Friday, September 07, 2018

സ്വാമി അഭയാനന്ദ (ചിന്മയ മിഷന്‍, തിരുവനന്തപുരം)
Saturday 8 September 2018 2:55 am IST
കഹോലന്റെ ചോദ്യവും അതിനുള്ള യാജ്ഞവല്‍ക്യന്റെ ഉത്തരവുമാണ് അഞ്ചാം ബ്രാഹ്മണത്തില്‍.അഥ ഹൈനം കഹോലഃ കൗഷീതകേയഃ പപ്രച്ഛഃ യാജ്ഞവല്‍ക്യേതി ഹോവാച, യദേവ സാക്ഷാദപരോക്ഷാദ് ബ്രഹ്മ, യ ആത്മാ സര്‍വാന്തരഃ...
പിന്നീട് കൗഷീതകന്റെ മകനായ കഹോലന്‍ ചോദിച്ചു. മറ്റൊന്നിനാല്‍ മറയ്ക്കപ്പെടാത്തതും അപ്രധാനമല്ലാത്തതുമായ ബ്രഹ്മം ഏതാണോ സര്‍വതിന്റെയും ഉള്ളിലുള്ള ആത്മാവ് ഏതാണോ അതിനെ എനിക്ക് സ്പഷ്ടമായി പറഞ്ഞു തരൂ.
നിന്റെ ആത്മാവ് തന്നെയാണ് എല്ലാത്തിലുമുള്ളത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.ഏതാണ് എല്ലാത്തിനും ഉള്ളിലുള്ളതെന്ന് കഹോലന്‍ വിണ്ടും ചോദിച്ചു.ഏതൊന്നാണോ വിശപ്പ്, ദാഹം, കാമം, മോഹം, ജര, മൃത്യു എന്നിവയെ അതിക്രമിക്കുന്നത് അതാണ് എല്ലാത്തിനും ഉള്ളിലുള്ള ആത്മാവ്.
 അങ്ങനെയുള്ള ഈ ആത്മാവിനെ അറിഞ്ഞിട്ട് ബ്രാഹ്മണര്‍ (അറിവുള്ളവര്‍) പുത്രൈഷണ, വിത്തൈഷണ, ലോകൈഷണ എന്നിവയില്‍ നിന്ന് പിന്തിരിഞ്ഞ് ഭിക്ഷാചര്യത്തെ ചെയ്യണം.പുത്രന് വേണ്ടിയുള്ള ഏഷണതന്നെയാണ് ധനത്തിനു വേണ്ടിയുള്ളത്. വിത്തൈഷണ തന്നെയാണ് ലോകത്തിന് വേണ്ടിയുള്ള ഏഷണ.
 ഇവ സാധ്യ, സാധനാ രൂപത്താലുള്ള രണ്ട് ഏഷണകളാണ്. അതിനാല്‍ ബ്രാഹ്മണന്‍ ആത്മജ്ഞാനത്തെ നേടി അതിന്റെ ബലത്തില്‍ സ്ഥിതി ചെയ്യുവാന്‍ ആഗ്രഹിക്കണം. ബലത്തേയും ബ്രഹ്മജ്ഞാനത്തേയും നേടി പിന്നെ മനന ശീലനായിത്തീരണം. അമൗനത്തേയും മൗനത്തേയും സമ്പാദിച്ച് പിന്നെ ബ്രാഹ്മണനായി (ബ്രഹ്മജ്ഞാനിയായി)ത്തീരുന്നു.
ഏത് ആചാരം കൊണ്ടാണ് അയാള്‍ ബ്രാഹ്മണനായിത്തീരുക എന്ന് കഹോലന്‍ വീണ്ടും ചോദിച്ചു.അയാള്‍ ഏത് ആചാരത്തോടു കൂടി ഇരിക്കുന്നവോ  ആ ആചാരത്തോടു കൂടി ബ്രാഹ്മണനായിത്തീരും. ഇതില്‍ നിന്ന് അന്യമായതെല്ലാം നശിക്കുന്നതാണ്.
ഉഷസ്തന്റെയും  കഹോലന്റയും ചോദ്യങ്ങള്‍ ഒരു പോലെയുള്ളതായി തോന്നാനിടയുണ്ട്. ഉഷസ്തന്‍ ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റിയും കഹോലന്‍ ആത്മാവിന്റെ പരമാര്‍ഥ സ്വരൂപത്തെപ്പറ്റിയുമാണ് ചോദിച്ചത്.
കാര്യ- കരണ സംഘാതത്തില്‍ നിന്ന് വേറിട്ട ഒരു ആത്മാവുണ്ട് എന്ന് നേരത്തെ ഉഷസ്തനെ ബോധിപ്പിച്ചു. വിശപ്പ് മുതലായ സംസാരധര്‍മങ്ങളില്‍ നിന്ന് അതീതമായതാണ് ആത്മധര്‍മം എന്ന് ഇവിടെ പറയുന്നു. വിശപ്പും ദാഹവും പ്രാണന്റെ ധര്‍മമാണ്. ശോകവും മോഹവും മനസ്സിന്റെയും ജരയും മരണവും ശരീരത്തിന്റേതുമാണ്. 
സംസാരധര്‍മങ്ങളായ ഇവയാല്‍ തൊടാന്‍പോലുമാകാത്തതാണ് ആത്മാവ്. ആത്മാവിനെ അറിഞ്ഞാല്‍ പിന്നെ ഏഷണകള്‍ ഉണ്ടാകില്ല.ഈ ലോകത്തെ ജയിക്കാനായി പുത്രനുണ്ടാകണമെന്ന ആഗ്രഹമാണ് പുത്രൈഷണ. പിതൃലോകത്തെ ജയിക്കാന്‍ കര്‍മം ചെയ്യണം. അതിന് വിത്തമുണ്ടാകണമെന്ന ആഗ്രഹമാണ് വിത്തൈഷണ. എല്ലാം ലോകജയത്തിന് വേണ്ടിയായതിനാല്‍ ലോകൈഷണയാണ് ഇവയെല്ലാം.
അത് സാധന കൂടാതെ നേടാനാവില്ല. അതുകൊണ്ട് ഏഷണകളെ സാധൈ്യഷണ എന്നും സാധനൈഷണ എന്നും രണ്ട് തരത്തില്‍ പറയുന്നു.ഈ ഏഷണകളില്‍ നിന്ന് പിന്തിരിയണം. എല്ലാ ഏഷണകളേയും ഉപേക്ഷിച്ച് ജീവിതം നയിക്കാന്‍ വേണ്ടി മാത്രം ഭിക്ഷാടനം നടത്തണം.
ഏഷണകളില്‍ നിന്ന് പിന്‍വലിഞ്ഞ് ആചാര്യനില്‍ നിന്നും ശാസ്ത്രത്തില്‍ നിന്നും ആത്മജ്ഞാനത്തെ നേടണം. ആ ജ്ഞാനത്തിന്റെ ബലത്തിലാകണം ജീവിതം. ജ്ഞാന ബലത്തെ ആശ്രയിക്കുന്നയാളെ ഏഷണകളിലേക്ക് കൊണ്ടുപോകാന്‍ ഇന്ദ്രിയങ്ങള്‍ക്കോ മനസ്സിനോ കഴിയില്ല. അയാളുടെ ആചാരങ്ങളെല്ലാം നല്ലതായിത്തീരും. സദാചാരത്തോടു കൂടിയ ശരിയായ ബ്രാഹ്മണ്യത്തെയാണ് ഇവിടെ സ്തുതിച്ചത്.തന്റെ ചോദ്യത്തിനുള്ള ഉത്തരം കേട്ട് സംതൃപ്തനായ കഹോലനും മടങ്ങി.

No comments:

Post a Comment