Sunday, October 28, 2018

മരണ ശേഷം സ്വന്തം വീട് കാണാന്‍ ഇറങ്ങുന്ന ഒരു ആത്മാവിന്റെ കഥയാണിത്. താനില്ലാതെ വീട്ടില്‍ ഒന്നും നടക്കില്ല എന്ന് കരുതി അവര്‍ക്കായി ജീവിച്ചിരുന്ന കുടുംബ നാഥ എന്നാല്‍ വീട്ടില്‍ കണ്ട് കാഴ്ച്ച കണ്ട് ഞെട്ടുന്ന സ്ഥിതിയാണുണ്ടായത്.

കഥാകാരിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. കഥയിലേയ്ക്ക് കടക്കാം. ഇഷ്ടമായെങ്കില്‍ സപ്പോര്‍ട്ട് ചെയ്യാം.

എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്.

മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു.

അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു.

ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി.

മകൻ പാത്രം കഴുകി വെക്കുകയായിരുന്നു. കഴിച്ച പാത്രം ഇരുന്നയിടത്തു നിന്ന് മാറ്റാത്തവൻ, എല്ലാ പാത്രങ്ങളും വൃത്തിയായി കഴുകി അടുക്കി വെക്കുന്നു.

ജയേട്ടൻ തുണികളൊക്കെ ഇസ്തിരിയിടുന്നുണ്ടായിരുന്നു. ഇസ്‌തിയിട്ടുവെക്കുന്നത് കണ്ടിട്ട് അക്ഷരാർഥത്തിൽ ഞെട്ടി.

ഇസ്തിരിയിട്ടു വെച്ച ഷർട്ട് ഞാൻ ചെന്ന് ബട്ടൻസും ഇട്ടുകൊടുത്താലേ തൃപ്‌തി ആകാറുണ്ടായിരുന്നൊള്ളു.രാവിലത്തെ തിരക്കിൽ ഇതേ ചൊല്ലി എത്ര വഴക്കടിച്ചിരിക്കുന്നു.

ഞാനില്ലാതെ എന്റെ അടുക്കളയിൽ തീ പുകയിലെന്നു, ഊണു മേശയിൽ എച്ചിൽ പാത്രങ്ങൾ കുന്നുകൂടുമെന്ന്, വസ്ത്രങ്ങൾ വൃത്തിയാക്കപ്പെടിലെന്ന്, മുറ്റം കരിയില കൊണ്ടു നിറയുമെന്ന്, ഈ വീട് ഉണരുകയായോ ഉറങ്ങുകയോ ഇല്ലെന്ന് ഞാൻ കരുതിയിരുന്നു.

അവയൊക്കെ എന്റെ വെറും തോന്നലുകൾ മാത്രമാണ്. ഈ വീടിനു ഒരു മാറ്റമേയൊള്ളു. ഇവിടെ ഞാനില്ലെന്നൊരു മാറ്റം മാത്രം.

എന്റെ മക്കളും ഭർത്താവും സ്വയംപര്യാപ്തത കൈവരിച്ചിരിക്കുന്നു. ആശുപത്രിയിൽ കിടക്കയിൽ കിടക്കുമ്പോഴും ഞാൻ ഭയപ്പെട്ടത് എന്റെ മക്കൾ, എന്റെ ഭർത്താവ് അവരെങ്ങനെ ഞാനില്ലാതെ ജീവിക്കുമെന്നായിരുന്നു.

പുറത്തു എവിടെയെങ്കിലും പോയാൽ ഓടിയെത്തിയിരുന്നത് ഞാനില്ലാതെ എന്റെ വീടില്ല എന്നൊരു ചിന്തയിലായിരുന്നു പക്ഷെ ഇന്നു…

ഞാൻ മരിച്ച അന്നു അലമുറയിട്ടു കരഞ്ഞ മക്കൾ ഇന്ന് മാറിയിക്കുന്നു. ‘നീ ഇല്ലാതെയെങ്ങനാ ഇന്ദു ഞാൻ ജീവിക്കുക’ എന്നു ചോദിച്ച ജയേട്ടനും ആ സങ്കടത്തിൽ നിന്നൊക്കെ മാറി. ഇവരെയൊക്കെ ഓർത്തു ജീവിക്കാതെ മരിച്ച ഞാനാണ് വിഡ്ഢി.

കുടുംബത്തിന് വേണ്ടി, സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചു ജീവിക്കുന്ന ഓരോരുത്തരും വിഡ്ഢികളാണ്.- ജീവിക്കാതെ മരിക്കുന്നവർ.

No comments:

Post a Comment