Monday, October 29, 2018

 ജലന്ധരനെന്ന അസുരന്‍ സിന്ധുസമുദ്രത്തില്‍ നിന്ന് ഉണ്ടായി. സമുദ്രത്തില്‍ നിന്ന് ജനിച്ചതുകൊണ്ട് മഹാലക്ഷ്മിയുടെ സഹോദരന്‍ എന്ന പദവിയും അയാള്‍ക്ക് ലഭിച്ചു. അയാളുടെ പത്‌നിയുടെ പാതിവ്രത്യശക്തികൊണ്ട് അവള്‍ ഒരിക്കലും വിധവയാകില്ല എന്നൊരു നേട്ടവും അസുരനുണ്ടായി. ജലന്ധരന്‍ ഉഗ്രതപസ്സുകൊണ്ട് അതിപരാക്രമിയായി, ഉപദ്രവകാരിയുമായി. ജലന്ധരനെ കൊല്ലാന്‍ ഒരു ശക്തിക്കും സാധ്യമല്ല. അഹങ്കാരിയായ ജലന്ധരന്‍ ദേവന്മാരെയെല്ലാം തോല്‍പിച്ച് വിഷ്ണുവുമായി പോരിനൊരുങ്ങി. അളിയനായതുകൊണ്ട് വിഷ്ണു പലപ്രാവശ്യം തോറ്റുകൊടുത്തു. നാരദന്‍ ഒരിക്കല്‍ അവന്റെ അടുക്കലെത്തി പാര്‍വതിയുടെ അന്യാദൃശമായ രൂപസൗന്ദര്യം വര്‍ണിച്ചുകേള്‍പ്പിച്ചു. പാര്‍വതിയില്‍ മോഹമുദിച്ച ജലന്ധരന്‍ രാഹുവിനെ ശിവന്റെയടുക്കല്‍ പറഞ്ഞയച്ച് പാര്‍വതിയെ തന്റെയടുക്കലെത്തിക്കാന്‍ ശിവനോട് ആജ്ഞാപിച്ചു. ഇരുവരും തമ്മില്‍ യുദ്ധമുണ്ടായി. മായാവിയായ ജലന്ധരന്‍ പാര്‍വതിയെ ശിവരൂപത്തില്‍ പ്രാപിക്കാന്‍ ശ്രമിക്കുന്നതായറിഞ്ഞ വിഷ്ണു പാര്‍വതിയോട് ഒരു താമരക്കുള്ളില്‍ ഒളിച്ചിരിക്കാന്‍ ആവശ്യപ്പെട്ടു. ഈ സമയംനോക്കി വിഷ്ണു ജലന്ധരന്റെ രൂപംപൂണ്ട് അവന്റെ ഭാര്യ വൃന്ദയെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി രമിച്ചു. വൃന്ദയുടെ പാതിവ്രത്യം നഷ്ടപ്പെട്ടതോടെ ജലന്ധരന്റെ പകുതി ശക്തി നഷ്ടപ്പെട്ടു. പിന്നീട് ശിവന്റെയും വിഷ്ണുവിന്റെയും ശക്തികള്‍ കൂടിച്ചേര്‍ന്ന് ഒരായുധമായി സൃഷ്ടിച്ചതാണ് ശാസ്താവ്. ജലന്ധരനെ നിഗ്രഹിച്ചശേഷം ശാസ്താവ് ഗരുഡാദ്രിയില്‍ തപസ്സുചെയ്തു വാണു. വൃന്ദയുമായി വിഷ്ണു കൂടിച്ചേര്‍ന്ന സഥലമാണ് വൃന്ദാവനം എന്നറിയപ്പെടുന്നത്. പിന്നീട് സത്യം മനസ്സിലാക്കിയ വൃന്ദയ്ക്ക് പശ്ചാത്താപമുണ്ടായി. അവള്‍ ദേഹത്യാഗം ചെയ്ത് വിഷ്ണുവില്‍ ലയിച്ചു. മരിക്കുന്നതിനുമുമ്പ് 'കല്ലായിത്തീരട്ടെ'യെന്ന് വിഷ്ണുവിനെ വൃന്ദ ശപിച്ചു. 'നീ ചെടിയായിത്തീരട്ടെ'യെന്ന് വിഷ്ണു തിരിച്ചും ശപിച്ചു. ശാപം നിമിത്തം വിഷ്ണു സാളഗ്രാമമയിത്തീര്‍ന്നു. വൃന്ദ തുളസിച്ചെടിയായി ഭവിച്ചു. വഞ്ചിക്കപ്പെട്ട വൃന്ദ ശപിച്ചതുകൊണ്ടാണ് സീതയെ രാവണന്‍ അപഹരിച്ചതെന്നും പറയപ്പെടുന്നു. ശാസ്താവിനെ സംബന്ധിച്ച ഈ കഥയെ പലതരത്തില്‍ വര്‍ണിച്ച് അനേകരൂപത്തിലാക്കി. വൈഷ്ണവവും ശൈവവുമായ ശക്തികളില്‍നിന്ന് ഉണ്ടായ മറ്റൊരു ശക്തിയാണ് ശാസ്താവ്. ധര്‍മ്മങ്ങളെ ശാസിക്കുന്നവനായതുകൊണ്ട് ധര്‍മ്മശാസ്താവെന്നും വിളിക്കപ്പെട്ടു.
janmabhumi

No comments:

Post a Comment