Friday, October 26, 2018

പ്രപഞ്ചത്തെ മുഴുവന്‍ നിലയ്ക്ക്‌ നിര്‍ത്തുന്ന ശക്തികളാണ്‌ ബ്രഹ്മതേജസും ക്ഷാത്രവീര്യവും. ഇവയാലാണ്‌ വ്യക്തിയും സമാജവും നിലനില്‍ക്കുന്നത്‌. എങ്കില്‍തന്നെയും ബ്രഹ്മനക്ഷത്രങ്ങള്‍ പരമമായ സത്യത്തിന്റെ തലത്തില്‍ അപ്രസക്തങ്ങളാണ്‌. പരമാത്മാവിനെ സംബന്ധിച്ച്‌ അവ അനായാസേന വിഴുങ്ങപ്പെടുന്ന ചോറുരുള കണക്കാണ്‌. ഉപനിഷദ്‌ സര്‍വ്വരും തന്നെ വളരെ ഭയപ്പാടോടെയാണ്‌ മൃത്യുവിനെ കാണുന്നത്‌. എന്നാല്‍ പരമേശ്വരനെ സംബന്ധിച്ച്‌ ഒരു തൊട്ടുകൂട്ടാന്‍ പോലെ അത്യല്‍പമാണ്‌ മൃത്യു. ഇപ്രകാരമുള്ള വര്‍ണ്ണനകളിലൂടെ പരമാത്മ മഹിമയെയാണ്‌ ഉപനിഷദ്‌ എടുത്തുകാണിക്കുന്നത്‌. ഇങ്ങനെയുള്ള മഹിതമായ പരമാത്മതത്വത്തെ ധര്‍മ്മാചരണത്തിലൂടെ ചിത്തശുദ്ധിയും ഏകാഗ്രതയും കൈവരിച്ച ധീരന്‍മാര്‍ക്കേ അറിയാവൂ.
വേദോക്തമായ കര്‍മ്മമാര്‍ഗത്തിലൂടെ ക്രമികമായുയര്‍ന്ന്‌ ദുഃഖങ്ങള്‍ക്കുപരിയുള്ള ദിവ്യലോകങ്ങളിലേക്കുയരാനും ആത്യന്തികമായ ബ്രഹ്മജ്ഞാനത്തെ നേടി പരമമായ അഭയപദത്തിലേക്കുയര്‍ന്ന്‌ സര്‍വ്വദുഃഖങ്ങള്‍ക്കുമുപരി അമൃതസ്വരൂപസ്ഥിതനാവാനും ഒരുപോലെ അധികാരിയാണ്‌ മനുഷ്യന്‍. ഈ രണ്ട്‌ മാര്‍ഗ്ഗവും തന്നെ അധികാരിഭേദമനുസരിച്ച്‌ ശ്രേഷ്ഠമാണ്‌. ഏത്‌ മാര്‍ഗ്ഗത്തില്‍ കഴിയുന്നയാളായാലും ശാസ്ത്രീയമായ ജീവിതചര്യ പഠിക്കണം. ശാസ്ത്രാനുസൃതം അറിഞ്ഞ്‌ ആചരിക്കുക എന്നത്‌ കര്‍മ്മമാര്‍ഗത്തിലും ശാസ്ത്രാനുസൃതം പരമസത്യത്തിന്റെ ശ്രവണ മനന നിദിധ്യാസങ്ങളിലൂടെ സത്യസാക്ഷാല്‍ക്കാരത്തിലേക്കുയരുക എന്നത്‌ ജ്ഞാനമാര്‍ഗത്തിന്റെയും സാരമാകുന്നു. രണ്ടിലും വെച്ച്‌ അവനവന്റെ അധികാരം ഏതിലെന്ന്‌ നിര്‍ണയിച്ചുകഴിയുകയാണ്‌ നാം വേണ്ടത്‌.

No comments:

Post a Comment