Sunday, September 30, 2018

മനസ്സ് വൈകാരികമായിരിക്കുമ്പോള്‍ നാം ചിലത് ചെയ്തു പോകുന്നു. പിന്നീട് അതോര്‍ത്ത് വിഷമിക്കുകയും ചെയ്യും. അങ്ങനെ നാം കാരണം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ‍‍‍ദുഃഖവും ദുരിതവും കൊണ്ട് നാം അസ്വസ്ഥമാകും എങ്കിലും അതേ വികാരങ്ങള്‍ക്ക് അടിമപ്പെടുമ്പോഴെല്ലാം നാം വീണ്ടും അതേ തെറ്റുകള്‍ ചെയ്തു പോകുന്നുണ്ട്. അതായത് നമ്മുടെ മനസ്സിന്റെ സ്വഭാവം എന്നത് പൂര്‍വ്വാര്‍ജ്ജിതമാണ്. അതിനെ നിയന്ത്രിക്കുക എന്നത് നാളെ മുതല്‍ ഞാന്‍ ഇങ്ങനെയായിരിക്കില്ല എന്ന ഒരു തീരുമാനം എടുത്തതുകൊണ്ട് മാത്രം സാധിക്കുന്നതല്ല. അക്കാര്യത്തില്‍ എല്ലാപേരും നിസ്സഹായരാണ്.
അങ്ങനെ സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കണമെങ്കില്‍ അതിനായി പ്രായോഗികമായ മാര്‍ഗ്ഗങ്ങളെ സ്വീകരിക്കേണ്ടിവരുന്നു. വൈകാരികപ്രധാനമായ മനസ്സിനെ ഈശ്വരസ്നേഹത്തിലേയ്ക്ക് തിരിച്ചു വിടേണ്ടതുണ്ട്. വികാരത്തെ ഭക്തിയിലേയ്ക്കും വിചാരത്തെ തത്ത്വബോധത്തിലേയ്ക്കും തിരിച്ചുവിടണം. അങ്ങനെ നിരന്തരാഭ്യാസം കൊണ്ട് മനസ്സ് ശാന്തമായിത്തുടങ്ങുകയും ജ്ഞാനപ്രകാശം ഉണ്ടാകുകയും ചെയ്യും.
ഒരാള്‍ വിഷമിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യുമ്പോള്‍ ആദ്യം അത് ബാധിക്കുന്നത് സ്വന്തം മനസ്സിനെയും സ്വന്തം ശരീരത്തെയും തന്നെ ആണ്. അത് നമ്മുടെ സ്വസ്ഥതകെടുത്തി നമ്മെ രോഗത്തിന് അടിമപ്പെടുത്തുന്നു. ഒപ്പം നമ്മുടെ വാക്കുകളിലൂടെയും ഭാവത്തിലൂടെയും അത് പുറത്തേയ്ക്കും വ്യാപിക്കുമല്ലോ! അങ്ങനെ നാം കാരണം നമ്മുടെ കൂടെയുള്ളവര്‍ക്കും വിഷമം ഉണ്ടാകുന്നു. അങ്ങനെ അവരും അസ്വസ്ഥരും രോഗിയും ആയി മാറുന്നു. എന്നു വരുമ്പോള്‍ നാം സ്വയം സ്വസ്ഥരാകുന്നതുകൊണ്ട് നമുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അത് ലഭിക്കുന്നുണ്ട് എന്നാണ് അര്ത്ഥം.‍‍‍‍‍‍‍‍‍‍‍‍‍‍

പൂക്കളെ പോലെ. അതിന്‍റെ പ്രാണശക്തി ജന്മം മുഴുവന്‍ സ്വയം ഭംഗിയായി സുഗന്ധിയായി പ്രകാശിക്കുന്നു. കണ്ടു നില്ക്കുന്നവര്‍ക്കും അതിന്റെ അടുത്ത് വരുന്നവര്‍ക്കും അത് സുഖമേകുന്നു. അതായത് അവിടെ സ്വന്തം ഭാവം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റൊരാളെ സന്തോഷിപ്പിക്കുവാനായി മറ്റൊരു പരിശ്രമത്തിന്‍റെയും ആവശ്യം അവിടെ ഉണ്ടാകുന്നില്ല എന്നതാണ് ചിന്തിച്ചു മനസ്സിലാക്കേണ്ടത്. നാം സ്വസ്ഥരാകുമ്പോള്‍ നമ്മുടെ വാക്കും മുഖവും പ്രസന്നമാകുന്നു. അപ്പോഴും‍‍ അതു തന്നെയാണല്ലോ സംഭവിക്കുന്നത്. ആത്മപരിവര്‍ത്തനമാണ് ഏതൊരാളിന്‍റെയും പ്രാഥമികമായ കര്‍ത്തവ്യം എന്നു വരുന്നു. തുടര്‍ന്നുള്ള ബാഹ്യപരിവര്‍ത്തനമാകട്ടെ ശ്രമം കൂടാതെ തന്നെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും മനസ്സിലാക്കാമല്ലോ. ആദ്ധ്യാത്മികാചാര്യന്മാര്‍ നമുക്ക് ഉപദേശിക്കുന്നത് അത്രമാത്രമാണ്. 

No comments:

Post a Comment