Wednesday, October 10, 2018

അസഹനീയ ദേഷ്യത്തിന്റെ പശ്ചാത്തലത്തില്‍ നാം വിളിച്ച് പറയും,' ദേ എന്റെ സ്വഭാവം നീ ശരിക്ക് മനസ്സിലാക്കിയിട്ടില്ല.' മറ്റുള്ളവരും ഇത് പറയുന്നത് നാം കേള്‍ക്കാറുണ്ട്. ഇത് നാം തിരിച്ച് ചോദിക്കേണ്ട ചോദ്യമാക്കി മാറ്റണം. എനിക്ക് ശരിക്കും എന്റെ സ്വഭാവം, സ്വരൂപം അറിയാമോ? ക്രോധാവേശത്തില്‍ എന്റെ സ്വഭാവം നീ ശരിക്ക് മനസ്സിലാക്കിയിട്ടില്ല, എന്ന് ആക്രോശിച്ചവരോടും പിന്നീട് സൗകര്യം ഒത്തുവരുമ്പോള്‍ തത്ത്വചിന്താസഹായകമായ നിലയില്‍ ഈ ചോദ്യം നമുക്കു തിരിച്ചു ചോദിക്കാം. 'ഞാന്‍ നിങ്ങളെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. സമ്മതിക്കാം. പക്ഷേ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വഭാവം അറിയാമോ? ഓരോരുത്തരും അവരവരുടെ സ്വഭാവം അറിയാന്‍ തീരുമാനിക്കട്ടെ. ഈ അന്വേഷണം വാസ്തവത്തില്‍ മറ്റെല്ലാ ലോകവ്യവഹാരങ്ങള്‍ക്കും, ജീവിതത്തിനും ആധാരമാക്കേണ്ടതുണ്ട്. സൂക്ഷ്മമായി എന്താ അറിയേണ്ടത്? ഞാന്‍ കാലാതിവര്‍ത്തിയാണ്, ഞാന്‍ ദേശാതിവര്‍ത്തിയാണ്. അതു കൊണ്ട് തന്നെ ഞാന്‍ ഒരിക്കലും കര്‍മ്മത്തിന്റെ ഫലം അല്ല. കര്‍മ്മഫലത്തിന്റെ ( ആദ്യന്തമുണ്ടെന്ന) പരിമിതി എന്നെ ബാധിക്കില്ല. എല്ലാ കര്‍മ്മഫലങ്ങള്‍ക്കും തുടക്കവും അനിവാര്യമായി അവസാനവും ഉണ്ടായിരിക്കും. പക്ഷേ എനിക്കതില്ല. ഈ വിശകലനം ആരംഭിച്ചത്, സ്വരൂപ അവബോധമാണ് നാം നേടേണ്ടതെന്ന വസ്തുത വ്യക്തമാക്കിക്കൊണ്ടാണ്. അതിന്റെ യുക്തി തിരിച്ചറിഞ്ഞ് ബോധ്യത്തെ ദൃഢപ്പെടുത്താന്‍ ഉത്സാഹിക്കേണ്ടതുണ്ട്

No comments:

Post a Comment