Sunday, September 09, 2018

ശ്രീകൃഷ്ണൻ ഉയർത്തിയ ഗോവർധനപർവം

Sunday 9 September 2018 2:32 am IST
മഴയുടെ ദേവനാണ് ഇന്ദ്രന്‍. ഭാരതീയ പുരാണപ്രകാരം മഴ പെയ്യിക്കുന്നതും പെയ്യിക്കാതിരിക്കുന്നതും ദേവേന്ദ്രനാണ്. ശ്രീകൃഷ്ണന്റെ ദേശമായ അമ്പാടിയിലെ ജനങ്ങള്‍ ദേവേന്ദ്രനെ പ്രീതിപ്പെടുത്താനായി യാഗങ്ങള്‍ നടത്തിയിരുന്നു. മഴ കൃത്യമായി ലഭിക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ കൃഷ്ണന്‍ ഇതിനോട് വിയോജിച്ചു. അമ്പാടിക്കാരുടെ കുലദൈവം ഗോവര്‍ധനപര്‍വതമാണെന്നും അതിനാല്‍ ആ പര്‍വതത്തെ പൂജിച്ചാല്‍ മതിയെന്നുമായിരുന്നു ഭഗവാന്റെ വാദം. ശ്രീ കൃഷ്ണന്‍ പറഞ്ഞതിനാല്‍ ഒരു വര്‍ഷത്തെ യാഗം അമ്പാടിവാസികള്‍ ഗോവര്‍ധനപര്‍വതത്തിന് അര്‍പ്പിച്ചു.
ഇന്ദ്രന്‍ കോപാകുലനായി. അമ്പാടിവാസികളെ ഒന്നടങ്കം ശിക്ഷിക്കാന്‍ തീരുമാനിച്ചു. അതുപ്രകാരം അമ്പാടിയില്‍ മഴ കനത്തു പെയ്തു. നിലയ്ക്കാത്ത പെരുമഴ.ശ്രീകൃഷ്ണന്‍ അവസരത്തിനൊത്തുയര്‍ന്നു. അദ്ദേഹം ഗോവര്‍ധനപര്‍വതമെടുത്ത് ഉയര്‍ത്തിപ്പിടിച്ചു. പര്‍വതം ഒരു വലിയ കുടപോലെ വര്‍ത്തിച്ചു. ജനങ്ങള്‍ മുഴുവനും മഴ നനയാതെ അതിനുകീഴെ കയറി നിന്നു.
ഏഴു ദിവസം പിന്നിട്ടിട്ടും മഴ നിലച്ചില്ല. അത് പെയ്തുകൊണ്ടേയിരുന്നു. എന്നാല്‍ അമ്പാടിയിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ശ്രീകൃഷ്ണന്‍ അവരെ സംരക്ഷിച്ചു. ഭാഗവതത്തിലെ ഒരു കഥയാണിത്. ശ്രീകൃഷ്ണന്റെ പ്രതിരൂപമായാണ് ഗോവര്‍ധന പര്‍വ്വതം കരുതപ്പെടുന്നത്.
മഴ പെയ്യിക്കാൻ എത്തിയ ഋശ്യശൃംഗൻ
മഹാഭാരതത്തില്‍ നിന്നുള്ള ഒരു മഴക്കഥ കൂടി. അംഗരാജ്യത്തെ രാജാവായിരുന്നു ലോമപാദന്‍. അദ്ദേഹം ഒരു ബ്രാഹ്മണനെ ചതിച്ചു. ക്രമേണ രാജ്യത്ത് മഴ പെയ്യാതെയായി. വരള്‍ച്ച ബാധിച്ചു. ഫലമോ ക്ഷാമം പടര്‍ന്നുപിടിച്ചു.
ലോമപാദന്‍ തപശക്തിയുള്ള കുറെ താപസരെ വിളിച്ചുകൂട്ടി. എങ്ങനെയെങ്കിലും മഴ പെയ്യിച്ച് രാജ്യത്തെ രക്ഷിച്ചുതരണമെന്ന്  അഭ്യര്‍ത്ഥിച്ചു. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു മുനികുമാരനെ കൊണ്ടുവന്ന് യാഗം നടത്തണമെന്ന് തപസ്വികള്‍ നിര്‍ദ്ദേശിച്ചു.
സ്ത്രീകളെ കണ്ടിട്ടില്ലാത്ത മുനികുമാരനുവേണ്ടി രാജാവ് അന്വേഷണമാരംഭിച്ചു. ഒടുവില്‍ വിഭാണ്ഡകന്‍ എന്ന മുനി തന്റെ പുത്രന്‍ ഋശ്യശൃംഗനെ വളര്‍ത്തുന്നത് സ്ത്രീകളെ കാണിക്കാതെയാണെന്ന് അദ്ദേഹം അറിഞ്ഞു. പക്ഷെ ഒരു തടസ്സം നേരിട്ടു. പുത്രനെ എവിടേക്കും വിടാന്‍ കടുപ്പക്കാരനായ വിഭാണ്ഡകന്‍ സമ്മതിക്കില്ല. അപ്പോള്‍ ഒരു വഴിയേ അവശേഷിച്ചുള്ളൂ- അച്ഛന്‍ അറിയാതെ മകനെ കൗശലപൂര്‍വ്വം കൂട്ടിക്കൊണ്ടുവരിക.
ഇതിനായി രാജാവ് ഒരുസംഘം സ്ത്രീകളെ തന്നെ വിഭാണ്ഡകന്റെ ആശ്രമത്തിലേക്കയച്ചു. സ്ത്രീകളെ ഒരിക്കലും കാണാതെ വളര്‍ന്ന മുനികുമാരനെ അവര്‍ക്കാണ് കബളിപ്പിക്കാന്‍ കഴിയുകയെന്നും അദ്ദേഹം കണക്കുകൂട്ടി.
ലോമപാദന്റെ കണക്കു പിഴച്ചില്ല. മുനികന്യകമാരായി വേഷമിട്ട സ്ത്രീകള്‍ ഋശ്യശൃംഗനെ വശീകരിച്ച് അംഗരാജ്യത്തെത്തിച്ചു. കുമാരന്റെ സാന്നിധ്യത്തില്‍ മഹായാഗം നടത്തി. അംഗരാജ്യത്ത് മഴ പെയ്യുകയും ചെയ്തു. മാത്രമല്ല, താന്‍ ദത്തെടുത്ത ദശരഥമഹാരാജാവിന്റെ പുത്രിയായ ശാന്തയെ ഋശ്യശൃംഗന് വധുവായി നല്‍കുകയും ചെയ്തു.
വൈശാലി
മഹാഭാരതത്തിലെ ഈ കഥയെ ആധാരമാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത മനോഹരമായ ചലച്ചിത്രമാണ് 'വൈശാലി' (1988). മാലിനി എന്ന കൊട്ടാരദാസിയുടെ മകളാണ് വൈശാലി. വൈശാലിയേയും മാലിനിയെയും ഋശ്യശൃംഗനെ ആകര്‍ഷിച്ച് കൂട്ടിക്കൊണ്ടുവരുന്നതിനായി ലോമപാദന്‍ നിയോഗിക്കുന്നു. സ്ത്രീസാമിപ്യമില്ലാതെ വളര്‍ന്ന ഋശ്യശൃംഗന് വൈശാലി ഒരു പെണ്ണാണെന്ന് പോലും അറിയില്ലായിരുന്നു. വൈശാലിയാല്‍ ആകൃഷ്ടനായ മുനികുമാരന്‍ അംഗരാജ്യത്തെത്തുന്നു. ഇരുവരും അനുരക്തരായിരുന്നുവെങ്കിലും ലോമപാദന്‍ രാജഗുരുവിന്റെ ഉപദേശപ്രകാരം സ്വന്തം മകളായ ശാന്തയെ ഋശ്യശൃംഗന് വിവാഹം ചെയ്തു കൊടുക്കുന്നു. മുനികുമാരന്‍ ഈ ചതി തിരിച്ചറിയുന്നില്ല. യാഗത്തിനൊടുവില്‍ മഴ തകര്‍ത്തു പെയ്യുന്നതിനിടെ അംഗരാജ്യത്തെ ജനങ്ങള്‍ ആനന്ദനൃത്തമാടുന്നു. ഇതിനിടെ രാജകിങ്കരന്മാരാല്‍ ദൂരേയ്ക്കു അകറ്റിമാറ്റപ്പെടുന്ന വൈശാലിയും മാതാവും ജനത്തിരക്കിനിടയില്‍പ്പെട്ട് ചതഞ്ഞു മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
സഞ്ജയ് (ഋശ്യശൃംഗന്‍), സുപര്‍ണ (വൈശാലി), മാലിനി (ഗീത), ലോമപാദന്‍ (ബാബു ആന്റണി), വിഭാണ്ഡകന്‍ (വി.കെ. ശ്രീരാമന്‍), രാജഗുരു (നെടുമുടി വേണു), ശാന്ത (പാര്‍വതി) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഒ.എന്‍.വി രചിച്ച് ബോംബെ രവി ഈണം പകര്‍ന്ന ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്തി നേടി. 'ദും ദും ദും ദുന്ദുഭി നാദം' എന്ന സംഘഗാനം ആലപിച്ചത് ദിനേശ്, ലതിക തുടങ്ങിയവരായിരുന്നു. ഇന്ദുപുഷ്പം ചൂടിനില്‍ക്കും, ഇന്ദ്രനീലിമയോളം തുടങ്ങിയ ഗാനങ്ങള്‍ കെ.എസ്. ചിത്ര ആലപിച്ചു. പുരാണകാലത്തെ സിനിമയ്ക്കായി പുനഃസൃഷ്ടിച്ചത് കലാസംവിധായകനായ പി. കൃഷ്ണമൂര്‍ത്തിയാണ്. എം.എം. രാമചന്ദ്രനായിരുന്നു നിര്‍മ്മാതാവ്

No comments:

Post a Comment