Saturday, November 24, 2018

*രാസലീല 78*
രുരുദു: സുസ്വരം രാജൻ കൃഷ്ണദർശനലാലസാ:
കൃഷ്ണദർശനത്തിനുള്ള അതിതീവ്രമായ കാമത്തോടുകൂടെ ഗോപികകൾ ഉറക്കെ കരഞ്ഞു. അങ്ങനെ കരഞ്ഞപ്പോ അവരുടെ മുമ്പിൽ കൃഷ്ണൻ വന്നു എന്നല്ല അവിടെ തന്നെ ഉള്ളവൻ ആവിർഭവിച്ചു.
താസാ ആവിർഭൂത ശൗരി: സ്മയമാന മുഖാംബുജ:
പീതാംബരധര: സ്രഗ്വീ സാക്ഷാൻ മന്മഥമന്മഥ:
മന്മഥവിജയമാണ് രാസക്രീഡ. സാക്ഷാൽ മന്മഥമന്മഥനായി കാമനയെ കാമിപ്പിക്കുന്നവനായി കാമം എന്നുള്ള ഹൃദയത്തിലുണ്ടാവുന്ന വികാരത്തിനെ കാമം ഉണ്ടാവണത് ആത്മാവിനോടാണ്. എല്ലാ വികാരത്തിന്റേയും സോഴ്സ് ഞാനാണ്. എനിക്ക് വേണ്ടി ആണ് എല്ലാ അനുഭവങ്ങളും .കാമത്തിനെ തന്നെ മോഹിപ്പിക്കുന്നതാണ് ഉള്ളിലുള്ള വസ്തു. ആ ഉള്ളിലുള്ളവൻ പുറമേയ്ക് ഒരൂ പ്രത്യേക രൂപം ധരിച്ച് ആവിർഭവിച്ചു.
സാക്ഷാൻ മന്മഥമന്മഥ:
തം വിലോക്യാഗതം പ്രേഷ്ഠം
പ്രേഷ്ഠൻ
കണ്ടു. പ്രിയതമനെ കണ്ടു.
പ്രീത്യുത് ഫുല്ലദൃശോഽബലാ:
ഉത്തസ്ഥുർയ്യുഗപത് സർവ്വാസ്തന്വ: പ്രാണമിവാഗതം
ഈ ശ്ലോകങ്ങൾ കൊണ്ട് പ്രത്യേകിച്ച് അഷ്ടസഖികളുടെ ഭാവങ്ങളെ ഒക്കെ എടുത്തു പറയുന്നു. വൈഷ്ണവസമ്പ്രദായത്തിൽ ഭഗവാന്റെ മുഖ്യ സഖികളായിട്ട് ചന്ദ്രാവലി ശ്യാമള ചൈത്യ പത്മ രാധ ലളിത വിശാഖ ഭദ്ര എന്ന് എട്ട് പേരെ എടുത്തു പറയുകയും അതിൽ ചിലര് സരളകളും ചിലര് വാമകളുമാണ്. ആ വാമ എന്നുള്ള ഭാവത്തിനും ഘനം മൃദു എന്ന് രണ്ടു വിധത്തിലും അതില് സ്വാധീനകാന്തത്വം പരാധീനകാന്തത്വം എന്ന രണ്ടു ഭാവങ്ങളും വൈഷ്ണവശാസ്ത്രരീത്യാ അവര് പറഞ്ഞു വരുന്നു. ഇതിൽ ഈ അഷ്ടസഖികളുടെ ഓരോരുത്തരുടേയും ഭാവത്തിനെ ആണ് എടുത്തു പറയണത്.
കൃഷ്ണൻ മുമ്പില് ആവിർഭവിച്ച് കഴിഞ്ഞു.
രാസലീല അവര് ആരംഭിക്കുകയും ചെയ്തു.
ജ്ഞാനഭാഷയിൽ പറഞ്ഞാൽ ഹൃദയത്തിൽ ആത്മാവ് തെളിഞ്ഞു ബോധം തെളിഞ്ഞു എന്നർത്ഥം. ബോധം തെളിഞ്ഞു കഴിഞ്ഞാൽ അഞ്ച് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും എല്ലാം കൂടി ചേർന്ന് എട്ടും ആ ആനന്ദത്തിനെ നുകർന്നു തുടങ്ങും. എട്ട് ഇന്ദ്രിയങ്ങളിലൂടെയും ഹൃദയത്തിലുള്ള ബോധാനന്ദം പ്രവഹിച്ചു തുടങ്ങുകയും ലോകത്തിനെ കാണുകയും കേൾക്കുകയും മണക്കുകയും രസിക്കുകയും ചെയ്യുന്ന അഞ്ച് ഇന്ദ്രിയങ്ങളും, അതിനെ ഉള്ളിലെടുത്ത് സങ്കല്പിക്കുകയും വികല്പിക്കുകയും ചെയ്യുന്ന മനസ്സും, അതിനെ വിവേചനം ചെയ്യുന്ന ബുദ്ധിയും ഈ പ്രപഞ്ചദൃശ്യം എനിക്കുണ്ടാവുന്നു എന്ന് അഭിമാനിക്കുന്ന അഹങ്കാരവും, മൊത്തത്തിൽ പരാപ്രകൃതി രൂപമായ ഭഗവാന്റെ ആനന്ദത്തിൽ ആറാടി. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും സങ്കല്പവികല്പാത്മകമായ മനസ്സിലൂടെയും അഭിമാനരൂപമായ അഹങ്കാരത്തിലൂടെയും അധ്യവസായരൂപമായ ബുദ്ധിയിലൂടെയും ഒക്കെ തന്നെ ചിദാനന്ദരസത്തിനെ അനുഭവിച്ച് തുടങ്ങുകയും ചെയ്യുന്നതാണ് രാസം. ജീവന്മുക്തി എന്നർത്ഥം. ജീവന്മുക്തി ആണ് രാസം. ജീവന്മുക്തന്മാരുടെ ശരീരം ഇല്ലാത്തതായ അനുഭവമാണ് രാസം. ചിദാകാശരൂപികളായി ദേഹമില്ലാത്ത സ്ഥിതിയിൽ അതേ സമയം മറ്റുള്ളവരുടെ ദൃഷ്ടിയിൽ ദേഹം ഉള്ളവരായി നടന്നു കൊണ്ടും ദേഹത്തിലെ ഓരോ കോശത്തിലൂടെയും ബ്രഹ്മാനന്ദരസത്തിനെ അനുഭവിച്ച് കൊണ്ടുള്ള ജീവന്മുക്തന്മാരുടെ രസം ആണ് രാസം.
ശ്രീനൊച്ചൂർജി
*തുടരും. ...*..lakshmi prasad

No comments:

Post a Comment