Friday, September 21, 2018

കുറച്ചുനാള്‍ മുമ്പ് ഒരു മോള്‍ രണ്ടു കുഞ്ഞുങ്ങളുമായി അമ്മയുടെ അടുത്തുവന്നു കരഞ്ഞുകൊണ്ടു പറഞ്ഞു, ''അമ്മേ, എന്റെ ഭര്‍ത്താവ് കിട്ടുന്നതെല്ലാം കുടിച്ചുകളയുകയാണ്. വീട്ടില്‍ എന്നും വഴക്കും ബഹളവുമാണ്. ഒരു സമാധാനവുമില്ല. ഈ കുഞ്ഞുങ്ങളുടെ മുമ്പില്‍ എന്നെ തല്ലുകയും ചീത്തവിളിക്കുകയും ചെയ്യും. എനിക്ക് കുട്ടികളെ നോക്കാന്‍ ഒരു മാര്‍ഗവുമില്ല. അമ്മ എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം.'' ഇതുപോലെ നമ്മുടെ രാജ്യത്ത് കണ്ണീരുകുടിക്കുന്ന എത്രയെത്രെ സ്ത്രീകളാണുള്ളത്. ദുഃഖിക്കുന്ന പുരുഷന്മാരില്ലെന്നല്ല, തീര്‍ച്ചയായുമുണ്ട്. എന്നാല്‍ ലോകത്തിലേക്ക് നോക്കുമ്പോള്‍ തൊണ്ണൂറുശതമാനവും സ്ര്തീകളാണ് കൂടുതല്‍ കഷ്ടമനുഭവിക്കുന്നത്.
സ്ത്രീയും പുരുഷനും, ഇരുവരും സ്‌േനഹമാണാഗ്രഹിക്കുന്നത്. എന്നാല്‍, സ്‌േനഹത്തിന്റെ ധാരമുറിയാതിരിക്കണമെങ്കില്‍ അത് കൊടുത്തുകൊണ്ടേയിരിക്കണം. ഒരു ഭാഗത്ത് അതു നിന്നുപോയാല്‍ താമസിയാതെ മറുഭാഗത്തും  നിന്നുപോകും. കുടുംബജീവിതം ഒരു വണ്‍വേ ആകരുത്, ഇരുഭാഗത്തേക്കും വരാന്‍ കഴിയുന്ന ഹൈവേ ആകണം. സ്‌േനഹം എപ്പോഴും പരസ്പരം പങ്കുവയ്ക്കണം.  
അമ്മ എത്രയോ കുടുംബങ്ങളുടെ ജീവിതം മുഖാമുഖം കണ്ടിട്ടുണ്ട്. ആ അനുഭവം വെച്ചു പറയുകയാണ്. സ്ത്രീക്കും പുരുഷനും ദൗര്‍ബല്യങ്ങളുണ്ട്. എന്നാല്‍ ഇടതുകൈ മുറിഞ്ഞാല്‍ വലതുകൈ തലോടാറില്ലേ? അതുപോലെ പുരുഷന്റെ ദൗര്‍ബല്യങ്ങളെ സ്ത്രീകളും, സ്ത്രീയുടെ ദൗര്‍ബല്യങ്ങളെ പുരുഷനും ക്ഷമിക്കണം. അവര്‍ പരസ്പരം തുണയാകണം. എന്നാല്‍ ഇന്ന് സ്‌േനഹത്തിന്റെ സ്ഥാനത്ത് പലപ്പോഴും അഹങ്കാരവും സ്വാര്‍ഥതയുമാണ് തലപൊക്കുന്നത്. അത് അടിച്ചമര്‍ത്തലിലും ചൂഷണത്തിലും ചെന്നെത്തുന്നു.  
കുടുംബജീവിതത്തില്‍ പരസ്പരം ക്ഷമിക്കാനും വിട്ടുവീഴ്ചകള്‍ ചെയ്യാനും സ്ത്രീയും പുരുഷനും ഒരുപോലെ തയാറാകണം. ആരുടെയെങ്കിലും ഭാഗത്ത് കുറവു വന്നാലും അതു ക്ഷമിച്ച്, തുടര്‍ന്നും സ്‌നേഹിക്കുവാന്‍ മറ്റെയാള്‍ തയാറാകണം. അങ്ങനെ ചെയ്താല്‍ മിക്ക കുടുംബപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. എന്നാല്‍ അടിച്ചമര്‍ത്തലിനു കീഴടങ്ങാതെ സ്ത്രീയും പുരുഷനും അവരവരുടെ അന്തസ്സു നിലനിര്‍ത്തുകയും വേണം
പുരുഷന്മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് ശാരീരികബലം അല്‍പം കൂടുതലാണ്. ആ ബലം സ്ര്തീകളെ അടിച്ചമര്‍ത്താന്‍ വേണ്ടിയുള്ളതല്ല, മറിച്ച് സ്ത്രീക്ക് സംരക്ഷണം കൊടുക്കാനുള്ളതാണ്. സ്ത്രീയെ  സംരക്ഷിക്കണം എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം സ്ത്രീ ദുര്‍ബലയാണ് എന്നല്ലേ എന്നു ചോദിക്കാം. പ്രധാനമന്ത്രിക്കു സംരക്ഷണം നല്‍കുവാന്‍ പോലീസുകാര്‍ ചുറ്റുമുണ്ടാകും. അത് അദ്ദേഹം ദുര്‍ബലനായതുകൊണ്ടാണോ? അല്ല, അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്, ഉത്തരവാദിത്വമാണ്. അതുപോലെ സ്ത്രീയെ സംരക്ഷിക്കേണ്ടതു പുരുഷന്റെ ആവശ്യവും ഉത്തരവാദിത്വവുമാണ്. പുരുഷന്റെകൂടി മാതാവാണു സ്ത്രീ. സ്ത്രീയുടെ മുലപ്പാല്‍ നുകര്‍ന്നാണ് ഏതു പുരുഷനും വളര്‍ന്നത്; അതു മറക്കരുത്. 
സമൂഹം സ്ത്രീയെ താഴ്ന്നവളായി കാണുന്നതിന് ആരാണ് ഉത്തരവാദി? പുരുഷന്മാരെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തുല്യരാണെന്ന ബോധം അച്ഛനമ്മമാര്‍ കുട്ടിക്കാലം മുതലേ കുഞ്ഞുങ്ങളില്‍ വളര്‍ത്തണം. ആണ്‍കുട്ടികളോടൊപ്പം എല്ലാ രംഗത്തും പരിചയം നേടാന്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണം. അതുപോലെതന്നെ സ്ത്രീയെ ആദരിക്കാനുള്ള പരിശീലനം ആണ്‍കുട്ടുകള്‍ക്കും നല്‍കണം. സ്വന്തം അമ്മയേയും സഹോദരിമാരെയും ആദരിച്ചുകൊണ്ടാകട്ടെ അതിന്റെ തുടക്കം. അങ്ങനെയായാല്‍ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പരസ്പരബഹുമാനം വളരും.
വലുതായാലും ആ മനോഭാവം അവരില്‍ നിലനില്‍ക്കും. എന്തെങ്കിലും ഒരു തൊഴില്‍ നേടാന്‍ പെണ്‍കുട്ടികളെയും പ്രാപ്തരാക്കണം. പല ഗ്രാമങ്ങളിലും പഠിപ്പില്ലാത്ത പെണ്‍കുട്ടികള്‍ക്കു ഇരുപത്തഞ്ചു വയസ്സു കഴിഞ്ഞാല്‍ പിന്നെ കല്യാണം നടക്കാന്‍ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ഒരു തൊഴില്‍നേടാന്‍ അവര്‍ക്ക് പഠിപ്പും കുറവാണ്. അതുകാരണം മരണംവരെ അവര്‍ കണ്ണീര്‍കുടിച്ച്  കഴിയേണ്ടിവരുന്നു.
സ്ത്രീകള്‍ സ്വന്തം ശക്തിയെക്കുറിച്ച് മറന്നുപോകുന്നതിനു പ്രധാന കാരണം അമ്മമാര്‍ പെണ്‍കുട്ടികളെ കൊച്ചു പ്രായം മുതല്‍ കണ്ടീഷനിങ് ചെയ്തു വളര്‍ത്തുന്നതാണ്. ഒരു ചെടിച്ചട്ടിയില്‍ ഒതുക്കിയ ചെടിപോലെയാണ് അവരെ വളര്‍ത്തുന്നത്. കോഴിയുടെ കീഴില്‍ കഴിയുന്ന പരുന്തിന്‍കുഞ്ഞിന്റേതു പോലെ ആയിത്തീരുന്നു അവളുടെ സ്ഥിതി.
താനും കോഴിക്കുഞ്ഞാണെന്ന ബോധം കാരണം പരുന്തിന്‍കുഞ്ഞിന് ഒരിക്കലും പറക്കാന്‍ കഴിയുന്നില്ല. ചിറകുകള്‍തന്നെ അതിനൊരു ഭാരമായിത്തീരുന്നു. ഇതുപോലെ സ്ത്രീയിലെ ആത്മശക്തി ഉണരാന്‍ ഇന്നും സമൂഹം പൂര്‍ണമായി അനുവദിക്കുന്നില്ല. ആ മഹത്തായ ശക്തിയെ അണകെട്ടി നിര്‍ത്തുകയാണ്. സ്ത്രീ തങ്ങളേക്കാള്‍ താഴെയാണെന്ന ഭാവത്തില്‍ പല പുരുഷന്മാരും പെരുമാറുന്നത് ആത്യന്തികമായി അവര്‍ക്കുതന്നെ ദോഷമായിത്തീരും. സ്ത്രീയില്‍നിന്നു ലഭിക്കേണ്ട ആശ്വാസവും പ്രോത്സാഹനവും അവര്‍ക്കു നഷ്ടമായിത്തീരും. 
സമൂഹമാകുന്ന പക്ഷിയുടെ രണ്ടു ചിറകുകളാണു സ്ത്രീയും പുരുഷനും. പക്ഷിയുടെ ഇരുചിറകുകള്‍ പോലെ സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തത്തോടെ സമൂഹനിര്‍മാണത്തില്‍ പങ്കാളികളാകുന്ന നല്ല നാളെയാണ് അമ്മ സ്വപ്‌നം കാണുന്നത്. അതിലൂടെ മാത്രമേ മനുഷ്യരാശിയുടെ സമഗ്രമായ ഉയര്‍ച്ചയും വികാസവും സാധിക്കൂ. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment