ചിന്താധാര
Thursday 11 October 2018 2:50 am IST
മനസ്സാണ് എല്ലാ ചിന്തകളുടെയും കര്‍മത്തിന്റെയും കര്‍മഫലത്തിന്റെയും ആധാരം. മനസ്സ് നന്മ നിറഞ്ഞതാണെങ്കില്‍ സ്വാഭാവികമായും ചിന്തകളും നന്മ നിറഞ്ഞതാകും. കടല്‍വെള്ളം തെളിഞ്ഞതാണെങ്കില്‍ അതില്‍നിന്നുയരുന്ന തിരമാലകളും തെളിഞ്ഞതായിരിക്കും. സന്മനസ്സില്‍നിന്ന് സത്ചിന്തകളേ ഉയരൂ. ദുര്‍മനസ്സില്‍ നിന്ന് ദുഷ്ചിന്തകളും.
എല്ലാ കര്‍മങ്ങളും പ്രവര്‍ത്തികളും ചിന്തകളുടെ അടിസ്ഥാനത്തിലായതിനാല്‍ അവ സത്ചിന്തകളാണെങ്കില്‍ അതിന്റെയടിസ്ഥാനത്തിലുള്ള കര്‍മങ്ങളും സത്കര്‍മങ്ങളായിരിക്കും. ഇനിയൊന്നു പൂരിപ്പിച്ച് വായിച്ച് നോക്കുക. ''ഞാന്‍ നിരന്തരം ചെയ്യുന്ന സത്കര്‍മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടും എന്നേ വരൂ.'' താന്‍ താന്‍ നിരന്തരം ചെയ്യുന്ന ദുഷ്‌കര്‍മങ്ങളും താന്‍ താന്‍ അനുഭവിച്ചീടും എന്നേ വരൂ. സിദ്ധാന്തം ശാസ്ത്രീയമാണ്, യുക്തി ഭദ്രമാണ്, ബുദ്ധിക്കു നിരക്കുന്നതാണ്. ഇതാണ് ഭാരതീയസംസ്‌കാരം. ആ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നതിനെ കാലം തന്നെ നിലനിര്‍ത്തും. അതിനു കാരണം അതാണ് പ്രകൃതിയുടെ നിയമം.
ഓരോ കര്‍മത്തിനും കര്‍മഫലമുണ്ട്. അതില്‍ സത്കര്‍മഫലവുമുണ്ട് ദുഷ്‌കര്‍മഫലവുമുണ്ട്. അതിനു രണ്ടിനും പ്രതിഫലവുമുണ്ട്. കര്‍മത്തിന്റെ പ്രതിഫലത്തെ തിന്മയില്‍നിന്ന് നന്മയിലേക്കുയര്‍ത്തണം. അതു വേണമെങ്കില്‍ ദുഷ്‌കര്‍മത്തെ സത്കര്‍മമാക്കി മാറ്റണം. അതിനായി ദുഷ്ചിന്തകളെ സത്ചിന്തകളാക്കണം. അതിനൊരു വഴിയേയുള്ളൂ. ദുര്‍മനസ്സിനെ സന്മനസ്സാക്കണം. അത് ഇന്നാരംഭിക്കണം.
നമുക്ക് നമ്മുടെ അമ്മയേയും അച്ഛനേയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. ആണായിട്ടു ജനിക്കണമോ പെണ്ണായിട്ട് ജനിക്കണമോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. എവിടെ എപ്പോള്‍ എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമില്ല. ഒരു ധന്യമായ സ്വാതന്ത്ര്യം നമുക്ക് ജഗദീശ്വരന്‍ തന്നിരിക്കുന്നതാണ്. നമ്മുടെ മനസ്സിനെ ധന്യമായിത്തന്നെ നിലനിര്‍ത്തുകയെന്നത്. അല്ലെങ്കില്‍ ഇന്നലെവരെ തിന്മനിറഞ്ഞ മനസ്സായിരുന്നു നമുക്കുണ്ടായിരുന്നതെങ്കില്‍ ഇന്നു മുതല്‍ക്കതിനെ നന്മ നിറഞ്ഞതാക്കുകയെന്നത്.
അകത്ത് വയലന്റ് ചേഞ്ചും പുറത്ത് സയലന്റ് ചേഞ്ചും ഉണ്ടാക്കാന്‍ സാധിച്ചാല്‍ അതിന് നമ്മെ സമഗ്രമായി സമ്പൂര്‍ണമായി മാറ്റാനാകും. ഭാരതീയ പൈതൃകത്തില്‍ പാപത്തിനും പുണ്യത്തിനും ഈശ്വരനുമായി ബന്ധമില്ല. ഈശ്വരന്‍ ഒരു . വിധികര്‍ത്താവല്ല. പ്രകൃതിയാണ്, നമുക്ക്, നമ്മുടെ കര്‍മഫലത്തിന്റെ പ്രതിഫലം തരുന്നത്. അതാണ് ഭാരതീയ പൈതൃക വിവരണവും, ആധുനിക ശാസ്ത്ര പ്രഖ്യാപനവും ഇതാണ് ഹിന്ദു ധര്‍മവും മറ്റു ധര്‍മങ്ങളും തമ്മിലുള്ള വ്യത്യാസം. പ്രകൃതിയുടെ ശിക്ഷയും രക്ഷയും കര്‍മത്തിന്റെയും കര്‍മഫലത്തിന്റെയും അടിസ്ഥാനത്തിലുള്ളത് മാത്രമാണ്.
ഒന്നുകൂടി പറഞ്ഞാല്‍, സന്മനസ്സില്‍ നിന്ന് സത്ചിന്തകള്‍, അതില്‍നിന്ന് സത്കര്‍മങ്ങള്‍, അതില്‍നിന്ന് സത്കര്‍മഫലങ്ങളും പ്രതിഫലങ്ങളും. ഇതുതന്നെ വീണ്ടുമെഴുതിയാല്‍ സന്മനസ്സ്-സത്ചിന്തകള്‍-പുണ്യകര്‍മം-പുണ്യം-സ്വര്‍ഗം. ഇതിന്റെ വിപരീതം ദുര്‍മനസ്സ്, ദുഷ്ചിന്തകള്‍, ദുഷ്‌കര്‍മങ്ങള്‍ (അഥവാ പാപകര്‍മങ്ങള്‍), ദുഷ്‌കര്‍മഫലം (അഥവാ പാപം), ദുഷ്‌കര്‍മപ്രതിഫലം (അഥവാ നരകം) ആയിത്തീരുന്നു.
ഇനിയൊന്നുകൂടി വ്യാഖ്യാനിക്കാം. ഇവിടെ നരകത്തെ അഥവാ പാപകര്‍മ പ്രതിഫലത്തെ സ്വര്‍ഗം ആക്കണമെങ്കില്‍ പാപത്തെ പുണ്യമാക്കണം, പാപകര്‍മത്തെ പുണ്യ കര്‍മമാക്കണം, ദുഷ്ചിന്തകള്‍ സത്ചിന്തകളാക്കണം, അതിന് ദുര്‍മനസ്സിനെ സന്മനസാക്കണം. അതാണ് ഭാരതം ലോകത്തിന് കാണിച്ചുകൊടുത്ത ധന്യമായ പന്ഥാവ്. ന അന്യപന്ഥാ വിദ്യതെ അയനായ-ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.
മനസ്സില്‍ മാറ്റം വരുത്തുക. വിപ്ലവകരമായ മാറ്റം അകത്തും പരിണാമാത്മകമായ മാറ്റം പുറത്തും വരണം, വരുത്തണം. അപ്പോള്‍ വ്യക്തമാകും, നമുക്കു നാമേ പണിവതുനാകം നരകവുമതുപോലെയെന്ന്. അപ്പോള്‍ നമ്മുടെ സ്വര്‍ഗവും നരകവും ഈശ്വരന്റെ വരദാനമല്ല, പ്രകൃതിയുടെയും നമ്മുടെ പ്രവൃത്തിയുടെയും വരദാനമാണ്.
പ്രകൃതി അത് അളന്ന് തൂക്കിത്തരുന്നത് കാലത്തിന്റെ (പ്രതീകാത്മകമായി പറഞ്ഞാല്‍ കാലന്റെ) അഥവാ യാമത്തിന്റെ (യമന്റെ) ഉത്തരവാദിത്ത്വത്തിലും മേല്‍നോട്ടത്തിലുമാണ്. വീണ്ടും നമ്മുടെ വിവരണങ്ങളുടെ നാരായ വേരിലേക്കുവരാം നരകത്തെ സ്വര്‍ഗമാക്കാന്‍-നമുക്കിലുയരാം നടുകില്‍ തിന്നാം നല്‍കുകില്‍ നേടീടാം....! തിന്മയില്‍നിന്ന് നന്മയിലേക്കും, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും അശാന്തിയില്‍നിന്നു ശാന്തിയിലേക്കും ഉയരണം, ഉണരണം, വളരണം, മുന്നേറണം, പ്രയാണം ചെയ്യണം. ഇത് മനസ്സിന്റെ ജാഗ്രത്-ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലെ മുന്നേറ്റമാണ്.
ഇതിനാണ് ഭാരതീയര്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളെഴുതിയത്. അതില്‍ ആയിരക്കണക്കിന് വിഷയങ്ങള്‍ എഴുതിച്ചേര്‍ത്തത്. അത് വിവിധ വീക്ഷണങ്ങളിലൂടെയും തരത്തിലും തലത്തിലും ആയിരക്കണക്കിന് വര്‍ഷങ്ങളായി എഴുതി നമുക്ക് തന്ന് വേണ്ടത് നിലവാരമനുസരിച്ച് സ്വീകരിക്കാന്‍ (നിര്‍ദേശിക്കാതെ) പറഞ്ഞതും.
അതെ/രണ്ടായിരത്തോളം അടിസ്ഥാനഗ്രന്ഥങ്ങള്‍ അതിന് പതിനായിരത്തോളം വ്യാഖ്യാനങ്ങള്‍. ഇവയെല്ലാം സംസ്‌കൃതത്തിലും പിന്നെ ഒരു ലക്ഷത്തോളം ഉപാഖ്യാനങ്ങള്‍ ഭാരതീയമായ 22 ഭാഷകളിലും എഴുതി തന്നത്. പുതിയതായിട്ടെന്തെങ്കിലുമുണ്ടായാല്‍ അതും സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചതും. ഈ ഗ്രന്ഥങ്ങളിലെന്താണുള്ളതെന്നാരു ചോദിച്ചാലും എല്ലാവര്‍ക്കും നല്‍കാനുള്ള ഉത്തരം ഒറ്റവരിയിലൊതുക്കാം. ആയിരക്കണക്കിനാചാര്യന്മാര്‍, ആയിരക്കണക്കിന് വിഷയങ്ങളടങ്ങുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളായി നമുക്കു കരുതിവെച്ച ആയിരക്കണക്കിന് ആചാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും സങ്കല്‍പങ്ങളും ഉപഗ്രന്ഥങ്ങളും കഥകളും അനുഭവങ്ങളും സന്ദേശങ്ങളും ജീവിതയാഥാര്‍ഥ്യങ്ങളുമാണ്.
അവയെന്തിനു നല്‍കി? മരണാനന്തരം സ്വര്‍ഗത്തിലേക്കു പോകാനോ നരകത്തിലേക്കു പോകാതിരിക്കാനോ അല്ല. മറിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നിടത്തോളം കാലം ധന്യമായ ഒരു ജീവിതം നയിക്കാനും നയിപ്പിക്കാനുമാണ്. പ്രയോജനപ്രദമായ, ലക്ഷ്യബോധമുള്ള, ഫലപ്രദമായ, അര്‍ഥവത്തായ ജീവിതം നയിക്കാനുള്ളതാണിവയൊക്കെത്തന്നെ.
ഓരോ നിമിഷവും നാം ശ്മശാനത്തോടടുക്കുന്നു എന്നോര്‍ക്കണം. ഈ ഭൂമിയില്‍ നാം ശാശ്വതരല്ല. ആരംഭമുള്ള എല്ലാത്തിനും അവസാനവുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ ദിവസം നമ്മള്‍ ഈ ഭൂമിയിലുണ്ടായിരുന്നില്ല. അടുത്ത നൂറ്റാണ്ടില്‍ ഈ ദിവസവും നമ്മളിവിടെയുണ്ടാകില്ല. ജനനത്തിനും മരണത്തിനുമിടയ്ക്കുള്ള ഈ ജീവിതത്തില്‍ അറുപതുടണ്‍ ഭക്ഷണം കഴിച്ച് ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു ജീവിതം നയിക്കരുത്.
ഡോ. എന്‍. ഗോപാലകൃഷ്ണന്‍
No comments:
Post a Comment