Thursday, October 18, 2018

ഒരു മഹാ മത്സ്യം നദിയുടെ ഒഴുക്കിനാല്‍ തടസ്സപ്പെടാതെ പുഴയുടെ ഇരുകരകളിലേക്കും മാറിമാറി സഞ്ചരിക്കുന്നതു പോലെയാണ് അസംഗനായ ആത്മാവ് ജാഗ്രത്തിലും സ്വപ്‌നത്തിലും മാറിമാറി സഞ്ചരിക്കുന്നത്. ഒരു പരുന്ത് ആകാശത്തില്‍ പറന്നുപറന്നു തളര്‍ന്ന് ചിറകു പരത്തി കൂട്ടിലേക്കു തിരിച്ചു പോകുന്നതു പോലെയാണ് ആത്മാവ് തന്റെ സ്വരൂപാവസ്ഥാനമായ സുഷുപ്തിയിലേക്കു പോകുന്നത്. സുഷുപ്തിയില്‍ ഇന്ദ്രിയമനസ്സുകളുടെ എല്ലാം പ്രവര്‍ത്തനം നിലയ്ക്കുന്നതിനാല്‍ ദ്വൈതബോധവും ഇല്ല. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ലാത്തതിനാല്‍ സുഖദു:ഖങ്ങള്‍ക്കതീതവും ഭയരഹിതവും ആയ സ്ഥാനത്തെത്തി പരമാനന്ദം അനുഭവിക്കുന്നു.
ഈ സുഷുപ്തിസ്ഥാനത്ത് വെച്ച് ഈ ലിംഗാത്മാവ് (ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവ്) പ്രാജ്ഞാത്മാവിനാല്‍ ആലിംഗനം ചെയ്യപ്പെടുന്നു. അപ്പോള്‍, എങ്ങിനെയാണോ പ്രിയപ്പെട്ട ഭാര്യയാല്‍ ആലിംഗനം ചെയ്യപ്പെട്ട ഒരുവന്‍ ബാഹ്യമായും ആന്തരമായും ഉള്ള ഒന്നിനേയും അറിയാതിരിക്കുന്നത് (തദ്യഥാ പ്രിയയാ സ്ത്രിയാ സംപരിഷ്വക്തോ ന ബാഹ്യം കിഞ്ചന വേദ നാന്തരം), അതുപോലുള്ള അവസ്ഥയെ പുല്‍കുന്നു.  ഈ ആനന്ദാവസ്ഥയാണ് ആത്മാവിന്റെ അഥവാ പുരുഷന്റെ പരമമായ ലക്ഷ്യം. എന്നാല്‍ അജ്ഞാനം അവിടെ ഉള്ളതിനാല്‍ ആ ആനന്ദാനുഭവത്തെപ്പറ്റി ആത്മാവിന് ബോധമുണ്ടാകുന്നില്ല. ഇതാണ് സമാധിയും സുഷുപ്തിയും തമ്മിലുള്ള വ്യത്യാസം എന്നു മൃഡാനന്ദസ്വാമി വിശദീകരിക്കുന്നു.

No comments:

Post a Comment