Sunday, September 30, 2018

സംസ്കാരത്തെ മാറ്റേണ്ടത് വ്യക്തി സ്വയമേവയാണ്. വ്യക്തിക്കും സമൂഹത്തിനും ദോഷകരമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെ മാറ്റിമറിക്കുമ്പോഴാണ് ആ മാറ്റത്തെ ചരിത്രം വിപ്ലവകരമായി രേഖപ്പെടുത്തുക! അതു പോലെതന്നെ സംസ്കാരത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഉൗട്ടിയുറപ്പിക്കുമ്പോള്‍ അത് ചരിത്രം അങ്ങനെയും രേഖപ്പെടുത്തും.
മാറ്റം എന്നത് നല്ല സംസ്ക്കാരത്തിലേയ്ക്കായാലും ചീത്ത സംസ്ക്കാരത്തിലേയ്ക്കായാലും ശരി, അത് ഉണ്ടാകുന്നത് ഓരോ വ്യക്തിയുടെയും സ്വന്തം ആചരണത്തിലൂടെയാണ്. ചില സമൂഹത്തില്‍ അത്തരം നല്ല ആചരണങ്ങള്‍ ഉണ്ടായിരിക്കും. അത് നല്ലതെന്നു കാണുന്ന അന്യനാട്ടുകാരും അത് സ്വീകരിക്കും. മറിച്ചും സംഭവിക്കാറുണ്ട്. ഭാരതത്തെ വിദേശികള്‍ അനുഗമിക്കുന്നതും, ഭാരതം വിദേശ സംസ്കാരത്തെ അനുകരിക്കുന്നതും അതിനുദാഹരണമാണ്. ശ്രേഷ്ഠരായ ഉത്തമപുരുഷന്മാര്‍ എന്താണോ ആചരിക്കുന്നത് അത് കണ്ടാണ് മറ്റുള്ള ജനങ്ങളും ആചരിക്കുന്നത് എന്ന് ഗീതാചാര്യന്‍ പറയുന്നു.
വാക്കുകള്‍ കൊണ്ടോ രേഖാമൂലമോ അല്ല ഭാരതം ലോകത്തിനു സാത്വിക സംസ്കാരത്തെ പഠിപ്പിച്ചത്. ആചരണം കൊണ്ടാണ്. പറയുകയും പ്രവര്‍ത്തിച്ചുകാണിക്കുകയും ചെയ്യുന്ന ആചാര്യന്മാര്‍ ആണ് ഭാരതത്തിലെ ഗുരുക്കന്മാര്‍. അങ്ങനെ സാത്വികമായ ചില ആചരണങ്ങള്‍ നമ്മുടെ ഭാരതീയ സംസ്ക്കാരത്തിലുണ്ട്. നല്ല സംസ്കാരത്തെ സൃഷ്ടിക്കുന്നതാകയാല്‍ അവ സദാചാരങ്ങള്‍ എന്നറിയപ്പെടും. ശ്രീരാമചന്ദ്രനിലൂടെയും സീതാദേവിയിലൂടെയും ആ സാത്വികമായ സദാചാരങ്ങളെ ഇതിഹാസം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു വിദേശി ഭാരതത്തിലെ ഒരു പുണ്യതീര്‍ത്ഥത്തിനടുത്ത് ധ്യാനിക്കുകയായിരുന്നു. അപ്പോള്‍ ഭാരതീയരായ കുറച്ച് വിദ്യാര്‍ത്ഥികള്‍ മുതിര്‍ന്നവരുമായി അവിടെ വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി എത്തി. അവര്‍ ആട്ടവും പാട്ടും കൂത്തുമായി ആകെ ബഹളമായി. ഇത് കണ്ട വിദേശി ഒരു സന്ന്യാസിയോട് ചോദിച്ചു ''ഇതാണോ ഭാരതീയ സംസ്ക്കാരം?'' അപ്പോള്‍ സന്ന്യാസി പറഞ്ഞു ''ഇത് ഭാരതീയ സംസ്ക്കാരം അല്ല, ഇവര്‍ മറ്റേതോ ഒരു രാജ്യത്തിന്‍റെ സംസ്ക്കാരത്തെ അനുകരിക്കുകയാണ്!''
അതിനാല്‍ നല്ല സംസ്കാരത്തെ രൂപപ്പെടുത്തുന്നതിന് സഹായകമായ ആചരണങ്ങളെ സദാചാരങ്ങളെ പഠിക്കുകയും സ്വയം ആചരിച്ചു കുട്ടികളെ ഫഠിപ്പിച്ച് ഗുരുജനങ്ങളുടെ ധര്‍മ്മത്തെ പാലിക്കുകയും വേണം. അതിനായി ഭാരതത്തിലെ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത ഇവ നാം പഠിക്കണം ആദ്യം. 
kp krishnakumar

No comments:

Post a Comment