Sunday, October 28, 2018

മനസ്സുതന്നെ ബ്രഹ്‌മാവ്; മനസ്സുതന്നെ വിഷ്ണു, മനസ്സുതന്നെ രുദ്രൻ... അത് സൃഷ്ടി നടത്തുകയും, നിലനിർത്തുകയും, അവസാനം അതിൽത്തന്നെ ലയിപ്പിക്കുകയും ചെയ്യുന്നു. സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ നടത്തുന്ന ഈ മനസ്സുതന്നെ, അവസാനം അതിന്റെ ഉറവിടമാകുന്ന ഹൃദയത്തിൽ (അനന്താവബോധം) ലയിക്കുകയും ചെയ്യുന്നു. 
2. നിങ്ങൾ നിങ്ങളെ കൊടുക്കൂ; നിങ്ങൾ ഭഗവാനായിത്തീരും!!!
"ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം"
- രമണ മഹർഷി
കാര്യം ഇത്രമാത്രം സിമ്പിൾ ആണ്; പക്ഷേ, മനസ്സും ബുദ്ധിയും പറയുന്നു, കുറെയേറെ അറിയാനുണ്ടെന്ന്; അതെല്ലാം അറിഞ്ഞുകഴിഞ്ഞാലേ പൂർണ്ണമാകൂ എന്ന്‌. എന്നിട്ട് എല്ലാം ചേർത്ത് കുഴച്ചുമറിച്ച്, ചെളിക്കുണ്ടിൽ കിടന്നുകളിക്കുന്ന മൃഗങ്ങളെപ്പോലെ, കുണ്ടിൽ നിന്നും രക്ഷപ്പെടാനാവാതെ അതിൽത്തന്നെ അമർന്നുപോകുന്നു.
ഞാനുദിയാതുള്ള നിലയ്
ഞാനതുവായുള്ള നിലയ്.... അവിടെ പൂർണ്ണമല്ലാതെ മറ്റെന്തിനാണ് നിലനില്പുള്ളത്!
നിങ്ങൾ നിങ്ങളെ കൊടുക്കൂ; നിങ്ങൾ ഭഗവാനായിത്തീരും!!!.
3. ആത്മീയ യാത്രയിൽ യുക്തിയാണോ ഭാവനയാണോ വേണ്ടത്?
രണ്ടും മനസ്സിന്റെയാണ്... രണ്ടുകൊണ്ടും കാര്യമായ പ്രയോജനമുണ്ടാവുകയില്ല.
സ്വന്തം യുക്തിയെയും ഭാവനയെയും വിട്ട്, ശ്രേഷ്ഠനെന്നു പൊതുവെ അഭിപ്രായമുള്ള ഒരാചാര്യന്റെ മഹദ്‌വചനങ്ങളെ ഈശ്വരവചനമായിട്ടെടുത്ത്, തന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതാണെങ്കിൽ കൂടി, "എന്നെക്കാൾ എത്രയോ ശ്രേഷ്ഠതലത്തിൽ നിൽക്കുന്ന മഹദ് വ്യക്തിയാണ് ആചാര്യൻ; ആചാര്യന്റെ വാക്കുകൾ ശരിയാകാതെ തരമില്ല; എന്റെ വിവേകശക്തിയെ ആചാര്യന്റെ വചനങ്ങളോട് സന്നിവേശിപ്പിക്കുകയാണ് വേണ്ടത്" എന്നറിഞ്ഞു, അതിലേക്കായി പരിശ്രമിക്കുകയാണ് വേണ്ടത്. തീർച്ചയായും, കാലക്രമേണ ആചാര്യവചനങ്ങൾ സ്വയം സത്യമായി പരിണമിക്കും; അത് അനുഭവമാവുകയും ചെയ്യും.
നിങ്ങൾക്ക് ഒരു മഹദ്സന്നിധിയിൽ എത്രകണ്ട് അടക്കം സംഭവിക്കുന്നുവോ, അത്രയും നിങ്ങൾക്ക് ഉയർച്ചയുണ്ടാകും. നിങ്ങളുടെ വിനയമാണ് നിങ്ങളുടെ വിജയം. അതിനാൽ ഏറ്റവും മികച്ചതിൽ ഏറ്റവും മികച്ച ശിഷ്യനാവുക. ശിഷ്യന്റെ ഏറ്റവും വലിയ ഗുണം നിഷ്കാമമായ ഗുരുഭക്തിയും ആ പാദങ്ങളിൽ പൂർണ്ണമായ അടക്കവുമാണ്.
4. മനസ്സിനെ കുരുക്കിടാൻ...
മനസ്സ് വലിയൊരു തന്ത്രശാലിയാണ്; അതിന്റെ വരുതിക്ക് മനുഷ്യനെ കൊണ്ടുവരാനുള്ള പലവിധ കുരുക്കുകളും അതിന്റെ കൈവശമുണ്ട്. അതിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടുനിൽക്കുക എന്നത് സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം തുലോം കഠിനം തന്നെ!
മനസ്സിനോട് ശണ്ഠ കൂടാതെ, അതിനെ മയക്കാൻ കരുത്തുനേടുന്ന ധീരൻ മാത്രം വിജയിക്കുന്നു. "നേരിട്ടെതിർത്താൽ എതിർക്കുന്നയാളുടെ പകുതി ശക്തി ബാലിയിലേക്കു പോകും" എന്നുപറഞ്ഞതുപോലെ, മനസ്സിനോട് നേരിട്ടെതിർക്കാൻ ചെന്നാൽ അതു നമ്മെ തറപറ്റിക്കും, പിച്ചിച്ചീന്തി ദൂരെയെറിയും.
നിലത്തേക്കെറിയുന്ന ഒരു പന്ത് എത്ര വേഗത്തിൽ താഴേക്കെറിഞ്ഞുവോ അതിനേക്കാൾ ഇരട്ടിവേഗത്തിൽ ഇങ്ങോട്ടുതന്നെ തിരിച്ചുവരും; അതുപോലെ മനസ്സിനോട് ശണ്ഠകൂടാനോ കൂട്ടുപിടിക്കാനോ നടക്കണ്ടാ....മറിച്ച് തന്ത്രപൂർവ്വം മറഞ്ഞുനിന്നുകൊണ്ടുവേണം, അതറിയാതെത്തന്നെ അതിനു കുരുക്കിടാൻ..... അതിനെ മറിഞ്ഞുനിന്നുകൊണ്ട്, "അതെന്ത്?", "എന്തുകൊണ്ട്?" എന്ന് അതിന്റെ ഉറവിടത്തിലേക്കന്വേഷിച്ചു ചെല്ലുന്നതിലൂടെ മാത്രമേ അതിനെ കുരുക്കിടാൻ സാധിക്കൂ. അതിനെ കുരുക്കിട്ട് നിയന്ത്രിച്ചുകഴിഞ്ഞാൽ പിന്നെ പരമശിവൻ സർപ്പത്തെ എടുത്തു കഴുത്തിലണിഞ്ഞപോലെ മനസ്സിനെ നമുക്കൊരലങ്കാരമായി മാറ്റാം..
5. യോഗി ഒന്നിനെയും ഭയപ്പെടുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഒരു നൃത്തരൂപമാണ് കുംഭാട്ടം. നർത്തകി, പുറത്തെ താളമേളങ്ങൾക്കനുസരിച്ച് തകർപ്പൻ നൃത്തമാടുമ്പോഴും ശ്രദ്ധ തലയിലിരിക്കുന്ന ലോഹക്കുടത്തിലായിരിക്കും; അതിനെ വീഴാതെ കാത്തുസംരക്ഷിക്കും.
സത്യസ്ഥിതിയെ പ്രാപിച്ച ആൾ, ലോകത്ത് ഏതൊക്കെ തലത്തിലിരുന്നാലും സാഹചര്യമനുസരിച്ചുള്ള സ്ഥാനമാനങ്ങൾ വഹിച്ചുകൊണ്ട് പലവിധ കർമ്മങ്ങളിൽ ഏർപ്പെട്ടാലും, ശ്രദ്ധ മുഴുവൻ സമയവും അന്തരാത്മാവായി കുടിയിരിക്കുന്ന ഭഗവാനിലായിരിക്കും. അയാൾ ഒരു കർമ്മത്തെയും ഭയപ്പെടുന്നില്ല, ഒന്നിൽനിന്നും ഒളിച്ചോടുന്നില്ല; ബന്ധങ്ങളെയും അയാൾ കാര്യമാക്കുന്നില്ല, ഒന്നിനെയും അയാൾ ഭയപ്പെടുന്നില്ല! ശരീരം അതിന്റെ നിയതമായ കർമ്മങ്ങളിൽ മുഴുകും, യോഗി ആനന്ദചിത്തനായി അന്തർഹൃദയത്തിൽ വസിക്കും..
6.
ആത്മസൂര്യൻ
ആത്മാവിനെ അറിയൽ ആണ് ആത്മീയത; അതിനെ അറിയണമെങ്കിൽ ആദ്യം സ്വന്തം മനസ്സെന്തെന്നറിയണം. അതിനെ അറിയുന്ന യാത്രയിൽ അതിന്റെ അടുത്തേക്കടുക്കുംതോറും അതു മാഞ്ഞുപോകാൻ തുടങ്ങും; അവസാനം അതു അതിന്റെ ഉറവിടത്തിൽ പോയി മറയും; തത്‌സ്ഥാനത്ത് മറ്റൊന്നു പ്രകാശിക്കും. അതുതന്നെ ആത്മ!
ഉള്ളി തൊലിപൊളിക്കുന്നപോലെയാണ് മനസ്സിനെക്കുറിച്ചുള്ള (എന്താണ് മനസ്സ് എന്ന) അന്വേഷണം! ഓരോ ചിത്തവൃത്തിവരുമ്പോഴും അതിന്റെ പുറകിലേക്ക് പൊയ്പോയി മനസ്സിനെ അതിന്റെ മൂലത്തിൽ അന്വേഷിച്ചുചെന്നാൽ മനസ്സ് എന്ന ഇരുട്ട് (ആവരണം) മറയും; സർവ്വം പ്രകാശിപ്പിക്കുന്ന വെളിച്ചത്തിന്റെ മണ്ഡലമാണത്. ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചപോലത്തെ ആ ബോധമണ്ഡലത്തിൽ അല്പമായ ഇരുട്ടിനു പിടിച്ചുനിൽക്കാൻ സാധിക്കുമോ! സൂര്യന് ഇരുട്ടിനെ കാണാൻ സാധിക്കുമോ!!.
7. 
സത്യം ബോധിക്കുന്നത് കൈഞൊടുക്കുന്ന വേഗത്തിലാണ്
എല്ലാ ജീവന്മാരെയും ഭഗവാനാകുന്ന ഒരു കേന്ദ്രവസ്തു, ഒരു മഹാകാന്തം കണക്കെ, അതിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ മനസ്സ് എന്ന ഒരു വൻമല ജീവനാകുന്ന ഇരുമ്പുസൂചിക്കും ഭഗവാനാകുന്ന കാന്തത്തിനും ഇടയിൽ നിൽക്കുന്നതുകൊണ്ട് ആകർഷണം അറിയുന്നില്ല. ആകർഷണം അനുഭവപ്പെടണമെങ്കിൽ വളരെ പ്രയാസപ്പെട്ട് ആ വൻമലയെ പടിപടിയായി ഇടിച്ചുനിരത്തി മണ്ണ് കോരിമാറ്റേണ്ടിയിരിക്കുന്നു. മുഴുവൻ മണ്ണും പ്രയത്നിച്ചു മാറ്റിക്കഴിഞ്ഞാൽ ഒരു നിമിഷത്തിന്റെ ആയിരത്തിലൊരംശം വേഗത്തിൽ ആ ഇരുമ്പുസൂചിയെ കാന്തം ആകർഷിച്ചു തന്നിലേക്ക് ചേർക്കും.
സത്യം ബോധിക്കുന്നത് കൈഞൊടുക്കുന്ന വേഗത്തിലാണ്; തടസ്സം ഒന്ന് മാറിക്കിട്ടുകയേ വേണ്ടൂ..
8. 
"പ്രപഞ്ചത്തിലെ സകലതും ഈശ്വരൻ...ഈശ്വരൻ...." എന്നുപറഞ്ഞുനടന്ന എന്നിലും അങ്ങുതന്നെ വന്നിരുന്ന്, അവസാനം എന്നിൽ ഒരു ഞാൻ ഇല്ലാതായിത്തീർന്നു..
9. ഭയമെന്തിന്?
ഭാവിയെക്കുറിച്ചാണ് മനുഷ്യൻ ഏറ്റവുമധികം ഭയപ്പെടുന്നത്; ഇതാവട്ടെ ശുദ്ധ അറിവില്ലായ്മയും. മനുഷ്യനുമാത്രമേ ഇത്തരത്തിൽ ഭയമുള്ളൂ. "താൻ പ്രയത്നിച്ചതുകാരണമാണ് തനിക്കെല്ലാം നേടാൻ സാധിച്ചത്; താനില്ലെങ്കിൽ സർവ്വത്ര പ്രളയം" എന്ന ചിന്തയാണ് ഭയത്തിനു മുഖ്യഹേതു. തന്റെ പ്രയത്നത്തിനുപുറകിൽ ഒരു മഹാശക്തിയുടെ സാന്നിധ്യമുണ്ടായതുകൊണ്ടു മാത്രമാണ് തനിയ്ക്ക് വേണ്ടത്ര ഉയർച്ചയുണ്ടായത്, ആ മഹാശക്തിതന്നെ പലപല മാർഗ്ഗങ്ങളിലൂടെ തന്നിലൂടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് തനിക്കാവശ്യമായിട്ടുള്ള എല്ലാം ലഭിച്ചത്; താനില്ലെങ്കിലും ഇവിടെ ആ ശക്തിതന്നെയാണ് പ്രവർത്തിക്കാൻ പോകുന്നത്, അതിനാൽ എന്തു സംഭവിക്കേണ്ടതായിട്ടുണ്ടോ അതു ഭംഗിയായിത്തന്നെ നടക്കും.... എന്ന വിചാരം ഉള്ളിലുണ്ടായിക്കഴിഞ്ഞാൽ ഭയവും അവസാനിച്ചു.
സ്വശരീരത്തെ കരുതിയാണല്ലോ മനുഷ്യന്റെ ഏറ്റവും വലിയ ആശങ്ക; ആ ശരീരവുമായി ബന്ധപ്പെട്ടതുകൊണ്ടാണല്ലോ ബന്ധങ്ങളുണ്ടായതും ആ ബന്ധങ്ങളെച്ചൊല്ലി നമുക്കു പലവിധ ആശങ്കകൾ ഉണ്ടാകുന്നതും. ഇപ്പറഞ്ഞ ശരീരത്തിന്റെ കാര്യത്തിലാണെങ്കിലും, നമ്മുടെ ഒരു നിയന്ത്രണത്തിലുമല്ല അതിരിക്കുന്നത്. ഞാൻ കരുതിയപോലെയല്ല എനിയ്ക്ക് ഈ ശരീരമുണ്ടായത്, ഞാനാഗ്രഹിച്ചിട്ടുമില്ല ഈ ശരീരമുണ്ടായത്. ശരീരസംബന്ധിയായി എനിയ്ക്ക് ഒരു നിയന്ത്രണവും സാധ്യവുമല്ല; അതിനു അസുഖങ്ങൾ വരേണ്ടിടത്ത് അസുഖം വരും, അതുമായി ബന്ധപ്പെട്ട പലവിധ സുഖദുഃഖങ്ങൾ ഉണ്ടാകും. ഒന്നും എന്റെ നിയന്ത്രണത്തിലല്ല. എന്റെ ഒരുവിധ നിയന്ത്രണത്തിലുമില്ലാത്ത ഒന്നിനെക്കുറിച്ച് ഞാൻ ചിന്തിച്ചു തലപുകച്ചിട്ടെന്തു കാര്യം!
സാഹചര്യങ്ങൾ എന്താവശ്യപ്പെടുന്നുവോ അതിനനുസരിച്ച് ചെയ്യാനുള്ളത് ചെയ്യുക; ദുഃഖിച്ചതുകൊണ്ടോ വിഷമിച്ചതുകൊണ്ടോ ഒരുവിധ പ്രയോജനവുമില്ല. എന്താണോ ആ ശരീരത്തിൽ സംഭവിക്കാനുള്ളത് അതു സംഭവിക്കുകതന്നെ ചെയ്യും. ഈ ശരീരം എന്റെയല്ല, അതു പ്രകൃതിയുടേതാണ്. പ്രകൃതിക്കനുസരിച്ച് അതു ചലിക്കുന്നു; പ്രകൃതിക്കനുസരിച്ച് അതിനു ഉയർച്ചതാഴ്ചകൾ സംഭവിക്കുന്നു; പ്രകൃതിക്കനുസരിച്ചുതന്നെ, അതൊരിക്കൽ, പൂർണ്ണമായും ഇവിടെനിന്നും വിടവാങ്ങുകയും ചെയ്യും.
ഞാനാവട്ടെ, എന്റെ കുടുംബമാവട്ടെ, ഞാനുമായി ബന്ധപ്പെട്ട സമൂഹമാവട്ടെ, ഈ ലോകംതന്നെയാവട്ടെ...എല്ലാം ഒരു നിയതിക്കനുസരിച്ചു മാത്രം ചലിക്കുന്നു. സംഭവിക്കേണ്ടതെന്തോ അതു സംഭവിച്ചേ ഒക്കൂ; അതുമാത്രമേ സംഭവിക്കുകയുമുള്ളൂ. വ്യക്തി എത്രകണ്ട് തുള്ളിച്ചാടിയാലും വ്യാകുലനായാലും ഇക്കാര്യത്തിൽനിന്നും അശേഷം വ്യതിചലിക്കുകയുമില്ല. ഇതു പ്രപഞ്ചസത്യമാണ്; ആ സത്യത്തെ മാറ്റിമറിക്കാൻ മനുഷ്യനെന്നല്ല മറ്റൊരു ശക്തിക്കും സാധ്യവുമല്ല. ഭയപ്പെട്ടതുകൊണ്ടോ ഭയപ്പെടാതിരുന്നതുകൊണ്ടോ അതിനൊരുവിധ മാറ്റമുണ്ടാകാൻ പോകുന്നുമില്ല. അതിനാൽ ഇപ്പോൾ എങ്ങനെയോ അങ്ങനെത്തന്നെയിരിക്കുക; ചെയ്യാൻ സാധിക്കുന്നതു ചെയ്യുക; എന്നിട്ട് ഒരുവിധ ചിന്തയുമില്ലാതെ വന്നുഭവിക്കുന്നതിനു സാക്ഷിയായിട്ടിരിക്കുക; അതേ മനുഷ്യന് ചെയ്യാനുള്ളൂ...
letting go

No comments:

Post a Comment