Monday, September 03, 2018

krishnakumar.
നാം ചന്ദ്രനില്‍ പോയാലും ചൊവ്വയില്‍ പോയാലും നമ്മില്‍ നിന്ന് എത്ര ദൂരം പോയാലും ശരി അവിടെ നിന്നെല്ലാം കിട്ടിയതുംകൊണ്ട് തിരികെ എത്തുമ്പോഴെല്ലാം ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു! ഈ അറിയുന്ന ഞാന്‍ ആരാണ്? പ്രപഞ്ചത്തിന്‍റെ മഹത്വം കണ്ടെത്തി പറഞ്ഞുകൊണ്ടിരിക്കുന്ന ഞാന്‍ ആരാണ് ? എന്‍റെ മഹത്വം എന്താണ്!
നാം എത്ര ദൂരം പോയാലും തുടക്കം 'ഞാന്‍' എന്ന കേന്ദ്രം ആണ് , തിരികെ എത്തുന്നതും അവിടെ തന്നെയാണ്. അവനവനില്‍! എന്നതിനാല്‍ ഞാന്‍ ഉള്ളതുകൊണ്ടാണ് മറ്റെല്ലാം ഉള്ളത് എന്നുവരുന്നു. അതിനാല്‍ ഞാന്‍ അനശ്വരനാണ്. ഞാന്‍ പ്രപഞ്ചത്തില്‍ നിലനിന്നു നശിക്കുന്നതല്ല, പ്രപഞ്ചം എന്നില്‍ ഉണ്ടായി നിലനിന്ന് മറയുകയാണ് ചെയ്യുന്നത്.
എനിക്ക് ഞാന്‍ ആരാണെന്ന് അറിയുവാന്‍ മറ്റൊരാളിന്‍റെ സഹായം കിട്ടില്ല, ബാഹ്യമായ ഒരുപകരണവും ആയതിനു സഹായകമല്ല. എല്ലാ ചോദ്യങ്ങളും എല്ലാ ഉത്തരങ്ങളും എന്നില്‍നിന്നുതന്നെയാണ്. അറിയുന്നവനെ അറിയാത്ത അറിവൊന്നും പൂര്‍ണ്ണമല്ല. ഉദാഹരണത്തിന് ഉറക്കത്തില്‍ സ്വപ്നം കാണുന്നു. സ്വപ്നത്തില്‍ ഞാനും പ്രപഞ്ചവും മറ്റെല്ലാ വിഷയങ്ങളും ജീവജാലങ്ങളും വരുന്നു. ഞാന്‍ അവയെക്കുറിച്ചെല്ലാം പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്, ഞാനും എന്‍റെ പ്രപഞ്ചവും ഒന്നുതന്നെയായിരുന്നു! എന്നില്‍ ഞാന്‍ തന്നെയാണ് എല്ലാത്തിനെയും പ്രകാശിപ്പിച്ചുകൊണ്ടിരുന്നത്! മായയും മായ കാട്ടിയവനും മായാവിനോദനും ഞാന്‍ തന്നെയായിരുന്നു എന്ന് സ്വയം പറയുവാന്‍ കഴിയുന്ന ഉണര്‍വ്! അമ്മയ്ക്കും അര്‍ജ്ജുനനും ഭഗവാന്‍ മായാരൂപം വെളിപ്പെടുത്തിക്കൊടുത്തതു പോലെ എല്ലാം ഒന്നായറിയണം.
''നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.'' ('ദൈവദശകം'- ശ്രീനാരായണഗുരു)
പ്രത്യക്ഷത്തില്‍ കാണുന്ന പ്രപഞ്ചരഹസ്യങ്ങള്‍ കണ്ടെത്തുന്തോറും നാം ആ മായയുടെ മഹിമയില്‍ കൗതുകംവളര്‍ന്ന് അതിനു പുറകേ പോയിക്കൊണ്ടിരിക്കും. ആ കൗതുകങ്ങള്‍ അനന്തമാണ്. സൃഷ്ടിതന്നെ സ്രഷ്ടാവിനെ മറച്ചുനില്‍ക്കുകയാണ്, അതാണീ കാണുന്നതെല്ലാം.
അറിയുന്നവനിലേയ്ക്ക് എത്തി ആത്മാവിന്‍റെ മഹിമയില്‍ ശരണം പ്രാപിക്കും വരെ സത്യം വെളിപ്പെടുകയില്ല. പ്രപഞ്ചമഹിമയില്‍ അതിശയിക്കുന്ന നമുക്ക് ആത്മാവിന്‍റെ മഹിമയില്‍ ശ്രദ്ധയുണ്ടാകണം. അവിടെയാണ് നമ്മുടെ അമരത്വം!
ഓം

No comments:

Post a Comment