Thursday, September 06, 2018

രണ്ട് ദിവസം കാസർഗോടൻ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയായിരുന്നു. പഴയ തുളുനാടൻ ഗ്രാമങ്ങളിലൂടെ. തന്ത്രി സമാജത്തിന്റെ ഗൃഹ സമ്പർക്ക യാത്രയുടെ ഭാഗമായാണ് ഈ യാത്ര. തെക്കനെ വഴിയിൽ വച്ചും വടക്കനെ വീട്ടിൽ ചെന്നും കാണണമെന്നൊരു പഴമൊഴി ഞങ്ങളുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. അത് സത്യമാണ് എന്ന് ബോധ്യം വരും ഗ്രാമാന്തരങ്ങൾ താണ്ടിയുള്ള ഈ യാത്രയിൽ. മുകളിൽ പറഞ്ഞത് കേവലം ഒരു കളിയായിരിക്കാം. എന്നാൽ ഉറപ്പിച്ച് പറയാവുന്ന ഒന്നുണ്ട്, ആതിഥ്യ മര്യാദയിൽ കാസർഗോടൻ ഗ്രാമങ്ങളെ കഴിച്ചെ മറ്റേത് നാടുമുള്ളൂ. അത്രമേൽ ഹൃദ്യമാണ് അവരുടെ അതിഥി പൂജ.
മധ്യകേരളത്തിലെ പല പഴയ തറവാടുകളും സിനിമകളിലൂടെയാണ് മലയാളിക്ക് സുപരിചിതമായത്. എന്നാൽ അതിനെക്കാൾ ഒക്കെ മനോഹരവും, പ്രൗഢമായതുമായ നിരവധി തവാട്ടുകൾ വടക്കിന്റെ മണ്ണിലുണ്ട്. ഞങ്ങളുടെ ഗൃഹ സമ്പർക്ക വേളയിൽ സന്ദർശനം നടത്തിയ കാസർഗോട് ജില്ലയിലെ അതി ഗംഭീരമായ, തലയെടുപ്പിൽ ഇതര ജില്ലകളിലെ മറ്റേത് തറവാടുകളോടും കിടപിടിക്കുന്ന ചില ഇല്ലങ്ങളെ പരിചയപ്പെടുത്താം ഇവിടെ.
അരവത്ത് വാഴുന്നവരുടെ ഇല്ലവും അഭിമുഖമായുള്ള ക്ഷേത്രവും വാസ്തു ഭംഗിയുടെ നിറഞ്ഞ കാഴ്ചകൾ സമ്മാനിക്കുന്നയിടങ്ങങ്ങൾ ആണ്. കാഞ്ഞങ്ങാട് നിന്ന് കാസർഗോട് റൂട്ടിൽ ബേക്കലിനടുത്ത് പനയാലിലാണ് അക്ഷരാർത്ഥത്തിൽ അരവത്ത് നാട് വാഴുന്ന അരവത്ത് വാഴുന്നവരുടെ ഭവനം. പഴയ കാല തച്ചൻ മാരുടെ കരവിരുതിൽ കടഞ്ഞെടുത്ത ഒരു ഭവനം. അതി മനോഹരമായ ഇരുനില നാല് കെട്ട് പുര.
പൊതുവെ കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളിലൊന്നും വടക്കിണിക്കും (വടക്കെ കെട്ട് ) കിഴക്കിണിയും (കിഴക്കെ കെട്ട്) ഇവ ഇരു നിലകൾ ആക്കി പണിയുന്ന പതിവ് (എന്റെ അറിവിൽ പെട്ടിടത്തോളം) വളരെ ദുർലഭമാണ്; പ്രത്യേകിച്ച് വടക്കിണിയിൽ. യാഗ സംസ്കാരത്തിന്റെ ഭാഗമായി വടക്കിണി ത്രേതാഗ്നി സൂക്ഷിക്കാനുള്ളതും നിത്യ അഗ്നിഹോത്രം നടത്താനും ഉള്ള ഇടമാണ്. അതിനാലാകാം അവിടെ മാളികപ്പുരകൾ ( ഇരുനില ) പണിയാത്തത്. എന്നാൽ കാസർഗോടൻ തുളു ശൈലിയിൽ ഉള്ള ഈ ഭവനങ്ങളിൽ കേരള നമ്പൂതിരി ഇല്ലങ്ങളിൽ പൊതുവെ പുലർത്തിയിരുന്ന ആ സമ്പ്രദായം കാണുന്നില്ല. ഇല്ലത്തിന്റെ നാലുകെട്ടുകളും മാളികയായി ഉയർത്തി പണിതിട്ടാണ് കാണുന്നത്. അരവത്തെ ശൈലിയും ഇത് തന്നെയാണ്. നാല് കെട്ടു മാളികയും, പത്തായപ്പുരയും, പാചകശാലയും അടക്കം വാഴുന്നവരുടെ പ്രൗഢി വിളിച്ചോതുന്ന ഇല്ലമാണ് അരവത്തില്ലം.
എന്നാൽ അരവത്തില്ലത്തോളമോ അതിലേറെയോ മനോഹരമാണ് അഭിമുഖമായിത്തന്നെയുള്ള അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ചെങ്കല്ല് കൊണ്ടെഴുതിയ കവിത എന്നൊക്കെ കാവ്യാത്മകമായി ആ ക്ഷേത്രത്തെ വിശേഷിപ്പിക്കാം. 1911 ൽ ആണത്രെ ഈ ക്ഷേത്രം ഇന്ന് കാണുന്ന രൂപത്തിൽ പണിയുന്നത്. കണ്ണൂരിലെ മാടായിയിൽ നിന്നാണത്രെ ക്ഷേത്രത്തിന് വേണ്ട മേൽത്തരം ചെങ്കല്ലെത്തിച്ചത്. ക്ഷേത്ര ചുമരിലെ ദ്വാരപാലകരും, സോപാനവും, ഓവും എല്ലാം കരിങ്കൽ പണിയിലെ കേമത്തം കാണിക്കുന്നു. മരപ്പണിയും ഒട്ടും മോശമല്ല അമ്പലത്തിൽ. അരവത്ത് ഇല്ലത്തെ ഇപ്പോളത്തെ കാരണവരായ ദാമോദരൻ വാഴുന്നവരും കുടുംബവുമാണ് ഇപ്പോൾ ഇവിടത്തെ താമസക്കാർ.
അരവത്ത് വാഴുന്നവരുടെ ഇല്ലത്തിന്റെ അതേ വാസ്തു ശൈലിയിൽ ഒരേ വാസ്തു വിദഗ്ദ്ധർ രൂ കൽപ്പന ചെയ്ത് അതേ ദിവസം തന്നെ കുറ്റിയടിച്ച മറ്റൊരു ഇല്ലവും കൂടി ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് ഇരിയ എന്ന ഗ്രാമത്തിൽ ഉണ്ടായിരുന്ന ഇരവിൽ വാഴുന്നവരുടെ ഭവനം. എന്നാൽ വാസ്തുവിലെ എന്തോ പിഴവ്മൂലം ആ കെട്ടിടത്തിൽ മനുഷ്യവാസം പാടില്ല എന്ന് കണ്ട് ഇരവിൽ വാഴുന്നവർ ആ ഭവനത്തിൽ താമസിച്ചില്ലത്രേ. തൊട്ടടുത്ത് തന്നെ മറ്റൊരു ഭവനം പണിത് അവിടെയായിരുന്നു ഇരവിൽ വാഴുന്നവരുടെ താമസം. സമീപകാലത്ത് കണക്ക് പിഴച്ച ആ കെട്ടിടം പൊളിച്ച് നീക്കി. മലയാളത്തിലെ വിഖ്യാത നടൻ പ്രേംജിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'പിറവി' എന്ന ചലച്ചിത്രം ആ ഭവനത്തിൽ വച്ചായിരുന്നുവത്രേ ചിത്രീകരിച്ചത്.
Pudayoor Jayanarayanan

No comments:

Post a Comment