Thursday, October 11, 2018

ഋഷികളുടെ നാടായ ഭാരതം ക്ഷേത്രങ്ങളാല്‍ സമ്പന്നമാണ്. ഭാരതത്തില്‍ കാണുന്നത്രയും ക്ഷേത്രങ്ങള്‍ മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടാകാനിടയില്ല. പല പ്രശസ്ത ക്ഷേത്രങ്ങളും അവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെ പ്രശസ്തമാക്കിയിട്ടുള്ളവയാണ്. അതിലൊന്നാണ് ”ശബരിമല”.
വൃശ്ചികം ഒന്നുമുതല്‍ ശബരിമല തീര്‍ത്ഥാടനകാലം ആരംഭിക്കുകയാണ്. മണ്ഡലകാല വ്രതം 41 ദിവസം. തുലാമാസം തുടക്കത്തില്‍ത്തന്നെ വ്രതം അനുഷ്ഠിക്കുന്നവരാണ് വൃശ്ചികാരംഭത്തില്‍ അയ്യപ്പനെ കാണുവാന്‍ എത്തുന്നത്.
41 ദിവസം എന്ന കണക്കിന് പല വിശ്വാസങ്ങളുമുണ്ട്. നാല് എന്നത് മഹാവിഷ്ണുവിന്റെയും (ശംഖ്, ചക്രം, ഗദ, പദ്മം) ഒന്ന് എന്നത് ശിവന്റെയും അംശരൂപമായി കണക്കാക്കുന്നു. അതായത് ഹരിയും ഹരനും ചേര്‍ന്നത് ഹരിഹരന്‍. മണികണ്ഠന്‍ മഹിഷിയെ അന്വേഷിച്ച് പന്തളത്തു പുറപ്പെട്ടത് വൃശ്ചികം ഒന്നിന് 41 ദിവസത്തെ യാത്രയില്‍ എരുമേലിയില്‍ വച്ചാണ് കാണുന്നതും മോക്ഷം നല്‍കുന്നതും. 41 ദിവസത്തെ വ്രതത്തിന് ഇതും വിശ്വാസമായി കരുതുന്നു.
ഹൈന്ദവ സംസ്‌ക്കാരത്തില്‍ ഏറ്റവും പ്രാധാന്യമേറിയ വ്രതമാണ് മണ്ഡലകാലത്ത് അനുഷ്ഠിക്കുന്നത്. ജീവഋണങ്ങളില്‍ നിന്നും മോചിപ്പിക്കുവാനുള്ള ഉപാധിയായാണ് ഇതിനെ കണക്കാക്കുന്നത്. ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്നു ഋണങ്ങളാണ് മനുഷ്യനിലുള്ളത്. വ്രതമനുഷ്ഠിച്ച് 18-ാം പടി ചവിട്ടി അയ്യപ്പനെ ദര്‍ശിച്ചാല്‍ ഈ മൂന്നില്‍ നിന്നും മോചനം നേടാന്‍ സാധിക്കും. ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷിഋണവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി അയ്യപ്പന് സമര്‍പ്പിക്കുമ്പോള്‍ ദേവഋണവും, പമ്പയില്‍ സ്‌നാനം ചെയ്താല്‍ പിതൃഋണവും തീരുന്നു.മണ്ഡലകാലം വ്രതശുദ്ധിയുടെ നാളുകളാണ്.
സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ എന്നിവ കൃത്യമായി പാലിച്ചുവേണം ശബരിമലദര്‍ശനം നടത്തുവാന്‍ പമ്പയില്‍ സ്‌നാനം ചെയ്ത് പാപച്ചുമടുകള്‍ ഇറക്കുവാന്‍ ഭക്തര്‍ കെട്ട് മുറുക്കുമ്പോള്‍ മനസ്സുനിറയെ അയ്യപ്പദര്‍ശനം മാത്രം. വ്രതം അനുഷ്ഠിക്കുന്നവര്‍ ധരിക്കേണ്ട വസ്ത്രത്തിലും ചിട്ടകളുണ്ട്. അഗ്നിയുടെ പ്രതീകമായ കറുപ്പ് ലാളിത്യത്തെയും സമത്വത്തെയും പ്രതിനിദാനം ചെയ്യുന്നുവെങ്കില്‍ അനന്തവിശാലതയെയാണ് നീലവസ്ത്രം സൂചിപ്പിക്കുന്നത്.
പതിനെട്ടാം പടിക്കുമുണ്ട് പവിത്രമായ അര്‍ത്ഥതലങ്ങള്‍. പഞ്ചഭൂതങ്ങളും എട്ടുരാഗങ്ങളും മൂന്നു ഗുണങ്ങളും വിദ്യയും അവിദ്യയും പതിനെട്ടാം പടിയുടെ പൊരുളുകളാണ്. പേട്ടതുള്ളലും തിരുവാഭരണ ഘോഷയാത്രയും പമ്പാസദ്യയും കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളുടെ ഭാഗമാണ്. മകരവിളക്കിന്റെ തലേന്നാണ് പമ്പാസദ്യ. മറവപ്പടയുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ചവര്‍ക്കു പിതൃതര്‍പ്പണം നടത്തുന്ന സ്മരണയാണ് പമ്പാസദ്യ.
ചാന്ദോഗ്യപനിഷത്തിലെ മഹാവാക്യമാണ് ”തത്ത്വമസി”. ക്ഷേത്രത്തിനു മുന്നില്‍ ഇത് എഴുതിയിരിക്കുന്നതുകാണാം. തത് + ത്വം + അസി അതായത് ”അതുതന്നെയാണ് നീ” എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്നു വിശേഷിപ്പിക്കുന്നു. അയ്യപ്പദര്‍ശനത്തിനായി മലചവിട്ടി മറ്റൊരു പമ്പയായ് ഭക്തകോടികള്‍ സന്നിധാനത്തേക്കൊഴുകുമ്പോള്‍ എങ്ങും മുഖരിതമാകുന്നത് ശരണം വിളികള്‍ മാത്രം.
janmabhumi

No comments:

Post a Comment