Saturday, October 06, 2018

ജ്യോതിഷത്തില്‍ വിഖ്യാതനായിരുന്നിട്ടും സ്വന്തം ജാതകം ഗണിച്ചു നോക്കിയിരുന്നില്ല തലക്കുളത്തൂര്‍ ഭട്ടതിരി. അതൊന്നു ഗണിച്ചു നോക്കാമെന്നു നിശ്ചയിച്ചു ഭട്ടതിരി. ജാതിഭ്രംശം സംഭവിക്കുമെന്നായിരുന്നു ജാതകത്തിലുണ്ടായിരുന്നത്. അത് അദ്ദേഹം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു. ഒരിക്കല്‍ ദരിദ്രനായൊരു ബ്രാഹ്മണന്‍ ഭട്ടതിരിയുടെ അരികിലെത്തി. ദാരിദ്ര്യദുഃഖം തീര്‍ന്ന് ഒരു ദിവസമെങ്കിലും ജീവിച്ചിരിക്കാനാകുമോ എന്ന് ഭട്ടതിരിയോട് അദ്ദേഹം ആരാഞ്ഞു. ഇതുകേട്ട ഭട്ടതിരിയുടെ മനസ്സ് ആര്‍ദ്രമായി.  അദ്ദേഹം അല്‍പനേരം കണ്ണടച്ച് ഇരുന്ന ശേഷം, ദാരിദ്ര്യം തീരാനുള്ള കാലമായി എന്ന് ബ്രാഹ്മണനോടായി പറഞ്ഞു. അതിനായി താന്‍ പറയുന്നതുപോലെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദ്വാദശിനാ
ള്‍ അര്‍ധരാത്രി വടക്കുന്നാഥക്ഷത്രത്തിന്റെ വടക്കേ ഗോപുരത്തില്‍ പോയി നില്‍ക്കണം. അതു വഴി രണ്ടു ബ്രാഹ്മണര്‍ വരും. അങ്ങ് അവരോടൊപ്പം കൂടണം. അവര്‍ താങ്കളെ ഒഴിവാക്കാന്‍ ശ്രമിക്കും. എങ്കിലും വിട്ടുപോകരുത്. പോകുന്നിടത്തെല്ലാം കൂടെ പോകണം. 
ഈ കൗശലം ഉപദേശിച്ചത് ആരെന്ന് ചോദിച്ചാല്‍ പറയരുത്. ഈ പറഞ്ഞതെല്ലാം ചെയ്താല്‍ ബ്രാഹ്മണന്റെ ദാരിദ്ര്യംഅകലുമെന്ന് ഭട്ടതിരി പറഞ്ഞു. ഇതു കേട്ട ബ്രാഹ്മണന്‍ അപ്രകാരം ചെയ്യാമെന്നറിയിച്ച് സന്തോഷത്തോടെ തിരികെപ്പോയി. 
ബ്രാഹ്മണന്‍ ദ്വാദശി നാളില്‍ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. തേജോമയരായ രണ്ട് ബ്രാഹ്മണരെ കണ്ടു. ദരിദ്രബ്രാഹ്മണന്‍ അവരെ വിട്ടു പിരിയാതെ കൂടെക്കൂടി. ബ്രാഹ്മണര്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങ് എന്തിനാണ് ഞങ്ങളെ പിരിയാതെ കൂടിയിരിക്കുന്നതെന്തെന്ന് ബ്രാഹ്മണര്‍ ചോദിച്ചു. നിങ്ങള്‍ എങ്ങോട്ടു പുറപ്പെട്ടിരിക്കുകയാണെന്നായിരുന്നു ബ്രാഹ്മണന്റെ മറുചോദ്യം. ബദര്യാശ്രമത്തിലേക്കെന്ന ഉത്തരം കേട്ടതോടെ ഞാനും കൂടെവരാമെന്നായി ബ്രാഹ്മണന്‍. ഞങ്ങള്‍ ഇവിടെ കാണുമെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് ബ്രാഹ്മണര്‍ ചോദിച്ചു. പക്ഷേ  അതാരെന്ന് ബാഹ്മണന്‍ പറഞ്ഞില്ല. കാര്യമെല്ലാം ഞങ്ങള്‍ക്ക് മനസ്സിലായി, അങ്ങയോട് ഇതെല്ലാം ഉപദേശിച്ചയാള്‍ അധഃപതിക്കട്ടെയെന്ന് അവര്‍ ശപിച്ചു. നേരിട്ടു കണ്ടു പോയതിനാല്‍ ഞങ്ങള്‍ക്ക് നിങ്ങളെ ഉപേക്ഷിച്ചു പോകാനാകില്ല. കണ്ണടച്ചു കൊണ്ട്  ഞങ്ങളെ തൊട്ടോളൂ എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം ചെയ്ത്  നിമിഷങ്ങള്‍ക്കകം കണ്ണുതുറന്നപ്പോള്‍ ബദര്യാശ്രമത്തില്‍ ഒരു ഗൃഹത്തിലെത്തിയിരുന്നു. 
 ഗൃഹത്തിനകത്ത് ഒരാള്‍ മരണാസന്നനായി കിടപ്പുണ്ട്. അത് താങ്കളുടെ അപ്ഫനാണെന്ന് ബ്രാഹ്മണര്‍ അറിയിച്ചു. കാശിക്കു പോയ ഒരു അപ്ഫനുണ്ടല്ലോ താങ്കള്‍ക്ക്. അദ്ദേഹമാണിത്. അദ്ദേഹത്തെ കൊണ്ടു പോകാനെത്തിയ വിഷ്ണുദൂതന്മാരാണ് ഞങ്ങള്‍. അരനാഴികയ്ക്കകം ഞങ്ങള്‍ അദ്ദേഹത്തെ കൊണ്ടു പോകും. എന്ന് ബ്രാഹ്മണര്‍ അറിയിച്ചു. 
 ബോധം നശിച്ചിട്ടില്ലായിരുന്നതു കൊണ്ട് അപ്ഫന്  ബ്രാഹ്മണനെ കണ്ടപ്പോള്‍ തിരിച്ചറിയാനായി. തന്റെ സഹോദര പുത്രനെ കണ്ട അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. അദ്ദേഹം തന്റെ അളവറ്റ സമ്പാദ്യം സൂക്ഷിച്ചു വെച്ചിരുന്ന ജാളികയുടെ താക്കോല്‍ ബ്രാഹ്മണനു നല്‍കി. വൈകാതെ പ്രാണന്‍ വെടിഞ്ഞു. 
തനിക്കു കിട്ടിയ അളവറ്റ ധനവുമായി ബ്രാഹ്മണന്‍ വീട്ടിലെത്തി. അതിനു ശേഷം ഭട്ടതിരിയെ സന്ദര്‍ശിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു. വിഷ്ണുദൂതന്മാര്‍ തന്നെ ശപിച്ച കാര്യം കേട്ടപ്പോള്‍ അത് താന്‍ നേരത്തേ ഗണിച്ചു നോക്കിയിട്ടുണ്ടെന്ന് പറഞ്ഞ് ഭട്ടതിരി തന്റെ ജാതകമെടുത്ത് കാണിച്ചു. ഇതു കണ്ട ബ്രാഹ്മണന്‍ വിസ്മയഭരിതനായി. തിരികെ വീട്ടിലെത്തിയ ബ്രാഹ്മണന്‍ സമ്പല്‍സമൃദ്ധിയോടെ ജീവിതം തുടങ്ങി. ഭട്ടതിരിയാകട്ടെ തന്റെ പതനവും പ്രതീക്ഷിച്ച്് ഇരിപ്പായി.

No comments:

Post a Comment