Wednesday, October 31, 2018

മൂന്നാം ബ്രാഹ്മണം
മനുഷ്യരൊക്കെയും സാധനയുടെ ഭാഗമായ ദമവും ദാനവും ദയയും ശീലിക്കണം. ഇങ്ങനെയെങ്കില്‍ ഉപാസനയ്ക്ക് അധികാരം ലഭിക്കും. ഇതനുസരിച്ച് സോപാധിക ബ്രഹ്മത്തെ ഉപാസിക്കാം. സോപാധിക ബ്രഹ്മത്തിന്റെ വിവിധ ഉപാസനകളെയാണ് ഇനി പറയുന്നത്.
ഏഷ പ്രജാപതിര്‍ ഹൃദയം ഏതദ് ബ്രഹ്മ, ഏതത് സര്‍വം...
ഏതിനെയാണോ ഹൃദയമെന്ന് പറയുന്നത് അത് പ്രജാപതിയാണ്. ഇത് ബ്രഹ്മമാകുന്നു. ഇത് എല്ലാ മാകുന്നു. ഹൃദയമെന്നുള്ളത് മൂന്ന് അക്ഷരങ്ങളോട് കൂടിയതാണ്. 'ഹൃ' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റുള്ളവരും ഉപഹാരങ്ങള്‍ കൊണ്ടുവരും. 'ദ' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് സ്വന്തക്കാരും മറ്റും വീര്യം ദാനം ചെയ്യുന്നു. 'യം' എന്നത് ഒരക്ഷരം. ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ സ്വര്‍ഗലോകത്തിലേക്ക് പോകുന്നു.
ഹൃദയം എന്ന് പറഞ്ഞത് ഹൃദയസ്ഥയായ ബുദ്ധിയെയാണ്. ആ ഹൃദയത്തെ ബ്രഹ്മമായും സര്‍വമായും താദാത്മ്യം പറയുന്നു. ഇതിലെ ഓരോ അക്ഷരത്തേയും അറിഞ്ഞ് ഉപാസിച്ചാല്‍ അതിനനുസരിച്ച ഫലം കിട്ടും. 'ഹൃ' എന്നാല്‍ ഹരതി ഹരിക്കുന്നു. 'ദ' എന്നാല്‍ ദദാതിദാനം ചെയ്യുന്നു. 'യ' എന്നാല്‍ യാതി എത്തിച്ചേരുന്നു എന്നിങ്ങനെയാണ് അര്‍ഥം. സ്വര്‍ഗം എന്നതുകൊണ്ട് ദേവലോകമെന്നേ കണക്കാക്കേണ്ടൂ. നാമാക്ഷരങ്ങളെ ഉപാസിച്ചാല്‍ ഈ ഫലം ലഭിക്കുന്നുവെങ്കില്‍ പൂര്‍ണമായ ഹൃദയോപാസന കൊണ്ട് വളരെ വലിയ നേട്ടമുണ്ടാകും എന്നറിയണം.
നാലാം ബ്രാഹ്മണം
ഹൃദയ ബ്രഹ്മത്തിന്റെ സത്യരൂപ ഉപാസനയെ ഇനി പറയുന്നു.
തദ്വൈ തദേതദേവ തദാസ, സത്യമേവ...
സത്യം ബ്രഹ്മേതി, സത്യംഹ്യേവബ്രഹ്മ
ഹൃദയ ബ്രഹ്മമെന്ന് പറഞ്ഞത് തന്നെ സത്യമാണ്. ഈ മഹത്തായതും പൂജനീയനും ആദ്യമുണ്ടായവനുമായവനെ സത്യമാകുന്ന ബ്രഹ്മം എന്നറിഞ്ഞ് ഉപാസിക്കുന്നയാള്‍ ഈ ലോകങ്ങളെ ജയിക്കും. അയാളുടെ ശത്രു പരാജിതനായി ഇല്ലാതായിത്തീരും. എന്തെന്നാല്‍ സത്യം ബ്രഹ്മം തന്നെയാണ്.
ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ വിജയിക്കുന്നത്. അയാള്‍ക്ക് ശത്രുക്കളേ ഇല്ല. ആര്‍ക്കെങ്കിലും ഇദ്ദേഹത്തോട് ശത്രുത ഉണ്ടെങ്കില്‍ തന്നെ തീര്‍ത്തും പരാജയപ്പെടും. എല്ലാതരത്തിലും വിജയത്തെ നേടിയവനാണ് സത്യസ്വരൂപനായ ബ്രഹ്മത്തെ ഉപാസിക്കുന്നയാള്‍. സ്ഥൂലവും സൂക്ഷ്മവുമായി എന്തെല്ലാമുണ്ടോ അതെല്ലാം ചേര്‍ന്നതാണ് സത്യം. ഇവിടെ പറഞ്ഞ സത്യം നാമവും രൂപവുമായിരിക്കുന്ന സത്യം തന്നെ. ബ്രഹ്മ ബുദ്ധിയില്‍ ജഗദ് ബുദ്ധി ഇല്ലാതായിത്തീരുന്നതുപോലെ ബ്രഹ്മോപാസകനും ശത്രുക്കള്‍ ഇല്ലാതായിത്തീരും.
swami Abhayananda

No comments:

Post a Comment