Thursday, October 04, 2018

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍-111/കെ.കെ.വാമനന്‍
Friday 5 October 2018 1:03 am IST
ശൈവസമ്പ്രദായങ്ങള്‍- ആഭാസവാദം- മൗലികസത്തയുടെ സര്‍ഗവൈഭവത്തിന്റെ ദൃഷ്ടിയില്‍ ഈ ദര്‍ശനത്തെ സ്വാതന്ത്ര്യവാദമെന്നും പ്രകടീകരണ (മാനിഫെസ്‌റ്റേഷന്‍) ത്തിന്റെ ദൃഷ്ടിയില്‍ ആഭാസവാദമെന്നും പറയുന്നു. ആത്യന്തികതലത്തില്‍ ഈ വിചിത്രമായ പ്രപഞ്ചം മയൂരാണ്ഡന്യായപ്രകാരം മൗലികസത്തയുമായി അദ്വയഭാവത്തില്‍ നിലകൊള്ളുന്നു എന്നു നാം കണ്ടു. സദാ മാറിമറിയുന്ന ഈ പ്രപഞ്ചം ചിത്തിന്റെ അഥവാ സംവിദിന്റെ സ്ഫുരണങ്ങള്‍ മാത്രമാണ്. ജ്ഞാതാവായിട്ടോ, ജ്ഞേയമായിട്ടോ, ജ്ഞാനമായിട്ടോ, ജ്ഞാനോപകരണങ്ങളായിട്ടോ നിലകൊള്ളുന്ന ഈ പ്രപഞ്ചത്തിലെ എല്ലാം ആ ചിത്തിന്റെ ആഭാസം മാത്രമാണ്. ആഭാസം എന്ന പദത്തിലെ ആ എന്നതിന്റെ അര്‍ഥം ഈഷത് സങ്കോചേന (അല്‍പം സങ്കുചിതമായ) എന്നും ഭാസം എന്നാല്‍ ഭാസനം, പ്രകാശിക്കല്‍ എന്നുമാണ്. പ്രകടമാകുന്നതെന്തും ചിത്തിന്റെ സങ്കുചിതതലങ്ങള്‍ ആണ്.
ഒരു കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബം ഒരേ സമയം കണ്ണാടിയില്‍ നിന്നും വ്യത്യസ്തമായും ഒന്നായും നിലകൊള്ളുന്നതുപോലെ പരമശിവന്‍ ജഗത്തായിട്ടും ചിത്തായിട്ടും വര്‍ത്തിക്കുന്നു എന്നു പരമാര്‍ഥസാരത്തില്‍ പറയുന്നു. ശങ്കരാചാര്യരുടെ വിശ്വം ദര്‍പ്പണദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം എന്നു തുടങ്ങുന്ന ദക്ഷിണാമൂര്‍ത്തിസ്‌തോത്രത്തിലും ഇതേ താരതമ്യം കാണാം. ഈ ദര്‍പ്പണദൃശ്യതാരതമ്യത്തിനു ചില പരിമിതികളുണ്ട്. കണ്ണാടിയില്‍ ഒരു ബാഹ്യവസ്തുവിന്റെ പ്രതിബിംബം ആണ് നിഴലിക്കുന്നത്. ചിത്തിലാകട്ടെ സ്വന്തം അന്തരംഗത്തിലെ ഭാവന ആണ് പ്രതിബിംബിതമാകുന്നത്. ദര്‍പ്പണത്തിന് പ്രതിബിംബമുണ്ടാക്കുവാന്‍ ബാഹ്യവെളിച്ചവും ആവശ്യമാണ്. ചിത്താകട്ടെ സ്വയം പ്രകാശമാണ്. കണ്ണാടി ജഡവസ്തു ആയതിനാല്‍ പ്രതിബിംബത്തെക്കുറിച്ച് അതറിയുന്നില്ല. ചിത്താകട്ടെ തന്നിലെ ഈ പ്രപഞ്ചോന്മേഷപ്രസരണങ്ങളെ അറിയുന്നു.
എല്ലാ ആഭാസങ്ങളും ചിത്താകുന്ന സമുദ്രത്തിലെ തിരകള്‍ പോലെ ആണ്. തിരമാലകളുയരുകയും താഴുകയും ചെയ്യുന്നതു മൂലം കടലിന് ലാഭമോ നഷ്ടമോ ഉണ്ടാകാത്തതുപോലെ ചിത്തിലും ആഭാസങ്ങള്‍ മൂലം ഏറ്റക്കുറച്ചിലുകളൊന്നും സംഭവിക്കുന്നില്ല. ആഭാസങ്ങള്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷം ആകുകയും ചെയ്യുമ്പോഴും ചിത്തിന്റെ സ്വരൂപത്തിനു മാറ്റമൊന്നും ഇല്ല. ആഭാസങ്ങളെല്ലാം ചിത്തിന്റെ തന്നില്‍ത്തന്നെയുള്ള പ്രക്ഷേപങ്ങളാണ്. ഇത് കുലാലന്‍ മണ്ണു കുഴച്ച് കുടം ഉണ്ടാക്കുന്നപോലെ അല്ല. ചിത്തിന് പ്രപഞ്ചസൃഷ്ടിക്ക് ബാഹ്യവസ്തുവിന്റെ ആവശ്യമില്ല. തന്നില്‍ താന്‍ തന്നെ ഉരുവപ്പെടുത്തുന്ന പ്രക്രിയ ആണിത്. സ്വന്തം ഇച്ഛയാല്‍ താന്‍ തന്നെ താനാകുന്ന ഭിത്തിയില്‍ പ്രപഞ്ചത്തെ വരയുന്നു (സ്വേച്ഛയാ സ്വഭിത്തൗ വിശ്വം ഉന്മീലയതി) എന്നു പ്രത്യഭിജ്ഞാസൂത്രം. 
ചിത്തു തന്നെയാണ് ജ്ഞാതാവും ജ്ഞേയവും എന്നതിനാല്‍ ഈ പ്രപഞ്ചബോധം അയഥാര്‍ഥമല്ല; ഉണ്മ തന്നെ ആണ്. പ്രപഞ്ചഭാനം കൊണ്ട് ചിത്തിന്റെ സ്വരൂപത്തിനു ഹാനിയോ, ഗ്ലാനിയോ, മ്ലാനിയോ സംഭവിക്കുന്നുമില്ല. ഈ ദര്‍ശനത്തിലെ സ്വാതന്ത്ര്യവാദം ശങ്കരാചാര്യരുടെ വിവര്‍ത്തവാദത്തിനും
 ആഭാസവാദം സാംഖ്യന്റെ പരിണാമവാദത്തിനും ബദലാണെന്നു കാണാം.
ഷഡധ്വാക്കള്‍-  ഈ പ്രപഞ്ചാഭാസത്തെ പരാശക്തിയുടെ സൃഷ്ടിരൂപമായ അവതരണം എന്ന നിലയ്ക്കും കാണാം. പരാശക്തിയുടെ അനസ്യൂതമായ അനവരതമായ സര്‍ഗശക്തിയെ നാദം എന്നു പറയുന്നു. ഈ നാദം ഘനീഭവിച്ച് ബിന്ദു ആയി തീരുന്നു. ഈ ഘനീഭവിക്കല്‍ കാല-ദേശങ്ങള്‍ ആകുന്ന പരിധിക്കുള്ളില്‍ നടക്കുന്ന ഒന്നല്ല. ഈ പ്രക്രിയ പ്രപഞ്ചാഭാസത്തിന്റെ മൗലികതലമാണ്. ഈ തലത്തില്‍ വാച്യവും വാചകവും, വസ്തുവും വാക്കും ഒന്നാണ്. തുടര്‍ന്നുള്ള സര്‍ഗാവതരണത്തിന് ആറു വഴികള്‍, പടികള്‍, തലങ്ങള്‍ ഉണ്ട്. ഇവയെ ആണ് ഷഡധ്വാക്കള്‍ എന്നു പറയുന്നത്. വര്‍ണം, കലാ, മന്ത്രം, തത്ത്വം, പദം, ഭുവനം എന്നിവയാണവ.
കലാ എന്നാല്‍ മൗലികസത്തയുടെ ഉന്മിഷത്തായ,  ഉണര്‍ന്ന സര്‍ഗവൈഭവം ആണ്. ഈ ദൃഷ്ടിയില്‍ പരമശിവന്‍ നിഷ്‌കളനും (വിശ്വോത്തീര്‍ണഭാവം), ശിവന്‍ സകളനും (വിശ്വമയഭാവം) ആണ് (ശിവതത്ത്വം) .
നാദബിന്ദുക്കള്‍ക്കു ശേഷം വരുന്ന കലാ സര്‍ഗശേഷിയുടെ ഒരു പ്രത്യേകഭാവം ആണ്. ഇവിടം മുതല്‍ക്കാണ് പരാവാക്കിന്റെ തലത്തില്‍ ഒന്നായിരുന്നത് വാച്യവും വാചകവും ആയി പിരിഞ്ഞ് രണ്ടാകുന്ന പ്രക്രിയ തുടങ്ങുന്നത്. ഈ പ്രക്രിയയുടെ ആദ്യഘട്ടമാണ് വര്‍ണം- കലാ എന്ന നിലയ്ക്കുള്ള ധ്രുവീകരണം. ഇവിടെ വര്‍ണം എന്നാല്‍ സ്ഥൂലാക്ഷരം, നിറം, ജാതി എന്നൊന്നും പ്രകടമായ അര്‍ഥം ഇല്ല എന്നും വസ്തുവിന്റെ പ്രയോഗപരമായ രൂപം മാത്രമാണ് ഇത് എന്നും മറ്റും സ്വാമി പ്രത്യഗാത്മാനന്ദസരസ്വതി ജപസൂത്രം എന്ന മന്ത്രശാസ്ത്രപരമായ തന്റെ പു
സ്തകത്തില്‍ വിശദമാക്കുന്നുണ്ട്.  ഇവിടെ വര്‍ണം വാചകവും  കലാ എന്നത് വാച്യവും ആണ്.
അടുത്ത ഘട്ടം മന്ത്ര, തത്ത്വധ്രുവങ്ങളുടേതാണ്. മന്ത്രം എന്നാല്‍ ജപസൂത്രപ്രകാരം തത്ത്വത്തിന്റെ പ്രയോഗപരമായ രൂപം ആണ്. തത്ത്വം എന്നാല്‍ വസ്തുക്കളുടെ ഘടനാപരമായ തലം ആണ്. അടുത്തതും അവസാനത്തേതും ആയ തലം പദ-ഭവനധ്രുവാവസ്ഥ ആണ്. ഭുവനം എന്നാല്‍ ജീവികള്‍ക്ക് പ്രത്യക്ഷവേദ്യമായ ലോക (ലോകങ്ങള്‍) മാണ്. പദമാകട്ടെ അവയെക്കുറിച്ചുള്ള ഭാവനയും ഭാഷണവുമാണ്.
വാചകം (ശബ്ദം)          വാച്യം (അര്‍ഥം)
വര്‍ണം                        കലാ
മന്ത്രം                             തത്ത്വം
പദം                  ഭുവനം
മുകളില്‍ക്കൊടുത്ത ശബ്ദത്രികത്തെ കലാധ്വാ എന്നും അര്‍ഥത്രികത്തെ ദേശാധ്വാ എന്നും പറയുന്നു. വര്‍ണാധ്വാ എന്നാല്‍ യഥാര്‍ഥജ്ഞാനം (പ്രമാ). ഇത് പ്രമേയ, പ്രമാണ, പ്രമാതാ ത്രികത്തിന്റെ വിശ്രാന്തിസ്ഥാനമാണ്. 
വര്‍ണം രണ്ടു തരത്തിലുണ്ട്- മായീയവും അമായീയവും. അമായീയവര്‍ണങ്ങളില്‍ നിന്നാണ് മായീയവര്‍ണങ്ങളുണ്ടാകുന്നത്. അമായീയവര്‍ണങ്ങള്‍ ശുദ്ധങ്ങളും സഹജങ്ങളും അപരിമിതങ്ങളും അസംഖ്യേയങ്ങളുമാണ്. അമായീയവര്‍ണങ്ങളിലെ വാചകശക്തി മായീയവര്‍ണങ്ങളില്‍ തീയില്‍ ദാഹകശക്തി പോലെ അന്തര്‍ലീനമാണ്.               
കലകള്‍ അഞ്ചെണ്ണമാണ്- നിവൃത്തി, പ്രതിഷ്ഠാ, വിദ്യാ, ശാന്താ അഥവാ ശാന്തി, ശാന്ത്യതീതാ. ഒരോ കലയിലും തത്ത്വങ്ങളും ഭുവനങ്ങളും കുടികൊള്ളുന്നു. ഇവയുടെ വിശദവിവരങ്ങള്‍ പ്രമാണഗ്രന്ഥങ്ങളില്‍ വിസ്തരിക്കുന്നുണ്ട്. അഭിനവഗുപ്തന്റെ അഭിപ്രായത്തില്‍ ആകെ 118 ഭുവനങ്ങളാണ് ഉള്ളത്. മറ്റു ചിലര്‍ 224 എന്നു കരുതുന്നു. 

No comments:

Post a Comment