Friday, October 26, 2018

പ്രഹ്ളാദന്‍
പുരാണത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊരാളാണ് പ്രകര്‍ഷേണ ആഹ്ളാദമുള്ള പ്രഹ്ളാദന്‍; ജനിച്ചുവീഴുംമുമ്പേ ആത്മജ്യോതിസ്സ് തെളിഞ്ഞ അത്ഭുതം. അതിനാല്‍തന്നെ സദാ ആഹ്ളാദചിത്തനായി വസിച്ചു.
ഉത്തമഭക്തിയുടെ വിശേഷണംതന്നെ 'അഭയം' ആണ്, ഭയം എന്നെന്നേക്കുമായി വിട്ടുപോയ സ്ഥിതി. ഭക്തിയും ജ്ഞാനവും ഇതുപോലെ സമ്മേളിച്ച മഹത്തുക്കള്‍ വിരളമാണ്. ഭക്തിയും ജ്ഞാനവും രണ്ടല്ല, ഒന്നുതന്നെയെന്ന് അവര്‍ പറയാതെ പറഞ്ഞു. ഭക്തിയുടെ കാര്യത്തില്‍ പ്രഹ്ളാദനു പ്രഥമസ്ഥാനം നല്‍കിയിരിക്കുന്നത് ഭക്തശിരോമണിയായ നാരദന്‍തന്നെയാണല്ലോ.
പ്രഹ്ളാദനായിരിക്കണമെങ്കില്‍ സദാ ഭഗവാനോടൊപ്പം വസിക്കേണ്ടതുണ്ട്. സ്വന്തം ഹൃദയാന്തര്‍ഭാഗത്തു ഭഗവാനെ കുടിയിരുത്തി അതില്‍ സദാ ശ്രദ്ധാലുവായി ആനന്ദചിത്തനായിരിക്കുന്ന ഭക്തിയുടെ ഉത്തുംഗശൃംഗമാണ് പ്രഹ്ളാദന്‍. സകല ഭയവും വിട്ടുപോയിരിക്കയാലാണ്, ഹിരണ്യകശിപുവിന്റെ വധത്തെത്തുടര്‍ന്ന് ഭഗവാന്റെ ക്രോധത്താല്‍ സകല ലോകവും ബ്രഹ്മാദി ദേവന്മാരും സാക്ഷാല്‍ ലക്ഷ്മീദേവിപോലും ഭയന്നുവിറച്ചുനില്‍ക്കുമ്പോഴും, പ്രഹ്ളാദന്‍ പുഞ്ചിരിതൂകിക്കൊണ്ട് ഭഗവാന്റെ അടുത്തുതന്നെ നിലയുറപ്പിച്ചത്. ഏറ്റവും വിപരീത സാഹചര്യത്തില്‍ ജനിച്ചിട്ടും അസുരകുലത്തില്‍ പരമദുഷ്ഠനും ദുരാചാരിയുമായ ഹിരണ്യകശിപുവിന്റെ പുത്രനായിപ്പിറന്നിട്ടും പ്രഹ്ളാദന്‍ ഭഗവാന്റെ പരമഭക്തനായി, പരിപൂര്‍ണ്ണ ജ്ഞാനിയായി നിലകൊണ്ടു. ജനിച്ച കുലമോ നിലനില്‍ക്കുന്ന ചുറ്റുപാടോ യാതൊന്നുമല്ല, മഹദ്സന്നിധിയില്‍ അടങ്ങിക്കൊടുക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ എല്ലാം സുസാദ്ധ്യം എന്നല്ലേ പ്രഹ്ളാദന്‍ നമ്മോട് ഉറക്കെ വിളിച്ചുപറയുന്നത്. പ്രഹ്ളാദന്റെ അനന്യഭക്തിയില്‍ സന്തുഷ്ഠനായി പ്രഹ്ളാദനെ മാത്രമല്ല തുടര്‍ന്നുവരുന്ന ഏഴ് തലമുറയെയാണ് ഭഗവാന്‍ അനുഗ്രഹിച്ചത്.
പ്രഹ്ളാദനെപ്പോലെ നിരന്തരമുള്ള ഭഗവദ്ശ്രദ്ധയാലും ഭക്തിയാലും നിലകൊള്ളുന്ന ആരും
സകല ഭയവും നീങ്ങി സദാ ആനന്ദചിത്തരായി വസിക്കും.
letting go

No comments:

Post a Comment