Friday, September 07, 2018

ക്രോധം നിയന്ത്രിക്കുക

Saturday 8 September 2018 2:05 am IST
മക്കളേ,
നമ്മുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്ന വികാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേഷ്യം. ദേഷ്യം വരുമ്പോള്‍ ചിന്താശക്തിയും ഓര്‍മശക്തിയും ആത്മനിയന്ത്രണവും നമുക്കു നഷ്ടമാകുന്നു. ആ സമയം നമ്മള്‍ നമ്മളെത്തന്നെ മറന്നു പോകുന്നു. പി
ന്നെ എന്താണ് പറയുന്നതെന്നോ പ്രവര്‍ത്തിക്കുന്നതെന്നോ നമുക്കൊരു ബോധവുമില്ല.
ബാഹ്യസാഹചര്യങ്ങളും വ്യക്തികളും കാരണമാണല്ലോ നമ്മുടെ മനസ്സ് അസ്വസ്ഥമാകുന്നത്. ഇന്നു നമ്മുടെ മനസ്സിന്റെ റിമോട്ട്കണ്‍ട്രോള്‍ മറ്റുള്ളവരുടെ കൈയ്യിലിരിക്കുകയാണ്. അവര്‍ക്കാവശ്യമുള്ളപ്പോള്‍ അതിലെ ബട്ടണ്‍ അമര്‍ത്തും. നമ്മളെ പ്രശംസിച്ചാല്‍ നമ്മള്‍ സന്തുഷ്ടരാകും. താഴ്ത്തിപ്പറഞ്ഞാല്‍, അസ്വസ്ഥരാകുകയും ചെയ്യും. അവര്‍ക്കറിയാം ഏതു വാക്കു പറഞ്ഞാല്‍ നമ്മളെ പ്രകോപിപ്പിക്കാന്‍  പറ്റുമെന്ന്. ഇങ്ങനെ മറ്റുള്ളവരുടെ ചുണ്ടിലാണ് നമ്മുടെ ജീവിതം. നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമ്മുടെ കൈയ്യിലല്ല. ഈ തലത്തില്‍ നിന്ന് ഉയരാത്തിടത്തോളം നമുക്ക് എന്നും ദുഃഖിക്കാനും 
തളരാനും മാത്രമേ കഴിയൂ.
ദേഷ്യപ്പെട്ട് എടുത്തുചാടി സ്വയം നരകം സൃഷ്ടിക്കുമ്പോള്‍ നമ്മളെ ദേഷ്യം പിടിപ്പിക്കാനറിയാവുന്നവര്‍ അതൊരു നേരമ്പോക്കായി കാണുന്നു. അവരുടെ കണ്ണില്‍ നമ്മള്‍ പമ്പര വിഡ്ഢികളാണെന്ന് നാം
മനസ്സിലാക്കുന്നില്ല. ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ സ്ഥിരമായി പോകാറുള്ള ബാര്‍ബര്‍ഷോപ്പില്‍ മുടി വെട്ടിക്കാന്‍ ചെന്നു. ബാര്‍ബര്‍ മുടി വെട്ടിത്തുടങ്ങി. എന്നിട്ടു പറഞ്ഞു, ''ഇന്നലെ നിങ്ങളുടെ അമ്മായിയമ്മയെ കണ്ടിരുന്നു. നിങ്ങളുടെ കൈയ്യിലുള്ളതെല്ലാം കള്ളപ്പണമാണെന്ന് അവര്‍ പറഞ്ഞു.'' അതു കേട്ടതും അയാളുടെ മുഖം ചുമന്നു തുടിച്ചു. ''അവരങ്ങനെ പറഞ്ഞോ? അവരാണ് കള്ളി. എത്രയോ പേരുടെ അടുത്തുനിന്നും അവര്‍ പണം കടം മേടിച്ചിട്ടുണ്ട്. ഒരു പൈസപോലും ആര്‍ക്കും തിരിച്ചുകൊടുത്തില്ല. അവരുടെ കടമെല്ലാം ഞാനാണ് കൊടുത്തുതീര്‍ത്തത്''. ഇത്രയും പറഞ്ഞിട്ടും ദേഷ്യമടങ്ങാതെ അയാള്‍ പിന്നെയും അമ്മായിയമ്മയെ ചീത്തവിളിച്ചുകൊണ്ടിരുന്നു. ബാര്‍ബര്‍ മുടിവെട്ടുന്നതു തുടര്‍ന്നു. അടുത്ത തവണ അയാള്‍ അതേ ബാര്‍ബര്‍ഷോപ്പില്‍ ചെന്നു. ബാര്‍ബര്‍ അയാളെ കസേരയിലിരുത്തി കത്രിക കയ്യിലെടുത്ത് പറഞ്ഞു, ''ഇന്നലെ നിങ്ങളുടെ അമ്മായിയമ്മയെ കണ്ടു. നിങ്ങള്‍ വീട്ടില്‍ ഒരു പൈസപോലും ചെലവിനു കൊടുക്കാറില്ലെന്ന് അവര്‍ പറഞ്ഞു.'' ഇതു കേട്ട് അയാള്‍ ദേഷ്യം കൊണ്ട് അലറാന്‍ തുടങ്ങി. ''ഇതു പറയാന്‍ ആ താടകയ്‌ക്കെന്തു യോഗ്യതയാണുള്ളത്? അവരുടെ എല്ലാ ചെലവും ഞാനാണ് എടുക്കുന്നത്. വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നതും ഭക്ഷണത്തിനുള്ള പൈസ കൊടുക്കുന്നതും ഒക്കെ ഞാനാണ്.'' അലറിക്കൊണ്ട് അയാള്‍ അമ്മായിയമ്മയെ ചീത്തവിളിച്ചുകൊണ്ടേയിരുന്നു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടുമിരുന്നു. അടുത്തപ്രാവശ്യവും അയാള്‍ അതേ ബാര്‍ബര്‍ഷോപ്പില്‍തന്നെ മുടിവെട്ടിക്കാന്‍ ചെന്നു. കസേരയില്‍കയറി ഇരുന്ന ഉടനെ ബാര്‍ബര്‍ അമ്മായിയമ്മയെപ്പറ്റി പറയാനാരംഭിച്ചു. അപ്പോള്‍ അയാള്‍ പറഞ്ഞു, ''നിങ്ങള്‍ എപ്പോഴും എന്റെ അമ്മായിയമ്മയെപ്പറ്റി പറയുന്നതെന്തിനാണ്? ഇനി അവരെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.'' ബാര്‍ബര്‍ മറുപടി പറഞ്ഞു, ''അതേ, ഞാന്‍ നിങ്ങളുടെ അമ്മായിയമ്മയെക്കുറിച്ചു പറയുന്നത് എന്റെ ജോലി വേഗം ചെയ്തുതീര്‍ക്കുവാന്‍ വേണ്ടിയാണ്. അവരെപ്പറ്റി പറയുമ്പോള്‍ നിങ്ങള്‍ക്കു നല്ലവണ്ണം ദേഷ്യം വരുമെന്നെനിക്കറിയാം. ദേഷ്യം വരുമ്പോള്‍ നിങ്ങളുടെ മുടിയെല്ലാം വടിപോലെയാകും. അപ്പോള്‍ എനിക്കു വേഗത്തില്‍ മുടിവെട്ടാന്‍ സാധിക്കും.''
നമുക്കു ദേഷ്യം വരുമ്പോള്‍ അതു നമ്മുടെ യജമാനനും നമ്മള്‍ അതിന്റെ അടിമയുമാണ്. എന്നാല്‍ ശരിയായ ജ്ഞാനവും ആത്മനിയന്ത്രണശീലവും ഉണ്ടെങ്കില്‍ ഈ സ്ഥിതി മാറ്റുവാന്‍ നമുക്കു കഴിയും. കോപം ഒരു ദൗര്‍ബ്ബല്യമാണെന്നു തിരിച്ചറിഞ്ഞാല്‍ അതിനെ നിയന്ത്രിക്കാനുള്ള പരിശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടാവും. 
വാസ്തവത്തില്‍ നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും, വന്നുചേരുന്ന ഓരോ സാഹചര്യവും നമ്മുടെ ദുര്‍ബ്ബലതയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. കണ്ണാടി നോക്കി നമ്മുടെ മുഖത്തെ അഴുക്കു മാറ്റുന്നതുപോലെ നമ്മുടെ ദൗര്‍ബ്ബല്യങ്ങളെ അതിജീവിക്കാനുള്ള അവസരങ്ങളായി അത്തരം സാഹചര്യങ്ങളെ നമ്മള്‍ പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. മനസ്സിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് നമ്മള്‍ നമ്മളിലേയ്ക്കുയരണം. 
പലപ്പോഴും ഒരു നിമിഷത്തെ വിവേകമില്ലായ്മയാണ് മനുഷ്യബന്ധങ്ങളെ തകര്‍ക്കുന്നത്. മനോനിയന്ത്രണം ഇല്ലാത്തതാണ് ജീവിതത്തിലെ എല്ലാ വീഴ്ചകള്‍ക്കും കാരണം. ഇതു നമ്മുടെയെല്ലാം ദിവസവുമുള്ള അനുഭവമാണ്. എന്നാലും നമ്മള്‍ പഠിക്കുന്നില്ല. അതുകൊണ്ട് കോപത്തെ മുളയിലേ നുള്ളിക്കളയണം.
ആദ്ധ്യാത്മികത മനസ്സിലാക്കിയാല്‍ ദേഷ്യത്തെ നിയന്ത്രിക്കുന്നത് കുറേക്കൂടി എളുപ്പമാകും. ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അതിനു കാരണം അയാളുടെ സ്വഭാവമാണ്, മാനസികദൗര്‍ബ്ബല്യമാണ് എന്നു ചിന്തിച്ചാല്‍ നമുക്ക് ക്ഷമിക്കാന്‍ കഴിയും. അല്ലെങ്കില്‍ ഞാന്‍ അയാളോട് തിരിച്ചെന്തിന് ദേഷ്യപ്പെടണം; ഞാന്‍ ഈ ശരീരമല്ലല്ലോ, എനിക്കുതന്നെ വേദന ഉണ്ടാക്കുന്ന ഈ അഹങ്കാരത്തെയല്ലേ ഞാന്‍ ജയിക്കേണ്ടത്, എന്നൊക്കെ വിചാരം ചെയ്താല്‍ സമചിത്തത കാത്തുസൂക്ഷിക്കാന്‍ കഴിയും. 
എന്നാല്‍ ബാഹ്യമായി ദേഷ്യം പ്രകടിപ്പിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. അത്തരം സാഹചര്യങ്ങളിലും നമ്മുടെ മനസ്സിന്റെ റിമോട്ട് കണ്‍ട്രോള്‍ നമ്മുടെ കൈയ്യിലായിരിക്കണം. ആത്മനിയന്ത്രണം ഉള്ള ഒരാള്‍ക്ക് സ്വന്തം കൈയ്യിലെ ഉപകരണമെന്നോണം ക്രമേണ ദേഷ്യത്തെപ്പോലും  ഇച്ഛാനുസരണം ഉപയോഗിക്കാന്‍  സാധിക്കും.

അമ്മയോടെപ്പം

No comments:

Post a Comment