Wednesday, October 03, 2018

03/10 4:15 pm] Sunil K M: *രാസലീല19*
ഉണ്ണും ചോറും തിന്നും വെറ്റിലയും കൃഷ്ണൻ.
നമാഴ്വാർ എന്ന ഭക്തനെ കുറിച്ചു പറഞ്ഞു ഉണ്ണുന്ന ചോറും തിന്നുന്ന വെറ്റിലയും ഒക്കെ കൃഷ്ണനായി തീർന്നൂന്നാണ്. നമാഴ്വാർ ചെറിയ കുട്ടി ആയിരിക്കുമ്പോൾ ഇഴഞ്ഞു പോയി ഒരു മരത്തിന്റെ പൊത്തില് കയറി ഇരുന്നു കുട്ടി. ലോകം മറന്നുപോയി. അങ്ങനെ പതിനെട്ടു വർഷം ഇരുന്നു. കൃഷ്ണൻ ഗ്രഹിച്ചാൽ ഇതൊക്കെ ആണ് അപകടം. കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ഈ പതിനെട്ടു വർഷം ഭാവ സ്ഥിതി. പതിനെട്ടാമത്തെ വർഷം കാശിയിലെവിടെയോ ഉള്ള മധുരകവി എന്നു പറയുന്ന ഭക്തൻ ഗുരുവിനെ അന്വേഷിച്ച് കൊണ്ടുനടക്കണ ആള് രാത്രി എവിടെയോ ഒരു നക്ഷത്രം ഇങ്ങനെ നടക്കണത് കണ്ടു. അതിന്റെ കൂടെ നടന്നു. നേരം വെളുത്താൽ അത് മറയും. അപ്പോ അവിടെ ഇരിക്കും. അടുത്ത ദിവസം രാത്രീം ആ നക്ഷത്രം കാണും. അതിന്റെ പുറകെ നടക്കും. നേരം വെളിച്ചായാൽ അത് മറയും. അവിടെ ഇരിക്കും. അങ്ങനെ നടന്നു നടന്ന് തമിഴ് നാട്ടില് നമാഴ്വാർ ഇരിക്കുന്ന സ്ഥലത്ത് വന്നു. ആ പുളിമരത്തിന്റെ ചുവട്ടിൽ വന്നു. അവിടെ ബാഹ്യപ്രജ്ഞയേ ഇല്ലാതെ കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം. ജഗത്തേ അറിയാതിരിക്ക്യാണ്. മധുരകവി, ഈ ഭക്തൻ നമസ്കരിച്ച് ഇങ്ങനെ എങ്ങനെ ഒരാൾക്ക് ഇരിക്കാൻ പറ്റും. അഹങ്കാരം ഉള്ളിടത്തോളം കാലം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്ന പോലെ ധ്യാനത്തിൽ നിന്ന് എഴുന്നേല്കും. ഉറക്കത്തിൽ നിന്ന് എഴുന്നേല്കാൻ എന്താ കാരണം. ല്ലേ സുഖമായി ഉറങ്ങണു. അങ്ങനെ ഇരുന്നൂടെ. പക്ഷേ രാവിലെ ആവുമ്പോ എഴുന്നേല്കണു. ഇനി കിടക്കണില്ല്യാ ന്ന് തോന്നും. കുട്ടികൾക്ക് സ്കൂളിൽ പോണം. വലിയവർക്ക് ജോലിക്ക് പോണം. സ്ത്രീകൾക്ക് അടുക്കളയിൽ പ്രവേശിക്കണം. കേസിന് പോണം ബഹളത്തിന് പോണം പ്രശ്നത്തിന് പോണം എന്തിനൊക്കെ പോണം വെളുത്തുപോയാൽ. ഉറക്കത്തിലിതൊന്നും ഇല്ല്യ. ന കഞ്ചന കാമം കാമയതേ ന കഞ്ചന സ്വപ്നം പശ്യതി. സുഷുപ്തസ്ഥാന ഏകീഭൂത പ്രജ്ഞാനഘനയേവസ്യാനന്ദമയോ ആനന്ദഭുക് .ആ ആനന്ദസ്ഥിതിയിൽ നിന്ന് എന്തിനെഴുന്നേറ്റൂ ന്ന് തോന്നും. എന്തുകൊണ്ട് എഴുന്നേറ്റു ആ ഞാൻ ഉണ്ടല്ലോ അതുതന്നെയാണ് എഴുന്നേല്കാൻ കാരണം. അല്ലെങ്കിൽ നിത്യമായി ഉറങ്ങാം ന്നാണ്. എപ്പോഴും ഒരു ഉറക്കംത്രേ. കണ്ണുതുറന്നുതന്നെ ഇരിക്കും. പക്ഷേ ഉറങ്ങും. എങ്ങനെ ഉറങ്ങും. സമാധിയിൽ ഉറങ്ങും. കൃഷ്ണനിൽ ഉറങ്ങും. കൃഷ്ണാനുഭവത്തിൽ ഉറങ്ങും. ആ കൃഷ്ണാനുഭവത്തിൽ ഉറങ്ങി ക്കൊണ്ടിരിക്കുകയാണല്ലോ നമാഴ്വാർ. അദ്ദേഹത്തിന് ഉറക്കമേ ഇല്ല്യ. അപ്പോഴാണ് ഈ മധുരകവി നമസ്കരിച്ച് ചോദിക്കുന്നു. ഈ ഉറക്കത്തിൽ നിന്നും ഉണരുന്നവരെ എന്തുചെയ്യും. ഉറക്കത്തിൽ ആ സുഖം അനുഭവിച്ച് കൊണ്ടിരിക്കുമ്പോ ആ സുഖത്തിൽ നിന്നും ഒരു പ്രത്യേക അഹങ്കാരം പൊന്തി വരുന്നുവല്ലോ. ചിത്തിൽ നിന്നും ഒരു അല്പമായ അഹങ്കാരം അല്പമായ വ്യക്തിത്വം പൊന്തി വന്നു. ആ ആനന്ദത്തിൽ അഖണ്ഡമായി ഇരുന്ന സ്ഥിതിയിൽ നിന്നും അല്പം പൊന്തി വന്നു. അത് എന്തിനെ അനുഭവിക്കും എവിടെ ഇരിക്കും എന്ന് ചോദിച്ചു. ഈ ഉദിച്ച ആൾ എന്തു ചെയ്യണു. അപ്പോ ആദ്യമായി മിണ്ടാതിരുന്ന നമാഴ്വാർ വായ് തുറന്നു പറഞ്ഞു. അത്തൈത്തിന്റ്ര് അങ്കേ കെടക്കും. ആ ചിത്തിനെ തന്നെ അനുഭവിച്ച് ആ ചിദാനന്ദത്തിനെ തന്നെ അനുഭവിച്ച് അതിൽ നിന്ന് വേർപെട്ടു നില്കാതെ അതിൽ നിന്നും പിരിഞ്ഞു സ്വയം ഒരു വ്യക്തി ആയി ജീവനായി ഉരുത്തിരിഞ്ഞു പൊന്തി വരാതെ അഖണ്ഡാകാരമായിട്ട് ആ ആനന്ദത്തിനെ തന്നെ അനുഭവിച്ച് ആ മധുവിനെ തന്നെ അനുഭവിച്ച് ഹൃദയതാമരയിൽ തണ്ടാരിൽ വീണു മധുവുണ്ടാ രമിക്കുമൊരു വണ്ടാണു സൂര്യസുകൃതി ന്നാണ്. ഹൃദയതാമരയിൽ ഇരുന്നു കൊണ്ട് മധു നുകരുന്ന ഒരു വണ്ടായിട്ട് സുകൃതി ആയ മുനി ഹൃദയത്തിൽ തന്നെ രമിച്ചിരിക്കണം. അവിടുന്ന് പുറത്തു വരരുത്. പുറത്ത് വന്നു കഴിയുമ്പോ മനസ്സ് പൊന്തും. മനസ്സ് പൊന്താതെ ഇരിക്കണം.
ശ്രീനൊച്ചൂർജി
*തുടരും..*
[03/10 4:17 pm] Sunil K M: *രാസലീല 20*
കൃഷ്ണഗ്രഹഗൃഹീതാത്മാ ന വേദ ജഗദീദൃശം
നിശമ്യഗീതം തദനംഗവർദ്ധനം
വ്രജസ്ത്രിയ: കൃഷ്ണഗൃഹീതമാനസാ:
കൃഷ്ണനാൽ ഗ്രഹിക്കപ്പെട്ട മനസ്സോടുകൂടിയ വ്രജസ്ത്രീകൾ. അവര് വ്രജസ്ത്രീകളാണ്. അവര് വ്രജത്തിലാണ്. പാരിവ്രജ്യം എന്നൊരു പദവി ഉണ്ട്. കുടുംബവും ഇല്ല്യ. കുട്ടികളും ഇത് ഇല്ല്യ. ബന്ധുക്കളും ഇല്ല്യ. യദരഹേവ വിരജേത് തദരഹേവ പ്രവ്രജേത്. ആ വ്രജനം ആർക്ക് സ്വഭാവമായിട്ട് സ്വാഭാവികമായിട്ട് തീർന്നിരിക്കുവോ അവരാണ് വ്രജസ്ത്രീകൾ. അവരുടെ ഭാവമാണ് പാരിവ്രജ്യം. അവര് ഭഗവാന് ചുറ്റും വ്രജനം ചെയ്യുന്നവരാണ്. അവരുടെ ഭക്തി എങ്ങനെ ആണ് ആജഗ്നുരന്യോന്യം അലക്ഷിതോദ്യമാ: യമുനാ പുളിനത്തിൽ കണ്ണൻ വേണുഗാനം ചെയ്യണു. വേണുഗാനം ഓരോ ഗൃഹത്തിലും ജോലി ചെയ്യുന്ന ഗോപികയുടെ ചെവിയിൽ ചെന്നു വീണു. ഓരോ ഗോപികയും വര്വാണ്. . കൃഷ്ണന്റെ അടുത്തേയ്ക്. എങ്ങനെ വന്നു. ഒരു ഗോപിക വേറൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. മറ്റൊരു ഗോപികയെ കുറിച്ച് ചിന്തിച്ചില്ല്യ. തനിച്ച് താൻ മാത്രമായിട്ടാണ് അദ്ധ്യാത്മ ജീവിതം. രണ്ടമതൊരാൾ കയറിയാൽ അദ്ധ്യാത്മ ജീവിതം സാമൂഹികമായിട്ട് പോവും. രണ്ടാളുകൂടീട്ടുള്ള അദ്ധ്യാത്മയാത്രയേ ഇല്ല്യ. ഇവിടെ ഏക ഋഷി ആണ്. ഓരോരുത്തരും താൻ തനിയെ ആണ്. രണ്ടാളും ഒന്നിച്ചു പോവാനേ പറ്റില്ല്യ. അങ്ങനെ ഒരു മാർഗ്ഗമുണ്ടെങ്കിൽ അത് ഭക്തിയാണ്. ഭക്തിയിൽ എന്റെ മാർഗം നിങ്ങളുടെ അല്ല. നിങ്ങളുടെ മാർഗം എന്റെ അല്ല. ഓരോരുത്തർക്കും അവരവരുടെ മാർഗമാണ്. വ്രജസ്ത്രീയ:
ആജഗ്മു: അന്യോന്യം അലക്ഷിതോദ്യമ: ഒരാള് എവിടേക്കാ പോകുന്നതെന്ന് മറ്റേ ആൾക്ക് അറിയാൻ പാടില്ല്യ. ഒരു ഗോപിക പോകുന്ന സ്ഥലം മറ്റൊരു ഗോപികക്ക് അറിയില്ല്യ. അവര് അവരുടെ പാട്ടിനാണ്. യഥാർത്ഥ അദ്ധ്യാത്മലോകത്തുള്ള മഹാത്മാക്കളെയും ശ്രദ്ധിച്ചാലറിയാം ഒക്കെ തനിയെ ആണ്. ഒന്നും പരസ്പരം ചേർന്ന് പോവാൻ പറ്റില്ല്യ. മാത്രമല്ല ഒരാളുടെ മാർഗം വേറൊരാൾക്ക് പുറമേയ്ക് കാണിച്ചു കൊടുക്കുണുമില്ല്യ. സാധനയിൽ തന്നെ അതിര് കവിഞ്ഞു ഒരാളുടെ മാർഗത്തിനെ അതിര്കവിഞ്ഞ് പറഞ്ഞുകൊടുത്താൽ കൺഫ്യൂഷനേ ഉണ്ടാവുള്ളൂ. സഹായം ഉണ്ടാവില്ല്യ. അതുമാത്രമല്ല ഓരോരുത്തരുടേയും സാധന രഹസ്യമായിട്ടിരിക്കണം. എനിക്കും ഭഗവാനും തമ്മിലുള്ള ബന്ധം വ്രജസ്ത്രീക്കും കൃഷ്ണനും തമ്മിലുള്ള ബന്ധംപോലെ ആണ്. പത്നീപതികൾ തമ്മിലുള്ള ബന്ധത്തിനെ അടുത്ത വീട്ടുകാരോട് പറയാൻ പറ്റ്വോ.അംബരീക്ഷചരിതത്തിൽ പറയണുണ്ട് നല്ല സ്ത്രീകൾ തന്റെ പുരുഷനെ വശീകരിക്കുന്നതു പോലെ ഭക്തന്മാർ എന്നെ വശീകരിക്കുന്നു. അങ്ങനെ വശീകരിച്ച് വെച്ചിരിക്കുന്ന ഒരു സ്ത്രീക്ക് തന്റെ പുരുഷനോടുള്ള ബന്ധത്തിനെ വേറെ ആരോടും പറയാൻ പറ്റാത്തതുപോല ആണ് ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധം. അത് രഹസ്യമാണ് സീക്രട്ടാണ് അതുകൊണ്ട് തന്നെ sacred ഉം ആണ്. രഹസ്യമായാലേ അത് പവിത്രമാവുള്ളൂ. പവിത്രമായിട്ടിള്ളതൊക്കെ രഹസ്യമാണ്. പവിത്രമായിട്ടുള്ളത് പുറമേക്ക് പറഞ്ഞാൽ അശ്ലീലമായിട്ട് പോവും.അശ്ലീലം മറച്ചു വെച്ചാൽ പവിത്രമാവില്ല്യ. അദ്ധ്യാത്മ ജീവിതവും അങ്ങനെ ആണ്. ഭക്തിയും അങ്ങനെ ആണ്. ഭഗവദ് ആരാധനയും അങ്ങനെ ആണ്. ശ്രീരാമകൃഷ്ണദേവർ പറയും കൊതുകുവലയ്കുള്ളിൽ ഇരുന്നു കൊണ്ട് നാമജപം ചെയ്യും ഭക്തൻ. പുറമേക്ക് ആർക്കും അറിയില്ല ചിലപ്പോ ലൗകികനെ പ്പോലെ നടക്കും. വീട്ടിലുള്ളവർ തന്നെ വിചാരിക്കും അവൻ ഉറങ്ങ്വാണ്. എട്ട് മണി ആയിട്ടും എഴുന്നേറ്റിട്ടില്ല്യാന്ന്. അത്ര കണ്ട് രഹസ്യം. രഹസ്തർപ്പണതർപ്പിതായൈ നമ: എന്ന് ലളിതാസഹസ്രനാമത്തിൽ ദേവിക്ക് ഒരു നാമം. രഹസ്യമായി തർപ്പണം ചെയ്താൽ മാത്രം സന്തോഷപ്പെടുന്നവളാണ് ഭക്തിയുടെ രൂപത്തിൽ നമ്മുടെ ഹൃദയത്തിൽ ആവിർഭവിക്കുന്ന ഡാകിനീശക്തീ ആയ ചിത്ശക്തി ആയ ഭക്തി ആയ ലളിതാംബിക അഥവാ ശാരദ അഥവാ രാധ. നിങ്ങൾ എന്തു പേരു പറഞ്ഞാലും ശരി ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് രാധ. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ലളിതാംബിക. ഭക്തിക്ക് ഒരു മൂർത്തി രൂപം കൊടുത്തതാണ് ബ്രാഹ്മീശക്തി ആയ ശാരദ. ആ ഭക്തി ചിത്ശക്തി ആണ്. അകമേക്കുണ്ടാവുന്ന ആനന്ദാനുഭവമാണ്. ആ ആനന്ദാനുഭവം എത്ര കാലം നമ്മള് advertisement ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് propagation ന്റെ ലോകത്തില് ഇരിക്കുന്നുവോ എത്ര കാലം നമ്മള് അഭിമാനത്തിന്റേയും അഹങ്കാരത്തിന്റേയും ബാഹ്യ ലോകത്തിൽ നിന്നുള്ള അംഗീകാരത്തിന്റേയും ഒക്കെ ലോകത്തില് ഇരിക്കുന്നുവോ അത്ര കാലം ഇവൾ വരില്ല്യ. അപ്പോ ഈ ബാഹ്യ അംഗീകാരം മുഖ്യമല്ലാതായി പ്പോകുന്നുവോ ബാഹ്യമായിട്ടുള്ള യാതൊന്നും പ്രധാനമല്ലാതായിട്ട് പോകുന്നുവോ അപ്പോഴാണ് അന്യോന്യമലക്ഷിതോന്മാരായി നമ്മള് തീരുന്നത് എന്ന്വാച്ചാൽ എന്റെ മാർഗം അടുത്തൂള്ള ആൾക്ക് അറിയില്ല്യ. അടുത്തുള്ള ആളിന്റെ മാർഗ്ഗത്തില് എനിക്ക് ശ്രദ്ധയില്ല്യ. അയാൾ എങ്ങനെ പോയാലും വേണ്ടില്ല്യ. എനിക്കും ഭഗവാനും തമ്മിലുള്ള ഹൃദയബന്ധത്തിൽ ഞാനും ഭഗവാനും മാത്രേ ഉള്ളൂ. അവിടെ വേറെ ആരും ഇല്ല്യ. വേറൊന്നും അറിയില്ല്യ. ആജഗ്മു: അന്യോന്യമലക്ഷിതോദ്യമാ. വേറെ ആരെ ക്കുറിച്ചും അവര് ചിന്തിക്കുന്നില്ല്യ. എന്താ അവരെ വലിക്കുന്നത് കാന്തമാണ്. കാന്തം എന്നുള്ള വാക്ക് കാന്തൻ എന്നുള്ള വാക്കും ഒക്കെ ഒന്നാണ്. ആകർഷിക്കുക, കർഷിക്കുക സ യത്ര കാന്തോ ജവലോല കുണ്ഡലാ: അലങ്കാരങ്ങൾ ഒക്കെ ധരിച്ച് കൊണ്ട് കാന്തന്റെ അടുത്തേയ്ക് കൃഷ്ണന്റെ അടുത്തേയ്ക് ഗോപസ്ത്രീകൾ ഓടി വര്വാണ്. എങ്ങനെ വന്നു. അലങ്കാരം ഒക്കെ ചെയ്തു കൊണ്ട് make up ഒക്കെ ചെയ്തു കൊണ്ട് നല്ല വണ്ണം അലങ്കരിച്ചു കൊണ്ട് കൃഷ്ണൻ കണ്ടു സന്തോഷിക്കണം എന്ന് പറഞ്ഞു ശരീരത്തിനെ സൗന്ദര്യവത്താക്കി കൊണ്ട് വന്നു. പതുക്കെ ആണ് വന്നത്. അവർക്ക് കൃഷ്ണൻ മാത്രേ ഉള്ളൂ. ബാക്കി ഒക്കെ മറന്നു പോയി.
ശ്രീനൊച്ചൂർജി
*തുടരും...*
[03/10 4:17 pm] Sunil K M: *രാസലീല 21*
ദുഹന്ത്യോഭിയയു: കാശ്ചിദ് ദോഹം ഹിത്വാ സമുത്സുകാ:
പയോധിശ്രിത്യ സംയാവമനുദ്വാസ്യാപരാ യയു:
ഓരോ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വരാണ്. പശുവിനെ കറന്നുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കറവ അവിടെ വിട്ടു. പാല് അങ്ങട് പോയി. വേണുഗാനത്തിനെ ഒരു ക്ഷണം ശ്രവിച്ചു കൊണ്ടിരിക്കുമ്പോൾ പശുക്കിടാവ് വന്നു പാലൊക്കെ കുടിച്ചു. പാത്രം ഒക്കെ അവിടെ ഇട്ടു. ഇതൊക്കെ എടുത്തു വെയ്കണംന്ന ചിന്തയൊന്നുമില്ല്യ. അവിടെ നിന്ന് വേണുഗാനം ശ്രവിച്ചു കഴിഞ്ഞു. ചിലരൊക്കെ കുഞ്ഞുങ്ങൾക്ക് പാലു കൊടുക്കാണെങ്കിൽ എന്തെങ്കിലുമൊക്കെ പ്രവർത്തി ചെയ്തു കൊണ്ടിരിക്കാണെങ്കിൽ അതൊക്കെ വലിച്ചെറിഞ്ഞിട്ട് ഓടി. അടുക്കളപ്പണി ചെയ്യുന്നവർ അലങ്കാരം ചെയ്തു കൊണ്ടിരുന്ന സ്ത്രീ അലങ്കാരത്തിനെ ഒക്കെ മറന്നുപോയി. മൂക്കത്ത് ഇടേണ്ട ആഭരണം ചെവിയിലിടുകയും ചെവിയിലിടേണ്ടത് മൂക്കത്ത് ഇടുകയും കഴുത്തിൽ ഇടേണ്ട മാല ഇടുപ്പത്ത് കെട്ടുകയും ഉടുക്കേണ്ട വസ്ത്രത്തിനെ കുറിച്ചുള്ള ചിന്ത ഇല്ലാതായി തീരുകയും ആനന്ദത്തിൽ ഭഗവദ് രതിയിൽ ഒക്കെ മറന്നുപോവുകയും ചെയ്യാം. പരിവേഷയന്ത്യസ്തദ്ധിത്വാ പായയന്ത്യ ശിശൂൻ പയ: ഒരു കൊച്ചു കുട്ടിക്ക് പാലു കൊടുത്തു കൊണ്ടിരിക്കുന്ന അമ്മ കൊച്ചു കുട്ടിയെ അവിടെ ആക്കീട്ട് പോയി. കുട്ടിയെ അങ്ങനെ ഉപേക്ഷിക്കാമോ. ധർമത്തിന് നിരക്ക്വോ. അതൊന്നും ചോദിക്കാൻ അവിടെ സമയം ഇല്ല്യ. ധർമചിന്തയുമില്ല്യ അവിടെ. അവർക്ക് ചിന്തിക്കാനുള്ള സമയമേ ഇല്ല്യ. കുട്ടിയെ നോക്കണ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും. അതുപോലന്നെ. മറന്നു പോയി. അതവിടെ ഇട്ടു. കുഞ്ഞിനേയും ഉപേക്ഷിച്ചു.
പായയന്ത്യ ശിശൂൻ പയ:
ശുശ്രൂഷന്ത്യ പതീൻ കാശ്ചിദ്
ഭർത്താക്കന്മാർക്ക് ഭക്ഷണം ഒക്കെ കൊടുത്തു കൊണ്ടിരിക്കുന്നവരാണ്. വേണുഗാനശ്രവണം ചെയ്തു. വേണുഗാനം കേട്ടു. തവിയില് കൂട്ടാൻ ഒഴിക്ക്യാണ്. കൂട്ടാനോടുകൂടെ തവി അവിടെ തന്നെ ഇട്ടു. അത് ഭർത്താവിന്റെ തലയിൽ വീണോ ഇലയിൽ വീണോ അറിയില്ല്യ. ഇത് തമാശ ആയി എടുക്കരുത്. അതിന്റെ ഉള്ളിലുള്ള ഭാവത്തിനെ ശ്രദ്ധിക്കണം. എപ്പോ ഭഗവദ് ഭാവം നമുക്കുണ്ടാവണുവോ എപ്പോ ഭഗവാന്റെ വിളി വരുന്നുവോ അപ്പോ കൈയിലുള്ള തവിയും മറ്റുമൊക്കെ വീണു പോയി. എന്തെവിടെ കിടക്കണുവോ അത് അവിടെ ഇട്ടു.
ലിംപന്ത്യ പ്രമൃജന്ത്യോന്യാ അഞ്ജന്ത്യ: കാശ്ച ലോചനേ
കണ്ണില് മഷി എഴുത്താണ്. ഒരുത്തി മുഖം കഴുക്വാണ്. മുഖത്ത് പല വിധ ലേപനങ്ങൾ ധരിക്ക്വാണ്. അതൊക്കെ കൂടി കൂടിക്കുഴഞ്ഞു. പല സ്ഥലങ്ങളിലുമായി പരിവേഷം ചെയ്യാൻ തുടങ്ങി. എല്ലാം മറന്നു പോയി. ധർമാധർമങ്ങളൊക്കെ മറന്നു പോയി. അവര് അറിഞ്ഞു കൊണ്ടൊന്നും ചെയ്തതല്ല. ഭഗവാന്റെ വേണുഗാനശ്രവണം ചെയ്തവരാണ്.
വ്യത്യസ്തവസ്ത്രാഭരണാ: കാശ്ചിദ് കൃഷ്ണാന്തികം യയു:
താ വാര്യമാണാ : പതിഭി: പിതൃഭിർഭ്രാതൃബന്ധുഭി:
അവരെയൊന്നും അവരുടെ ഭർത്താക്കന്മാരൊന്നും തടസ്സം ചെയ്തില്ലേ.
ചിലരെയൊക്കെ ഭർത്താക്കന്മാര് തടസ്സം ചെയ്തു. പിതൃഭി: ഭ്രാതൃഭി: ബന്ധുഭി; ലോകം ഒരിക്കലും ഭക്തിയെ സമ്മതിക്കില്ല്യ. ഒരു limit ലൊക്കെ ശരി. സാധാരണ നമ്മൾ തന്നെ പറയും എല്ലാം ഒരു ലിമിറ്റിലാണെങ്കിൽ ശരി. ബാക്കി ഒക്കെ വയസ്സാവട്ടെ. retire ആയിട്ട് മതി. ഇപ്പഴൊന്നും വേണ്ട. അതിനൊന്നും ആയിട്ടില്ല്യ. പലേ കാര്യങ്ങള് പറയും. അച്ചനോ അമ്മയോ ഭർത്തിക്കന്മാരോ ബന്ധുക്കളോ ഒക്കെ തടസ്സം ചെയ്തു. തടസ്സം ചെയ്തിട്ട് അവര് നിന്നുവോ. ഗോവിന്ദ അപഹൃതാത്മാന: ന ന്യവർത്തന്ത മോഹിതാ:.ഇതില് അവർക്ക് മോഹമേ വന്നില്ല്യ. ഭർത്താവ് പറയണു അമ്മ പറയണു ബന്ധുക്കൾ പറയണു. ഈ മോഹമേ അവർക്ക് ഉണ്ടായില്ല്യ എന്നാണ്. അതാണ് നിസംഗത്വേ നിർമോഹത്വം. നിസംഗത്വം എങ്ങനെ വന്നു. സത്സംഗത്വേ നിസംഗത്വം. സത്തുക്കളോട് സംഗം വന്നാൽ ലോകത്തോടുള്ള സംഗം പോയി. ലോകത്തിനോടുള്ള സംഗം പോയാൽ ലോകം എന്തു തന്നെ പറഞ്ഞാലും അതിൽ മോഹിച്ചു പോണില്ല്യ. നിർമോഹത്വം. നിർമോഹത്വേ നിശ്ചലതത്വം. അപ്പഴേ രാസാനുഭവം ഉണ്ടാവൂ. അപോ ബന്ധുക്കളോ ശരീരസംബന്ധികളായിട്ടുള്ളവരൊക്കെ തടസ്സം ചെയ്തിട്ടും ഗോവിന്ദ അപഹൃതാത്മാന ന ന്യവർത്തന്ത: ഇവിടെ ഗോവിന്ദൻ അപഹരിച്ചിരിക്കുണു ഇവരുടെ ചിത്തത്തിനെ. അന്തർഗൃഹഗതാ കാശ്ചിദ്. ചിലരെയൊക്കെ അവരുടെ ഗൃഹത്തിൽ പൂട്ടിയിട്ടു. ചില ഗോപസ്ത്രീകളെ നീ പോവ്വോന്ന് നോക്കട്ടെ എന്നു പറഞ്ഞ് ഭർത്താവ്. അവരാണത്രേ കൂടുതൽ ഭാഗ്യവതികളായത്. വീട്ടിലിട്ട് പൂട്ടിയിട്ടപ്പോ പുറമേക്ക് വരാൻ കഴിയാതെ കൃഷ്ണം തത്ഭാവനായുക്താ: ദധ്യുർമ്മീലിത ലോചനാ:
കണ്ണടച്ചു കൃഷ്ണനെ ഹൃദയത്തിലങ്ങട് ധ്യാനിച്ചു. തീവ്രവിരഹത്തോടുകൂടെ ധ്യാനിച്ചു.
ശ്രീനൊച്ചൂർജി
*തുടരും......*
[03/10 4:18 pm] Sunil K M: *രാസലീല 22*
ദുസ്സഹപ്രേഷ്ഠവിരഹതീവ്രതാപധുതാശുഭാ:
ധ്യാനപ്രാപ്താച്യുതാശ്ലേഷനിർവൃത്യാ ക്ഷീണമംഗളാ
തമേവ പരമാത്മാനം ജാരബുദ്ധ്യാപി സംഗതാ:
ജഹുർഗ്ഗുണമയം ദേഹം സദ്യ പ്രക്ഷീണബന്ധനാ:
അവരവരെ അന്തരംഗത്തിലിട്ടു പൂട്ടിയിട്ടു. നമുക്ക് ദുഖം ഉണ്ടാകുമ്പോഴൊക്കെ നമ്മുടെ പാപം ക്ഷയിക്കും. ഈ ഒരു നിയമം അറിഞ്ഞാൽ തന്നെ ദുഖം വരുമ്പോൾ സമാധാനിക്കാം. ജീവിതത്തിൽ സഹിക്ക വയ്യാതെ ആന്തരികമായി വേദന ഉണ്ടാവുമ്പോൾ ഒരു കാര്യം അറിഞ്ഞുകൊള്ളുക. മുമ്പ് ചെയ്തു കൂട്ടിയുള്ള അനേകവിധ പാപത്തിന് സഹജമായി പ്രായശ്ചിത്തം ഉണ്ടാവുകയാണ്. അതുകൊണ്ട് അറിവുള്ള ആള് ദുഖത്തിനെ നീക്കാനേ ശ്രമിക്കരുത്. ദുഖത്തിനെ സഹിക്കാണ് വേണ്ടത്. സഹനം സർവ്വ ദുഖാനാം അപ്രതീകാരപൂർവ്വകം ചിന്താ വിലാപരഹിതം. ചിന്തിക്കുകയോ അതിനെ പറഞ്ഞു വിലപിക്കുകയോ ചെയ്യാതെ വരുന്ന ദുഖത്തെ നല്ലവണ്ണം അനുഭവിച്ചങ്ങട് തീർത്താൽ പാപം ക്ഷയിച്ചു പോവും. അതിന് തല്കാലത്തേക്ക് പരിഹാരം കണ്ടെത്തിയാൽ പാപം പിന്നെയും പിന്നെയും ബാക്കി നില്കും. നമ്മളുടെ ഭഗവദ് പ്രാപ്തിക്ക് അവിടവിടെയായി തടസ്സം ഉണ്ടാവുന്നു. ഇവർക്ക് കൃഷ്ണനെ വിട്ടു പിരിഞ്ഞു വിരഹത്തിനെ പ്പോലെ ദുഖമുണ്ടാക്കുന്ന വേറൊന്നും ഇല്ലാത്തതുകൊണ്ട് ആ വിരഹം ഒരഗ്നി ആയിട്ട് തീർന്ന് ഇവരുടെ പാപവാസനയ മുഴുവൻ എരിച്ച് കളഞ്ഞു. ഇനി പുണ്യവുമുണ്ട്.പാപം മാത്രം പോയാൽ പോരാ പാപമൊക്കെ പോയിട്ട് പുണ്യം ഉണ്ടെങ്കിൽ അപ്പഴും പുണ്യം വേറെ പലതും കൊണ്ട് തന്ന് നമ്മളെ കെട്ടിയിടും. അപ്പഴും ഭഗവാനെ പ്രാപിക്കാൻ സമ്മതിക്കില്ല്യ. പുണ്യശേഷം കുറേ ഉണ്ടെങ്കിൽ നിങ്ങള് ഭഗവദ്പ്രാപ്തിക്ക് യോഗ്യത ഒക്കെ ഉള്ളവരല്ലേ എന്ന് പറഞ്ഞിട്ട് വലിയൊരു മഠാധിപതി ആയിട്ടോ സ്വർണസിംഹാസനത്തിലൊക്കെ പിടിച്ചിരുത്തി തലയില് കിരീടം ഒക്കെ വെച്ച് നമ്മളെ ഒക്കെ നമസ്കരിച്ചു സ്തുതിച്ച് അങ്ങനെ ഒക്കെ ഒരു പുണ്യക്ഷയം. അതില് നമ്മള് പെട്ടുപോയാൽ അപ്പഴും നമുക്ക് ഭഗവദ്പ്രാപ്തി ഉണ്ടാവില്ല്യ. അപ്പോ പുണ്യം സുഖിപ്പിക്കും. പാപം ദുഖിപ്പിക്കും. ഇവർക്ക് രണ്ടും ക്ഷയിക്കണം. പുണ്യം സുഖിച്ചാലേ ക്ഷയിക്കുള്ളൂ. നമുക്ക് പുണ്യക്ഷയം ഉണ്ടാവണമെങ്കിൽ എത്ര സുഖിക്കാനുണ്ടോ ആ സുഖം അങ്ങട് തീർന്നു കിട്ടി അതിനോടിനി ആസക്തി ഉണ്ടാവാതെ തീർന്നു കിട്ടണം. ഇവർക്ക് പുണ്യം എങ്ങനെ ക്ഷയിച്ചു എന്ന്വാച്ചാൽ
ധ്യാനപ്രാപ്ത അച്യുതാശ്ലേഷ നിർവൃത്യാ ക്ഷീണമംഗളാ:
സങ്കല്പത്തിൽ തന്നെ മറ്റു ഗോപസ്ത്രീകളൊക്കെ അവിടെ പോയി കൃഷ്ണനെ കണ്ടിട്ടുണ്ടാവും. കൃഷ്ണൻ അവരോട് എങ്ങനെ ഒക്കെ ലീല ചെയ്യ്വോ കൃഷ്ണനെ അവര് സ്പർശിക്കും. ഭഗവാൻ ഗോപസ്ത്രീകളെ സ്പർശിക്കും. ഇങ്ങനെ കൃഷ്ണസ്പർശത്തിനെ ഭാവന ചെയ്ത് കൃഷ്ണനെ ഹൃദയത്തില് ധ്യാനിച്ച് കൊണ്ട് ഹൃദയത്തില് ഒരാനന്ദം ഉണ്ടായി. പുറമേക്ക് ഉണ്ടാവുന്നതിനേക്കാളും ചിലപ്പോ സങ്കല്പത്തിൽ ആനന്ദം കൂടും. ചിലപ്പോ സങ്കല്പത്തിലുള്ള ആനന്ദം പുറമേക്കുണ്ടാവില്ല്യ. അങ്ങനെ സങ്കല്പത്തിൽ തന്നെ ആനന്ദിച്ച് ക്ഷീണമംഗളാ..പുണ്യവാസനയും ക്ഷയിച്ചു പോയി. പുണ്യവും ബന്ധിക്കും പാപവും ബന്ധിക്കും. പാപവാസനയും ക്ഷയിച്ചു പോയി. പുണ്യ വാസനയും ക്ഷയിച്ചു പോയി. നമ്മളെ ആകപ്പാടെ കെട്ടിയിട്ടിരിക്കുന്ന രണ്ട് കയറാണത്. പുണ്യവും പാപവും. :അവിടുന്ന് മുമ്പില് വന്ന് മോഹിപ്പിച്ച് ആകർഷിച്ചപ്പോൾ നിശമ്യഗീതം തദനംഗവർദ്ധനം. അങ്ങനെ ചിത്തം ഭഗവാന്റെ നേരെ തിരിയാൻ തടസ്സമായി നില്കുന്നത് ഈ പുണ്യവും പാപവുമാണ്. ഇതു രണ്ടും വീട്ടില് പൂട്ടിയിട്ട ഗോപസ്ത്രീകൾക്ക് പോയീന്നാണ്. പാപവും പോയി. പുണ്യവും പോയി. ഭഗവാനെ എങ്ങനെയാ അവര് ധ്യാനിച്ചത്.
പരമാത്മാനം ജാരബുദ്ധ്യാ അപി സംഗതാ:
അവൻ പരമാത്മാവാണ്. നിത്യശുദ്ധവസ്തുവാണ്. സർവ്വജ്ഞനാണ്. സർവ്വാന്തര്യാമിയാണ്. പക്ഷേ ഇപ്പഴോ. തല്കാലത്തേക്ക് മാഹാത്മ്യത്തെ ഒക്കെ മാറ്റി വെച്ച് ഒരു ജാരനോട് ഒരു സ്ത്രീ സംബന്ധപ്പെടുന്നപോലെ സംബന്ധപ്പെട്ടു.
ജാരബുദ്ധ്യാപി സംഗതാ: ജഹുർഗുണമയം. അവർ എന്തിനെ ഉപേക്ഷിച്ചു. ഗുണമയമായ ദേഹത്തിനെ. പുറമേക്ക് ശരീരത്തിനെ തന്നെ ഉപേക്ഷിച്ചു എന്നും അർത്ഥം പറയാം. അതും ഗുണമയമാണ്. സൂക്ഷ്മശരീരത്തിനെ ഉപേക്ഷിച്ചാൽ ജീവന്മുക്തരായി. പാപവും പുണ്യവും എവിടെ പോയീന്ന് വെച്ചാൽ അവര് ജീവന്മുക്തരായി എന്നും അർത്ഥം പറയാം. ഗൃഹത്തിൽ തന്നെ കിടന്നു അവരുടെ ഉള്ളിലുള്ള പാപവും പുണ്യവും ഒക്കെ പോയപ്പോ അവിടെ തന്നെ അവർക്ക് നിർവികല്പമായ സമാധി അനുഭവം ഉണ്ടായി. അങ്ങനെ ആണെങ്കിലേ അവർ വിമുക്തകളാവുള്ളൂ. അല്ലാതെ പുറമേക്കുള്ള ശരീരത്തിനെ ഉപേക്ഷിച്ചാൽ അവർ വിമുക്തകളാവില്ല്യ. അതുകൊണ്ട് ആന്തരികമായ സൂക്ഷ്മശരീരത്തിനെ ചിത്തത്തിനെ ജീവഭാവത്തിനെ ജീവാഹന്തയെ ഉപേക്ഷിച്ചു എന്നു പറയുന്നതിനാണ് സാംഗത്യം ഉള്ളത്. അതുകൊണ്ട് ജഹുർഗുണമയം ദേഹം സദ്യ: പ്രക്ഷീണബന്ധനാ: അപ്പോ തന്നെ അവർക്ക് ബന്ധനം ഒക്കെ വിട്ടുപോയീന്നാണ്. ത്രിപുടി മുടിഞ്ഞു ദീപം തെളിഞ്ഞു.ത്രിപുടി മുടിഞ്ഞ ഹൃദയത്തില് ആത്മാനുഭവം തെളിഞ്ഞു. ത്രിപുടി മുടിഞ്ഞ ഹൃദയത്തില് സ്വരൂപജ്ഞാനമുണ്ടായി. അപ്പോ തന്നെ അവര് പൂട്ടി ഇടപ്പെട്ടവരൊക്കെ ജീവന്മുക്തരായി. അഴിച്ചുവിട്ട ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പറഞ്ഞാ കേൾക്കാതെ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പതിസുധാന്മയ ഭാതൃബാന്ധവന്മാരെ വ്രിലംബനം ചെയ്തുകൊണ്ട് പോവ്വാണ് ഭഗവാന്റെ അടുത്തേയ്ക്. അങ്ങനെ സർവ്വസംഗപരിത്യാഗരൂപമായ സന്യാസത്തോടുകൂടെ ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. ആ രാസപൗർണമിയിൽ പൂർണചന്ദ്രൻ ആകാശത്ത് ഉദിച്ച് നില്ക്കേ രജത പരവതാനി വിരിച്ചിരിക്കുന്ന യമുനാ പുളിനത്തില് ആ കാളിന്ദീ തീരത്തിൽ പുല്ലാങ്കുഴൽ വാദനം ചെയ്യുന്ന പീതാംബരധാരിയായി നീലമേഘശ്യാമളനായി തലയിൽ മയിൽ പീലി ധരിച്ച് വേദങ്ങളാൽ ഗാനം ചെയ്യപ്പെടുന്ന കീർത്തിയോടുകൂടിയ ആ നടവരഗോപാലൻ വേണുഗാനം ചെയ്യുന്ന ആ വൃന്ദാവനതീരത്തിലേക്ക് ഗോപസ്ത്രീകൾ ഓരോരുത്തരായി ഭഗവാന്റെ മുമ്പില് വന്നു നില്ക്കുന്നു. വേണുഗാനം ചെയ്യുന്ന നീലമേഘശ്യാമളനെ പീതാംബരധാരിയെ മുമ്പില് കാണുന്നു. ഇത് ഹൃദയത്തില് വെച്ചുകൊണ്ടുപോവുക. നാളെ വീണ്ടും രാസാനുഭവത്തിനായി കാണാം.
ശ്രീനൊച്ചൂർജി
*തുടരും..*
.
[03/10 4:18 pm] Sunil K M: *രാസലീല 23*
ജീവന് ഉപാധി ദോഷങ്ങളിൽ നിന്നുള്ള വിമുക്തിയെ കൊടുക്കും. പക്ഷേ സ്വരൂപ രതി ഉണ്ടാവണമെന്നില്ല്യ. സ്വരൂപത്തിനെ അറിയുന്ന പ്രത്യഭിജ്ഞ ബുദ്ധിയിൽ അതിന്റെ കാല്പാടുകൾ വിട്ടിട്ട് മറഞ്ഞുപോയാലും ജ്ഞാനികൾക്ക് ബുദ്ധിയിലും മറ്റുംകണ്ടതിന്റെ ഓർമ്മ ഉണ്ടാവും. ഉപാധികൾ പഴയപോലെ പ്രാരബ്ധം തീർക്കാനായിട്ട് ലോകത്തിൽ വ്യവഹരിക്കും. അങ്ങനെ ഉള്ള തത്വജ്ഞാനികൾ നമുക്ക് പലരേയും കാണാം. അങ്ങനെ അല്ലാതെ കണ്ടിട്ടുള്ള വസ്തുവിൽ രമിക്കുക. ആ രമണത്തിനാണ് ഭക്തി എന്നു പേര് മുക്തി കൊടുക്കപ്പെടുന്നതല്ല. മുക്തി കിട്ടിയിട്ടുള്ളതതാണ്. മുക്തി എന്ന്വാച്ചാൽ വൈകുണ്ഠത്തിലേക്കോ കൈലാസത്തിലേക്കോ പോകുന്നതല്ല. അത് മുക്തി ആകുകയും ഇല്ല്യ. ഭാഗവതത്തിൽ ഒരിടത്തും അതൊന്നും മിണ്ടീട്ടേയില്ല്യ. ത്യക്ത്വാ അന്യഥാ ഭാവം സ്വരൂപേണ അവസ്ഥിതി : എന്നാണ് ഭാഗവതം തന്നെ മുക്തിക്ക് ലക്ഷണം പറഞ്ഞിരിക്കണത്. താനല്ലാത്തതിനെ ഒക്കെ വിട്ട് താനായിരിക്കലാണ് മുക്തി. തനെന്തൊക്കെ അല്ലയോ ശരീരം താനല്ല മനസ്സ് താനല്ല ബുദ്ധി താനല്ല അഹങ്കാരം താനല്ല ഇങ്ങനെ താനല്ല എന്ന് തള്ളിക്കളഞ്ഞാൽ ബാക്കി നില്കുന്നതെന്തോ ആ അവബോധം. ആ അവബോധത്തിലാണ് ശരീരവും ഇന്ദ്രിയങ്ങളും ഒക്കെ വ്യവഹരിക്കുന്നതും പ്രപഞ്ചത്തിനെ അനുഭവിക്കുന്നതും എല്ലാ വ്യവഹാരാനുഭവങ്ങളും നമ്മള് ചെയ്യുന്നതും ആ അവബോധത്തിലാണ്. പക്ഷേ അറിയുന്നില്ല്യ അത്രേ ഉള്ളൂ. അവബോധമാണ് ഇവിടെ പറയണത്. അവബോധമാണ് കേൾക്കണതും. അവബോധം കേന്ദ്രത്തിൽ ഇരുന്നു കൊണ്ടാണ് ശ്രവണം ചെയ്യുന്നത്. പക്ഷേ ശ്രദ്ധിക്കുന്നില്ല്യ. പറയുന്ന ആൾക്ക് പറയുന്നതിൽ ശ്രദ്ധയും കേൾക്കുന്ന കേൾക്കുന്നതിൽ ശ്രദ്ധയും ഉള്ളിടത്തോളം കാലം പറയുന്നവൻ പറയുന്നവനെ ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവൻ കേൾക്കുന്നവനേയും ശ്രദ്ധിക്കില്ല്യ. കേൾക്കുന്നവർ കേൾക്കുന്നവനെ ശ്രദ്ധിച്ചാൽ സമാധി ഉണ്ടാവും. പറയുന്നവൻ പറയുന്നവനെ ശ്രദ്ധിച്ചാലും സമാധി ഉണ്ടാവും. അതുകൊണ്ട് ജ്ഞാനത്തിന് സാധന അല്ല മുഖ്യം. ശ്രദ്ധ ആണ്. ശ്രദ്ധാവാൻ ലഭതേ ജ്ഞാനം എന്നാണ് ഭഗവാൻ (ഗീതയിൽ) . ശ്രദ്ധയെ ഉണർത്താനാണ് തപസ്സ്,. സാധന. തപസാ ശ്രദ്ധാ എന്നാണ്. തപസ്സു കൊണ്ട് ശ്രദ്ധ ഉണരുന്നു. തപസ്സു കൊണ്ട് ഉണരുന്ന ശ്രദ്ധ ക്രമേണ അവനവന്റെ സ്വരൂപത്തിനെ തന്നെ ശ്രദ്ധിക്കും. തന്നെ തന്നെ ശ്രദ്ധിക്കും. താൻ ആരാണ് എന്ന് ശ്രദ്ധിക്കും. എന്താന്ന് ജീവിതത്തിന്റെ കേന്ദ്രസ്ഥാനം എന്ന് ശ്രദ്ധിക്കും. എന്തിനുവേണ്ടി ഞാനിങ്ങനെ പണിയെടുക്കുണു എന്തിനുവേണ്ടി ഓടി നടക്കണു പലേ വസ്തുക്കളോടും എനിക്ക് പ്രിയമുണ്ടാവണുണ്ടല്ലോ. ഇതിനു പുറകിലുള്ള രഹസ്യം എന്താണ്. പ്രിയം കിട്ടുമ്പോൾ ഞാൻ സുഖിക്കുണുവല്ലോ. ഈ സുഖിക്കണ ആളാര്. സുഖം എവിടെ നിന്ന് വരണു. ജീവിതത്തിന് എന്താണർത്ഥം. ഒക്കെ തന്നിൽ തന്നെ ചിന്തിച്ചു തുടങ്ങും. തന്നിൽ നിന്ന് തന്നെ ഉത്തരം കണ്ടെത്താനായി ശ്രമിക്കും. ഇതൊക്കെ ശ്രദ്ധയുടെ ഫലമാണ്. ഈ ശ്രദ്ധ ഉണരാനാണ് തപസ്സ്. സത്സംഗത്തിനൊക്കെ അത്ര മാത്രമേ പ്രയോജനമുള്ളൂ. ഒരു സത്സംഗത്തിനോ ഒരു ഗുരുവിനോ നമ്മളെ കൈ പിടിച്ചു ലക്ഷ്യത്തിലേക്ക് കൊണ്ട് പോവാൻ സാധ്യമല്ല. ഈ ശ്രദ്ധയെ ഉണർത്താനാണ് പുറമേ നിന്ന് ഗുരുവോ ഭഗവാനോ ശാസ്ത്രമോ ഒക്കെ പ്രവർത്തിക്കണത്. ശ്രദ്ധ ഉണർന്നു കഴിഞ്ഞാൽ ആ ജീവൻ തന്നിൽ തന്നെ വസ്തുവിനെ കാണും. തഥാ പശ്യതി വസ്തുസൂക്ഷ്മം ചക്ഷുർ യഥാ അജ്ഞനസംപ്രയുക്തം എന്ന് ഭാഗവതം തന്നെ പറയണുണ്ട്. എപ്പോ ഭഗവാന്റെ കൃപ ജീവനിൽ വീഴുന്നുവോ എപ്പോ ഗുരുകൃപ വീഴുന്നുവോ അപ്പോ അജ്ഞനസംപ്രയുക്തം യഥാ ചക്ഷു: കഥയൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. മണ്ണിന്റെ ഉള്ളിൽ നിധി കുഴിച്ചിട്ടിരിക്കുന്നു. കാണാൻ വയ്യ. പഴയ ചില കഥകളിലൊക്കെ ഉണ്ടാവും. ഒരു പ്രത്യേക മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ മണ്ണിന്റെ ഉള്ളിൽ കുഴിച്ചിട്ടിരിക്കുന്ന നിധി കാണും. അതിനവര് ആ മഷിയെ കണ്ടു പിടിക്കാനായി പല മലകളും കയറി ഇറങ്ങും .അവസാനം ആ മഷി കിട്ടി. ആ മഷി കണ്ണില് പുരട്ടി ക്കഴിഞ്ഞാൽ ഭൂമിയിലെവിടെയോ കിടക്കുന്ന നിധി കാണുംന്ന്. അതുപോലെ തഥാ പശ്യതി വസ്തുസൂക്ഷ്മം. സൂക്ഷ്മമായി തന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുവിനെ കാണുന്നു. മഷി എഴുതിയ കണ്ണ് ഒളിഞ്ഞിരിക്കുന്ന നിധി കാണുന്നപോലെ ശ്രദ്ധ ഉണർന്നിട്ടുള്ള ജീവന്റെ ബുദ്ധി തന്നിൽ തന്നെ ഒളിഞ്ഞിരിക്കുന്ന ബോധത്തിനെ ഭഗവാന്റെ യഥാർത്ഥ സ്വരൂപത്തിനെ നിത്യസത്യത്തിനെ തന്നിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങുന്നു. ശ്രദ്ധ അതിൽ വീണ് ഒരു ക്ഷണനേരമെങ്കിലും അതിനെ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് തത്വജ്ഞാനം വന്നു പോകും. പക്ഷേ അതുകൊണ്ട് രതി ഉണ്ടാവില്ല്യ. ഭഗവാൻ തന്നെ പറയണു. യസ്തു ആത്മരതി രേവസ്യാത് ആത്മതൃപ്തശ്ചമാനവാ: ആത്മന്യേവ: സന്തുഷ്ട: തസ്യ കാര്യം ന വിദ്യതേ. അവിടെയേ രാസാനുഭവം പൂർണമാവുള്ളൂ. അവിടെ തന്നിൽ തന്നെ രതി തന്നിൽ തന്നെ രമണം തന്നിൽ തന്നെ ആനന്ദം. വേറെ ഒന്നിനേയും കാംക്ഷിക്കിണില്ല്യ. വേറെ ഒരു കാമനയും അവിടെ ഉണ്ടാവില്ല്യ. അങ്ങനെ ഒരു രതി ആത്മാവിൽ ഉണ്ടാവുന്നതാണ് യഥാർത്ഥത്തിൽ ഉള്ള രസം. അവിടെ രസം പൂർണമായി. ആ രസം അനുഭവിച്ച ജീവൻ പിന്നെ മറ്റുള്ള രസങ്ങളൊന്നും ആ ജീവന് രുചിക്കില്ല്യ. ബാക്കി ഉള്ളതൊക്കെ അവർക്ക് തുച്ഛമായിപ്പോവും .
ശ്രീനൊച്ചൂർജി
*തുടരും....*
from sunil namboodiri

No comments:

Post a Comment