Friday, September 28, 2018

ശൈവസമ്പ്രദായങ്ങള്‍- കാശ്മീരശൈവസിദ്ധാന്തത്തിന്റെ പ്രത്യേകതകള്‍ എന്തെന്നു നോക്കാം. ഇത് പ്രത്യഭിജ്ഞാദര്‍ശനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ത്രികം എന്നും പറയും. മേല്‍ക്കൊടുത്ത കാശ്മീരശൈവമൊഴിച്ചുള്ള ശൈവസമ്പ്രദായങ്ങള്‍ എല്ലാം തന്നെ, വൈഷ്ണവസമ്പ്രദായങ്ങളെപ്പോലെ, ദ്വൈതദര്‍ശനങ്ങളാണ്. ജീവാത്മാവും പരമാത്മാവും എപ്പോഴും രണ്ടായിത്തന്നെ ഇവയില്‍ കരുതപ്പെടുന്നു.
കുടം ഉണ്ടാക്കുന്ന ആളും (നിമിത്തകാരണം) കുടം ഉണ്ടാക്കുവാനുപയോഗിക്കുന്ന മണ്ണും (ഉപാദാനകാരണം) രണ്ട് എന്നപോലെ ഈശ്വരനും ജഗത്തും രണ്ടു തന്നെ എന്നും ദ്വൈതികള്‍ വാദിക്കുന്നു. ശങ്കരാചാര്യര്‍ക്ക് നിമിത്തകാരണവും ഉപാദാനകാരണവും രണ്ടും ഒന്നു തന്നെ, ഈശ്വരന്‍ തന്നെ. തന്മൂലം ഭക്തിയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവയുടെ എല്ലാം സാധനാപഥങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അപരോക്ഷമായ, പ്രത്യക്ഷസിദ്ധമായ ആദ്ധ്യാത്മികഅനുഭൂതിയുടെ പശ്ചാത്തലത്തില്‍ ദ്വൈതം, ദ്വൈതാദ്വൈതം, വിശിഷ്ടാദ്വൈതം, ശുദ്ധാദ്വൈതം, അദ്വൈതം തുടങ്ങിയ ഇത്തരം നിരവധി ഹിന്ദുവിശ്വാസപദ്ധതികളെ എങ്ങിനെ വിശദീകരിക്കാം, സമന്വയിപ്പിക്കാം എന്നത് ആദ്ധ്യാത്മികതയെക്കുറിച്ചു പഠിക്കുമ്പോള്‍ നമുക്കു ചര്‍ച്ച ചെയ്യാം.
ഈ കാശ്മീരശൈവത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍ പലതും സ്തുത്യര്‍ഹമായ വിധത്തില്‍ ഇംഗ്‌ളീഷുഭാഷയിലേക്കു തര്‍ജ്ജിമ ചെയ്ത ജയദേവ്‌സിങ്ങിന്റെ അഭിപ്രായത്തില്‍ ഈ ശൈവപഥത്തിന്റെ വേരുകള്‍ അതിപ്രാചീനകാലത്തിലാണ്ടുകിടക്കുന്നവയാണ്. ക്രമേണ ഇതും, ഇന്നു നാം കാണുന്ന മറ്റു ഹിന്ദുവിശ്വാസപദ്ധതികളെപ്പോലെ, യുക്തിയുടെയും അനുഭവത്തിന്റെയും തലം കൈമോശം വന്ന് കേവലം സമ്പ്രദായത്തിന്റെ ചട്ടക്കൂടും ചടങ്ങുകളും ആയി ചുരുങ്ങി നിലനിന്നുപോന്നു. വസുഗുപ്തന്‍ എന്ന മഹാത്മാവ് ആണ് പിന്നീട് ഇതിന്റെ താത്വികതലത്തെ വീണ്ടെടുത്തത്.
ആത്യന്തികയാഥാര്‍ത്ഥ്യം, പ്രപഞ്ചം, സ്വാതന്ത്ര്യവാദവും ആഭാസവാദവും, ഷഡധ്വാക്കള്‍, ശങ്കരാചാര്യരുടെ അദ്വൈതവാദവും ഇതും തമ്മിലുള്ള സാജാത്യവൈജാത്യങ്ങള്‍, ജീവാത്മാവ്, ബന്ധനം അഥവാ പാശം, മോക്ഷം എന്നിങ്ങനെ എട്ടുവിഭാഗങ്ങളായി തരം തിരിച്ച് ജയ്‌ദേവസിങ്ങ് ഈ സിദ്ധാന്തത്തെ പ്രത്യഭിജ്ഞാഹൃദയത്തിന്റെ പരിഭാഷയില്‍ വിശദമാക്കുന്നുണ്ട്. അഭിനവഗുപ്തപരമ്പരയിലെ അവസാനത്തെ കണ്ണിയായി കരുതപ്പെടുന്ന സ്വാമി ലക്ഷ്മണ്‍ ജൂ-വിന്റെ കാശ്മീര്‍ ശൈവിസം എന്ന പുസ്തകവും ഈ ദര്‍ശനപദ്ധതിയെ മനസ്സിലാക്കാന്‍ സഹായിക്കും. 
കഴുത്തില്‍ അണിഞ്ഞ മാല കഴുത്തില്‍ത്തന്നെ ഉണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിച്ച് അങ്ങുമിങ്ങും പരതി അവസാനം അവിടെത്തന്നെ ഉണ്ട് എന്നു വീണ്ടും ബോധ്യപ്പെടുന്നതു പോലെ ജീവാത്മാവ് ദേഹി-ദേഹഘടന യുമായി താദാത്മ്യം പൂണ്ട് ശിവനെന്ന തന്റെ യഥാര്‍ത്ഥസ്വരൂപത്തെ മറന്നിട്ട് വീണ്ടും സ്വയംബോധ്യപ്പെടലാണ് പ്രത്യഭിജ്ഞ. അതിനു വഴി കാട്ടുന്ന ശാസ്ത്രമാണ് പ്രത്യഭിജ്ഞാശാസ്ത്രം.
ആത്യന്തികയാഥാര്‍ത്ഥ്യം- യാഥാര്‍ത്ഥ്യം അതിന്റെ ആത്യന്തികതലത്തില്‍ പരമശിവനാണ്, ചിത്ത് അഥവാ പരസംവിത് ആണ്. ഈ പദത്തിന് മറ്റു ഭാഷകളില്‍ സമാനപദം ഇല്ല. ഏകദേശധാരണയ്ക്ക് ബോധം (കോണ്‍-ഷ്യസ്‌നസ്സ്) എന്നു പറയാം. ബോധം എന്നു പറയുമ്പോള്‍ എന്തിന്റെ എന്ന ആകാംക്ഷ സ്വാഭാവികമായും ഉണ്ടാകുന്നു. അതായത് ആ പദം ജ്ഞാതാവ്-ജ്ഞാനം എന്ന ബന്ധത്തെ ആണ് ദ്യോതിപ്പിക്കുന്നത്. എന്നാല്‍ ചിത്താകട്ടെ നിലനില്‍പ്പിനായി മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. മാറ്റത്തിന്റേതായ എല്ലാ അനുഭവങ്ങളുടേയും മാറ്റമില്ലാത്ത തലമാണ് അത്. അത് പരസംവിത് ആണ്. ജ്ഞാതാ-ജ്ഞാനം- ജ്ഞേയം (അറിയുന്നവന്‍- അറിവ്- അറിയപ്പെടുന്ന വസ്തു) എന്ന ത്രൈപുരബോധത്തിന്, ത്രിപുടീബോധത്തിന് തൊട്ടുമുമ്പുള്ള ബോധാവസ്ഥ ആണ് അത്. താന്‍ തന്നെത്തന്നെ അറിയുന്ന തലം എന്നു പറയാം. ആത്മാനം ആത്മനി അവലോകയന്തം എന്നു തപസ്സുചെയ്യുന്ന ശിവന്റെ ബോധാവസ്ഥയെ കാളിദാസന്‍ കുമാരസംഭവത്തില്‍ വിശദമാക്കിയത് ഇവിടെ ശരിക്കും ചേരും. 
പ്രത്യഭിജ്ഞാശാസ്ത്രത്തിലും തന്ത്രത്തിലും ഇതിനെ പ്രകാശവിമര്‍ശമയം എന്നു പറയുന്നു. പ്രകാശം, വിമര്‍ശം എന്നീ രണ്ടു പദങ്ങളും ചിത്തിനെപ്പോലെ തന്നെ സമാനപദങ്ങളില്ലാത്തതാണ്. കഠോപനിഷത്തില്‍ തമേവ ഭാന്തം അനുഭാതി സര്‍വ്വം. തസ്യ ഭാസാ സര്‍വ്വമിദം വിഭാതി എന്നു പറഞ്ഞിട്ടുണ്ട്- പ്രകാശിക്കുന്ന അതിനെ മറ്റെല്ലാം അനുപ്രകാശിക്കുന്നു. അതിന്റെ പ്രകാശത്താല്‍ ഈ എല്ലാം വിളങ്ങുന്നു. ശങ്കരാചാര്യസ്വാമികളും ബ്രഹ്മം പ്രകാശമാണ് എന്നു സ്വീകരിച്ചിട്ടുണ്ട്. സൂര്യനും രത്‌നവും പ്രകാശങ്ങള്‍ തന്നെ. അപ്പോള്‍ ഇവ തമ്മില്‍ എന്താണ് വ്യത്യാസം? ഈ ശാസ്ത്രപ്രകാരം ആത്യന്തികയാഥാര്‍ത്ഥ്യം പ്രകാശം മാത്രമല്ല വിമര്‍ശവുമാണ്. കാളിദാസവാക്യത്തിലെ തന്നെ (ആത്മാനം) പ്രകാശം എന്നു കരുതിയാല്‍ തന്നേത്തന്നെ തന്നില്‍ (ആത്മനി) കാണല്‍, അറിയല്‍, അനുഭവിക്കല്‍ ആണ് വിമര്‍ശം എന്നു പറയാം. സ്വവിമര്‍ശ: പുരുഷാര്‍ത്ഥ: എന്നു പരശുരാമകല്‍പസൂത്രം. പഞ്ചസാരയുടെ മധുരം പോലെ അനുഭവിച്ചറിയേണ്ട ഒന്നാണ് ഇത്.
ഈ പ്രകാശവിമര്‍ശം ആണ് സമാധ്യവസ്ഥയില്‍ ഏതൊരാള്‍ക്കും അനുഭൂതമാകുന്നത്. തന്ത്രദീക്ഷയില്‍ ഗുരു ശിഷ്യന്/ശിഷ്യയ്ക്ക് ഈ അവസ്ഥയാണ് പകര്‍ന്നു നല്‍കേണ്ടത്, ഉള്ളില്‍ ഉണര്‍ത്തേണ്ടത്. പരമഹംസന്‍ താന്ത്രികമായ ശാംഭവീദീക്ഷയിലൂടെ നരേന്ദ്രന്  അനുഭവവേദ്യമാക്കിയതും ഇതാണ്. ദീക്ഷയിലൂടെ ഇത്തരത്തില്‍ അനുഭൂതമായ ബോധാവസ്ഥയെ സ്ഥിരപ്പെടുത്താനും അതിന്റെ ആഴം കൂട്ടാനും സമയദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ആണ് തന്ത്രസാധനയും ഹഠയോഗക്രമവും മറ്റു ഹിന്ദുസാധനാപദ്ധതികളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. 
ദീക്ഷയിലൂടെ ഈ ബോധസ്ഫുരണം തെളിയാതെ ചെയ്യുന്ന തന്ത്ര- യോഗസാധനകള്‍ വൃഥാവ്യായാമം ആണ്. ഈ ദൃഷ്ടിയില്‍ ഇന്നത്തെ ശ്രീചക്രനവാവരണപൂജയും, ശ്രീവിദ്യാജപവും, പഞ്ചമകാരവും വാമാചാരവും ആസനപ്രാണായാമാദികളും എല്ലാം വെറും കാട്ടിക്കൂട്ടലാണ് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പ്രാചീനഗോത്രതലത്തിലെ ദൈവവാദത്തില്‍ അധിഷ്ഠിതങ്ങളായ വിശ്വാസ, ആചാരാനുഷ്ഠാനങ്ങളുടെ തുടര്‍ച്ചയായ മൃഗബലിക്കും ഇവിടെ പ്രസക്തി ഒന്നും ഇല്ലെന്നും കാണാം. ഈ സ്ഫുരണത്തെ ഉണ്ടാക്കുന്ന ആളാണ് ശരിയായ ഗുരു എന്ന് ഗോരക്ഷനാഥന്‍ തന്റെ സിദ്ധസിദ്ധാന്തപദ്ധതിയില്‍ സ്പഷ്ടമാക്കിയത് നാം ഈ ലേഖനത്തിലെ നാഥസമ്പ്രദായത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കണ്ടതാണ്. 
ചിത്ത് ഈ വിമര്‍ശപ്രക്രിയ ആകുന്ന ചിദ്രൂപിണി ശക്തിയും ആകുന്നു. തന്മൂലം വിമര്‍ശത്തെ പരാശക്തി, പരാവാക്, സ്വാതന്ത്ര്യം, ഐശ്വര്യം, കര്‍ത്തൃത്വം, സ്ഫുരത്താ, സാരം, ഹൃദയം, സ്പന്ദം എന്നെല്ലാം ഈ ശാസ്ത്രത്തില്‍ വിളിക്കുന്നു. അപ്പോള്‍ ചിത്ത് ശിവന്‍ (പ്രകാശം) മാത്രമല്ല ശക്തിയുമാണ്. ചിത്ത് ശക്തിമാന്‍ കൂടി ആയതുകൊണ്ടാണ് അതിന് പ്രപഞ്ചസൃഷ്ടി സാധ്യമാകുന്നത്. അതായത് ഈ ദര്‍ശനത്തിലെ ആത്യന്തികയാഥാര്‍ത്ഥ്യം നിഷ്‌ക്രിയം അല്ല; സക്രിയം (ഡയനമിക്) ആണ്. തന്ത്രത്തിലും ഇങ്ങിനെ തന്നെ. ഈ ചിത്തിനെ അനുത്തരം എന്നും പറയുന്നു. കാരണം ഇതിനുമപ്പുറം മറ്റൊന്നില്ല തന്നെ. ഇത് ഒരേ സമയം വിശ്വോത്തീര്‍ണ്ണവും വിശ്വമയവും ആണ്.

No comments:

Post a Comment