Thursday, October 18, 2018

* ഹരേ കൃഷ്ണ *

*ഈശ്വരഭജനത്തിൽ മുഴുകി ഇരിക്കുന്നവരെ ഒരുതരം അപകടവും ബാധിക്കില്ല.   ഭജനയിൽ പങ്കെടുക്കുവാൻ വന്ന ശിവജിയെ ഭഗവാൻ സംരക്ഷിച്ച കഥ കേൾക്കു.*

ഒരിക്കൽ തുക്കാറാം മഹാരാജിന്റെ ഭജനയ്ക്കു ഛത്രപതി ശിവജി എത്തി.  തുക്കാറാമിന്റെ ഭജനയിൽ പങ്കെടുക്കാൻ കഴിഞ്ഞ സന്തോഷത്തിൽ അദ്ദേഹം അവിടെ ഇരുന്നു. താൻ ഒരു രാജവാണെന്നുള്ള   അഹങ്കാരം അദ്ദേഹത്തിന് ഒട്ടുമേ ഇല്ലായിരുന്നു. തുക്കാറാം സ്വയം മറന്നു ഭജന പാടുകയായിരുന്നു.  ഭഗവൽ നാമം ഉറക്കെ ഉറക്കെ ആനന്ദത്തോടെ എല്ലാവരും പാടി കൊണ്ടിരുന്നു. ഭഗവാൻ പോലും ഭജനയിൽ മയങ്ങി നിൽക്കുകയായിരുന്നു.

ശ്രദ്ധയോടെ  ഭജന പാടുമ്പോൾ യമധർമ്മനു പോലും നമ്മെ സമീപിക്കുവാൻ കഴിയില്ല.എന്നാൽ പിന്നെ മറ്റു ശത്രുക്കളുടെ കാര്യം പറയാനുണ്ടോ? ധാരാളം ശത്രുക്കൾ ഉണ്ടെങ്കിലും ശിവജി കൈയിൽ യാതൊരു ആയുധവും ഇല്ലാതെയാണ്  ഭജനക്ക് എത്തിയിരുന്നത്.
തുക്കാറാം സ്വയം മറന്നു ആടി പാടുന്നത് കണ്ടു ശിവജിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. 'ഹോ! എന്തൊരു ഭക്തി!' തനിക്കു ആ മഹാന്റെ ഭജന കാണാനും കേൾക്കാനും ഉള്ള ഭാഗ്യം ദൈവം തന്നല്ലോ എന്നോർത്ത് ശിവജി പുളകം കൊണ്ടു. അവിടെയിരുന്നവർ അദ്ദേഹത്തെ കണ്ടിട്ടു  രാജാവെന്നു കണ്ട് തൊഴുതു. എന്നാൽ ശിവജി ഒരു സാധാരണ ഭക്തനായി   വിനയത്തോടെ ഇരുന്നു. ഭജന കൊഴുത്തു വന്നു.
പെട്ടെന്ന് ഒരു രാജദൂതൻ വന്നു ശിവജിയുടെ കാതിൽ മന്ത്രിച്ചു. അദ്ദേഹം നിരായുധനായി ഇവിടെ ഭജനയ്ക്ക് എത്തിയ വിവരം എങ്ങനെയോ അറിഞ്ഞ ശത്രുക്കൾ അദ്ദേഹത്തെ എതിരിടാൻ ആയുധങ്ങളോടെ അവിടെ എത്തിയിരിക്കുന്നു!

ശത്രുക്കൾ ആ മന്ദിരം വളഞ്ഞു നിൽക്കുകയാണ്. ശിവജി പുറത്തേയ്ക്ക് വന്നാൽ അദ്ദേഹത്തെ അവിടെ വെട്ടി കൊല്ലാനും അങ്ങനെ വന്നില്ലെങ്കിൽ അകത്തു കയറി എല്ലാവരെയും ആക്രമിക്കുവാനും അവർ തീരുമാനിച്ചിരുന്നു. ശിവജി ഇത് കേട്ട് ദുഃഖിതനായി. തന്റെ പ്രാരബ്ധം കാരണം തനിക്കു സ്വൈരമായി ഭജന കേൾക്കാൻ പോലും സാധിക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. താൻ ഇപ്പോൾ പുറത്തു പോയില്ലെങ്കിൽ ഇവിടെ കൂടിയുള്ള ഭക്തന്മാരുടെ ജീവൻ  പോലും ആപത്തിലാകും. അത് കൊണ്ടു ഭജനയിൽ നിന്നും പുറത്തേയ്ക്ക് പോകുവാൻ തീരുമാനിച്ചു. അദ്ദേഹം പതുക്കെ തുക്കാറാമിന്റെ പാദങ്ങളിൽ നമിച്ചു. എന്നിട്ട് തന്റെ പ്രാരബ്ധവശാൽ തനിക്കു കുറച്ചു  നേരം കൂടി ഇവിടെ തുടരുവാൻ സാധ്യമല്ല എന്നറിയിച്ചു. തന്റെ കർത്തവ്യം നിർവ്വഹിക്കുവാൻ തന്നെ പോകാൻ അനുവദിക്കണം എന്നപേക്ഷിച്ചു.

തുക്കാറാം അതു കേട്ട് ചിരിച്ചു.   എന്നിട്ട് ഭജനയെക്കാൾ മേലായ പ്രാരബ്ധം ഒന്നും തന്നെയില്ല എന്ന് പറഞ്ഞു. ഭജനയിൽ ഇരിക്കുമ്പോൾ പ്രാരബ്ധത്തിന് ഒന്നും ചെയ്യുവാൻ കഴിയില്ല. അതുകൊണ്ട് ശിവജി ഭജനയ്ക്കിടയിൽ പുറത്തു പോകണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു. ശിവജി വീണ്ടും ക്ഷമ യാചിച്ചു. താൻ ഇപ്പോൾ പുറത്തു പോയില്ലെങ്കിൽ അവിടെ ഇരിക്കുന്നവർക്കൊക്കെ പ്രശ്നമാകും.  അതു കൊണ്ടു തന്നെ ഇപ്പോൾ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു.

തുക്കാറാം വീണ്ടും ചിരിച്ചു. എന്നിട്ട് 'പാണ്ഡുരംഗൻ ഉള്ള സ്ഥലത്ത് പ്രശ്നം വരുമോ? പാണ്ഡുരംഗനെക്കാൾ  ബലമുള്ളതായി എന്തെങ്കിലും ഉണ്ടോ?  അത് കൊണ്ടു അവിടെ ഇരുന്നു ഭജന്‍ ആസ്വദിക്കൂ എന്ന് പറഞ്ഞു. ശിവജി മഹാരാജ് വല്ലാത്ത ധർമ്മസങ്കടത്തിലായി. അദ്ദേഹം വീണ്ടും വിനയത്തോടെ തന്നെ പുറത്തു വിടണം എന്നപേക്ഷിച്ചു. പക്ഷെ തുക്കാറാം പാണ്ഡുരംഗനെ വിട്ടിട്ടു അദ്ദേഹം പോകാൻ പാടില്ലെന്നു തീർത്തു പറഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം അവിടെ ഇരുന്നു. ഭഗവാനോട് എല്ലാവരെയും രക്ഷിക്കണം എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. തന്റെ ഭാരം മുഴുവനും ഭഗവാനിൽ അർപ്പിച്ചിട്ടു അദ്ദേഹം ഭജനയിൽ ശ്രദ്ധിച്ചു.

ഭജന നടക്കുന്ന മന്ദിരത്തിനു ചുറ്റും ഔറംഗസെബിന്റെ ആൾക്കാർ വളഞ്ഞിരുന്നു. അവര്‍ ശിവജി പുറത്തു വരുന്നതും കാത്തു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് അവർ നോക്കുമ്പോൾ, വാൾ എടുത്തു കൊണ്ടു ശിവജി പുറത്തേയ്ക്ക് വരുന്നത് കണ്ടു. അദ്ദേഹം വേഗത്തിൽ ഒരു കുതിരയുടെ പുറത്തു കയറി ദൂരേയ്ക്ക് പോയി. ഔറംഗസെബിന്റെ  ആൾക്കാർ ഇത് കണ്ടു കൊണ്ടു പുറകെ പോയി. കുറച്ചു അകലെ എത്തിയപ്പോൾ ശിവജി തിരിഞ്ഞു നിന്ന് അവരെ എതിരിടാൻ ആരംഭിച്ചു. പിന്നെ അവിടെ നടന്നത് ഗംഭീരമായ ഒരു യുദ്ധമായിരുന്നു.  ശിവജി ശത്രുക്കളെ ഓരോരുത്തരെയായി വെട്ടിയിട്ടു. നൂറു കണക്കിന് ആൾക്കാർ അദ്ദേഹത്തിന്റെ വെട്ടേറ്റു വീണു. ഒറ്റയ്ക്ക് നിന്ന് കൊണ്ടു അദ്ദേഹം പൊരുതുന്നത് കണ്ടു അവർ അമ്പരന്നു. ഇത്രയും ധീരതയോ എന്നവർ ആശ്ചര്യപ്പെട്ടു. ഒടുവിൽ ശത്രുക്കൾ തോറ്റു പിൻവാങ്ങി. അതെ സമയം അവിടെ ഭജന തുടർന്നു കൊണ്ടിരുന്നു. ദീപാരാധനയ്ക്കു സമയം ആയപ്പോൾ ഭജന നിർത്തി ആരതി കാണിച്ചു.

തുക്കാറാം അപ്പോൾ ഭഗവാനോട്
'വിഠലാ! നിന്റെ ഭക്തനെ രക്ഷിച്ചു കഴിഞ്ഞില്ലേ! ഇനിയെങ്കിലും മടങ്ങി വന്നു കൂടെ എന്ന് ചോദിച്ചു. കേട്ടു നിന്നവർക്കാർക്കും ഒന്നും മനസ്സിലായില്ല. എന്ത് സംഭവിച്ചു എന്നവർ നോക്കി. തുക്കാറാമിന്റെ ഭജന നടക്കുമ്പോൾ പാണ്ഡുരംഗന്‍ അവിടെ എപ്പോഴും സന്നിഹിതനാകുന്നതാണ് പതിവ്. ഇന്നെന്താ ഇങ്ങനെ എന്നവർ നോക്കി നിന്നു. തുക്കാറാം മഹാരാജ് 'ആരതിക്ക് സമയമായി. വിഠലാ വരൂ!' എന്ന് വിളിച്ചു.

എല്ലാവരെയും അത്ഭുതപ്പെടുത്തി ക്കൊണ്ടു മറ്റൊരു ശിവജി മഹാരാജ് അകത്തേയ്ക്ക് പ്രവേശിച്ചു. അകത്തു ഒരു ശിവജി ഭജനയിൽ പങ്കെടുക്കുകയായിരുന്നു. അപ്പോൾ ഈ ശിവജി ആരാണ് എന്ന് എല്ലാവരും ആശ്ചര്യത്തോടെ നോക്കി. ആരാണ് ശരിയായ ശിവജി എന്ന് സംശയമായി. കയറി വന്ന ശിവജി നേരെ തുക്കാറാമിന്റെ മുന്നിലേയ്ക്ക് വന്നു.  'നിന്റെ ആവശ്യപ്രകാരം ആ ഭക്തനെ ഞാൻ രക്ഷിച്ചു കഴിഞ്ഞു ഇപ്പോൾ സന്തോഷമായില്ലേ?' എന്ന് ചോദിച്ചു.
എന്നിട്ട് നേരെ സിംഹാസനത്തിൽ കയറി ഇരുന്നു. പെട്ടെന്ന് ശിവജിയുടെ രൂപം മാറി, ശംഖു ചക്ര ഗദാപാണിയായി, പീതാംബരം ധരിച്ചു കൊണ്ടിരിക്കുന്ന ഭഗവാന്റെ രൂപം അവിടെ എല്ലാവരും കണ്ടു. ഒരു ക്ഷണത്തിൽ ഭഗവാൻ അന്തർധാനം ചെയ്തു.

ശിവജി പൊട്ടിക്കരഞ്ഞു കൊണ്ടു സത്ഗുരുവായ തുക്കാറാമിന്റെ  പാദങ്ങളിൽ വീണു നമസ്കരിച്ചു. അടിയനു അങ്ങയുടെ അനുഗ്രഹത്താൽ ഈ മഹാഭാഗ്യം സിദ്ധിച്ചു. അങ്ങയുടെ ആജ്ഞയാൽ ഈശ്വരൻ എന്റെ രൂപം ധരിച്ചു എന്നെ ശത്രുക്കളിൽ നിന്നും രക്ഷിച്ചു എന്ന് പറഞ്ഞു കരഞ്ഞു. സദ്ഗുരുവിന്റെ കൃപകൊണ്ടു മാത്രമാണ് ഇത്രയും സാധിച്ചത്. ശിവാജിക്ക് വേണ്ടി സദ്ഗുരുവായ തുക്കാറാം ഭഗവാനോട്  'പ്രഭോ! ഈ കുഞ്ഞിനു നിന്റെ ഭജനയ്ക്ക് കൂടാൻ ആഗ്രഹം ഉണ്ട്. പക്ഷെ രാജധർമ്മം അതിനനുവദിക്കുന്നില്ല. നീ തന്നെ അവനെ രക്ഷിച്ചു അനുഗ്രഹിക്കണം' എന്നു പ്രാർത്ഥിച്ചിരുന്നു. ആ പ്രാർത്ഥനയ്ക്കു വശം വദനായി ഭഗവാൻ ശിവജിയുടെ രൂപം സ്വീകരിച്ചു ഒരു നാടകം കളിക്കുകയായിരുന്നു.
ശിവജി മഹാരാജ് ഒന്നും ചെയ്തില്ല. തന്റെ സദ്ഗുരുവിന്റെ ചരണങ്ങളിൽ സ്വയം അർപ്പിച്ചു , അദ്ദേഹം പറഞ്ഞത്‌ അനുസരിക്കുക മാത്രമാണ് ചെയ്തത്.

*അതു കൊണ്ടു പ്രശ്നങ്ങൾ നമ്മളെ അലട്ടുമ്പോൾ അതിനെ ക്കുറിച്ച് വേവലാതിപ്പെടാതെ ഈശ്വര സ്മരണയിൽ ഇരിക്കുകയാണു വേണ്ടത്. അപ്പോൾ ഈശ്വരൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുന്നു.*

*ഹരേ കൃഷ്ണാ *

No comments:

Post a Comment