Friday, October 05, 2018

ആഭ്യന്തര യുദ്ധങ്ങള്‍ക്കും, സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അരങ്ങേറുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പോരാടിയവര്‍ക്ക് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോക്ടര്‍ ഡെനീസ് മുക്‌വെഗെ, യസീദികള്‍ക്കെതിരെ ഇസ്ലാമിക ഭീകരര്‍ അഴിച്ചുവിടുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പോരാടിയ നാദിയ മുറാദ് എന്നിവര്‍ക്കാണ് സമ്മാനങ്ങളെന്ന് നൊബേല്‍ സമിതി അധ്യക്ഷ ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. പത്തരക്കോടിയോളം രൂപയാണ് സമ്മാനത്തുക.
 ലൈംഗിക അതിക്രമങ്ങളെ യുദ്ധോപകരണങ്ങളാക്കുന്നതിനെതിരെ അതിശക്തമായി പോരാടിയവരാണ് ഇവര്‍.  സമിതി വ്യക്തമാക്കി. സ്ത്രീകളെയും അവരുടെ മൗലികാവകാശങ്ങളെയും അംഗീകരിക്കുകയും യുദ്ധകാലത്തും അവ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ കൂടുതല്‍ സമാധാനപൂര്‍ണമായ ലോകം സാധ്യമാകൂ. ബ്രിട്ട് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 
63 കാരനായ മുക്‌വെഗെ, ആഭ്യന്തര യുദ്ധം തകര്‍ത്ത കോംഗോയില്‍, ലൈംഗിക അതിക്രമങ്ങള്‍ മൂലം കടുത്ത മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രണ്ടു പതിറ്റാണ്ടായി ശ്രമിച്ചുവരികയാണ്. 1999ല്‍ അദ്ദേഹം  കോംഗോയിലെ തെക്കന്‍ കീവുവില്‍ പാന്‍സിയെന്ന ആശുപത്രി സ്ഥാപിച്ച്, യുദ്ധങ്ങളില്‍ മാനഭംഗത്തിന് ഇരകളായ പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് ചികിത്സിച്ചത്. അത്ഭുതങ്ങളുടെ ഡോക്ടര്‍ എന്നാണ് അറിയപ്പെടുന്നത്.
25കാരിയായ നാദിറ മുറാദ് ഇറാഖിലെ ഐഎസ് തടവില്‍ ഭയാനകമായ ക്രൂരതകള്‍ സഹിച്ച  യുവതിയാണ്.2014ല്‍ ഐഎസ് ഭീകരര്‍  നാദറിയെ തട്ടിക്കൊണ്ടുപോയി മൂന്നുമാസമാണ് ലൈംഗിക അടിമയാക്കിയത്. തന്ത്രപൂര്‍വം രക്ഷപ്പെട്ട അവര്‍ പുറത്തുവന്ന് ഐഎസിന്റെ പൈശാചികതകളെപ്പറ്റി ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നു. ഇറാഖിലെ മതന്യൂനപക്ഷമായ യസീദികളോട് ഐഎസ് ഭീകരര്‍ കാട്ടുന്ന കൊടിയ അക്രമങ്ങളും ലൈംഗിക പീഡനങ്ങളും യസീദികളെ അവര്‍ കൂട്ടത്തോടെ കൊന്നൊടുക്കിയതും എല്ലാം വാര്‍ത്താസമ്മേളനം നടത്തി അവര്‍ അവതരിപ്പിച്ചത് ലോകത്തെ നടുക്കിയിരുന്നു. ഐഎസ് ഭീകരര്‍ തട്ടിയെടുത്ത ആയിരക്കണക്കിന് യസീദി സ്ത്രീകളില്‍ ഒരുവളായിരുന്നു മുറാദ്. 
തട്ടിക്കൊണ്ടുപോയ ശേഷം ആദ്യം അവര്‍ ചെയ്തത് ഇസ്ലാമിലേക്ക് മതംമാറാന്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. മതംമാറ്റിയ ശേഷം അവര്‍ക്ക് വേണ്ടതെല്ലാം എന്നോട് ചെയ്തു. നാദിയ മുറാദ് പറഞ്ഞു. 
മുറാദിനെ പിന്നീട് മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ പ്രതിനിധിയാക്കി ഐക്യരാഷ്ട്രസഭ നിയമിച്ചിരുന്നു. വ്യക്തി സുരക്ഷ പോലും അവഗണിച്ചാണ് അവര്‍ നീതിക്കു വേണ്ടി, യുദ്ധക്കുറ്റങ്ങള്‍ക്ക് എതിരെ പോരാടിയത്. നൊബേല്‍ സമിതി വ്യക്തമാക്കി.
ഡിസംബര്‍ പത്തിന് സ്വീഡന്റെ തലസ്ഥാനമായ ഓസ്‌േളായില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനം നല്‍കും.

No comments:

Post a Comment