Friday, September 07, 2018

പഠിപ്പിച്ചാല്‍ പോര, ആചാര്യനാകണം

എ. വിനോദ്
Thursday 6 September 2018 2:28 am IST
വിദ്യാഭ്യാസം വിവരദാനമല്ലെന്നും, സ്വഭാവരൂപീകരണവും വ്യക്തിത്വവികാസവുമാണെന്നുള്ള ഭാരതീയ ചിന്തയില്‍ അധ്യാപകനെ കണ്ടാല്‍, അധ്യാപകന്‍ ആചാര്യനാകുന്നു. ആ ആചാര്യബോധം അധ്യാപകനില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ നേരത്തെ കണ്ട എല്ലാ മഹനീയ മാതൃകകളും നാട്ടില്‍ പൊന്‍വസന്തം സൃഷ്ടിക്കും. ഓരോ വിദ്യാലയവും സാമൂഹ്യപരിഷ്‌കരണത്തിന്റെ കേന്ദ്രങ്ങള്‍ ആകും. ഓരോ അധ്യാപകനും സമൂഹത്തിന്റെ വഴികാട്ടിയുമാകും.
അധ്യാപക ജീവിതത്തിന്റെ മാതൃകയായി മാറിയ മുന്‍ രാഷ്ട്രപതി ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ആശംസകള്‍ അര്‍പ്പിക്കാനെത്തിയ സുഹൃത്തുക്കളും പ്രിയശിഷ്യന്മാരും, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ച കാര്യം ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ആഘോഷങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസ്സിച്ച അദ്ദേഹം, ആ ദിനം അധ്യാപകര്‍ക്കുവേണ്ടി സമര്‍പ്പിക്കാനുള്ള ആഗ്രഹമാണ് പ്രകടിപ്പിച്ചത്. അങ്ങനെയാണ് സെപ്തംബര്‍ അഞ്ച് ദേശീയ അധ്യാപകദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 
ഡോ. രാധാകൃഷ്ണന്റെ അധ്യാപക ജീവിതത്തിന് നൂറ് വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭം കടന്നുപോകുമ്പോള്‍ ഓരോ അധ്യാപകനും ആത്മപരിശോധനയ്ക്കായും അധ്യാപകദിനത്തെ ഉപയോഗിക്കണം. ഇന്നത്തെ അധ്യാപകരില്‍ നല്ലൊരു ഭാഗം അധ്യാപനത്തെ ജീവിതവ്രതമായല്ല ജീവനോപാധിയായാണ് കാണുന്നത്. 
അധ്യാപനത്തെ ജീവിത ദൗത്യവും രാഷ്ട്രസേവനത്തിനുള്ള മാര്‍ഗ്ഗവുമായി കാണുന്നവരുടെ ജീവിതം മാതൃകയായി അവതരിപ്പിക്കാനാണ് ദേശീയതലത്തില്‍ അധ്യാപക അവാര്‍ഡുകള്‍ നല്‍കി വരുന്നത്. അത് പലപ്പോഴും അര്‍ഹരുടെ കൈകളിലാണോ എത്തിപ്പെടുന്നത് എന്നത് സംശയത്തിന്റെ നിഴലിലാണ്. അംഗീകാരത്തിന് പിറകെ പോകാതെ, അധ്യാപനം തപസ്യയായി സ്വീകരിച്ചിരിക്കുന്ന മാതൃകകളെ നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ടോ? ഉത്തരം കാണാന്‍ വിഷമമുള്ള ചോദ്യമാണത്.
കഴിഞ്ഞ മദ്ധ്യവേനലവധിക്കാലത്ത് ദല്‍ഹിയിലെ ഗാന്ധിദര്‍ശന്‍-സ്മൃതി ആസ്ഥാനത്ത് നടന്ന ജ്ഞാനോത്സവം വിദ്യാഭ്യാസ സംഗമം വേറിട്ടൊരു അനുഭവസാക്ഷ്യമായിരുന്നു. ശിക്ഷ, സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് എന്ന സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഇത്തരത്തില്‍ ഒരു നൂതന ചിന്ത അവതരിപ്പിച്ചത്. 
വിദ്യാര്‍ത്ഥികളിലും സമൂഹത്തിലും പരിവര്‍ത്തനം സൃഷ്ടിക്കാന്‍ അധ്യാപകര്‍ വ്യക്തിതലത്തിലോ വിദ്യാലയങ്ങള്‍ സ്ഥാപനതലത്തിലോ ആവിഷ്‌കരിച്ച് നടപ്പാക്കിയ നൂതന പ്രയോഗങ്ങളുടെ ആദാനപ്രദാനമായിരുന്നു ജ്ഞാനോത്സവം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ഒട്ടേറെ വിദ്യാലയങ്ങളും അധ്യാപകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും അനുഭവങ്ങള്‍ പങ്കുവച്ചു. അതിലെ രണ്ടോ മൂന്നോ അനുഭവങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം.
ജമ്മു-കശ്മീരിലെ അതിര്‍ത്തി ഗ്രാമത്തിലെ ഒരു വിദ്യാലയത്തിലെത്തിയ ഒരു അധ്യാപകനെ, അവിടെ നിറഞ്ഞു നിന്നിരുന്ന ദേശവിരുദ്ധ അന്തരീക്ഷം ഏറെ വിഷമിപ്പിച്ചു. അദ്ദേഹം ഒരു നൂതന മാര്‍ഗ്ഗം പരീക്ഷിച്ചു. ക്ലാസില്‍ ഹാജര്‍ വിളിക്കുമ്പോള്‍ 'പ്രസന്റ്‌സാര്‍'- എന്ന് പറയുന്നതിന് പകരം, 'ജയ്ഭാരത്'- എന്ന് പറയണം. 
വൈകാതെ അത് വിദ്യാലയത്തില്‍ ഒരു ലഹരിയായി മാറി. ഇന്ന് സമീപത്തെ പല വിദ്യാലയങ്ങളിലും ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ 'ജയ്ഭാരത്' എന്ന് പറയുന്നു. തന്റെ ഹാജര്‍-അസ്തിത്വം ഭാരതത്തിന്റ വിജയമാണെന്ന് ഓരോ കുട്ടിയും വിളിച്ചു പറയുന്നു. കശ്മീര്‍ ഭാരതത്തിന്റെ ഭാഗമല്ലെന്ന് ചിലര്‍ നിലവിളി കൂട്ടുകയും ഭാരതത്തെ ഛിന്നഭിന്നമാക്കുന്നതുവരെ പ്രവര്‍ത്തിക്കുമെന്ന് ചില സര്‍വ്വകലാശാലകളില്‍ ചിലര്‍ ആരവമുതിര്‍ക്കുകയും ചെയ്യുന്ന കാലത്താണ് ഈ നിശബ്ദ വിപ്ലവം അതിര്‍ത്തി ഗ്രാമത്തില്‍ നടക്കുന്നത്.
മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ഇപ്പോഴും നിയമങ്ങളുടെ കണ്ണുവെട്ടിച്ച് ജാത്യാചാരങ്ങള്‍ നിലനില്‍ക്കുന്നു. ചുറ്റുപാടുമുള്ള ജീവിതങ്ങള്‍ വിദ്യാലയത്തിലും നിഴലിക്കുമല്ലോ. സാമൂഹ്യസമരസതയുടെ സന്ദേശം ഉള്‍ക്കൊണ്ട ഒരു വ്യക്തി ആ ഗ്രാമത്തിലെ വിദ്യാലയത്തില്‍ എത്തി. വിദ്യാലയം സര്‍ക്കാര്‍ സ്ഥാപനമല്ല. അദ്ദേഹം തന്റെ ജീവിത വീക്ഷണം വളര്‍ത്തി എടുത്ത പ്രക്രിയ വിദ്യാലയത്തില്‍ പ്രയോഗിച്ചുനോക്കി.
സ്വന്തം വീട്ടിലെ ഉച്ചഭക്ഷണം തന്നെ കഴിക്കണം എന്നില്ലാത്തവര്‍ ഉച്ചഭക്ഷണം ക്ലാസിലെ ഒരു ഭാഗത്തും സ്വന്തം വീട്ടിലെ ഭക്ഷണം തന്നെ വേണം എന്നുള്ളവര്‍ മറ്റൊരുഭാഗത്തും ഭക്ഷണം വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആദ്യമൊന്നും സ്വന്തം ഭക്ഷണം പങ്ക്‌വയ്ക്കാന്‍ ആരും തയ്യാറായിരുന്നില്ലെങ്കിലും അത് പിന്നീട് ഒരു ആവേശമായി മാറി. 
ഏതുവീട്ടിലെ ഭക്ഷണവും സ്വന്തം അമ്മയുണ്ടാക്കിത്തന്ന ഭക്ഷണമായി മാറി! വിദ്യാലത്തില്‍ മുഴുവന്‍ അത് നടപ്പിലാക്കി. ഇന്ന് ആ ഗ്രാമത്തില്‍ ജാതീയതയുടെ ദുര്‍ഭൂതത്തിന് യാതൊരു സ്ഥാനവുമില്ല. ഇത് പറയുമ്പോള്‍ ആ അധ്യാപകന്റെ കണ്‍കോണുകളില്‍ ആനന്ദത്തിന്റെ അശ്രുകണങ്ങള്‍ കാണാമായിരുന്നു. 
ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ ഒരു പട്ടണത്തിലെ സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം, നഗരമാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമായി മാറി. അവിടെ എത്തിയ ഒരധ്യാപകന്‍ പകച്ചുപോയി. വൃത്തികേടിനെ സ്വയം സ്വീകരിച്ചപോലെയായിരുന്നു അവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും. അതുകൊണ്ട് വൃത്തിയുള്ള വസ്ത്രംപോലും അവര്‍ ധരിച്ചിരുന്നില്ലത്രെ! പ്രധാനമന്ത്രി നന്ദ്രേമോദിയുടെ സ്വച്ഛ്ഭാരത് അഭിയാന്‍ അദ്ദേഹത്തിന് ആവേശവും ശക്തിയുമായി. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിച്ചു. 
എല്ലാവരും ഒരുമിച്ച് മാലിന്യം നീക്കി. മാത്രമല്ല, വിദ്യാലയത്തെ പൂങ്കാവനമാക്കി മാറ്റുകയും ചെയ്തു. വാര്‍ത്ത ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും ഇത് പ്രചരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് വിദ്യാലയത്തിലെത്തി. അവര്‍ സന്ദര്‍ശന പുസ്തകത്തില്‍ എഴുതി: ഞാന്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളത് പരാതികളെ തുടര്‍ന്നും അപകടങ്ങളെ തുടര്‍ന്നുമാണ്. ഇന്ന് ഞാന്‍ ഒരു വിദ്യാലയത്തില്‍ എത്തിയിരിക്കുന്നു, നന്മ കാണാന്‍. ഇത് എല്ലാവര്‍ക്കും മാതൃകയാണ്. 
കേരളത്തിലും ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളും മാതൃകയാക്കാവുന്ന അധ്യാപകരും ഉണ്ട്. എന്നാല്‍ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഇതിനൊന്നും വലിയ സ്ഥാനമില്ല. അധ്യാപകന്റെ ജോലി സംരക്ഷണവും വിജയശതമാനം പെരുപ്പിച്ച് കാണിക്കലുമാണു പ്രധാനം. 
വ്യക്തികളുടെ സമഗ്രവികസനവും സാമൂഹ്യപരിവര്‍ത്തനവും നടക്കുന്നുണ്ടോ? ശാസ്ത്രീയമായ സ്ഥല ജല മാനേജ്‌മെന്റുകളെക്കുറിച്ചും പരിസ്ഥിതിക്ക് അനുഗുണമായ വികസനത്തെക്കുറിച്ചും പാഠപുസ്തകത്തില്‍ പഠിക്കുകയും പരീക്ഷ എഴുതി മാര്‍ക്ക് വാങ്ങുകയും ചെയ്യുന്ന കുട്ടി കാണുന്നത് വിദ്യാലയ ചുറ്റുവട്ടത്ത് തന്നെ അത് ലംഘിച്ച് നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ്. മൂവായിരത്തിനും പതിനായിരത്തിനുമിടയ്ക്ക് ലിറ്റര്‍ വെള്ളമാണ് ഓരോ വിദ്യാലയത്തിലും ഓരോ ദിവസവും പാഴ്ജലമായി മാറുന്നത്. 
വിവര സാങ്കേതിക വിദ്യ വിദ്യാലയത്തില്‍ എത്തിയപ്പോള്‍ അധ്യാപകര്‍ വലിയ സ്വത്വബോധ പ്രതിസന്ധി നേരിടുകയാണ്. ടീച്ചര്‍ ആണോ, ഫെസിലിറ്റേറ്റര്‍ ആണോ, മെന്റര്‍ ആണോ? വിദ്യാഭ്യാസ അവകാശ നിയമവും വിവരാവകാശ നിയമവും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. 
വിദ്യാഭ്യാസം വിവരദാനമല്ലെന്നും, സ്വഭാവരൂപീകരണവും വ്യക്തിത്വവികാസവുമാണെന്നുള്ള  ഭാരതീയ ചിന്തയില്‍ അധ്യാപകനെ കണ്ടാല്‍, അധ്യാപകന്‍ ആചാര്യനാകുന്നു. ആ ആചാര്യബോധം അധ്യാപകനില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞാല്‍ നേരത്തെ കണ്ട എല്ലാ മഹനീയ മാതൃകകളും നാട്ടില്‍ പൊന്‍വസന്തം സൃഷ്ടിക്കും. ഓരോ വിദ്യാലയവും സാമൂഹ്യപരിഷ്‌കരണത്തിന്റെ കേന്ദ്രങ്ങള്‍ ആകും. ഓരോ അധ്യാപകനും സമൂഹത്തിന്റെ വഴികാട്ടിയുമാകും. 
നല്ല മനസ്സിന്റെ ഉടമകള്‍ അധ്യാപകരാവണം എന്ന ഡോ. രാധാകൃഷ്ണന്റെ സങ്കല്‍പ്പത്തെ സാക്ഷാത്കരിക്കാന്‍ അധ്യാപകരായ എല്ലാവരെയും നല്ല മനസ്സിന്റെ ഉടമകള്‍ ആക്കാം. നമ്മുടെ ഗുരുപരമ്പരകളും നമ്മള്‍ ഓരോരുത്തരും  ഹൃദയത്തില്‍ സൂക്ഷിച്ച അധ്യാപകരുടെ മായാത്ത പാദമുദ്രകളും ഡോ. രാധാകൃഷ്ണനേയും ഡോ. സി.വി രാമനേയും പോലുള്ളവരുടെ അത്ഭുതജീവിതങ്ങളും നമ്മളില്‍ നന്മയുടെ വെളിച്ചം നിറയ്ക്കട്ടെ.
(കേന്ദ്ര മാനവശേഷി വകുപ്പിലെ ദേശീയ വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗമാണ് ലേഖകന്‍

No comments:

Post a Comment