Friday, October 26, 2018

*ആത്മസേവ ശ്രേഷ്ഠസേവ*

''ഞാന്‍ എനിക്കിഷ്ടമായതു ചെയ്യുന്നു; ഭഗവാന്‍ എനിക്കു ഹിതകരമായതും'' എന്ന പ്രസിദ്ധമായൊരു ചൊല്ലുണ്ട്.

ഒന്നുമറിയാത്ത കൊച്ചുകുട്ടികള്‍ വരുംവരായ്കളെക്കുറിച്ചു ചിന്തിക്കാതെ പലതിലേക്കും എടുത്തുചാടാന്‍ തുനിഞ്ഞേക്കാം. എന്നാല്‍ കുട്ടിയുടെ കാര്യത്തില്‍ അതീവശ്രദ്ധാലുക്കളായ മാതാപിതാക്കള്‍ അപകടം മണത്തറിഞ്ഞ് പ്രശ്നങ്ങളിലേക്കു വീഴാതെ കുട്ടിയെ ചെറിയ ശിക്ഷകള്‍ കൊടുത്തുപോലും അത്തരം പ്രവര്‍ത്തികളില്‍നിന്നും വഴിതിരിച്ചുവിട്ട് രക്ഷിക്കുന്നു.

മനസ്സിനിഷ്ടമായത് എന്നാല്‍ മനസ്സിനെ കടിഞ്ഞാണില്ലാതെ തുറന്നുവിട്ട് അതിനിഷ്ടംപോലെ ചലിക്കാനനുവദിക്കലാണ്. എന്നാല്‍ അതനുവദിച്ചാലോ, വലിയ കുഴപ്പത്തില്‍ചെന്നു ചാടും.

മനസ്സിന് വിവേകശക്തി എന്നൊന്നുണ്ട്; അത് ഹിതകരമായതു മാത്രം ചെയ്യാനും തദ്വാരാ ഭാവിയില്‍ സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളില്‍നിന്നും രക്ഷപ്പെടാനും ജീവനെ സഹായിക്കുന്നു. ഈ വിവേകശക്തിയാവട്ടെ, മനസ്സിനും ബുദ്ധിക്കും അപ്പുറമുള്ളതും ആത്മശക്തിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതുമാണ്. അത് എല്ലാവരിലും ഉണ്ട്; ചിലരില്‍ അതിന്റെ പ്രഭാവം വളരെ വലുതായിരിക്കും, ചിലരില്‍ അതുറങ്ങിക്കിടക്കുകയായിരിക്കും.

നമ്മുടെ മനസ്സിനും സാക്ഷിയായും ഉറവിടമായും അതിന്റെ ചേതനാശക്തിയായും വര്‍ത്തിക്കുന്ന ഈശ്വരസ്വരൂപംതന്നെയാണല്ലോ ആത്മാ. മുകളില്‍ പറഞ്ഞ വിവേകശക്തി, നാം ഒരു കര്‍മ്മംചെയ്യാനിറങ്ങുമ്പോള്‍ ഇന്നത് നന്മ, ഇന്നത് തിന്മ, ഇന്നതു ചെയ്താല്‍ ശ്രേയസ്സും ഇന്നതു ചെയ്താല്‍ ദോഷവുമുണ്ടാവുമെന്നു നമ്മെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഈ വിവേകശക്തിക്കു വശംവദരായി വര്‍ത്തിക്കുകയും അതുവഴി ഉള്ളിലെ ശാന്തിക്ക് കോട്ടംതട്ടാതെ നോക്കുകയും ചെയ്യുക എന്നതാണ് ആത്മസേവകൊണ്ടുദ്ദേശിക്കുന്നത്.

നാം ഏതൊരു കര്‍മ്മംചെയ്യുന്നതും നമ്മുടെ സുഖത്തിനുവേണ്ടിയാണല്ലോ. സ്വാത്മാവിനെതൃപ്തിപ്പെടുത്തുക എന്നതുതന്നെ നമ്മുടെ ആത്യന്തികമായ ലക്ഷ്യവും. അപരനു സുഖത്തിനായി ചെയ്യുന്ന കാര്യങ്ങള്‍പോലും നമ്മുടെ ആത്മസുഖത്തിനുവേണ്ടിത്തന്നെ.

മനസ്സിനും സാക്ഷിയായി വർത്തിക്കുന്ന മനഃസാക്ഷിക്ക് (ആത്മാ) ഹിതകരമായതു മാത്രം ചെയ്യുക, മനഃസാക്ഷിയെ അനുസരിക്കുക, ശരീരംകൊണ്ട് അനുസ്യൂതം കർമ്മം ചെയ്തുകൊണ്ടിരിക്കുമ്പോഴും മനഃസാക്ഷിയെ സദാ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുക (സ്ഥിതപ്രജ്ഞത്വം)... ഇതുതന്നെ ശരിയായ ആത്മസേവ.

No comments:

Post a Comment