' എന്നും അപ്പര്‍ പ്രശസ്തനായി. അപ്പരുടെ തേവാരങ്ങള്‍ തിരുജ്ഞാനസംബന്ധരുടേയും സുന്തരരുടേയും 'തേവാര'ങ്ങളെക്കാള്‍ ഹൃദയദ്രവീകരണക്ഷമങ്ങളായി കരുതപ്പെടുന്നു. മനുഷ്യസ്വഭാവ വൈകല്യങ്ങളെ ഓര്‍ത്ത് ദുഃഖിച്ചും ഈശ്വരനോടുള്ള ദാസഭാവം പ്രകടിപ്പിച്ചും സന്‍മാര്‍ഗോപദേശം ചെയ്തും ഇദ്ദേഹം രചിച്ചിട്ടുള്ള കവിതകള്‍ നിരവധിയുണ്ട്. അപ്പൂതി, അടികള്‍, അവര്‍നീതിനായനാര്‍, കണ്ണപ്പന്‍ ചാക്യാര്‍, തിരുജ്ഞാനസംബന്ധര്‍ മുതലായ ഭക്തന്‍മാരെ തന്റെ കൃതികളില്‍ പലേടത്തും അപ്പര്‍ സ്മരിച്ചുകാണുന്നു.
(എം. ഇളയപെരുമാള്‍; സി.എസ്. നമ്പൂതിരിപ്പാട്)

No comments:

Post a Comment