Saturday, October 06, 2018

*രാസലീല 29*
അകൃതോപാസന ആയിട്ടുള്ളവർക്ക് വേദാന്ത ജ്ഞാനം ഒന്നും യാതൊരു വിധത്തിലും പ്രയോജനപ്പെടില്ല. കൃതോപാസന എന്ന്വാച്ചാൽ മൂർത്തിയെ വെച്ച് പൂജിക്കലല്ല. കടം ഒക്കെ കൊടുത്തു തീർക്ക്വാ. കടം എങ്ങനെ അറിയും. നമ്മുടെ ജീവിതത്തിൽ ആരോടൊക്കെ നമ്മൾ ബന്ധപ്പെട്ന്നുവോ അവർക്കൊക്കെ എന്തോ കൊടുത്തു തീർക്കാനുണ്ട്. അതുകൊണ്ട് തന്നെയാ ബന്ധം. ആ കടം തീർന്നു എന്ന് എങ്ങനെ അറിയും. വൈരാഗ്യം വരും. ഭഗവദ് പ്രാപ്തിക്കുവേണ്ടി വൈരാഗ്യം വരും. ആസക്തി പൊയ്പോവും. വൈരാഗ്യം വെറുപ്പല്ല.ആത്മാനുഭവത്തിനായുള്ള ഉത്കടമായ അഭിലാഷം വരുമ്പോൾ നമുക്ക് അറിഞ്ഞു കൂടാ. നമ്മുടെ കടം ഒക്കെ തീർന്നു. അപ്പോ ബുദ്ധൻ ഇട്ടിട്ട് പോയപോലെ അപ്പോ വിവാഹം കഴിഞ്ഞ ഭാര്യയേയോ അപ്പോ ജനിച്ചിട്ടുള്ള കുട്ടിയേയോ ഒക്കെ ഇട്ടിട്ട് പോവാം. ആരു നോക്കും. യോഗ ക്ഷേമം വഹാമ്യഹം. നീയാണോ നോക്കണത്. നീ മരിച്ചു പോയാൽ ആരു നോക്കും. ഭഗവാൻ നോക്കി ക്കൊള്ളും അപ്പോ. അവിടെ സ്വതന്ത്രനാണ് ജീവൻ. കടം കഴിഞ്ഞു. ഇനി ചെയ്യണതൊക്കെ കർമബന്ധമാണ്. ഇനി ചെയ്യാൻ ഞാൻ തയാറല്ല. വിമുക്തരാവും സ്വതന്ത്രനായി പുറത്ത് . കൂട് പൊട്ടിച്ചു ചാടുന്ന സിംഹം പോലെ ചാടാം. അപ്പോ മാത്രേ അധികാരമുള്ളൂ. അതിന് മുമ്പ് ഒരു കാരണവശാലും ചാടാൻ പാടില്ല്യ പുറത്തേക്ക്. അതാണ് ഭഗവാൻ ഇവിടെ ഒരു test പോലെ പറേണത് ഭർത്താവിനെ ശുശ്രൂഷിക്കുന്നതാണല്ലോ സ്ത്രീകളുടെ ധർമ്മം. ഭർത്താവ് എങ്ങനെ ഉള്ള ആളാവട്ടെ എത്ര ദുശ്ശീലനാവട്ടെ സൗന്ദര്യം ഇല്ലാത്തവനാവട്ടെ വൃദ്ധനാവട്ടെ ജഡനാവട്ടെ പോകൂ തിരിച്ചു പോകൂ. പരപുരുഷനുമായി ഒരു വിധത്തിലും സംയോഗം ഉണ്ടാവരുത്. അത് നരകത്തിലേക്കുള്ള വഴിയാണ്.
അസ്വർഗ്ഗ്യം അയശസ്യം ച ഫത്ഗു കൃച്ഛ്രം ഭയാവഹം
ജുഗുസ്പിതം ച സർവ്വത്ര ഔപപത്യം കുലസ്ത്രിയാ:
അതുകൊണ്ട് നിങ്ങള് തിരിച്ചു പോവുക. വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് എന്നെ ശ്രവിച്ച് ഹൃദയത്തില് ധ്യാനം ചെയ്ത് എന്നെ കീർത്തനം ചെയ്ത് എന്നെ ധ്യാനിച്ചു നേടാൻ പറ്റുന്ന പോലെ അടുത്ത് വന്നാ പറ്റില്ല്യാന്നാണ്. ഇതും ഒരു നിയമം ആണ്. ഇതൊക്കെ ഭഗവാൻ പറേണത് വെറുതെ അല്ല. പക്ഷെ അതൊക്കെ ഗോപസ്ത്രീകൾക്ക് ബാധകമല്ലാന്ന് മാത്രേ ഉള്ളൂ. ഭഗവാൻ ഇവിടെ പറേണതും അതാണ്. സ്വാമി രാംദാസ് പറയും പലപ്പോഴും നമ്മള് മഹാത്മാക്കളെ ഒക്കെ കാണുമ്പോൾ അവരുടെ കൂടെ ചെന്നിരിക്കുക ഉപദേശം സ്വീകരിക്ക്വാ അവരെ നമസ്കരിക്ക്വാ പൂജിക്ക്വാ ഒക്കെ ചെയ്യാം. പക്ഷേ അധികകാലം അവിടെ നിന്ന് പോകരുത്. എന്താന്ന്വാച്ചാൽ കുറച്ചു കാലം കഴിഞ്ഞാൽ നമ്മൾ അവരെ ശരീരം പോലെ തന്നെ കണ്ടു തുടങ്ങുകയും പതുക്കെ പതുക്കെ ആദ്യം ഉണ്ടായ ഭാവം ഒക്കെ പോയി തുടങ്ങുകയും ചെയ്യും. അതിന് അവര് കാരണമല്ല. നമ്മുടെ അജ്ഞാനം കാരണമാണ്. നമ്മുടെ അജ്ഞാനം കാരണം അവരിൽ നിന്ന് നമുക്കുണ്ടായ inspiration ഉം ആന്തരികജീവിതത്തിന് വേണ്ടി കിട്ടിയ പ്രചോദനവും ഒക്കെ ചിലപ്പോ വറ്റിപ്പോവും. വറ്റിപ്പോവാൻ കാരണമെന്താ സന്നികർഷം ആണ്. ശരീരത്തിന്റെ അടുപ്പത്തിന് പ്രാമുഖ്യം കൊടുത്താൽ ചിലപ്പോ ശരീരിയോടുള്ള അടുപ്പം പൊയ്പോവും. അന്തര്യാമിയോടുള്ള അടുപ്പം പൊയ്പോവും. അതുകൊണ്ടാണ് മഹാത്മക്കളോടും വളരെ ജാഗ്രതയായിട്ട് പെരുമാറണം. അടുക്കുകയും വേണം എന്നാൽ ശാരീരികമായ അടുപ്പം അല്ല പ്രധാനം എന്നറിഞ്ഞു കൊണ്ട് വേണം അടുക്കാൻ. അങ്ങനെ അടുത്താൽ കുഴപ്പല്ല്യ. അതാണ് ഭഗവാനിവിടെ പറേണത് എന്നെ ശ്രവണം കീർത്തനം ധ്യാനം സ്മരണം അർച്ചനം വന്ദനം ഒക്കെ ചെയ്യുന്നതു പോലെ അടുത്തിരിക്കുന്നതിന് പ്രാമുഖ്യമില്ലെന്നാണ്. ചിലരൊക്കെ ചില മഹാത്മാക്കളുടെ അടുത്തിരിക്കണുണ്ടാവും. താമരവളയത്തിന് ചോട്ടിലിരിക്കണ തവളപോലെയെന്നാണ്. തണ്ടലർ മണ്ഡൂകം. വിളക്കിന് ചുവട്ടിലുള്ള ഇരുട്ട് പോലെ. വിളക്കുണ്ടാവും വിളക്കിന്റെ ചുവട്ടിൽ ഇരുട്ടുണ്ടാവും. ചുറ്റും പ്രകാശം പരത്തും. പക്ഷേ വിളക്കിന്റെ direct ചുവട്ടിൽ ഇരുട്ടായിരിക്കും. അതുപോലെ ആയിത്തീരാതെ ഇരിക്കണം. അതാണിവിടെ ഗോപസ്ത്രീകളോട് ഭഗവാൻ പുറേണത്. നിങ്ങൾ എവിടെയെങ്കിലും ഏകാന്തത്തിൽ ഇരിക്കൂ. വീട്ടിൽ തന്നെ ഇരിക്കൂ. ഇങ്ങനെ ഒക്കെ ഭഗവാൻ പറഞ്ഞു കേട്ട് അവരുടെ മുഖം വാടി പ്പോയി😔.
ഇതി വിപ്രിയമാകർണ്യ ഗോപ്യോ ഗോവിന്ദഭാഷിതം
വിഷണ്ണാ ഭഗ്നസങ്കല്പാ: ചിന്താമാപു: ദുരത്യയാം
കൃത്വാ മുഖാന്യവ ശുച: ശ്വസനേന ശുഷ്യദ്
ബിംബാധരാണി ചരണേന ഭുവം ലിഖന്ത്യ:
അസ്രൈ: ഉപാത്ത മഷിഭി: കുചകുങ്കുമാനി
തസ്ഥുർമൃജന്ത്യ ഉരുദു:ഖഭരാ: സ്മ തൂഷ്ണീം.
പ്രേഷ്ഠം പ്രിയേതരമിവ പ്രതിഭാഷമാണാം
കൃഷ്ണം തദർത്ഥവിനിവർത്തിതസർവ്വകാമാ
നേത്രേ വിമൃജ്യ രുദിതോപഹതേ സ്മ കിഞ്ചിത്
സംരംഭ ഗദ്ഗദഗിരോബ്രുവതാനുരക്താ:
ഭഗവാനങ്ങനെ പാഞ്ഞ് അവരുടെ മുഖം വാടി. മുഖം താഴ്ത്തി നിന്നു. ഉള്ളിൽ സഹിക്ക വയ്യാത്ത ദുഖം.😰 ദുഃഖത്തോടെ തീവ്രമായി ശ്വസിച്ചു. ചുണ്ട് വിറച്ചു. ചുണ്ടൊക്കെ വറ്റിപ്പോയി. കാൽവിരലുകൾ കൊണ്ട് ഭൂമിയിൽ ചിത്രം വരച്ചു. കണ്ണിൽ കണ്ണീര് നിറഞ്ഞു. കൺമഷി ഒക്കെ മുഖത്തായി. പ്രേഷ്ഠം പ്രിയേതരമിവ പ്രതിഭാഷമാണം ഏറ്റവും പ്രേഷ്ഠതമനായ കൃഷ്ണൻ ഒരു ശത്രുവിനെ പോലെ പറേണുവല്ലോ. ഞങ്ങളെ ഇത്രയൊക്കെ ആകർഷിച്ച് വിളിച്ചിട്ട് അടുത്ത് വരുമ്പോ ഇങ്ങനെ ആണോ പറയുക. ഇത്ര സ്നേഹത്തോടെ വിളിച്ചിട്ട്. എല്ലാം ഉപേക്ഷിച്ച് വന്നിരിക്കയാണ് ഗോപികകൾ
ശ്രീനൊച്ചൂർജി
*തുടരും...*

No comments:

Post a Comment