Thursday, September 27, 2018

കണ്ടെത്തുന്ന അറിവ് എന്നും നമ്മില്‍ സന്നിഹിതമാണ്. കണ്ടെത്തുന്നയാളുടെ ശരീരവും ബുദ്ധിയും മനസ്സും ആണ് പരിണമിക്കുന്നത്. പരിണമിക്കുന്നതിനനുസരിച്ച് ദര്‍ശനശേഷിയും ഗ്രഹണശേഷിയും വര്‍ദ്ധിക്കുന്നു എന്നുമാത്രം. പക്ഷേ അറിവ് ഒരിക്കലും പരിണമിക്കുന്നില്ല. അറിവിനു പരിണാമം ഇല്ലാത്തതിനാല്‍ മനുഷ്യന്‍ ഒരിക്കലും നിലവില്‍ ഇല്ലാത്ത ഒന്നിനെ കണ്ടെത്തുന്നുമില്ല. മനുഷ്യന്‍റെ ഇന്ദ്രിയപരമായ ഗ്രഹണ ശേഷി ഓരോ തലമുറകള്‍ മാറുമ്പോഴും പരിണമിക്കുന്നുണ്ട്. അതിനനുസരിച്ച് അവന്‍ സൂക്ഷ്മമായത് പലതും കണ്ടെത്തുകയാണ്. പക്ഷേ നാം ഒന്നും പുതുതായി കണ്ടെത്തുകയല്ല എന്നതാണ് സത്യം. ഇല്ലാത്ത ഒന്നിനെ അറിയുവാനോ കണ്ടെത്തുവാനോ സാധിക്കില്ല. ഒരേ ആശയംതന്നെ ഒരേ സമയമോ പലകാലങ്ങളിലോ ആയി പലരിലും ഒരുപോലെ രൂപപ്പെടുന്നത് അതിന് തെളിവാണ്. വിവേകാനന്ദസ്വാമികള്‍ പറയും ''ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടെത്തും മുമ്പും ആ പ്രക്രിയ ഇവിടെ ഉണ്ട്. '' അദ്ദേഹം കണ്ടെത്തിയ യുക്തിയുടെ സമാന തലത്തില്‍ എത്തിച്ചേരുന്ന ഏതൊരാളും അതു സ്വയം മനസ്സിലാക്കാം. അല്ലാതെ അതു പഠിച്ചറിഞ്ഞും മനസ്സിലാക്കാം. എല്ലാ അറിയലിനും ഇങ്ങനെ രണ്ടു സാദ്ധ്യതകള്‍ ഉണ്ട്. ഭഗവദ്ഗീതയില്‍ പറയുന്നുണ്ട് നാം പൂര്‍വ്വജന്മം ആര്‍ജ്ജിച്ച വിദ്യകളുടെ തുടര്‍ച്ചയാണ് ഈ ജന്മത്തില്‍ വരുക എന്ന്. അതുകൊണ്ടാണ് ചിലര്‍ക്ക് ചില വിഷയങ്ങളോട് അധികം വാസന. എന്നുമാത്രമല്ല മറ്റൊരാള്‍ പത്തോ പന്ത്രണ്ടോ കൊല്ലംകൊണ്ട് പഠിക്കുന്ന കാര്യങ്ങള്‍ ചിലര്‍ കുറച്ചുകാലംകൊണ്ട് പഠിക്കുന്നത്.
വിദ്യ നേടുന്ന കാരൃത്തില്‍ നാം ഇത്രയേ ചെയ്യുന്നുള്ളൂ. അഭ്യാസംകൊണ്ട് സ്വന്തം ശേഷിയെ സംസ്കരിക്കുന്നു. അറിയപ്പെടുന്നതെല്ലാം നമ്മില്‍തന്നെയുണ്ട്. അതിനാല്‍ അറിവ് പരിണമിക്കുന്നില്ല. എങ്ങനെയെന്നാല്‍ ആകാശം അനന്തമാണ്. നമ്മള്‍ ഒരു കുഴലിനകത്തുകൂടെ നോക്കുമ്പോള്‍ ആ‍ നോക്കുന്ന കുഴലിന്‍റെ വൃത്തം വലുതാകുന്നതിനനുസരിച്ച് കാഴ്ചയും വലുതാകും. ഒടുവില്‍ കുഴല്‍ മാറ്റിയിട്ടുനോക്കുമ്പോള്‍ സമഗ്രമായനുഭവപ്പെടും. അനന്തതയില്‍ വിലയിക്കുന്നതായും തോന്നും. പരിണമിക്കുന്നുവെന്നു തോന്നുന്നത് അറിവല്ല, അറിയാനുള്ള കഴിവാണ് പരിണമിക്കുന്നത്.
''സര്‍വ്വജ്ഞന്മാര്‍ പല കാലങ്ങളിലും ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകുകയുംചെയ്യും'' എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നത് അങ്ങനെയാണ്. ''ജ്ഞാനസംബന്ധമായ ഏതൊരു ശാഖയിലായാലും ശരി ഒരനുഭവം ഒരാള്‍ക്ക് ഒരിക്കല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതിനു മുമ്പും അതിനു ശേഷവും പലരിലും ഉണ്ടായിട്ടുണ്ടാകണം. ഒരിക്കല്‍ സംഭവിച്ചത് എപ്പോഴും സംഭവിക്കാം.'' എന്നാണ് സ്വാമികള്‍ പറയുന്നത്. ഒന്നും ആരുടെയും മാത്രം സ്വന്തമല്ല, എല്ലാം എല്ലാപേരിലും എല്ലാകാലത്തും ഉണ്ട് എന്നതാണ് ഭാരതീയദര്‍ശനം. അതിനാല്‍ ഋഷിമാര്‍ അറിവുകളെ തന്‍റെതാക്കി അഭിമാനിക്കുന്നതിലോ അഹങ്കരിക്കുന്നതിലോ ശ്രദ്ധകൊടുത്തിരുന്നില്ല.
ചൈതന്യവത്തായ അറിവ് വടിവാര്‍ന്നതാണല്ലോ ബാഹ്യമായ ഒരോ രൂപവും. അങ്ങനെയാണെങ്കില്‍ ഈ അറിവ് വ്യക്തമാകുന്നതിനുമുമ്പ് അവ്യക്തതയില്‍ എവിടെയായിരുന്നു. ഇപ്പോള്‍ വ്യക്തമായതും സ്ഥിതിചെയ്യുന്നതും എവിടെയാണ്. അറിവ് എന്നില്‍ അവ്യക്തമായിരിക്കുന്നു, എന്നില്‍ വ്യക്തമാകുന്നു. എന്നില്‍തന്നെ സ്ഥിതിചെയ്യുന്നു. വിലയിക്കുന്നതും എന്നില്‍തന്നെ. ''ഭൂവാദി ഭൂതമതിനാവാസമില്ല, വെറു-
മാഭാസമാമിതറിവി-
ന്നാഭാവിശേഷം'' എന്നാണ് ജനനീനവരത്നമഞ്ജരിയില്‍ ശ്രീനാരായണഗുരു പറയുന്നത്. ഗുരു ഈശ്വരനെ അറിവെന്നു പറയുന്നു.
അറിവും അറിയുന്നയാളും അനുഭവവും ഒന്നുതന്നെയാണ്.
''അറിവുമറിഞ്ഞിടുമർത്ഥവും പുമാൻ‌ ത-
ന്നറിവുമൊരാദിമഹസ്സു മാത്രമാകും;
വിരളത വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമർന്നതു മാത്രമായിടേണം.''

No comments:

Post a Comment