Friday, October 26, 2018

ക്ഷേത്രം ഈശ്വരനിലേക്കുള്ള പ്രവേശന കവാടം
കൊച്ചുകുട്ടികള്‍ക്ക് മരുന്നുകൊടുക്കുമ്പോള്‍ പഴത്തിലോ മറ്റു സ്വാദിഷ്ടമായ ഭക്ഷണത്തിലോ ചേര്‍ത്തുകൊടുക്കാറുണ്ടല്ലോ. ഏതുവിധേനയും ഔഷധം ഉള്ളിലെത്തിക്കുക എന്നതാണു ലക്ഷ്യം. ഇതുപോലെ, ക്ഷേത്രങ്ങള്‍ വഴിക്കോ പുരാണകഥകള്‍ വഴിക്കോ മറ്റോ പരമകാരണമായ പൊരുളിന്റെ ആനുഭവമുണ്ടാക്കുക എന്നതാണു ഉദ്ദേശിക്കുന്നത്.
ഈശ്വരനിലേക്കുള്ള പ്രവേശനകവാടങ്ങളാണ് ക്ഷേത്രങ്ങള്‍. ഋഷീശ്വരന്മാരുടെ തപസ്സുകൊണ്ടു മഹനീയമാക്കപ്പെട്ടവയാണ് ക്ഷേത്രങ്ങള്‍. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളെയല്ലേ ആശ്രയിക്കാന്‍ പറ്റൂ. എല്ലാവരും ഒരുമിച്ചുകൂടി ഈശ്വരവിചാരം ചെയ്യൂകയും, നിത്യപൂജകളിലൂടെയും വാര്‍ഷികമഹോത്സവങ്ങളിലൂടെയും മറ്റും ദേവചൈതന്യത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടുമിരിക്കുന്ന ക്ഷേത്രങ്ങള്‍ അതാതു പ്രദേശങ്ങളിലെ ജനമനസ്സുകളെ നന്മയിലേക്കു തിരിച്ചുവിടാനുപകരിക്കുന്ന ദിവ്യകേന്ദ്രങ്ങളാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ഈശ്വരവിചാരത്തിനു ക്ഷേത്രങ്ങളുടെ ആവശ്യമില്ലെന്നു പറയുന്നവര്‍ ഒരു ബിരുദമോ മറ്റു ഉന്നത ബിരുദങ്ങള്‍ നേടുന്നതിനോ അതിനു താഴെയുള്ള ക്ലാസ്സുകള്‍ അനാവശ്യം എന്നു പറയുന്നതിനു തുല്യമാണ്.
വിശേഷേണ ഗ്രഹിക്കപ്പെടേണ്ടത് എന്തോ അതാണ് 'വിഗ്രഹം'. ഇതിലൂടെ ഭക്തര്‍ ശിലയെയല്ല, മറിച്ച് ഈശ്വരനെത്തന്നെയാണ് കാണുന്നത്. ഒരുകാലത്ത് ക്ഷേത്രങ്ങള്‍ അറിവിന്റെ കേന്ദ്രങ്ങളായിരുന്നു. എന്നാല്‍ അതിനൊക്കെ ഇക്കാലത്ത് ഭംഗം നേരിട്ടൂവരുന്നു. ക്ഷേത്രാരാധന ഈശ്വരനിലേക്കുള്ള ആദ്യപടികള്‍ ആണ്. അതില്‍നിന്നും പടിപടിയായി ഉയര്‍ന്നു വേദം പ്രതിപാദിക്കുന്ന തത്വബോധത്തിലേക്കു പ്രവേശിക്കേണ്ടതുണ്ട്. ക്ഷേത്രാധികാരികളും ബന്ധപ്പെട്ടവരും ഏറ്റവുംമധികം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാകുന്നു പരമേശ്വരജ്ഞാനത്തിലേക്കുതകുന്ന സംഗതികള്‍ ക്ഷേത്രങ്ങളില്‍ നടപ്പില്‍ വരുത്തുകയെന്നത്.
letting go

No comments:

Post a Comment