Monday, October 29, 2018

'ഇതെന്റെ കര്‍മ്മ ഫലമാണ്. ഇനിയെന്താണ് കരണീയം എന്ന് നിങ്ങള്‍ ഉപദേശിച്ചാലും. മൃത്യുവിനെ തടുക്കാനാവില്ല എന്നത് നിശ്ചയം എങ്കിലും ബുദ്ധിയുള്ളവര്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ ആരായുമല്ലോ. മണി, മന്ത്രം, ഔഷധം എന്നിവയുടെ പ്രാഗത്ഭ്യം അറിയുക എളുപ്പമല്ല. പണ്ട് സര്‍പ്പം കടിച്ചു മരിക്കാരായ ഭാര്യക്ക് തന്റെ അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച ഒരു ബ്രാഹ്മണനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അയാളുടെ കൈവശം ഒരു ദിവ്യമണി ഉണ്ടായിരുന്നുവത്രേ. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് പറഞ്ഞു നിഷ്‌ക്രിയരായിരിക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ആവില്ല. ഭൂമിയിലോ ലോകങ്ങളിലെ എവിടെയെങ്കിലും ഈശ്വരവിശ്വാസം മാത്രം വെച്ചുകൊണ്ട് ജീവിക്കുന്ന ആരെങ്കിലുമുണ്ടോ? വിരക്തനായ സന്യാസിപോലും ഭിക്ഷാന്നം സ്വീകരിച്ചാണ് ജീവിക്കുന്നത്. ഗൃഹസ്ഥന്‍മാരുടെ ദയവിലാണ് അവര്‍ കഴിയുന്നത്. പ്രയത്‌നം ചെയ്യാതെ വായില്‍ നിന്നും വയറ്റില്‍ എന്തെങ്കിലും ചെല്ലുന്നതെങ്ങിനെ? പ്രയത്‌നം ചെയ്തിട്ടും ഫലമില്ലെങ്കില്‍ മാത്രമേ, ഇത് വിധിയാണ് എന്ന് വിചാരിക്കാനാവൂ.' അപ്പോള്‍ മന്ത്രിമാര്‍ രാജാവിനോട്, തന്റെ ഭാര്യക്ക് അര്‍ദ്ധായുസ്സ് നല്‍കി ജീവിപ്പിച്ച മുനിയുടെ കഥ തങ്ങള്‍ക്ക് കേള്‍ക്കണമെന്നുണ്ട് എന്നഭ്യര്‍ത്ഥിച്ചു. രാജാവ് കഥ ചുരുക്കി വിവരിച്ചു. 'ഭൃഗു മഹര്‍ഷിയുടെ ഭാര്യ അതിസുന്ദരിയായ പുലോമയാണ്. അവരുടെ പുത്രന്‍ ച്യവനന്‍. ച്യവനന്‍ ശര്യാതിയുടെ പുത്രിയായ സുകന്യയെ വിവാഹം ചെയ്തു. അവരുടെ പുത്രന്‍ പ്രമതി. അദ്ദേഹത്തിന്റെ പത്‌നിയാണ് പ്രാതപി. അവര്‍ക്ക് രുരു എന്ന് പേരായ ഒരു പുത്രനുണ്ടായി. അദ്ദേഹം മഹാ താപസനായിരുന്നു. അക്കാലത്ത് ലോകവിശ്രുതനായിരുന്ന സ്ഥൂലകേശന്‍ എന്നൊരു ധര്‍മ്മാത്മാവും അവിടെ ജീവിച്ചിരുന്നു. ദേവനാരിയായ മേനക ആയിടയ്ക്ക് നദിക്കരയില്‍ കളിയാടവേ, വിശ്വവസുവില്‍ നിന്നും ഗര്‍ഭം സ്വീകരിച്ചു. അവള്‍ സ്ഥൂലകേശന്റെ ആശ്രമത്തില്‍പ്പോയി പ്രസവിച്ച് കുട്ടിയെ അവിടെ ഉപേക്ഷിച്ചു. 'പ്രമദ്വര' എന്ന് പേരിട്ട് സ്ഥൂലകേശന്‍ ആ പെണ്‍കുട്ടിയെ വളര്‍ത്തി. യഥാകാലം പൂര്‍ണ്ണവളര്‍ച്ചയെത്തിയ അവളെക്കണ്ട് രുരു കാമപരവശനായിത്തീര്‍ന്നു.
janmabhumi

No comments:

Post a Comment