Wednesday, October 10, 2018

ബാലസ്യ നേഹ ശരണം പിതരൗ നൃസിംഹ
നാര്‍തസ്യ ചാഗദമുദന്വതി മജ്ജതോ നൗഃ
തപ്തസ്യ തത്പ്രതിവിധിര്‍യ ഇഹാഞ്ജസേഷ്ട-
സ്താവദ് വിഭോ തനുഭൃതാം ത്വദുപേക്ഷിതാനാം
                                    (ശ്രീമദ്ഭാഗവതം 7. 9. 19)
ഭക്തിയും ഈശ്വരവിശ്വാസവും എപ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. സമഗ്രവും സര്‍വസ്പര്‍ശിയുമായ ഭക്തി സൃഷ്ടിശക്തിയായി മാറുന്നു. ശരീരത്തിനു ഭക്ഷണവും മറ്റു പോഷകങ്ങളും പോലെ മനസ്സിനും ഹൃദയത്തിനുമുള്ളതാണ് ഭക്തി ജനിപ്പിക്കുന്ന ആശ്രയവും സഹനശക്തിയും.
ഭക്തിപ്രഭാവത്താല്‍ ഭൗതികപ്രയാസങ്ങള്‍ പരിഹരിച്ചിട്ടുള്ള ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്. മനസ്സിനു ഭൗതികവസ്തുവില്‍ പ്രവര്‍ത്തിക്കാനുള്ള ശക്തിയുണ്ടോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. പ്രപഞ്ചംതന്നെ മനഃസൃഷ്ടമല്ലേ എന്ന താണ് ഇതിനുള്ള ഉത്തരം. 
ഭൗതികവസ്തുക്കള്‍ക്ക് അന്യോന്യം പ്രതിപ്രവര്‍ത്തനമുണ്ടാകാം; എന്നാല്‍ മനസ്സ് ഇതിനേക്കാള്‍ എത്രയോ ശ്രേഷ്ഠവും ഭൗതികവരമ്പുകള്‍ക്ക് അതീതവുമാണ്. ഭൗതികവസ്തുക്കളില്‍ നിര്‍ണായകപ്രതികരണം ഉണ്ടാക്കാന്‍ വേണമെങ്കില്‍ മനസ്സിനു കഴിയും. ഈ സന്ദേശമാണ് നമ്മുടെ ഇതിഹാസപുരാണങ്ങള്‍ പകര്‍ന്നുതരുന്നത്.
 അഗാധമായ ഭക്തിയോടെയുള്ള പ്രഹ്ലാദന്റെ നരസിംഹസ്തുതി അത്യന്തം ഹൃദയസ്പര്‍ശിയും സുന്ദരവുമാണ്. ആ കൊച്ചുബാലന്റെ സ്തുതിയിലെ ഒരു ശ്ലോകമാണ് 
     ബാലസ്യ നേഹ ശരണം പിതരൗ നൃസിംഹ
'ബാലന്നു മാതാപിതാക്കള്‍ ആശ്രയമല്ല' പ്രഹ്ലാദന്‍ പറയുന്നു. ഈ വരികള്‍ എന്നെ ചിന്താധീനനും ഭാവനാധീനനുമാക്കി. എത്ര മഹത്വമുറ്റ, വാസ്തവം വെളിപ്പെടുത്തുന്ന പ്രസ്താവന! കുട്ടിക്കു മാതാപിതാക്കള്‍ യഥാര്‍ഥശരണമല്ലത്രെ!
നാര്‍തസ്യ ചാഗദമുദന്വതി മജ്ജതോ നൗഃ
 'വെള്ളത്തില്‍ മുങ്ങിപ്പോകുന്നവന്ന് ഒരു നൗകയും പരമരക്ഷയാകില്ല!'
തപ്തസ്യ തത്പ്രതിവിധിര്‍യ ഇഹാഞ്ജസേഷ്ട-
സ്താവദ് വിഭോ തനുഭൃതാം ത്വദുപേക്ഷിതാനാം
'വ്യാധികളാലോ മറ്റു ദുരിതങ്ങളാലോ കഷ്ടപ്പെടുന്നവര്‍ക്ക് എന്തെല്ലാം ആശ്വാസം നല്‍കിയാലും, ഈശ്വരനാല്‍ തിരസ്‌കരിക്കപ്പെട്ടുവെന്നിരിക്കട്ടെ, അതൊക്കെ നിഷ്ഫലമേ ആകൂ.'
അതിനാല്‍ സമഗ്രമായ സമര്‍പ്പണത്തിലേ പരമാശ്രയമുള്ളു. മനസ്സിന് ഇത്തരത്തിലുള്ള ഈശ്വരവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞാല്‍ പരമധാമത്തില്‍നിന്നു പരിഹാരവും രക്ഷയും വന്നുചേരാതിരിക്കില്ല. പ്രഹ്ലാദന്റെ ഈ വാക്കുകള്‍ നിങ്ങള്‍ ആവര്‍ത്തിച്ചു മനനംചെയ്യുന്നതു നന്നായിരിക്കും.
കുട്ടികള്‍ക്ക് അച്ഛനമ്മമാര്‍ ആശ്രയമല്ലെന്ന് എത്ര ധീരമായി പ്രഹ്ലാദന്‍ പറയുന്നു! മാതാപിതാക്കളുടെ സാമീപ്യത്തിലും ചിലപ്പോഴൊക്കെ കുട്ടികള്‍ക്കു ജീവഹാനി സംഭവിക്കുന്നില്ലേ? 
എന്നും അമ്മയോടൊപ്പം റോഡു മുറിച്ചുകടക്കാറുള്ള നാലര വയസ്സു പ്രായമായ പിഞ്ചോമന, ആ ദിവസം കുതറിയോടി പാഞ്ഞുവന്ന ട്രക്കിനടിയില്‍പ്പെട്ടു. അമ്മ ഇതില്‍ എങ്ങനെ സമാധാനം കണ്ടെത്തും, എപ്പോഴെങ്കിലും ഈ ദൃശ്യം അവര്‍ക്കു സമാധാനപൂര്‍വം ഓര്‍ക്കാനാകുമോ, എന്തുകൊണ്ട് അന്നതു സംഭവിച്ചു?
ലോകത്തില്‍ ഭൗതിക കാരണങ്ങളും ഫലങ്ങളും ഉണ്ടെന്നതു ശരിയാണ്. ഈ ക്രമങ്ങളെല്ലാം പ്രകൃതിയുടെ വിശാലചട്ടക്കൂടിനകത്തുള്ളതാണ്. എന്നാല്‍ സൃഷ്ടാവോ? ഭൗതികാതീതവും പരമദിവ്യവും! അതിനാല്‍ ഭൗതികങ്ങളെയാണോ, അതിന്റെയൊക്കെ സ്രഷ്ടാവിനെയാണോ നിങ്ങള്‍ ആശ്രയിക്കേണ്ടത്?
ഭൗതിക മാര്‍ഗങ്ങളെമാത്രം അവലംബിച്ചാലുണ്ടാകുന്ന ഫലം പരിമിതമല്ലേ? നിങ്ങളുടെ പരിശ്രമങ്ങള്‍ വ്യര്‍ഥമായ പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടില്ലേ? അതിനാല്‍ പരമരക്ഷ, പരമപരിഹാരം, പരമാശ്വാസം, പരമശക്തി എവിടെനിന്നുവേണം വരാന്‍? ഈശ്വരനിലുള്ള സര്‍വാശ്രയം വളര്‍ത്തിയെടുക്കുന്നതുമൂലമാണിത്. ഇതാണ് ജീവിതത്തിലെ അന്തിമസത്യം. എല്ലാ മൂല്യനിര്‍ണയവും രക്ഷാന്വേഷണവും ഇതനുസരിച്ചുവേണം നടത്താന്‍.
ഭക്തിയും ധര്‍മനിഷ്ഠയുമുള്ള മനസ്സ് ഈ കണ്ടെത്തലനുസരിച്ച് ആശ്രയത്തിന്റേയും ശക്തിയുടേയും കോട്ടയാകുമോ? ഇവിടെയാണ് വ്യക്തികള്‍ പ്രകടമായി വ്യത്യസ്തരാകുന്നത്. സ്വന്തം ശ്വശ്രു നല്‍കിയ വിഷം മീരയുടെ ജീവന്‍ അപഹരിക്കാന്‍ പോന്നതായിരുന്നു. വിഷം ഭൗതികവസ്തുവാണ്. ദേഹമാകട്ടെ, ജൈവരസതന്ത്രത്തിന്റെ പരിണതഫലവും. പക്ഷേ മീരയുടെ തീവ്രഭക്തി വിഷത്തിന്റെ രാസശക്തിയെ ഇല്ലാതാക്കി.
കൃഷ്ണന്‍ അവരെ രക്ഷിച്ചുവെന്നു നിങ്ങള്‍ പറയും. അതൊരു സാങ്കല്പികത മാത്രമാണ്. കഴിച്ച വിഷത്തിന്റെ ശക്തിക്കെന്തു സംഭവിച്ചു? വിഷം എവിടെപ്പോയി? ദേഹത്തിനുള്ളിലുള്ള ശക്തിയുറ്റ മനസ്സ് അതിനെ നിര്‍വീര്യമാക്കി. ശരീരത്തിലെ രസതന്ത്രപ്രവര്‍ത്തനങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് അഭൗമമായ മനസ്സാണ്. ഈ മനസ്സു തന്നെയാണ് യഥാര്‍ഥത്തില്‍ ബാഹ്യവസ്തുക്കളേയും, അവയുടെ പരിണിതഫലങ്ങളേയും രചിക്കുന്നത്.
ഈ സംഭവത്തില്‍ ഒരു പുതിയ ക്രമം ഉദ്ഭവിച്ചു, വിഷത്തിന്റെ രസായനഫലത്തെ നിര്‍വീര്യമാക്കി. അപൂര്‍വമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ. കാരണം, ജനങ്ങള്‍ സദാ ആശ്രയിക്കുന്നതു ദൃശ്യവസ്തുക്കളേയും അവയുടെ പ്രത്യക്ഷഫലങ്ങളേയുമാണ്, ജഗന്നിയന്താവായ പരമധാമത്തെ ആശ്രയിക്കുന്നില്ല. പക്ഷേ, ഈശ്വരനെ ആശ്രയിക്കുന്നതില്‍നിന്ന് ആരും നിങ്ങളെ പിന്തിരിപ്പിക്കുന്നില്ല.
ജീവിച്ചിരിക്കുമ്പോള്‍മാത്രമേ ഈശ്വരന്റെ ആവശ്യം നമുക്കു വേണ്ടൂ. ദേഹം നിശ്ചേതനമായാല്‍, ഒന്നിന്റേയും ആവശ്യമില്ല. ജീവിതം നയിക്കുമ്പോഴാണ് ഭക്തിയുടെ സഹായവും ശക്തിയും വേണ്ടിവരുന്നത്. പ്രിയപ്പെട്ട കുട്ടികളേ, ഈ ഭക്തി എപ്പോഴും മനസ്സിനെ കേന്ദ്രീകരിച്ചുള്ളതാണ്, മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. നന്നായി സൂക്ഷിച്ചാദരിച്ചാല്‍ ഇതു പൂര്‍ണമായും നിങ്ങളെ സംപുഷ്ടവും ശക്തരുമാക്കും.
കുട്ടിക്ക് അവന്റെ മാതാപിതാക്കള്‍ അഭയമല്ലെന്ന പ്രഹ്ലാദവാക്യത്തെ സ്മരിക്കുക. മുങ്ങിത്താഴാന്‍ തുടങ്ങുന്നവനു നൗക രക്ഷയ്ക്കുതകില്ല. രോഗബാധിതര്‍ക്ക് എല്ലാ ഔഷധങ്ങളും താത്കാലികം മാത്രമാണ്. ഈശ്വരന്റെ ഹസ്തങ്ങളാണ് നമുക്ക് എപ്പോഴും വേണ്ടത്. ഈശ്വരരക്ഷയില്ലെങ്കില്‍ മറ്റു തുണകളെല്ലാം ദുര്‍ബലവും നശ്വരവുമാണ്!
ഞാന്‍ വീണ്ടുംവീണ്ടും അദ്ഭുതപ്പെടുകയാണ്! രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ആശ്രയമല്ലെന്ന ഉറച്ചപ്രഖ്യാപനം പ്രഹ്ലാദനെങ്ങനെ നടത്തി? എത്ര ഉദാത്തവും ഹൃദയസ്പൃക്കുമാണിത്! 
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments:

Post a Comment