Wednesday, October 10, 2018

*എന്താണ്  ''മനസ്സ് ''.*
         
           
           *ഈ മനസ്സ് എന്നു പറയുന്നത് എന്താണ്...?  അതിന്റെ സ്ഥാനം എവിടെയാണ്...?  ഈ മനസ്സിനെ നമുക്ക് നിയന്ത്രിക്കാനൊക്കുമോ...?*
           *ഈ ചോദ്യങ്ങള്‍ നമ്മിൽ പലരും സ്വയം ചോദിച്ചിട്ടുണ്ടാകും. എങ്കിലും നമുക്കൊരിക്കലും പിടികിട്ടാത്തതാണ് ഈ മനസ്സ് എന്ന തിരിച്ചറിവും നമുക്കുണ്ട്.  നാം ദിവസവും പലപ്രാവശ്യവും പറയുന്ന വാക്കുകളാണ് ''എനിക്കൊന്നും മനസ്സിലായില്ല,  എന്റെ മനസ്സിനു വലിയ വിഷമം തോന്നുന്നൂ'' എന്നൊക്കെ.  നമ്മൾ എല്ലാത്തിനെയും കുറിച്ച് പഠിക്കുന്നത് മനസ്സു കൊണ്ടാണ്. അതു പോലെ നമ്മൾ സുഖവും ദുഃഖവും അനുഭവിക്കുന്നതും മനസ്സുകൊണ്ടാണ്. അങ്ങനെ നോക്കിയാല്‍ ഈ മനസ്സിനെ മാറ്റിനിർത്തി ഒരു ജീവിതം നമുക്കില്ലെന്നു  കാണാം. എന്താണീ മനസ്സ്...?   എവിടെയാണീ മനസ്സ്...?  നമ്മളൊക്കെ വിചാരിച്ചിരിക്കുന്നത് മനസ്സ് ബുദ്ധി എന്നൊക്കെപ്പറയുന്നത് Brain ആണ് എന്നല്ലേ...എന്നാൽ മരിച്ചവരുടെ ശരീരത്തിലും Brain ഒരു വ്യത്യാസവുമില്ലാതെ ഇരിക്കുന്നില്ലേ. പക്ഷേ അവിടെ മനസ്സില്ലല്ലോ. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ മനസ്സ് എന്നു പറയുന്നത് ശുദ്ധമായ ബോധത്തിൽ നിന്നുയർന്നു വരുന്ന കുറേ ചിന്തകളാണെന്നു കാണാം.  അതിനെ പ്രകടമാക്കുന്ന ഒരു ഉപകരണം മാത്രമാണ് Brain.* 
       *ഈ ചിന്തകൾക്ക് നാലുതരം സ്വഭാവമുണ്ട്. അതുകൊണ്ട് അതിനെ നാല് അന്തഃകരണങ്ങൾ എന്നു പറയുന്നു.  വികാര ചിന്തകളാവുന്ന മനസ്സ്, അറിവ് നേടുന്ന ബുദ്ധി, ഓർമ്മകൾ സൂക്ഷിക്കുന്ന ചിത്തം, ഞാൻ എന്ന അഹങ്കാരം.   ഇതിൽ മനസ്സും അഹങ്കാരവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനെ പോതുവേ മനസ്സ് എന്നും  ബുദ്ധിയും ചിത്തവും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാൽ അതിനെ ബുദ്ധി എന്നും വിളിക്കുന്നൂ.  നമ്മുടെ വ്യക്തിത്വം എന്നു പറയുന്നത് ശരീരം, മനസ്സ്, ബുദ്ധി ഈ തലങ്ങളിലാണ് നിലനിൽക്കുന്നത്.  ഈ മൂന്നിന്റെയും വികാസം ഒരു പോലെ സംഭവിക്കുമ്പോൾ ആ വ്യക്തി ശ്രേഷ്ഠനായിത്തീരുന്നൂ.  എന്നാൽ  നിർഭാഗ്യമെന്നു പറയട്ടെ നമ്മളിന്ന് ശരീരത്തെയും ബുദ്ധിയെയും മാത്രമേ വികസിപ്പിക്കാൽ ശ്രമിക്കുന്നുള്ളു.  നമ്മുടെ നാടിന്റെ വികസനവും ഈ രണ്ടു തലങ്ങളിൽ മാത്രമാണ് നടക്കുന്നത്.  ശരീര വികാസത്തിന് വേണ്ട Health Club, Hospitals, Hotels മുതലായവയും High Tech വിദ്യാഭ്യാസത്തിന് വേണ്ട സ്ഥാപനങ്ങളും  ദിനം പ്രതി വർദ്ധിച്ചു വരികയാണ്. എന്നാൽ നാം വളരെ പ്രധാനപ്പെട്ട കാര്യത്തെ മറന്നു പോയിരിക്കുന്നു.  നമ്മുടെ മാനസിക വികാസത്തെക്കുറിച്ച് നമ്മളിന്നും അജ്ഞരാണ്.  നമ്മളെ തളർത്തുന്നത് മുഴുവന്‍ നമ്മുടെ മനസ്സാണെന്ന് നാം തിരിച്ചറിയുന്നില്ല.  ഇന്ന് ലോകത്ത് നടക്കുന്ന സംഭവങ്ങളെല്ലാം വിശകലനം ചെയ്താല്‍ നമുക്കിത് മനസ്സിലാവും.  പത്രങ്ങളിൽ വരുന്ന വാർത്തകൾ തന്നെ നോക്കൂ. പീഡനങ്ങളുടെയും ക്രൂരതകളുടെയും അഴിമതികളുടെയും ആത്മഹത്യകളുടെയും കഥകൾ....!!!   ഇത് ചെയ്യുന്നവരും അനുഭവിക്കുന്നവരും എല്ലാം തന്നെ ശരീര ശക്തിയിലും ബുദ്ധി ശക്തിയിലും ഉയർന്നു നിൽക്കുന്നവരുമാണ്.  പക്ഷേ മനസ്സിന്റെ  വൈകല്ല്യം കൊണ്ട് ഓരോ നീച പ്രവർത്തികൾ ചെയ്യാനും മനസ്സിന്റെ ദൗർബല്ല്യം കൊണ്ട് പല ക്രൂരതകളും ദുഖങ്ങളും അനുഭവിക്കാനും ബാധ്യസ്ഥരാവുന്നു.  ഇവിടെയാണ് നമ്മുടെ ഭാരതീയ വേദസംസ്കാരത്തിന്റെ പ്രസക്തി......ഭാരതീയ ഋഷീശ്വരൻമാർ മനസ്സിന്റെ പ്രാധാന്യം മനസ്സിലാക്കി അതേക്കുറിച്ച് ആഴത്തിൽ പഠിച്ചവരാണ്. അവർ ശരീരത്തെക്കാളും ബുദ്ധിയെക്കാളും വിലമതിച്ചതും മനസ്സിനെയാണ്.  നമ്മുടെ ശരീരത്തെ പ്രവർത്തിപ്പിക്കുന്നത് മനസ്സാണ്.   ഈ ശരീരം എത്രതന്നെ ആരോഗ്യമുള്ളതായാലും അതിലെ മനസ്സു തളർന്നാൽ ശരീരവും തളരും.  അതു പോലെ നമ്മുടെ ബുദ്ധിയിൽ എത്രതന്നെ അറിവുകള്‍ ശേഖരിച്ച് വച്ചിട്ടുണ്ടെങ്കിലും അത് പുറത്തേക്ക് പ്രകടമാക്കുന്നത് മനസ്സിലൂടെയാണ്.  ആ മനസ്സ്  കലുഷിതമാണെങ്കിൽ....ശാന്തമല്ലെങ്കിൽ.... എത്രതന്നെ അറിവുണ്ടായാലും നമുക്കത് വേണ്ടവണ്ണം പ്രകടമാക്കാൻ കഴിയാതെ വരും.  ഒരാളുടെ ജീവിതത്തിന്റെ Quality നിശ്ചയിക്കുന്നത് അയാളുടെ മനസ്സിന്റെ അവസ്ഥയാണ്.*
            *നമ്മുടെ മനസ്സിനു രണ്ടുതരം സ്വഭാവമുണ്ട്.  ഒന്ന് വികാരവും മറ്റൊന്ന് വിവേകവും.   നിർഭാഗ്യവശാൽ നമ്മളെല്ലാവരും തന്നെ ഈ വികാരത്തിൽ ജീവിക്കുന്നവരാണ്.  വികാരം നമ്മെ ആകർഷിപ്പിക്കും,  ആസക്തരാക്കും,  അഹങ്കാരിയാക്കും.   നമ്മുടെ വികാര ചിന്തകളെല്ലാം ഒഴുകുന്നത് നമ്മുടെ ശരീരത്തിലേക്കും ബന്ധങ്ങളിലേക്കും വസ്തുക്കളിലേക്കുമാണ്.   ഇത് ആദ്യമെല്ലാം കുറച്ചു സന്തോഷവും സുഖവും തരുമെങ്കിലും കാലം കൊണ്ട് ക്ഷയിക്കുന്ന ശരീരം അകലുന്ന ബന്ധങ്ങള്‍ നഷ്ടപ്പെടുന്ന വസ്തുക്കൾ എല്ലാം തന്നെ  നമ്മെ തീരാദുഃഖത്തിലും  തളർച്ചയിലും കൊണ്ടെത്തിക്കുന്നു.   എന്നാൽ  വിവേകിയായ ഒരുവൻ ഈ ശരീരത്തിന്റെ നശ്വരതയെയും മറ്റു മനസ്സുകളുടെ വൈവിധ്യത്തെയും സ്വന്തം മനസ്സിന്റെ സ്വാതന്ത്ര്യത്തെയുമെല്ലാം തിരിച്ചറിഞ്ഞ് അവന്‍റെ ആകർഷണവും ആസക്തിയും മറ്റും ശരീരബന്ധ വസ്തുക്കളിലേക്ക് ഒഴുകാതെ,  തന്നെ ജീവസ്സുറ്റതാക്കി നിലനിർത്തുന്ന ആത്മചൈതന്യത്തിലേക്ക്.....പരമാത്മാവിലേക്ക് തിരിച്ചുവിടുന്നു.  ഇതൊരു എളുപ്പമായ കാര്യമല്ല. ഇങ്ങനെ വിവേകത്തിലേക്ക് നമ്മുടെ മനസ്സിന്റെ ശ്രദ്ധ തിരിക്കണമെങ്കിൽ അതിനുള്ള ജ്ഞാനം നേടിയിരിക്കണം.  ഈ ജ്ഞാനം ഇന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നോ ജീവിത രീതിയില്‍ നിന്നോ നമുക്ക് കിട്ടുന്നില്ല. അതിനൊരു ഗുരുവിന്റെ സഹായം കൂടിയേതീരു.  ആത്മ ജ്ഞാനം ഒരു ഗുരുമുഖത്തു നിന്നുതന്നെ കിട്ടണം. ഒരു ഗുരുവുമായുള്ള സത്സംഗത്തിൽ കൂടി നാം വേദതത്ത്വങ്ങളടങ്ങിയ ഭാഗവതം, രാമായണം, ഭഗവത്ഗീത ഉപനിഷത്തുക്കൾ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിക്കുമ്പോള്‍ നമുക്കു നമ്മുടെ മനസ്സിനെക്കൂറിച്ചും ഈശ്വരനെക്കുറിച്ചുമെല്ലാം ശരിയായ ജ്ഞാനം ലഭിക്കുന്നു.  ഭഗവത്ഗീതയിൽ ഭഗവാൻ പറയുന്നുണ്ട് _''ഞാനെല്ലാവരുടെയും ഉള്ളിലും ആത്മാവായ് നിലകൊള്ളുന്നു''_ (ഗീത-10 : 20)..*
*_''എന്നെ പ്രീതിപുർവ്വം ഭജിക്കുന്നവർക്ക് ഞാൻ ബുദ്ധിയോഗം....വിവേകം കൊടുത്തനുഗ്രഹിക്കുന്നു''_ (ഗീത- 10: 10) എന്നൊക്കെ.  അതുപോലെ _വികാരത്തിൽ മാത്രം ജീവിക്കുന്നൊരാൾ പടിപടിയായ് നശിക്കുന്നതെങ്ങനെയെന്നും ഗീതയിൽ പറയുന്നുണ്ട്_ (ഗീത- 2 : 62,63) ഇതെല്ലാം കേട്ട് പഠിച്ചുവെച്ചിട്ട് കാര്യമില്ല. നിരന്തരമായ സാധനയിൽക്കൂടി നമ്മുടെ അനുഭവമാക്കി മാറ്റണം.  ഭഗവാന്‍  പറയുന്നു  _''എന്നെ അനന്യമായ്......ആത്മാവായി കണ്ട്  സാധനയിൽക്കൂടി അതിനെ താത്വികമായി മനസ്സിലുറപ്പിക്കുന്നവന് എന്നിലേക്ക് അലിഞ്ഞുചേർന്ന്  ഞാനും അവനും ഒന്നായിത്തീരാൻ സാധിക്കും''_ എന്ന്. (ഗീത- 11 : 54)  എല്ലാ മതങ്ങളും ദൈവം ഒന്നേയുള്ളൂ എന്ന് പറയുമ്പോള്‍ നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത്. നമുക്കെല്ലാവര്‍ക്കും തന്നെ ദൈവമായിത്തീരാൻ സാധിക്കുമെന്നാണ്. അതാണ് ഭാരതത്തിന്റെ അദ്വൈതസിദ്ധാന്തം.*

*ഹരേ കൃഷ്ണാാാ...*

No comments:

Post a Comment