Monday, September 03, 2018


''അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണ വല്ലഭേ..
ജ്ഞാനവൈരാഗ്യ സിദ്ധ്യര്‍ഥം ഭീക്ഷാംദേഹി ച പാര്‍വതീ''
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ഥം ഭിക്ഷാംദേഹി - അല്ലയോ ജഗദീശ്വരീ, അല്ലയോ അന്നപൂര്‍ണ്ണേശ്വരീ, നീ സദാ പൂര്‍ണ്ണമാണ്‌, സകലത്തിലും പൂര്‍ണ്ണമായി നീ തന്നെ നിലനില്‍ക്കുന്നു, അപൂര്‍ണ്ണനായ ഈ ജീവാത്മാവ്‌, ജന്മജന്മാന്തരങ്ങളായി എന്തോ ഏതോ ഒരു അപൂര്‍ണ്ണത അനുഭവപ്പെടുന്ന ഈ ജീവാത്മാവ്‌, ആ പൂര്‍ണ്ണതയുടെ പൂരണത്തിനായി, ആ ശൂന്യം നികന്നുകിട്ടുന്നതിനുവേണ്ടി, ദൃശ്യത്തിലെ സകലതിലും ആ പൂര്‍ണ്ണതയെ അന്വേഷിച്ചുകൊണ്ടേയിരിയ്ക്കുന്നു. അല്ലയോ സാക്ഷാല്‍ മഹേശ്വരപ്രിയേ, ''അന്നവസ്ത്രാദികള്‍ തന്ന്‍ മുട്ടാതെ'' എന്നെ എന്നും കാത്തുരക്ഷിച്ചുകൊണ്ടിരിയ്ക്കുന്ന ഹേ ശങ്കരപ്രിയേ, നീ തരുന്ന അന്നം പൂര്‍ണ്ണമാണെന്ന്‍ ഞാന്‍ അറിയുന്നു. അന്നത്തില്‍നിന്നുല്‍പ്പന്നമായി അന്നത്താല്‍ വളര്‍ന്ന്‍ അന്നത്തില്‍ നിലനിന്ന്‍ മറ്റുള്ളവര്‍ക്ക്‍ അന്നമായി തീരേണ്ടുന്നതാണീദേഹമെന്നും ഞാന്‍ അറിയുന്നു. എന്നാല്‍ അന്നം ജ്ഞാനവും വൈരാഗ്യവും സിദ്ധിയ്ക്കാനായിട്ടാണെന്ന്‌ എനിയ്ക്ക്‍ ബോധിയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ എന്നിലെ ആ ശൂന്യത്തിന്‌ ഒരു മികവ്‌ കിട്ടുന്നില്ല. അല്ലയോ ശിവപ്രിയേ, സകലസമ്പൂര്‍ണ്ണയായ നിന്നെ അറിയുന്നതിനായി, ജ്ഞാനവൈരാഗ്യാദിയുടെ പ്രാപ്തിയ്ക്കായി, നീ തന്നെ എനിയ്ക്ക്‍ അന്നം ഭിക്ഷയായി തന്നാലും. അതിനായിക്കൊണ്ടിതാ ഞാന്‍ നിന്‍ തിരുനടയില്‍ ഭിക്ഷാംദേഹിയായി നില്‍ക്കുന്നു.
(അന്നം ജ്ഞാനവും വൈരാഗ്യവും ഉണ്ടാകുന്നതിനാണ്‌, ദേഹത്തിനെ പോഷിപ്പിക്കാനല്ല എന്ന്‍ അര്‍ഥം.)

No comments:

Post a Comment