Friday, October 26, 2018

1.ഈശ്വരന്‍, ബ്രഹ്മം
ആ മഹാശക്തിയെ പ്രകൃതിയോടു ചേര്‍ത്തുനിര്‍ത്തുമ്പോള്‍ അതിനെ ഈശ്വരന്‍ എന്നും സ്വതന്ത്രമായി നിര്‍ത്തുമ്പോള്‍ ബ്രഹ്മം എന്നും വിളിക്കുന്നു. ഉണര്‍വ്വ് ആണ് ബ്രഹ്മവസ്തു; അതിനെ ഏറ്റവും ബൃഹത്തെന്നു പറയുമ്പോള്‍ത്തന്നെ അത് ഏറ്റവും സൂക്ഷ്മവുമാണ്.
ഞാന്‍ ബ്രഹ്മമാണ് എന്നത് ഒരിക്കലും വ്യക്തിസംബന്ധമല്ല; മറിച്ച് ബ്രഹ്മമെന്നതിന്റെ നിര്‍വചനം 'ഞാന്‍' എന്നു സകല ചരാചരങ്ങളിലും സ്ഫുരിക്കുന്ന ബോധപ്രകാശം എന്നു താല്പര്യം. അത് വിശ്വാത്മബോധംതന്നെയാണ്. അതിലിരുന്നുകൊണ്ടാണ്, അത്, അതേക്കുറിച്ചു പറയുന്നത്. അതേ സത്യമുള്ളൂ.
2.
ശാസ്ത്രാഭ്യാസം എവിടെവരെ?
ഓരോ ഗ്രന്ഥവും ഓരോ ശാസ്ത്രവും പ്രത്യക്ഷമായും പരോക്ഷമായും ഉള്ളിലേക്കാണ് വിരൽ ചൂണ്ടുന്നത്; "നിങ്ങൾ അതിനെ (നിങ്ങളെ) അറിയൂ" എന്നുപറയുന്നു. ഉള്ളിലെ ഒരു പരമപ്രകാശത്തെ കൊളുത്തിവിടുകയാണ് ഇവയൊക്കെ ചെയ്യുന്നത്. ഇതിനു പലവിധ ജപാദി സാധനകളും ധ്യാനവുമൊക്കെ സഹായകരമാകുന്നു. വിളക്ക് കൊളുത്തിക്കഴിഞ്ഞാൽ അതു കെടാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് വ്യക്തികൾക്കാണ്. അതിനെ അറിഞ്ഞുകഴിഞ്ഞാൽ പിന്നെ ഗ്രന്ഥമോ ശാസ്ത്രമോ പ്രസക്തവുമല്ല. എങ്കിലും അറിവ് പകരാൻ കാരണമായ, ഉള്ളിലെ വിളക്ക് പ്രകാശിക്കാൻ കാരണമായ, ഗ്രന്ഥ-ശാസ്ത്രങ്ങളെ ആചാര്യരൂപേണ വണങ്ങാം.
3.
ധ്യാനത്തിലെ അത്ഭുതകരമായ പരിവർത്തനങ്ങൾ
ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ധ്യാനം എന്നത് ഒരു വലിയ കടമ്പതന്നെയാണ്; ഭയത്താൽ പലരും ഇതിനിറങ്ങിപ്പുറപ്പെടുകയേയില്ല. ധൈര്യപൂർവ്വം ഇറങ്ങിത്തിരിക്കുന്നവരിൽ അധികംപേരും അല്പദൂരം യാത്രചെയ്തുകഴിയുമ്പോഴേക്കും പരാജയപ്പെട്ടു പിൻവാങ്ങുന്നവരാണ്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പിന്നെയും യാത്രതുടരുന്നത്. അതിൽത്തന്നെ അല്പശതമാനം മാത്രമാണ് മനസ്സിന്റെ പടിയുംകടന്നു ആത്മതലത്തിലേക്കെത്തിച്ചേരുന്നത്.
എന്താണ് ധ്യാനത്തിലെ പ്രധാന പ്രതിബന്ധം? സംശയിക്കേണ്ടാ, അധികം നാമറിയാൻ ഇടംകൊടുക്കാത്ത നമ്മുടെ മനസ്സുതന്നെ. ധ്യാനമെന്ന പ്രക്രിയയിലേക്കിറങ്ങിത്തിരിക്കുമ്പോൾ മാത്രമാണ് പലപല ലൗകികവിഷയങ്ങളിൽ കുഴഞ്ഞുമറിഞ്ഞ്, പലപല രാഗദ്വേഷാദികൾ ബാധിച്ച്, അത്യന്തം കലുഷമായി എത്രമാത്രം ഇപ്പറഞ്ഞ നമ്മുടെ മനസ്സ് ദുഷിച്ചുപോയിരിക്കുന്നുവെന്നുള്ളത്. അതിനർത്ഥം, രോഗമറിയാതെയാണ് നാമിത്രയും കാലം ചികിത്സിച്ചുകൊണ്ടിരുന്നത്. ഇപ്പറഞ്ഞ മനസ്സുതന്നെയാണ് നമ്മെ ബാധിച്ചിരിക്കുന്ന ഏറ്റവും മാരകമായ വ്യാധി എന്നറിയുന്നത് ധ്യാനത്തിലേക്കിറങ്ങുമ്പോഴാണ്. അതിനാൽത്തന്നെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു വഴിത്തിരിവാണ് ധ്യാനം എന്നുപറയാം.
ധ്യാനത്തിലേക്കിറങ്ങുമ്പോൾ ആദ്യംതന്നെ നമ്മുടെ മനസ്സ് അതുവരെ നാം സ്വരുക്കൂട്ടിവച്ചിരിക്കുന്ന ലോകവിഷയങ്ങൾ പരമ്പരപരമ്പരയായി കാളകൂടവിഷം കണക്കെ പുറമേയ്ക്ക് തുപ്പും. അപ്പോൾമാത്രമേ ജീവൻ എത്രമാത്രം ദുഷിച്ചുപോയിരിക്കുന്നുവെന്നു അതറിയുന്നുള്ളൂ. പക്ഷേ, ജീവനെ സംബന്ധിച്ചിടത്തോളം വലിയൊരനുഗ്രഹമാണിത്. ഒരു ആയുർവേദ ചികിത്സാപദ്ധതി ശരീരത്തിൽ നടപ്പാക്കുമ്പോൾ വയറിളക്കി അകത്തെ മാലിന്യങ്ങൾ പുറത്തേക്കു കളയുകയാണല്ലോ ഏറ്റവുമാദ്യം ചെയ്യുക. ഇതേപോലെ ആദ്യംതന്നെ മനസ്സിൽ ബാധിച്ചിരിക്കുന്ന 'വിഷ'പദാർത്ഥങ്ങളെ ഓരോന്നോരോന്നായി പുറത്തേക്കു തുപ്പിക്കളയുന്ന പ്രക്രിയയാണ് ധ്യാനത്തിന്റെ ആദ്യപടി. എന്നാൽ പലരും ഈ ആദ്യഘട്ടത്തിൽത്തന്നെ പരാജയം സമ്മതിച്ചു പിൻവാങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുക. അത്തരക്കാർക്കൊരിക്കലും തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളെ കണ്ടെത്താനോ പരിഹരിക്കാനോ ആവാതെ ജീവിതമുടനീളം അകത്തുമുഴുവൻ വ്യാപിച്ചിരിക്കുന്ന വിഷപദാർത്ഥങ്ങളാൽ വിഷമിച്ചുകൊണ്ടേയിരിക്കും.
ഇപ്പറഞ്ഞ വിഷമതകൾ നേരിൽ കണ്ടും, അവയൊക്കെ അത്യന്തം സഹനശക്തിയോടെ നേരിട്ടും മുന്നേറുന്ന സാധകൻ അതീവ ഭക്തിപൂർവ്വം ഒരു മഹാശക്തിയെ കൂട്ടുപിടിച്ച് ആദ്യപടി വിജയകരമായി കടന്നു മുന്നേറുന്നു. വിഷത്തിന്റെ സ്രോതസ്സ്-പലവിധ കാരണങ്ങൾ-കണ്ടെത്തുകയും അവയൊന്നാകെ പുറംതള്ളുകയും ചെയ്യുന്ന സാധകൻ പതിയെ, മനോമാലിന്യങ്ങൾ നീങ്ങിക്കിട്ടുന്നതോടെ സാവധാനം ചിത്പ്രകാശത്തെ കുറേശ്ശെയായി ദർശിച്ചുതുടങ്ങുന്നു. ആദ്യം മൂന്നോ നാലോ മിനിറ്റുകൾ മാത്രം ധ്യാനം ചെയ്യാനാവുമായിരുന്ന സാധകന്, ചിത്പ്രകാശദർശനത്തോടെ കൂടുതൽ ആവേശമുണ്ടാവുകയും, അത് കൂടുതൽ കൂടുതൽ ചിത്തശുദ്ധിക്ക് കാരണമാവുകയും ചെയ്യുന്നു. ചിത്തശുദ്ധി വർദ്ധിക്കുംതോറും ചിത്പ്രകാശത്തിന്റെ ശക്തിയും വർദ്ധിച്ചുവരുന്നു. ഉള്ളിലെ ആ ആനന്ദപ്രസാരത്താൽ ധ്യാനസമയം പടിപടിയായി വർദ്ധിച്ചുവരുന്നു.
ധ്യാനത്തിന് സഹായകമാകുന്ന പ്രധാനമായ മറ്റൊരു വസ്തുതകൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്; അകത്തെ മാലിന്യങ്ങൾ കുറച്ചുകൊണ്ടുവരുന്നതോടൊപ്പം പുറമെനിന്നും ഉള്ളിലേക്ക് മാലിന്യങ്ങൾ പ്രവേശിക്കാതെയും നോക്കേണ്ടതുണ്ട്. അതായത് ധ്യാനം വിട്ടുണർന്നാലും, ലോകവിഷയങ്ങളിലുള്ള വ്യാപനം അത്യാവശ്യത്തിനുമാത്രമേ ആകാവൂ. ഇവിടെയാണ് അകത്തേക്ക് കഴിക്കുന്ന സകലവിധ ഇന്ദ്രിയങ്ങളിലൂടെയുമുള്ള ഭക്ഷണത്തിന്റെ പ്രസക്തി; നല്ലതുമാത്രം കാണുക, നല്ലതുമാത്രം കേൾക്കുക, നല്ലതുമാത്രം പറയുക, നല്ലതുമാത്രം ആഹരിക്കുക... ശരീരശുദ്ധി, മനഃശുദ്ധി, ആഹാരശുദ്ധി, വാൿശുദ്ധി, കർമ്മശുദ്ധി എന്നീ പഞ്ചശുദ്ധികളുടെ ചിട്ടയോടെയുള്ള ക്രമീകരണം അത്യന്താപേക്ഷിതമാണ്. അകത്തുനിന്നുമുള്ള മാലിന്യങ്ങൾ പുറത്തുകളയണം; അതോടൊപ്പം പുറത്തുനിന്നും അകത്തേക്കൊന്നും കടന്നുവരാത്ത ഒരു കോട്ടകെട്ടി സംരക്ഷിക്കുകയും വേണം. ആത്യന്തികമായ ശാന്തിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങൾ, നിങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ സാധ്യതയുള്ള എല്ലാം ത്യജിക്കാൻ തയ്യാറാവുകതന്നെവേണം.
ഇപ്പറഞ്ഞ ധ്യാനത്തോടൊപ്പം സദ്ഗ്രന്ഥപാരായണം, സത്തുക്കളുമായുള്ള സംഗം, സത്സംഗശ്രവണം, മനനം എല്ലാം പരമപ്രധാനമാണ്. ശാശ്വതമായ ഒന്നിനെ നേടണമെങ്കിൽ നിങ്ങൾക്ക് അശാശ്വതമായ സകലതിനെയും തള്ളിക്കളഞ്ഞേ മതിയാകൂ. ഇത് ബുദ്ധിപൂർവ്വം അനുവർത്തിക്കുന്ന ധീരൻ മാത്രമേ ആത്യന്തികമായ വിജയം കൈവരിക്കൂ എന്നോർക്കണം.
ധ്യാനസമയം പതിയെപ്പതിയെ നീട്ടിക്കൊണ്ടുവരുംതോറും, ജീവിതത്തിൽ മുകളിൽ പറഞ്ഞ ചിട്ടകൾ അനുവർത്തിക്കുംതോറും അതുവരെ കാണാത്ത ശാന്തിയും, നിർഭയത്വവും, തൃപ്തിയും, എന്തിനെയും നേരിടാനുള്ള ചങ്കൂറ്റവും നിങ്ങളുടെയുള്ളിൽ സ്വാഭാവികമായിത്തന്നെ ഉടലെടുക്കുന്നു. ജീവിതത്തിലെ ഈ സുപ്രധാനമായ വഴിത്തിരിവിനുശേഷം സത്യത്തിൽ പിന്നീട് ജീവനെ നയിക്കുക ആ കൃപ തന്നെയാണ്. അതിന്റെ പിടിയിലായിപ്പോകുന്ന ജീവനാവശ്യമായ സകല കാര്യങ്ങളും നടത്തിക്കൊടുക്കുന്നത് പിന്നീട് ആ കൃപതന്നെയാണ്; അത് സാധകന് വ്യക്തമായി ബോധ്യപ്പെടുകയും ചെയ്യും.
ഇതേ കൃപ തന്നെ, ഏതോ ഒരത്ഭുതമുഹൂർത്തത്തിൽ അതിന്റെ ഒരു കണികയെ സാധകന് ദൃശ്യമാക്കിക്കൊടുക്കും; എന്നിട്ട് മറയും. സാധകനാവട്ടെ, ഒരിക്കൽ അല്പം കണ്ടുകഴിഞ്ഞ ആ ദിവ്യപ്രകാശത്തിന്റെ മഹാമാസ്മരികതയിൽ ആണ്ടുപോയി പിന്നെയും അതിന്റെ ദർശനത്തിനായി കൂടുതൽ തീവ്രമായി മുകളിൽ പറഞ്ഞ കാര്യങ്ങൾ തുടരുന്നു. പതിയെപ്പതിയെ ആ ദിവ്യപ്രകാശത്തെ സ്വയം ഉള്ളിൽ അനുഭവിക്കാനും തുടങ്ങും. അതിനായിക്കൊണ്ട് സാധകൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുകയും ചെയ്യും.
ഒരിക്കൽ അതിനെ കണ്ടുകഴിഞ്ഞാൽ പിന്നെ അയാൾക്ക് പരാജയമുണ്ടാവുകയില്ല; അയാൾ അയാളുടെ മാർഗ്ഗത്തിൽ നിന്നും പിൻവലിയണമെന്നു തീരുമാനിച്ചാൽ പോലും അയാൾക്കതിനു സാധ്യവുമല്ല. കാരണം അയാൾ ഒരു കൃപാവലയത്തിൽ പതിച്ചുകഴിഞ്ഞു. പിന്നെ, അയാളറിയാതെ തന്നെ, അതിന്റെ ഭ്രമണപഥത്തിൽ ചുറ്റുക മാത്രമാണ് സാധകൻ ചെയ്തുകൊണ്ടിരിക്കുക. തിന്മ ചെയ്യണമെന്ന് വിചാരിച്ചാൽപോലും അയാൾക്കു ചെയ്യാൻ സാധ്യമല്ല. പിന്നീടുള്ള അയാളുടെ ജീവിതം ആകെ കീഴ്മേൽ മറിയുകയാണ്. അയാളിലെ ഇരുട്ട് എന്നെന്നേക്കുമായി നീങ്ങിക്കഴിഞ്ഞു; അയാളെ അവിടുന്നങ്ങോട്ട് നയിക്കുക ആ ചിത്പ്രകാശംതന്നെയാണ്. സകലത്തിലും തൃപ്തി, ഒന്നിനെയും ഭയമില്ലായ്മ, ആരോടും ഒന്നിനെക്കുറിച്ചും പരിഭവമോ പരാതിയോ ഇല്ലാത്ത സ്ഥിതി, പരിപൂർണ്ണമായ ആനന്ദം...ഇതൊക്കെയാണ് പിന്നീടുള്ള അയാളുടെ അവസ്ഥ. കൃപാസാക്ഷാത്‌കൃതനായ അങ്ങനെയുള്ള അയാളെക്കുറിച്ച് എങ്ങനെ വിശദീകരിക്കും!
4.
ധ്യാനം
എന്താണ് ധ്യാനം? എന്താണ് അതുകൊണ്ട് കൈവരിക്കേണ്ടത്? അത് എങ്ങനെ വേണം? തുടങ്ങിയ ചിന്തകൾ ആത്മീയമാർഗത്തിൽ ചരിക്കുന്നവരിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളാണ്.
ധ്യാനംകൊണ്ട് നേടാനല്ല; മറിച്ച് ഇക്കാലമത്രയുംകൊണ്ട് നേടിയതിനെയൊക്കെ നഷ്ടപ്പെടുത്താനുള്ള ആർജ്ജവമാണുണ്ടാവേണ്ടത് എന്നു ആദ്യം തിരിച്ചറിയണം. അതായത്, ധ്യാനിക്കുന്നയാളിൽ ഏറ്റവും ആവശ്യം വേണ്ട സംഗതിയാകുന്നു, ധ്യാനവസ്തുവിൽ സമ്പൂർണ്ണമായി അടങ്ങിക്കൊടുക്കൊടുത്ത് താനടക്കമുള്ള, തന്റേതെന്നഭിമാനിക്കുന്ന സകലതിനെയും നഷ്ടപ്പെടുത്താനുള്ള ഒരു വിശേഷബുദ്ധി. ഇങ്ങനെ തന്റേതല്ലാത്തതിനെയും, അജ്‌ഞാനവശാൽ താനെന്നഭിമാനിക്കുന്ന മനോബുദ്ധി ശരീരങ്ങളെയും എടുത്തുമാറ്റിക്കഴിഞ്ഞാൽ ബാക്കി എന്തവശേഷിക്കുന്നുവോ, അത് "പൊരുൾ" ആണ്. ഈ പൊരുളിനെത്തേടിയാണ്, അതിനെ സാക്ഷാത്കരിക്കുന്നതിനുവേണ്ടിയാണ് ജീവന്റെ ജന്മജന്മാന്തരങ്ങളായുള്ള യാത്ര.
ഇനി എന്താണ് ധ്യാനംകൊണ്ട് അർത്ഥമാക്കുന്നത് എന്നുനോക്കാം. പരംപൊരുളായ ഈശ്വരൻ അഥവാ ആത്മാ പരമാനന്ദസ്വരൂപനാണ്; പരമമായ ശാന്തിയാകുന്നു അതിന്റെ ലക്ഷണം. ശാന്തിതന്നെ സ്വരൂപമായ ആത്മവസ്തുവിലുള്ള നിരന്തര ശ്രദ്ധയാകുന്നു ധ്യാനം; അതിനു വിഘാതം നിൽക്കുന്നതാവട്ടെ ബാഹ്യവസ്തുക്കളിൽ വ്യാപരിക്കുന്ന രാഗ-ദ്വേഷകലുഷിതമായ മനസ്സ് എന്നറിയപ്പെടുന്ന ചിത്തവൃത്തികളും. അതിനാൽ ചിത്തവൃത്തിനിരോധമാണ് യോഗം (ആത്മചര്യ) എന്നു പതഞ്ജലി മഹർഷി യോഗത്തെ നിർവചിച്ചിരിക്കുന്നു.
ഇങ്ങനെ, നിരന്തരം ബാഹ്യവിഷയങ്ങളിൽ രമിക്കുന്ന മനസ്സിനെ ആന്തരികമായി തിരിച്ചുവിട്ട് അന്തരാത്മാവിൽ നിരന്തരശ്രദ്ധ പതിപ്പിക്കുക എന്നതാകുന്നു ധ്യാനം. അന്തരാത്മാവിൽ ശ്രദ്ധ പതിപ്പിക്കാൻ പ്രാപ്തരല്ലാത്തവർ ഇഷ്ടമൂർത്തിയെ ധ്യാനിച്ചാലും മതി. ആ ഇഷ്ടമൂർത്തിതന്നെ അവസാനം അന്തരാത്മാവായി മാറുകയും ചെയ്യും. ആത്യന്തികമായി, ബാഹ്യവസ്തുക്കളിൽ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാനുള്ള പരിശ്രമവും അതിൽത്തന്നെ ഊന്നിനിൽക്കലുമാകുന്നു ധ്യാനം.
എന്താണ് ഈ ആത്മവസ്തു എന്നുപറയുന്നത്? എങ്ങനെ അതിനെ അറിയാം? ഇതും പരമപ്രധാനംതന്നെ. നമുക്കറിയാം; ഈ പ്രപഞ്ചത്തിലെ സകലതിനെയും ചലിപ്പിച്ചുകൊണ്ടും അവയുടെ നിലനില്പിനുകാരണമായിക്കൊണ്ടും ഒരു "ചേതന" നിലനിൽക്കുന്നു. സകല ചരാചരാചരങ്ങളിലും ഈ ചേതന സ്വയംബോധം അഥവാ "പ്രജ്ഞ"യായി സ്ഥിതിചെയ്യുന്നു. സർവ്വവ്യാപിയും സർവ്വതിനും കാരണമായും നിലകൊള്ളുന്ന ഏകവും അദ്വയവുമായ ഈ ചേതനയെത്തന്നെ ബ്രഹ്മം എന്നും പരമാത്മാ എന്നും ഭഗവാൻ എന്നുമൊക്കെ പലപല പേരുകളിൽ വിളിക്കുന്നു.
പ്രകർഷേണയുള്ള (ഇന്ദ്രിയമനോബുദ്ധികളുടെ സഹായമില്ലാതെതന്നെയുള്ള) സ്വയംപ്രകാശ ജ്ഞാനമാണ് പ്രജ്ഞ. നാമോരുത്തരിലും "ഞാൻ ഉണ്ട്" എന്ന സ്വാനുഭവരൂപത്തിൽ നിലനിൽക്കുന്നതെന്തോ അതാണ് പ്രജ്ഞ അഥവാ ശുദ്ധബോധം. അതു ഇന്ദ്രിയങ്ങൾക്കും മനസ്സിനും ശരീരത്തിനും സാക്ഷിയായും മൂലകാരണമായും വർത്തിക്കുന്നു. ഇന്ദ്രിയമനോബുദ്ധികൾ പ്രവർത്തിക്കാത്ത അവസ്ഥയിലും അതു ഉള്ളതായി നമുക്ക് ബോധ്യപ്പെടുന്നുണ്ട്; എങ്കിലും, മനസ്സ് സദാ പുറമേയ്ക്ക് വ്യാപൃതമാകയാൽ അതിലേക്കു പ്രത്യേക ശ്രദ്ധ കൊടുക്കാത്തതിനാൽ അതു ഉള്ളതായി അനുഭവപ്പെടുന്നില്ല എന്നുമാത്രം. എങ്കിലും അത് അവിടെ എപ്പോഴും ചേതനയായി നിലനിൽക്കുന്നു എന്നുള്ളതാണ് സത്യം. ഈ ചേതനയിൽ, ചൈതന്യസ്വരൂപത്തിൽ ഉള്ള നിരന്തര ശ്രദ്ധയെ (ആന്തരിക ശ്രദ്ധ) ധ്യാനം എന്നുപറയാം. അതിനാവട്ടെ മനസ്സിന്റെ പൂർണ്ണമായ അടക്കം ആവശ്യവുമാണ്.
മനോനിയന്ത്രണമെന്നത് ഏറ്റവും ശ്രമകരമായ ജോലിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ; മനോനിയന്ത്രണമില്ലാതെ ആത്മീയകാര്യത്തിൽ മുന്നോട്ടുപോകാൻ യാതൊരു എളുപ്പവഴികളുമില്ല. മനസ്സിനെ മൂക്കുകയറിട്ട് നിയന്ത്രിച്ചുനിർത്തുക; ഇതുമാത്രമേയുള്ളൂ പോംവഴി. ഒരു വലിയ കുളമുണ്ടെന്നു ധരിക്കുക; അതിൽ കാലത്തിന്റെ കുത്തൊഴുക്കിലും ആരാലും വേണ്ടത്ര ശ്രദ്ധയുണ്ടാവാത്തതിനാലും ചപ്പുചവറുകളും ചെളിയും കാടുമൊക്കെപ്പിടിച്ച് അതു ഉപയോഗശൂന്യമായിരിക്കുന്നു. ഈ കുളം വേണ്ടവിധം പ്രയോജനപ്പെടണമെങ്കിൽ ആദ്യം അതിനുചുറ്റും പടർന്നിരിക്കുന്ന കാട് വെട്ടിമാറ്റണം; പിന്നെ ചപ്പുചവറുകൾ എടുത്തുമാറ്റുകയും ചെളി പടിപടിയായി കോരിക്കളയുകയും വേണം. അതുമാത്രം പോരാ; ഇനി ഇതുപോലുള്ള മലിനവസ്തുക്കൾ തിരികെ വരാതെ സംരക്ഷിക്കുകയും വേണം. ഇതുപോലെത്തന്നെയാണ് മനസ്സിന്റെ കാര്യവും; ലോകവിഷയങ്ങളാൽ ഏർപ്പെട്ടതുകൊണ്ട് കാലാകാലങ്ങളിൽ വന്നുകൂടിയ "ദുർഗന്ധങ്ങൾ" (വാസനകൾ) ഓരോന്നോരോന്നായി ശ്രദ്ധാപൂർവ്വം എടുത്തുമാറ്റേണ്ടിയിരിക്കുന്നു; അതുമാത്രം പോരാ, ഇനിയൊരിക്കലും അവയൊന്നും വീണ്ടും കയറിവരാതിരിക്കാൻ ലോകവിഷയങ്ങളിലുള്ള വ്യാപനം അവസാനിപ്പിക്കുകയും വേണം.
ശ്രദ്ധ സ്വരൂപത്തിലാവുമ്പോൾ മനസ്സിന്റെ ബാഹ്യമായ അലച്ചിലുകൾ അവസാനിക്കുന്നു. പതിയെപ്പതിയെ സ്വസ്വരൂപമായ ആത്മാവിലുള്ള മനസ്സിന്റെ നിരന്തര ശ്രദ്ധ പതിയെ സ്വശരീരത്തെയും ഈ പ്രപഞ്ചത്തെത്തന്നെയും വിസ്മരിച്ചുകൊണ്ടു ശുദ്ധചൈതന്യമായ ആത്മാവിൽ (പ്രജ്ഞ-അവബോധം) നിരന്തരം ശ്രദ്ധയൂന്നുകയും, മനസ്സ് സ്വയം ആത്മസ്വരൂപത്തിൽ ലയിച്ച് അതായിത്തുതീർന്ന് നിലകൊള്ളുകയും ചെയ്യുന്നു. ഇതിനു "സമാധി" എന്നുപേര്.
തന്റേതെന്നഭിമാനിക്കുന്ന സകലതും ഒരു മഹാസന്നിധിയിൽ അടക്കം സംഭവിച്ചുകഴിയുമ്പോൾ "ഉള്ള"വസ്തു താനേ തെളിയും. അപ്പാടെ കരിപിടിച്ച ഒരു റാന്തൽവിളക്കിനെ പൊതിഞ്ഞിരിക്കുന്ന കരിയൊക്കെ നല്ലവണ്ണം കഴുകിത്തുടച്ച് വൃത്തിയാക്കിക്കഴിഞ്ഞാൽ അതിലെ വിളക്ക് നല്ലപോലെ പ്രകാശിക്കുന്നതുപോലെ, വേണ്ടാത്തത് (മനോവ്യാപനത്താൽ വന്നുചേർന്നത്) പോയിക്കഴിഞ്ഞാൽ സ്വയമേവ ഉള്ള ആത്മപ്രകാശം ജ്വലിക്കും; അതുറപ്പ്.
ധ്യാനിക്കുന്ന ആളും, ധ്യാനമെന്ന "കർമ്മ"വും പോയി ധ്യാനാവസ്തുവായ പൊരുൾ മാത്രം അവശേഷിക്കുന്ന പരമാവസ്ഥയാണ് ധ്യാനത്തിന്റെ ആനന്ദകരമായ പരിസമാപ്തി. പരമമായ സത്യവസ്തുവിനുവേണ്ടി തന്നെപ്പോലും ത്യജിക്കാൻ തയ്യാറായ “ധീരൻ” തീർച്ചയായും അതിനെ കണ്ടറിയുന്നു.
ഒരു സാധകൻ ധ്യാനം എന്ന പ്രധാനമായ പ്രക്രിയയിലേക്കു ആദ്യമായി കാലെടുത്തുവയ്ക്കുന്നതിനുമുമ്പ് ജപാദി സാധനകൾ ചെയ്യുന്നത് മനസ്സിനെ അന്തർമുഖമാക്കാൻ സഹായിക്കും. എല്ലാറ്റിനുമുപരി സർവ്വേശ്വരനിലുള്ള നിഷ്കാമമായ ഭക്തിയും ശരണാഗതിഭാവവും ആവശ്യംവേണ്ട സംഗതിയാണ്. ധ്യാനത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഒരു ആചാര്യന്റെ വേണ്ടവിധമുള്ള ഉപദേശങ്ങളും പ്രധാനമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

No comments:

Post a Comment