Saturday, October 06, 2018

ഈ ലോകം മിഥ്യയാണെന്ന് അദ്വൈത്തില്‍ പറയുന്നുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ സഹജീവികളോടുള്ള കാരുണ്യത്തിനും സേവനത്തിനും എന്തു പ്രസക്തിയാണുള്ളത് എന്നു ചിലര്‍ സംശയം പ്രകടിപ്പിക്കാറുണ്ട്. മിഥ്യയെന്നാല്‍ ഇല്ലാത്തത് എന്നല്ല, മാറിക്കൊണ്ടിരിക്കുന്നത് എന്നാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന് ആധാരമായി മാറ്റമില്ലാത്ത ഒന്ന് നിലകൊള്ളുന്നുണ്ട്, അതാണ് പരമമായ സത്യം. ആ സത്യത്തെ നമ്മള്‍ ഇപ്പോള്‍ അറിയുന്നില്ല. ആ അറിവുണ്ടായാല്‍ പിന്നെ ഒന്നിനെയും തള്ളാനില്ല. ഈ പ്രപഞ്ചത്തില്‍ യാതൊന്നും തന്നില്‍ നിന്നു ഭിന്നമല്ലെന്ന് ബോധിച്ച് എല്ലാത്തിനേയും സ്‌നേഹിക്കാനും സേവിക്കാനും തയാറാകും.  അങ്ങനെയുള്ളവരുടെ ചിന്തയും വാക്കും പ്രവൃത്തിയുമെല്ലാം ലോകത്തിന് ഉപകാരമായിത്തീരും. ഞാന്‍ ബ്രഹ്മം, മറ്റുള്ളതെല്ലാം മിഥ്യ എന്നല്ല വേദാന്തം പഠിപ്പിക്കുന്നത്; മറ്റുള്ളവരെ തന്നെപ്പോലെ കാണാനാണ്. 
വിശക്കുമ്പോള്‍ നമുക്കു ഭക്ഷണം വേണം. ദാഹിക്കുമ്പോള്‍ വെള്ളം വേണം. രോഗം വന്നാല്‍ ചികിത്സ വേണം. ഇതൊക്കെ നമുക്ക് ആവശ്യമായതുപോലെ മറ്റുള്ളവര്‍ക്കും ആവശ്യമാണെന്ന് നമ്മള്‍ അംഗീകരിക്കണം. നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ മുന്നിലൊരാള്‍ വിശന്നിരിക്കുകയാണെങ്കില്‍ അതില്‍ കുറച്ചെങ്കിലും അയാളുമായി പങ്കുവെയ്ക്കാനുള്ള മനസ്സു നമുക്കുണ്ടാകണം. നമ്മുടെ ദൗര്‍ബല്യങ്ങളെ ന്യായീകരിക്കാനും മൂടിവെയ്ക്കാനുമല്ല ആദ്ധ്യാത്മിക ശാസ്ത്രത്തെ ഉപയോഗിക്കേണ്ടത്. മറിച്ച് ആ ദൗര്‍ബല്യങ്ങളെ അതിജീവിക്കുവാന്‍ ശാസ്ത്രത്തെ ആശ്രയിക്കുകയാണു വേണ്ടത്. 
ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ തീര്‍ഥാടനത്തിനു പുറപ്പെട്ടു. അന്നുച്ചയ്ക്കു കഴിക്കുവാനുള്ള ഭക്ഷണപ്പൊതിയും അവരുടെ കൈവശമുണ്ടായിരുന്നു. ഉച്ചയായപ്പോള്‍ അവര്‍ വിജനമായ ഒരു നദീതീരത്തെത്തി. അതിലൊരുവന്‍ ആഹാരം കഴിക്കുന്നതിനുമുമ്പായി നദിയില്‍ കുളിക്കാനിറങ്ങി. രണ്ടാമന്‍ വിശപ്പു സഹിക്കാനാവാതെ ഭക്ഷണപ്പൊതിയെടുത്ത് കഴിച്ചു തുടങ്ങി. തനിക്കുള്ള പങ്ക് കഴിച്ചുതീര്‍ന്നിട്ടും വിശപ്പടങ്ങിയില്ല. കൂട്ടുകാരന്റെ പങ്കും കൂടി കഴിച്ചാലോ എന്നു ചിന്തിച്ചു. അങ്ങനെ അയാള്‍ കൂട്ടുകാരന്റെ പങ്കും കഴിച്ചു തീര്‍ത്തു. ഒന്നാമന്‍ കുളി കഴിഞ്ഞു വന്നപ്പോള്‍ തനിക്കുള്ള ഭക്ഷണവും സുഹൃത്ത് കഴിച്ചുതീര്‍ത്തുവെന്നു മനസ്സിലായി.
''നീ എന്താണീ ചെയ്തത്?'' അയാള്‍ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ മറുപടിയായി സുഹൃത്തു ഗീതയിലെ ഒരു ശ്ലോകം ചൊല്ലി, ''അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ പ്രാണാപാന സമായുക്തഃ പചാമ്യന്നം ചതുര്‍വിധം''. എന്നിട്ടു പറഞ്ഞു, ''സകല ജീവജാലങ്ങളുടെയും ഉള്ളിലിരുന്നുകൊണ്ട് ഭക്ഷണത്തെയെല്ലാം ദഹിപ്പിക്കുന്നത് താന്‍ തന്നെയാണെന്ന് ഭഗവാന്‍ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് ഭക്ഷണം നീ കഴിച്ചാലും ഞാന്‍ കഴിച്ചാലും ഒരുപോലെയാണ്''. ഇതു കേട്ടിട്ട് ഒന്നാമന് ദേഷ്യം സഹിക്കാനായില്ല. അയാള്‍ ഉടന്‍ ഒരു വടിയെടുത്ത്, ഭഗവദ്ഗീതയിലെ 'നൈനം ഛിന്ദന്തി ശസ്ത്രാണി, നൈനം ദഹതി പാവകഃ...' എന്ന ശ്ലോകം ചൊല്ലിക്കൊണ്ട് രണ്ടാമനെ പൊതിരെ തല്ലി. എന്നിട്ടു പറഞ്ഞു, ''ആത്മാവിനെ ആയുധങ്ങള്‍ ഛേദിക്കുകയോ, തീ ദഹിപ്പിക്കുകയോ, ജലം നനയ്ക്കുകയോ, വായു ഉണക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍ വെറും ഒരു വടി കൊണ്ടടിച്ചാല്‍ ആത്മാവിന് എന്തു സംഭവിക്കാനാണ്?'' 
ഈ കഥയിലെ രണ്ടു സുഹൃത്തുക്കള്‍ക്കും ശാസ്ത്രജ്ഞാനമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് ആത്മജ്ഞാനമോ ശരിയായ വിവേകമോ കാരുണ്യമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒന്നാമന്‍ തന്റെ കൂട്ടുകാരനുള്ള ഭക്ഷണംകൂടി സ്വയം കഴിച്ചുതീര്‍ത്തത്. 'എന്നെപ്പോലെ എന്റെ കൂട്ടുകാരനും വിശക്കുന്നുണ്ടാകും. അതുകൊണ്ട് അവനുള്ള ഭക്ഷണം ഞാന്‍ കഴിക്കാന്‍ പാടില്ല' എന്ന് ചിന്തിച്ച് വിശപ്പിനെ നിയന്ത്രിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അതുപോലെതന്നെ രണ്ടാമനും സുഹൃത്തിന് വിശപ്പു നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ട് അങ്ങനെ ചെയ്തുപോയതാകാം എന്നു കരുതി ആ തെറ്റു ക്ഷമിക്കാനും കൂട്ടാക്കിയില്ല. അതിനു പകരം കൂട്ടുകാരനെ വടികൊണ്ടടിച്ച് തന്റെ ദേഷ്യം തീര്‍ക്കുകയാണുണ്ടായത്. അതുകാരണം രണ്ടുപേര്‍ക്കും ദുഃഖവും ദുരിതവും മാത്രം മിച്ചമായി. 
ശാസ്ത്രങ്ങളിലെ മന്ത്രങ്ങളും ശ്ലോകങ്ങളും മനഃപാഠം ചെയ്ത് ഉരുവിട്ടാല്‍ മാത്രം പോരാ. അവയുടെ സാരം  ദൈനംദിന ജീവിതത്തില്‍  പകര്‍ത്താനും നമുക്കു സാധിക്കണം. മറ്റുള്ളവന്റെ വേദന തന്റെ വേദനയായും, അവന്റെ ദുഃഖം തന്റെ ദുഃഖമായും കാണാന്‍ കഴിയണം. അതാണു ശരിയായ അദ്വൈതം. നമുക്കു വിശപ്പും ദാഹവും സുഖവും ദുഃഖവും ഉള്ളതുപോലെ മറ്റുള്ളവര്‍ക്കും ഇതെല്ലാം ഉണ്ട്. അതിനാല്‍ നമ്മുടെ ദുഃഖശാന്തിക്ക് ശ്രമിക്കുന്നതുപോലെ മറ്റുള്ളവരുടെയും ദുഃഖശാന്തിക്കുവേണ്ടി ശ്രമിക്കുക എന്നുള്ളതാണ് നമ്മുടെ ധര്‍മം. സ്വാര്‍ത്ഥതയും ഭേദബുദ്ധിയും വെടിഞ്ഞ് അത് നമ്മള്‍ പാലിക്കുമ്പോഴാണ് അദ്വൈതം പ്രായോഗികജീവിതത്തില്‍ സാര്‍ത്ഥകമാകുന്നത്. 
മാതാ അമൃതാനന്ദമയി

No comments:

Post a Comment