Wednesday, October 31, 2018

''പ്രത്യാഖ്യാനം ന കര്‍ത്തവ്യം'' എന്ന് ബ്രഹ്മദേവന്‍ പറഞ്ഞപ്പോള്‍ അതില്‍ ഒരു ആജ്ഞയുടെ സ്വരം വായുദേവന് അനുഭവപ്പെട്ടു. ദേവരാജന്‍ ഇന്ദ്രന്റെ മുഖത്ത് നോക്കിയപ്പോഴും വായുഭഗവാന് മറുത്ത് എന്തെങ്കിലും പറയാന്‍ തോന്നിയില്ല. ഏതായാലും ശ്രീകൈലാസത്തിലേക്കു പോവുകതന്നെ എന്ന് മാരുതന്‍ നിശ്ചയിച്ചു.
ബ്രഹ്മദേവന്‍ സ്വരം സ്വല്‍പമൊന്നു മയപ്പെടുത്തി.
ഹേ, വായുഭഗവാന്‍, അങ്ങയെക്കുറിച്ചുള്ള വിശ്വാസംകൊണ്ടാണ് ഈ നിയോഗം. അങ്ങ് മറ്റൊന്നും ചെയ്യേണ്ടതില്ല. അവിടുത്തെ സ്ഥിതിവിവരങ്ങള്‍ അന്വേഷിച്ചു വന്നാല്‍ മതി. അവിടെ കുമാരജനനത്തെക്കുറിച്ച് എന്തെങ്കിലും സൂചനകളുണ്ടോ എന്നറിയണം. അത്രമാത്രം. അന്വേഷിച്ചുവരാന്‍ ഞാന്‍ പോയാല്‍ സാധ്യമായെന്നു വരില്ല. ഇക്കാര്യത്തില്‍ അങ്ങയെ ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ കാര്യശേഷിയിലും ശക്തിയിലുമെല്ലാം വിശ്വാസമുണ്ട്. അവസരത്തിനനുസരിച്ചുള്ള യുക്തി പ്രയോഗിക്കാനും അങ്ങേക്കറിയാം.
ബ്രഹ്മാദികളെ നമിച്ചുകൊണ്ട് വായുദേവന്‍ യാത്രയായി. കൈലാസാദ്രിയില്‍ മാരുതന്‍ പ്രവേശിച്ചതും ശ്രദ്ധാലുവായിരുന്ന നന്ദികേശ്വരന്‍ തിരിച്ചറിഞ്ഞു. ആദ്യം ഒന്നു തടുത്തുനിര്‍ത്തി ആഗമനോദ്ദേശ്യം അറിയാനുള്ള താല്‍പര്യം വ്യക്തമാക്കി.
''വായുദേവന്‍ ഭയപ്പാടോടെയെങ്കിലും വിനയപൂര്‍വം കാര്യമറിയിച്ചു. മഹാദേവ ദര്‍ശനഭാഗ്യത്തിനായി താത്പര്യമില്ലാത്തവരായി ഈ പ്രപഞ്ചത്തില്‍ ആരുണ്ടാകും. ആ താല്‍പര്യം കൊണ്ടാണ് വന്നത്. പിന്നെ മറ്റൊരു കാര്യവുമുണ്ടായിരുന്നു. ബ്രഹ്മദേവന്റെ നിയോഗവുമുണ്ട്. ബ്രഹ്മദേവന് ഉമാമഹേശ്വരന്മാരെ കാണാന്‍ ആഗ്രഹമുണ്ട്. നേരില്‍ കണ്ട് അനുവാദം വാങ്ങുവാനും വിധാതാവ് എന്നെ നിയോഗിച്ചു.''
വായുദേവന്റെ നേരെ കോപിക്കാതെ തന്നെ നന്ദികേശ്വരന്‍ അനുജ്ഞ നിഷേധിച്ചു. ബ്രഹ്മദേവന് എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാന്‍ സ്വാതന്ത്ര്യമുള്ളതാണല്ലോ. അക്കാര്യത്തില്‍ ഒരു പ്രത്യേക ദൂതന്റെ ആവശ്യമില്ലല്ലോ. ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ എല്ലാനിലയ്ക്കും ഒന്നുതന്നെയാണെന്നാണ് ശ്രീപരമേശ്വരന്‍ എന്നോടു പറഞ്ഞിട്ടുള്ളത്. അവരെ തമ്മില്‍ വേര്‍തിരിച്ചുകാണാന്‍ ശ്രമിക്കരുതെന്നും മഹാദേവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. അതിനാല്‍ അങ്ങ് വേഗം തന്നെ പോയി ബ്രഹ്മദേവനേയും വിഷ്ണുദേവനേയും ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നാലും. ഇനി ഒട്ടും താമസംവേണ്ട.
വായുദേവന് മറിച്ചെന്തെങ്കിലും പറയാനുള്ള അവസരംപോലും ലഭിച്ചില്ല. അതിനു മുന്‍പുതന്നെ നന്ദികേശ്വരന്‍ അവിടെനിന്നും യാത്രയാക്കി.
വായുഭഗവാന്‍ വേഗം തന്നെ ചെന്ന് ബ്രഹ്മദേവനെ വിവരമറിയിച്ചു. അതനുസരിച്ച് ബ്രഹ്മാവും മഹാവിഷ്ണുവും ദേവേന്ദ്രനും മറ്റു ചില ദേവന്മാരുമൊന്നിച്ച് ഉടനെ കൈലാസത്തിലേക്കു യാത്രതിരിച്ചു.
ശ്രീകൈലാസത്തില്‍ നന്ദിദേവന്‍തന്നെ സ്വയം അവരെ ശിവസന്നിധിയിലേക്ക് ആനയിച്ചു.
jayasankar

No comments:

Post a Comment