Thursday, September 06, 2018

പ്രകൃതിയെ നശിപ്പിക്കുന്ന രീതിയില്‍ കെട്ടിടങ്ങള്‍ പണിയുന്നത് പ്രകൃതിയിലുള്ള മനുഷ്യന്‍റെ ആവിഷ്ക്കാരസ്വാതന്ത്ര്യം! അതിനെ നേരെയാക്കുക എന്നത് പ്രകൃതിയുടെ ആവിഷ്ക്കാരസ്വാതന്ത്ര്യം! എന്തായാലും നാശത്തെയും കലഹങ്ങളെയും ഇല്ലാതാക്കാനാണ് പ്രകൃതിയിലും ജീവിതത്തിലും സമൂഹത്തിലും എല്ലാ നിയമസംവിധാനങ്ങളും ചിട്ടകളും രൂപംകൊണ്ടിരിക്കുന്നത്. സ്ഥിതികാരകത്വം ഈ ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. അത് ബാഹ്യലോകത്താകട്ടെ ആന്തരികലോകത്താകട്ടെ അങ്ങനെതന്നെ. പ്രകൃത്യാ ഉള്ള വ്യവസ്ഥകളെ മാറ്റുമ്പോള്‍ ഇപ്പോഴുള്ള സ്ഥിതിയും മാറുന്നു.
നോക്കൂ സമൂഹത്തില്‍ രണ്ടുതരം ആളുകള്‍ ഉണ്ട്. ദൈവികഗുണമുള്ളവരും ആസുരീയഗുണമുള്ളവരും. ശ്രീരാമചന്ദ്രന്‍ വനത്തില്‍ പോയപ്പോള്‍ എന്തു രാജധര്‍മ്മമാണ് അനുഷ്ഠിച്ചത് എന്നറിയാമോ? ധര്‍മ്മോപദേഷ്ടാക്കളും തത്ത്വദര്‍ശികളും സാത്ത്വികബുദ്ധിയുള്ളവരുമായ ഋഷിവര്യന്മാരെ രാക്ഷസന്മാരില്‍നിന്ന് സംരക്ഷിക്കുകയാണുണ്ടായത്. രാക്ഷസന്മാരില്‍നിന്ന് ഞങ്ങളെ രക്ഷിക്കണം എന്ന് താപസന്മാര്‍ അപേക്ഷിക്കുമ്പോള്‍ അപേക്ഷിക്കുന്നതെന്തിന് രാജാവിനോട് ആജ്ഞാപിക്കാനുള്ള അധികാരം നിങ്ങള്‍ക്കുണ്ടല്ലോ എന്ന ധര്‍മ്മശാസ്ത്രമാണ് ശ്രീരാമചന്ദ്രന്‍ ഓര്‍ത്ത് മറുപടി പറയുന്നത്.
നോക്കൂ ഈ പശ്ചാത്തലത്തില്‍ ഇന്നെന്താണ് സംഭവിക്കുന്നത്? ധര്‍മ്മത്തിന്‍റെ പേരിലുള്ള അപേക്ഷയോ പരാതികളോ പോലും വര്‍ഗ്ഗീയതയായിട്ടണ് കാണുക! ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഹിന്ദുധര്‍മ്മത്തെതും ഗ്രന്ഥങ്ങളെയും നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. പകരം വയ്ക്കാനുള്ള പ്രമാണങ്ങള്‍പോലും വൈദേശികമായ ദര്‍ശനങ്ങളും പ്രസ്ഥാനങ്ങളും ആണ്. അതിനു കൂട്ടുനില്‍ക്കുന്ന പ്രസ്ഥാനങ്ങളും രാഷ്ട്രീയക്കാരും എഴുത്തുകാരും ഈ നാടിനെന്നല്ല ലോകത്തിനുതന്നെ ശാപമാണ്! ഈ നാടിന്‍റെ ധാര്‍മ്മികദാര്‍ശനിക ഗ്രന്ഥങ്ങള്‍ തേടി വിദേശിയര്‍ പോലും വരുന്നുണ്ടല്ലോ എന്നോര്‍ക്കണം!
പണംകൊടുത്താല്‍ എന്തു കൊള്ളരുതായ്മകള്‍ക്കും പ്രകൃതിചൂഷണങ്ങള്‍ക്കും നിയമസംരക്ഷണം കിട്ടുമെങ്കില്‍ അങ്ങനെയൊന്നിന്‍റെ ആവശ്യംതന്നെ ഇല്ലാതായിപ്പോകും. നമ്മുടെ സംസ്കാരം അര്‍ത്ഥകാമങ്ങളുടെ മാത്രം നിയന്ത്രണത്തില്‍ ആയിപ്പോകുന്നതാണ് കാണുന്നത്!! ധര്‍മ്മം ആയിരുന്നു വേണ്ടത്. ലൗകികമായ വ്യവസ്ഥയ്ക്ക് നിധാനമായ ധര്‍മ്മത്തെ സംരക്ഷിക്കാനാണ് നിയമം. പ്രകൃതിയിലും സമൂഹത്തിലും കലഹം സൃഷ്ടിക്കുന്ന ജനതയുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ളതല്ല നിയമം. വക്കീല്‍ ഫീസ് വാങ്ങുന്നതും പോലീസ് കൂലി വാങ്ങുന്നതും നിയമനിര്‍മ്മാതാക്കള്‍ നിയമം സൃഷ്ടിക്കുന്നതും ആരെ സംരക്ഷിക്കാനാണ്? സ്കൂളില്‍ തെമ്മാടിയും അക്രമിയുമായ ഒരു കുട്ടിയെങ്കിലും ഉണ്ടെങ്കില്‍ അവനിലെ ആസുരീയതയെ അനുവദിച്ചു പരിപോഷിപ്പിക്കാനല്ല നിയമസംരക്ഷണം!!!
വ്യക്തിക്കും സമൂഹത്തിനും ലോകത്തിനുതന്നെയും ക്ഷേമം അരുളുന്ന ഭാരതീയ ആദ്ധ്യാത്മിക ദര്‍ശനങ്ങളും ധര്‍മ്മശാസ്ത്രങ്ങളും നിലനില്‍ക്കണം. അതിന്‍റെ മഹത്വം അറിയാതെ അതിനെ നിഷേധിക്കുന്ന ഏതൊരു പ്രസ്ഥാനവുഃ ഈ ലോകത്തില്‍നിന്നുതന്നെ ഇല്ലാതാകും. സൂര്യോദയത്തെ തുടര്‍ന്ന് ഇരുള്‍ അല്പാല്പമായി അകന്നുപോകുന്നപോലെ.
ഓം

No comments:

Post a Comment