Saturday, September 22, 2018

ഈ ജന്മമോ മുജ്ജന്മമോ നാം ആരെയൊക്കെ എങ്ങനെയൊക്കെ വേദനിപ്പിച്ചു എന്നത് നമുക്ക് ഓര്‍മ്മവരില്ല! മറ്റുജീവികളെ നാം വേദനിപ്പിച്ചതു കാരണം ഇപ്പോള്‍ നമുക്ക് വന്നുചേരുന്ന ദുരിതങ്ങള്‍ മാത്രമാണ് നമുക്ക് ചിന്തയ്ക്ക് വിഷയമാവുക. അതുകൊണ്ടുതന്നെ ദുരിതമെല്ലാം സ്വന്തം കര്‍മ്മദോഷംകൊണ്ടാണെന്ന് അറിയുംവരെ മാത്രമാണ് നമ്മുടെ ദുഃഖങ്ങള്‍ക്ക് കാഠിന്യം ഉണ്ടായിരിക്കുക.
ഇനി ഇവിടെ ജന്മംകൊണ്ട് ചെയ്യാന്‍ കഴിയുന്നത് പ്രായശ്ചിത്തം ഒന്നു മാത്രമാണ്. പരദ്രോഹം കൂടാതെ ജീവിക്കുക എന്നതും സുഖദുഃഖങ്ങളെ സമഭാവനയോടെ കണ്ട് എല്ലാപേരിലും ഒരുപോലെ ഭക്തിയുള്ളവരായികഴിയുക എന്നതും യജ്ഞഭാവത്തോടെ സകലതിനും വേണ്ടി കൈകളില്‍ ഉള്ളവ നല്‍കുക എന്നതും സര്‍വ്വദോഷപരിഹാരമായ പ്രായശ്ചിത്തം ആയിത്തീരും.
നമ്മില്‍ നിന്ന് മറ്റുള്ളവയ്ക്കുണ്ടാകുന്ന ദുഃഖം നമ്മുടെ സുഖത്തെ കെടുത്തുന്ന ദോഷമായ് മാറുന്നു . ജീവിതം തുടക്കംമുതല്‍ ഒടുക്കംവരെ രോഗങ്ങളും ദുരിതങ്ങളുംകൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ എന്‍റെ അപരാധങ്ങള്‍ ക്ഷമിക്കണേ എന്നൊരു പ്രാര്‍ത്ഥന ശ്രീശങ്കരാചാര്യസ്വാമികള്‍ പറഞ്ഞുതരുന്നുണ്ട്.
നമ്മുടെ പൂര്‍വ്വികരായ ആചാര്യന്മാര്‍ നമുക്ക് ഒരു ജീവിതചര്യ നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അവ പഞ്ചയജ്ഞങ്ങളില്‍പ്പെടുന്നു. ദേവയജ്ഞം, ഋഷിയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം, അതിഥിയജ്ഞം ഇവയാണ് അത്. പ്രാര്‍ത്ഥനാദികാര്യങ്ങള്‍ ദേവയജ്ഞം. ഋഷിമാരെ അനുസരിക്കുന്നതും പഠിക്കുന്നതും അവരെ സ്മരിക്കുന്നതും അവര്‍ക്ക് വേണ്ടുന്നത് നല്‍കുന്നതും ഋഷിയജ്ഞം. ഗുരുജനങ്ങളെയും പിതൃക്കളെയും ആദരിക്കുകയും അവര്‍ക്ക് വേണ്ടത് ചെയ്തത് കൊടുക്കുന്നത് പിതൃയജ്ഞം. നമ്മെ ആശ്രയിച്ചു വരുന്ന സമൂഹത്തിലെ ആളുകളെ സന്തോഷിപ്പിക്കുന്നത് അതിഥി യജ്ഞം. ജീവജാലങ്ങളെ പരിപാലിക്കുന്നത് ഭൂതയജ്ഞം. ഇങ്ങനെ എന്നും എല്ലാപേര്‍ക്കും വേണ്ടുന്നത് അര്‍പ്പിക്കുന്നതായാല്‍ രണ്ടുതരത്തില്‍ നമുക്കത് ഗുണം ചെയ്യും. സകലതിനും വേണ്ടത് ചെയ്യുന്നതിനാല്‍ നാം ആര്‍ക്കൊക്കെ ദ്രോഹം ചെയ്തു എന്നറിയേണ്ടിവരുന്നില്ല. അതിനാല്‍ നമ്മുടെ പൂര്‍വ്വപാപദോഷങ്ങളുടെ പ്രായശ്ചിത്തം അതില്‍ ഉള്‍പ്പെടും. മാത്രമല്ല ഈ പഞ്ചയജ്ഞങ്ങള്‍ വഴി ജീവിക്കുമ്പോള്‍ ഈ ജന്മം ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം പാപവിമുക്തമായിരിക്കുമല്ലോ എന്ന ഗുണവുമുണ്ട്. കുട്ടികളെ പഠിപ്പിച്ച് ആചരിപ്പിക്കേണ്ടതാണിവയെല്ലാം.
പൗരാണിക ഭാരതീയ സംസ്കാരത്തിന് നിദാനമായിരുന്ന ആചരണങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എല്ലാം ഇത്തരത്തിലുള്ള ഒരടിസ്ഥാനം ഉണ്ട്. എന്തുകൊണ്ട് ഒരാള്‍ ദുഃഖിക്കുന്നു എന്നു ചിന്തിച്ചാല്‍ മറ്റുള്ളവരെ വേദനിപ്പിച്ചതുകോണ്ട് എന്നാകും ഉത്തരം. സുഖമായിരിക്കുന്നത് ജീവരാശിക്ക് സന്തോഷത്തെ കൊടുത്തതുകൊണ്ടുമാണ്. അതിനാല്‍ ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാസ്ത്രവിധിയനുസരിച്ചുള്ള ജീവിതക്രമത്തെ പാലിക്കുകയാണെങ്കില്‍ ചിത്തശുദ്ധിയുണ്ടായി മനഃപ്രസാദം ഉണ്ടാകുവാന്‍ അതുതന്നെ മതിയാകും. ആചാര്യന്മാര്‍ പറഞ്ഞുതന്നവ അനുഷ്ഠിക്കാതെ നാം നമ്മുടെ ദുരിതങ്ങള്‍ അകറ്റാനുള്ള മറ്റ് ക്രീയകളും അന്വേഷിച്ച് അലഞ്ഞുനടക്കും! അവര്‍ പറഞ്ഞവ അനുഷ്ഠിച്ച് ജീവിക്കുന്നതായാല്‍ അതുതന്നെ സര്‍വ്വപാപ പരിഹാരം ആണല്ലോ.
''യഃ ശാസ്ത്രവിധിമുത്തിത്
സൃജ്യ വര്‍ത്തതേ കാമകാരതഃ‍
ന സ സിദ്ധിമവാപ്നോതി
ന സുഖം ന പരാം ഗതിം'' (ഭഗവദ്ഗീത-16:23)
''സത്യദര്‍ശികളുടെ നിര്‍ദ്ദേശങ്ങളെ അനുവര്‍ത്തിക്കാതെ തോന്നിയപോലെ ജീവിക്കുന്നവര്‍ക്ക് ഇഹത്തിലോ പരത്തിലോ സുഖം ഉണ്ടാകുന്നില്ല.‍‍‍‍''
krishnakumar

No comments:

Post a Comment