Monday, September 24, 2018

കാലം ഒത്തുവരുമ്പോഴാണ് ഒരു ഉത്തമമായ കാര്യം ഒരാള്‍ക്ക് മനസ്സിലാകുകയും അത് അയാളില്‍ സംഭവിക്കുകയും അത് അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യുക.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ലോകത്തിന്റെ മുഴുവന്‍ രക്ഷകനാകുവാന്‍ ഇന്നുവരെ ആര്‍ക്കും സാധിക്കാത്തത് അതുകൊണ്ടാണ്. പരിശ്രമിക്കേണ്ടത് വ്യക്തി സ്വയമേവയാണ്. ഒരാളുടെ സ്വന്തം പ്രവൃത്തികള്‍ ആണ് അയാളുടെ കര്‍മ്മഗതിയെ നിയന്ത്രിക്കുന്നത്. മറ്റൊരാളല്ല. സന്നദ്ധതയും അധികാരവും വ്യക്തിക്കാണ്. സ്വീകരിക്കുന്നയാളുടെ സന്നദ്ധതയും സംസ്കാരവും ശക്തിയും ആണ് അര്‍ഹത. മറ്റൊരാള്‍ക്ക് രക്ഷകനാകാന്‍ കഴിയില്ല. കൊടുക്കുന്നയാള്‍ നിമിത്തകാരണം മാത്രമാണ്! ഇത് മനസ്സിലാക്കിയാല്‍ നമ്മുടെ എല്ലാ അഹങ്കാരവും അസ്തമിക്കും. ഭക്തിയും ജ്ഞാനവും കര്‍മ്മവുംകൊണ്ട് ഒരാള്‍ പാകപ്പെടുമ്പോഴാണല്ലോ ഈശ്വരന്‍ നമുക്ക് ആനുഭവവേദ്യമാകുക! അല്ലാതെ ഈശ്വരാനുഭൂതി ആര്‍ക്കാണ് ഉണ്ടാവുക!!!
നല്ലത് മനസ്സിലാക്കുവാനുള്ള അര്‍ഹത ഉള്ളിടത്താണ് നല്ല ഒരു വാക്കുപോലും ഗ്രഹിക്കപ്പെടുകയോ പ്രയോജനപ്പെടുകയോ ചെയ്യുക. അതിനാല്‍ മുന്നില് വന്നുചേരുന്ന ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും നമുക്ക് നന്മയായ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു കൊടുക്കുക എന്നതു മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം. നാം വെറും നിമിത്തം മാത്രമാണ്. നമ്മിലൂടെ സംഭവിക്കുന്നത് നല്ലതോ ചീത്തയോ എന്നതാണ് നമ്മുടെ അര്‍ഹത!
ഭഗവദ്ഗീതയില്‍ പറയും- ''ഒരാള്‍ക്ക് കര്‍മ്മം ചെയ്യാന്‍ മാത്രമേ അധികാരമുള്ളു,' കര്‍മ്മഫലത്തില്‍ അധികാരമില്ല.'' അതാണ് സത്യം! ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സ്വന്തം ക്രീയകൊണ്ടോ സ്വന്തം വാക്കുകൊണ്ടോ സ്വന്തം ശാസ്ത്രംകൊണ്ടോ ആരെയെങ്കിലും രക്ഷിക്കാം എന്നത് അഹങ്കാരം മാത്രമാണ്. നാം പറയുന്നത് മറ്റൊരാള്‍ വിശ്വസിക്കണമെങ്കിലോ കേള്‍ക്കുവാന്‍ ശ്രദ്ധതരണമെങ്കിലോ അയാള്‍ നമ്മുടെ അടുത്തു വരണമെങ്കിലോ പോലും അയാള്‍ക്ക് അതിനുള്ള സമയം ആകുമ്പോഴേ സംഭവിക്കുകയുള്ളു. അത് അങ്ങനെ അല്ല എങ്കില്‍ മഹാത്മാക്കളായ യുഗപുരുഷന്മാര്‍ എത്രയോ പേര്‍ ലോകത്തില്‍ ജീവിച്ചുപോയതാണ്. അവരില്‍ ഒരാളുടെ ഒരു വാക്കുതന്നെ ഈ ലോകത്തെ മുഴവന്‍ രക്ഷിക്കുവാന്‍ പര്യാപ്തമാകുമായിരുന്നു! വിവേകാനന്ദസ്വാമികള്‍ പറയും- ''ഒരാള്‍ക്ക് ഈ ലോകത്തിലെ മുഴുവന്‍ ഗ്രന്ഥങ്ങളും വാങ്ങി അയാളുടെ ലൈബ്രറിയില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞേക്കും. എന്നാലും അയാള്‍ക്ക് അര്‍ഹതപ്പെട്ടതു മാത്രമേ അയാള്‍ വായിക്കുകയുള്ളു, മനസ്സിലാക്കുകയുള്ളു!''‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
ഒന്നിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുത്തഹങ്കരിക്കാതെ എല്ലാത്തിനും നിമിത്തകാരണമായി മാത്രം നിലകൊള്ളണം. ഈശ്വരന്റെ കരങ്ങളായി പ്രവര്‍ത്തിക്കുകയാണ് എന്ന ഭാവത്തെ സ്വീകരിക്കുന്നതായാല്‍ അതാണ് നല്ലത്. അങ്ങനെയായാല്‍ അത് ജ്ഞാനപ്രദായകമായ ജീവിതമായിരിക്കും. അഹങ്കാരം ജ്ഞാനത്തെയും ഭക്തിയേയും സത്യത്തെയും കെടുത്തി നമ്മെ ദുരാചാരിയും ഭീതിതനും അസത്യവാദിയും ആക്കും !!! ഓം‍‍‍.
krishnakumar kp

No comments:

Post a Comment