Monday, September 10, 2018

🕉🕉🕉

         *"കമാന്നു ഒരക്ഷരം" മിണ്ടരുത്*
                          🤫🤫🤫

    *കമാ ന്നു ഒരക്ഷരം.“എന്റെ കൂടെ വരുന്നതൊക്കെ കൊള്ളാം. അവിടെങ്ങും വന്ന് “കമാ” ന്നു ഒരക്ഷരം മിണ്ടിയേക്കരുത് പറഞ്ഞേക്കാം” .*

*ഇതെന്താ കഥ ? ഈ  കമാ എന്നത് ഒരക്ഷരമാണോ? അതോ കഥയില്ലാത്ത  വെറും  വാക്കാണോ  ?* 

*പണ്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന  ഒരു അക്ഷര സംഖ്യാ കോഡ് ആണ് "കടപയാദി” അഥവാ “പരല്പ്പേര് ".  സംഖ്യകൾക്കു പകരം വാക്കുകൾ ഉപയോഗിക്കുന്ന രീതിയാണിത്. അതായത് മലയാളത്തിലെ അമ്പത്തിയൊന്നു  അക്ഷരങ്ങള്ക്കു  പകരം പൂജ്യം മുതല്‍ ഒമ്പതു  വരെയുള്ള അക്കങ്ങൾ നല്കി സംഖ്യകൾക്ക് പകരം അക്ഷരങ്ങള്‍ ഉപയോഗിച്ചും തിരിച്ചും എഴുതുന്ന ഒരു രീതിയാണിത്. സംഖ്യകളെ എളുപ്പം ഓർത്തിരിക്കത്തക്ക രീതിയിൽ വാക്കുകളായും കവിതകളായും എഴുതി വയ്ക്കാനും മറ്റും ഈ രീതി ഒരു കാലത്തു വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പുതന്നെ (കൊല്ലവർഷം തുടങ്ങുന്നതു ക്രി. പി. 825-ൽ ആണ്) പരൽപ്പേരും  പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതുന്നു.*

*താഴെ കാണുന്ന പട്ടിക പ്രകാരമാണ് ഈ കൺവെർഷൻ നടത്തേണ്ടത്.*

  *ഉദാഹരണത്തിന് 1 നു പകരം ക, ട, പ ,യ, ഈ അക്ഷരങ്ങൾ ഉപയോഗിക്കാം…  2 നു പകരം ഖ,ഠ,ഫ,ര ഉപയോഗിക്കാം … തുടങ്ങി …… 0 ത്തിനു പകരം ഞ, ന, ഴ, റ പിന്നെ സ്വരങ്ങളും. ഉപയോഗിക്കാം. കൺവെർഷൻ  നടത്തിയ ശേഷം വാക്കിലെ അക്ഷരങ്ങൾ വലതു നിന്നും ഇടത്തോട്ട് വായിക്കണം. എന്നിട്ടു ഭംഗിയുള്ള വാക്കിന്റെയോ ശ്ലോകത്തിന്റെയോ അർത്ഥവത്തായ  രൂപത്തിലാക്കാം.*

*1 -> ക ട പ യ*
*2-> ഖ ഠ ഫ ര*
*3-> ഗ ഡ ബ ല*
*4-> ഘ ഢ ഭ വ*
*5-> ങ ണ മ ശ*
*6-> ച ത ഷ*
*7-> ഛ ഥ സ*
*8-> ജ ദ ഹ*
*9-> ഝ ധ ള*
*0-> ഞ ന ഴ*
 *റ, സ്വരം അ, ആ, ഇ, ഈ, ഉ,  ഊ, ഋ, -, എ, ഏ, ഐ, ഒ,*
*ഓ, ഔ, അം,അഃ,*

 

*“കമാ ന്നു ഒരക്ഷരം മിണ്ടിയേക്കരുത്”  കടപയാദി പ്രകാരം "കമാ" എന്നാൽ  1 5. തിരിച്ചിട്ടാൽ 51. അതായത് മലയാളത്തിലെ ആകെയുള്ള 51 അക്ഷരങ്ങളിൽ ഒന്നു പോലും പറഞ്ഞു പോകരുത്. എന്നാണു അദ്ദേഹം കല്പിച്ചത്.*
 
 *ഇങ്ങിനെ വാക്കിൽ നിന്നും സംഖ്യയിലേക്കു മാറ്റുമ്പോൾ ചില ഉദാഹരണങ്ങൾ ഇങ്ങിനെ:-*
*കവി = 14 -> ശരിക്കുള്ള സംഖ്യ  41,* 
*ഗണിതം =356 -> ശരിക്കുള്ള സംഖ്യ 653,*
*വർഗം =403  -> ശരിക്കുള്ള സംഖ്യ 304,* 
*ഭാരതം = 426  ->ശരിക്കുള്ള സംഖ്യ 624,*   
*മാതൃഭൂമി =5645 -> =ശരിക്കുള്ള സംഖ്യ 5465*
*ദാനധർമ്മം = 80905  ->ശരിക്കുള്ള സംഖ്യ 50908*

*കുറച്ചു സംഖ്യകൾ എഴുതി അവയെ പരല്പേരിലേക്കു മാറ്റി നല്ല;  ശ്ലോക രൂപത്തിലാക്കാൻ ശ്രമിച്ചു നോക്കുന്നത് രസാവഹമായിരിക്കും. ആദ്യമായി  കടപയാദി പദമാക്കേണ്ട സംഖ്യയെ തിരിച്ചെഴുതുക. എന്നിട്ട് അനുയോജ്യമായ അക്ഷരങ്ങൾ പട്ടികയിൽ  നിന്നും കണ്ടെത്തണം. ഇതിന് നല്ല ക്ഷമയും ഭാവനയും വേണം. എങ്കിൽ മാത്രമെ അർത്ഥപൂർണ്ണമായ നല്ല പദങ്ങൾ ലഭിക്കു. ഒരേ അക്കത്തിന് ഒന്നിലധികം അക്ഷരങ്ങൾ ഉള്ളതിൽ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്ത് യോജിച്ച സ്വരം ചേർത്ത് സാഹിത്യ ഭംഗിയുള്ള പദം നിർമ്മിക്കുവാൻ കവിത്വവും ഭാവനയും വേണം.*

*ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണ് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നത്. ക്രി. പി. 15-)൦  ശതകത്തിൽ എഴുതപ്പെട്ട  കരണപദ്ധതി എന്ന ഗണിതശാസ്ത്രഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:*

*“അനൂനനൂന്നാനനനുന്നനിത്യൈ-*
*സ്സമാഹതാശ്ചക്രകലാവിഭക്താഃ*
*ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈർ-*
*വ്യാസസ്തദർദ്ധം ത്രിഭമൗർവിക സ്യാത്‌ ”*

*അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.   22/7 (പൈ )  യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.*

*കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നത് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണ്.* *ഉദാഹരണമായി,*
• *ധീരശങ്കരാഭരണം : ധീര = 29-)൦  രാഗം*
• *കനകാംഗി : കന = 01 = 1-)൦  രാഗം*
• *ഖരഹരപ്രിയ : ഖര = 22-)൦  രാഗം*

   *നിത്യവും ഓർമ്മിച്ചിരിക്കേണ്ട  പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:*

*“പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം*
*ഇല്ലാ പാലെന്നു ഗോപാലൻ -* *ആംഗ്ലമാസദിനം ക്രമാൽ ”*

*ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31,  ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 .  എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.*

*കൊല്ലവർഷം കലിവര്ഷം ക്രിസ്തുവർഷം ഇവയുടെ മാറ്റ പട്ടിക എളുപ്പമാക്കാൻ*

*"കൊല്ലത്തിൽ തരളാംഗത്തെ*
*കൂട്ടിയാൽ കലിവത്സരം*
*കൊല്ലത്തിൽ ശരജം കൂട്ടി*
*ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം "*

   *കൊല്ലവർഷം(മലയാളവർഷം), കലിവർഷം ക്രിസ്തുവർഷം എന്നിവയ പരസ്പരം മാറ്റുവാൻ സഹായിക്കുന്ന സൂത്രം ഈ കവിതയിലുണ്ട്.*
    *തരളാംഗം       = 6293       → 3926*
     *ശരജം          = 528         → 825*
*കൊല്ലവർഷത്തോട് 3926 കൂട്*
*ടിയാൽ കലിവർഷം  കിട്ടും..* *കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷമായി.*

*മലയാളത്തിന് 51 അക്ഷരങ്ങളാണല്ലോ (അമ്പത്തൊന്നക്ഷരാളി)... വിദ്യാരംഭത്തിൽ  സ്തുതിക്കുന്ന ഹരി ശ്രീ ഗ ണ  പ ത യെ നമഃ എന്ന മന്ത്രവും കടപയാദി ആക്കി അതിന്റെ  സംഖ്യാരൂപത്തിന്റെ തുക കണ്ടാൽ  51 കിട്ടും..  (28+2+3+5+1+6+1+0+5=51)*

*നാരായണീയത്തിലെ അവസാന ശ്ലോഗത്തിലെ അവസാന വരി "ആയുരാരോഗ്യസൗഖ്യം" എന്നാണ്. ഇതൊരു കടപയാദി പദമാണ്. ഈ വരി എഴുതിയ ദിവസത്തെ കലിദിന സംഖ്യ ഇതിൽ നിന്നും ലഭിക്കും.*
*ആയുരാരോഗ്യസൗഖ്യം= 0122171  തിരിച്ചെഴുതിയാൽ 1712210 എന്നു കിട്ടും. ഇതിനെ കൊല്ലവർഷത്തിലേക്ക് മാറ്റിയാൽ കൊല്ലവർഷം 762 വൃശ്ചികം 28 എന്നു ലഭിക്കും.മേല്പത്തൂർ നാരായണ ഭട്ടതിരി നാരായണ രചന അവസാനിപ്പിച്ച ദിനമാണത്.*

 *മഹാകവി ഉള്ളൂർ മരിച്ചപ്പോൾ* *കൃഷ്ണവാരിയർ അദ്ദേഹത്തെ കുറിച്ചൊരു ശ്ലോകം എഴുതി. അതിനിട്ട പേര് "ദിവ്യ തവ വിജയം" എന്നായിരുന്നു. ഇതിനെ കടപയാദി ഉപയോഗിച്ചു സംഖ്യയാക്കിയാൽ,*
*ദിവ്യ തവ വിജയം= 8164481→1844618 ... ഈ കലിദിന സംഖ്യയെ ക്രിസ്തുവർഷത്തിലേക്കു മാറ്റുമ്പോൾ 1949ജൂൺ 15  എന്നാണ് ലഭിക്കുന്നത്. ഇതു  തന്നെയാണ്  ഉള്ളൂരിന്റെ ചരമദിനം.*

*ഇങ്ങിനെ ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവയിലുള്ള വളരെയധികം സങ്കീർണ്ണവും സുദീർഘവുമായ ശാസ്ത്രസത്യങ്ങളും   സൂത്ര വാക്യങ്ങളും സത്യങ്ങളും ഭക്തിയുടെ നിറക്കൂട്ടിൽ മാന്ത്രിക പരിവേഷത്തോടെ അത്യധികം സൂക്ഷ്മരൂപത്തിൽ സൂക്ഷിച്ചിരിക്കുകയാണ് നമ്മുടെ മഹർഷിവര്യന്മാർ... ആ പൈതൃകശേഖരം തുറന്ന് മൂല്യനിർണ്ണയം ചെയ്യണമെങ്കിൽ കടപയാദിയെക്കുറിച്ച് നമ്മുടെ യുവതലമുറ അറിഞ്ഞിരിക്കേണ്ടതാണ്. പഠനങ്ങൾ നടത്തേണ്ടതാണ്.. ഇനിയും കണ്ടെത്താത്ത പല വിജ്ഞാനങ്ങളും കണ്മുമ്പിൽത്തന്നെ മറഞ്ഞിരുപ്പുണ്ടാകാം*🙏🙏🙏
          🕉🕉🕉

No comments:

Post a Comment