Friday, September 21, 2018

മായാമാധവനെ പരീക്ഷിച്ച ബ്രഹ്മാവ്

Saturday 22 September 2018 2:53 am IST
ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ ആപത്തുകളകന്ന് ഗോപകുമാരന്മാര്‍, വനലീലകള്‍ തുടര്‍ന്നു. നദിക്കരയില്‍ വെണ്മണല്‍ത്തിട്ടയും, പൂമരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശത്ത് അവര്‍ വട്ടംകൂടിയിരുന്ന്, ഉച്ചഭക്ഷണം കഴിക്കാന്‍ തുടങ്ങി. പശുക്കള്‍ നദീജലം കുടിച്ച് നദിക്കരയില്‍ മേഞ്ഞു നടന്നു. 
ഗോപവൃന്ദത്തിന്റെ മധ്യത്തില്‍ കണ്ണന്‍; ചുറ്റും ഓരോരോ ഗോപന്‍മാരും. അവര്‍ കണ്ണനെത്തന്നെ നോക്കി പു
ഞ്ചിരിച്ചുകൊണ്ട്, ഊണ് കഴിച്ചുകൊണ്ടിരുന്നു. കണ്ണന്‍ തൈരുകൂട്ടിക്കുഴച്ച ചോറ്, ഉപ്പേരി പതിച്ച്, ഉരുളകളാക്കി ഉണ്ടു. പശുക്കള്‍ സര്‍വം മറന്ന്, ഇളംപുല്ലു തിന്ന് മേഞ്ഞ് നടന്നു. ഊണുകഴിയും മുമ്പ് ചിലര്‍ പറഞ്ഞു. കണ്ണാ, പൈക്കുട്ടികള്‍ അകന്നകന്നുപോകുന്നു. കൂട്ടംതെറ്റി അവയെ കാണാതാകുമോ?   നിങ്ങള്‍ ഭയപ്പെടേണ്ട, ഞാനിതാ വരുന്നു അവയെ ആട്ടിത്തെളിച്ചുകൊണ്ടുവരാം. എന്നു പറഞ്ഞ് ഊണു മുഴുമിപ്പിക്കാതെ കണ്ണന്‍, അവയെത്തേടി പുറപ്പെട്ടു. കാട്ടിനകത്ത് വളരെ ദൂരം നടന്നിട്ടും, ഒരൊറ്റ പശുവിനേയോ കിടാവിനേയോ കണ്ടുമുട്ടാനാവാതെ നിരാശനായി മടങ്ങി. 
നദീതീരത്തു തിരിച്ചെത്തിയപ്പോഴോ? ചങ്ങാതിമാരുടെ പൊടിപോലുമില്ല. ഹേയ്! ഇവരിതെവിടെപ്പോയി ഒളിച്ചു കളിക്കാറുളള സ്ഥലങ്ങളിലെല്ലാം അവരെത്തേടി നടന്നൂ വനമാലി. എല്ലാമറിയുന്നവനു മുന്നില്‍ മറയ്ക്കാനും, ഒളിക്കാനും, ആര്‍ക്കുകഴിയും? ബ്രഹ്മദേവന്റെ കളിയായിരുന്നു ഇത്. ഭഗവാന്റെ ലീലകള്‍ കണ്ട് മതിമറന്ന ബ്രഹ്മാവ് ഒപ്പിച്ച കുസൃതി. മായയാല്‍ എല്ലാം മറച്ച്, അദ്ദേഹം സ്വയം മറഞ്ഞു.
ഭഗവാന് കാര്യം മനസ്സിലായി. പക്ഷേ, ഒന്നും അറിഞ്ഞതായി നടിച്ചതേയില്ല. ബ്രഹ്മസൃഷ്ടികളെ അദ്ദേഹം മറച്ചപ്പോള്‍, സൃഷ്ടി, സ്ഥിതി, സംഹാരകാരകന്‍, ഒട്ടും മടിച്ചില്ല. ഒന്നൊഴിയാതെ മറഞ്ഞുപോയ സകലതും, കടുകിടമാറ്റം കൂടാതെ പുനഃസൃഷ്ടിച്ചു. പശുക്കിടാങ്ങളും ഗോപകുമാരന്‍മാരും ഉറിയും ചൂരലും ചോറ്റുപാത്രങ്ങളും, ഒന്നൊഴിയാതെ സകലതും അവിടെ കാണാറായി. സകലരേയും ബ്രഹ്മാവ് മറച്ചുവെങ്കില്‍ അതിനുതുല്യരായവരെ സൃഷ്ടിച്ച് ഭഗവാന്‍, ഗൃഹങ്ങളില്‍ തിരിച്ചെത്തിച്ചു. ഒരാള്‍ക്കു പോലും ഒരുമാററവും അനുഭവപ്പെടാതെ സ്വഭാവസവിശേഷതകളടക്കം കൃത്യമായ പുനഃസൃഷ്ടി.'ഭഗവാന്‍ ഇതാ അനേകായിരം രൂപങ്ങള്‍ പൂണ്ട് വ്രജത്തില്‍ വിളയാടുന്നു. ഗൃഹങ്ങളില്‍ തിരിച്ചെത്തിയ പൈതങ്ങളില്‍ അമ്മമാര്‍ക്കുപോലും യാതൊരു മാറ്റവും തോന്നിയതേയില്ല.
പശുക്കിടാങ്ങളെ തിരിച്ചറിഞ്ഞ് തളളപ്പശുക്കള്‍, അവയെ നക്കിത്തോര്‍ത്തി, പതിവുപോലെ പാല്‍ ചുരത്തി നിന്നു. ഒരു സംവത്സരം  യാതൊരു സംശയത്തിനും
 ഇടനല്‍കാതെ ആ മായാമാധവലീല അവിടെ തുടര്‍ന്നു. 
ദിവസം ചെല്ലുന്തോറും മാതാപിതാക്കള്‍ക്ക്, കുഞ്ഞുങ്ങളോടുളള വാത്സല്യം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നൂ. ഒരു നിമിഷം പോലും, പിരിയാന്‍ വയ്യാത്ത അവസ്ഥയിലായിത്തീര്‍ന്നു. അവര്‍ക്കറിയില്ലല്ലോ തങ്ങള്‍ക്കൊപ്പം കളിച്ചു രസിക്കുന്നതു സാക്ഷാല്‍ ഭഗവാന്‍ തന്നെയാണെന്നുളള സംഗതി. പശുക്കള്‍ക്കാകട്ടെ, തങ്ങളെ വിട്ടു ദൂരെപ്പോയി മേയുന്ന കിടാങ്ങള്‍ക്കരികില്‍ ഓടിയെത്താന്‍ വല്ലാത്ത ആഗ്രഹം. ബലരാമനു മാത്രം, ഇതില്‍ വല്ലാത്ത പന്തികേടു തോന്നി. 'എന്താണീ ബാലകന്മാര്‍ക്ക് ഒരു പ്രത്യേകത, വല്ലാത്ത ഒരാകര്‍ഷണീയത?' ബലരാമന്‍ ചിന്തിച്ചു. ജ്ഞാനദൃഷ്ടിയാല്‍, അവരില്‍ ഭഗവാനെ കാണാന്‍ കഴിഞ്ഞ ബലരാമന്‍ ശ്രീകൃഷ്ണനോട് സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്കി.
ഭൂവാസികളുടെ ഒരു വര്‍ഷം ബ്രഹ്മാവിന്റെ ഒരു മാത്രയാണ്. അദ്ദേഹം കണ്ണടച്ചു  തുറന്നപ്പോള്‍ വൃന്ദാവനത്തിലതാ…എല്ലാം പഴയപടി തന്നെ. തന്റെ മായാവലയത്തില്‍ അകപ്പെട്ടവരെല്ലാം, തന്റെയൊപ്പം തന്നെ കാണുന്നുമുണ്ട്. വൃന്ദാവനത്തില്‍, പൈക്കിടാങ്ങളായും ഗോപകുമാരന്മാരായും, അനവധി ശ്രീകൃഷ്ണന്മാര്‍. ബ്രഹ്മദേവന്‍ സ്വയം മായാവലയത്തിനകത്തുപെട്ട് നട്ടംതിരിഞ്ഞു. മായാമാധവനെ പരീക്ഷിക്കാനൊരുമ്പെട്ട തന്റെ മൂഢത്വമോര്‍ത്ത് ലജ്ജയും, ദുഃഖവും അപരാധബോധവും പൂണ്ട് ബ്രഹ്മാവ് സാഷ്ടാംഗം വീണ് ഭഗവാനെ നമസ്‌കരിച്ചു.

ഹരിഷ് ആര്‍.നമ്പൂതിരിപ്പാട്

No comments:

Post a Comment