Friday, September 07, 2018

എ.പി. ജയശങ്കര്‍ (ഗണേശ കഥകള്‍)​
Saturday 8 September 2018 2:50 am IST
പാര്‍വതീ വിവാഹം വിപുലമായിത്തന്നെ നടത്താനാണ് ഹിമവാന്‍ നിശ്ചയിച്ചത്. എല്ലാവരേയും ക്ഷണിക്കാനുള്ള ചുമതലകള്‍ ഏല്‍പ്പിച്ചു. ക്ഷണത്തിന്റെ പ്രധാന ചുമതല വായുഭഗവാനെയാണ് ഏല്‍പ്പിച്ചത്. എല്ലായിടത്തും കടന്നുചെന്ന് ക്ഷണം നിര്‍വഹിക്കുക വായുഭഗവാന് ക്ഷിപ്രസാദ്ധ്യമാണ്.
ക്ഷണിക്കാനുള്ളവരില്‍ ആരെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കേണ്ടത് സൂര്യചന്ദ്രന്മാരാണ്.
വിവാഹത്തിനെത്തുന്ന അതിഥികളെ സ്വീകരിച്ച് അവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ മുഖ്യചുമതല പുത്രിയായ ഗംഗയെ ഏല്‍പ്പിച്ചു. വരുണനും സഹായിക്കും.പാചകത്തിന്റെ ചുമതല അഗ്നിദേവനെത്തന്നെ ഏല്‍പ്പിച്ചു.കാര്യങ്ങളോരോന്നും എണ്ണിയെണ്ണിപ്പറഞ്ഞ് ഏര്‍പ്പാടുകള്‍ ചെയ്യുന്നതിന് ഹിമവാന്‍ ശ്രദ്ധിച്ചു.
ഹിമവാന്‍ ഓരോ കാര്യത്തിന്റേയും ചുമതലഏല്‍പ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് ബ്രഹ്മദേവന്‍ ഹിമവത് സന്നിധിയിലെത്തിയത്. ഒരു പ്രധാന കാര്യം അറിയിക്കാനാണ് താന്‍ വന്നതെന്ന് ബ്രഹ്മദേവന്‍ പറഞ്ഞപ്പോള്‍ ഹിമവാന്‍ ആദ്യമൊന്നു ഭയപ്പെട്ടു.
ഹേ പര്‍വതരാജന്‍, നിയോഗിച്ചതനുസരിച്ചാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയത്. വിവാഹത്തിനായി പാര്‍വതീദേവിയെ ഒരുക്കുന്നതിനുള്ള ചുമതല സാക്ഷാല്‍ ലക്ഷ്മീദേവിയെത്തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം ലക്ഷ്മീ നാരായണന്മാര്‍ തന്നെയാണ് എന്നോടു പറഞ്ഞത്.
ഇതുകേട്ട് ഹിമവാന്‍ ആനന്ദപാരവശ്യത്തിലായി. തന്റെ പാര്‍വതിയെ വിവാഹത്തിനൊരുക്കുന്നത് സാക്ഷാല്‍ ശ്രീമഹാലക്ഷ്മി. ഇതില്‍പ്പരം ആനന്ദമെന്താണുള്ളത്.
ബ്രഹ്മദേവന്‍ മറ്റൊന്നുകൂടി കൂട്ടിച്ചേര്‍ത്തു. ''നഗാധിരാജാ, ഞാന്‍ ശ്രീ മഹാദേവനേയും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവുമായുള്ള കൂടിയാലോചനയില്‍ മറ്റൊരു കാര്യം കൂടി ചിന്താവിഷയമായി. ആ സമയത്ത് സപ്തര്‍ഷിമാരും അവിടെയുണ്ടായിരുന്നു. പാര്‍വതീ വിവാഹമുഹൂര്‍ത്തത്തില്‍ മണ്ഡപത്തിലെ പൂ
ജകള്‍ക്ക് ഞാന്‍ തന്നെ നേതൃത്വം കൊടുക്കണമെന്നാണ് ഋഷിമാര്‍ ആവശ്യപ്പെട്ടത്. ശ്രീമഹാദേവനും അതു ശരിവച്ചു. എനിക്കും അത് ആനന്ദദായകമാണ്. എന്നാല്‍ പര്‍വതരാജനുമായി ആലോചിച്ച് വിവരം പറയാമെന്നാണ് ഞാന്‍ മറുപടി നല്‍കിയത്.''ഇതുകേട്ട് ഹിമവാന്റെ ആനന്ദം ഇരട്ടിച്ചു. അദ്ദേഹം പ്രതിവചിച്ചു.
അങ്ങയുടെ ഈ വാഗ്ദാനം ഏറെ സന്തോഷകരമാണ്. ആനന്ദദായകമാണ്. ഇനി ഇക്കാര്യത്തില്‍ മറ്റൊന്നും ചിന്തിക്കാനില്ല. ശ്രീമഹാദേവനും  സപ്തര്‍ഷികളും ഇതേ അഭിപ്രായം പറഞ്ഞത് എന്നെ ഏറെ ആനന്ദിപ്പിക്കുന്നു.''
യാത്ര പറഞ്ഞിറങ്ങും മുന്‍പ് ബ്രഹ്മദേവന്‍ മറ്റൊരു കാര്യം കൂടി ഹിമവാനെ അറിയിച്ചു. ദേവേന്ദ്രന്‍ എന്നോട് ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. വിവാഹവേദിയോടനുബന്ധിച്ചുള്ള നൃത്തമണ്ഡപത്തില്‍ നൃത്തനൃത്യങ്ങളുടെ ചുമതല അപ്‌സരസ്സുകളെ ഏല്‍പ്പിക്കാമെന്നാണ് ഇന്ദ്രന്റെ ആഗ്രഹം. വേദിയിലെ കലകളുടെ മൊത്തം സംഘാടകയായി പ്രവര്‍ത്തിക്കാന്‍ ദേവി സരസ്വതിയും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഹിമവാന്‍ കൈകൂപ്പി നിന്നു. തനിക്ക് ഒന്നും പറയാനില്ല. ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന അവസ്ഥയിലായിരുന്നു പര്‍വതരാജന്‍.

No comments:

Post a Comment