Monday, November 26, 2018

ശ്രീകൈലാസത്തിലെ യുദ്ധ പരിശീലനം

എ.പി. ജയശങ്കര്‍ (ഗണേശ കഥകള്‍)
Tuesday 27 November 2018 2:01 am IST
മുരുകന്റെ കുട്ടിക്കാലം രസകരമായിരുന്നു. ആജ്ഞാനുവര്‍ത്തികളായ കളിക്കൂട്ടുകാര്‍ ഏറെ. സഹോദരസ്ഥാനീയരായ പത്തിലേറെ കളിക്കൂട്ടുകാരും. കളിക്കാനുള്ള അവസരങ്ങളും അനേകം. ഷഡാനന് ഇടയ്ക്കിടയ്ക്ക് ആറു മൂര്‍ത്തികളാകാനും ഒരാള്‍ മാത്രമാകാനും സാധിക്കുമായിരുന്നു.ആയോധന പരിശീലനത്തിലും ഇതുതന്നെയായിരുന്നു പ്രകൃതം.
സ്വയം രണ്ടുചേരിയായി നിന്ന് വാളും പരിചയുമായി ഏറ്റുമുട്ടും. ചിലപ്പോള്‍ ഈരണ്ടു പേരായിനിന്ന് ഗുസ്തി പിടിക്കും. ഒരു സുബ്രഹ്മണ്യന്‍ മറ്റൊരു സുബ്രഹ്മണ്യനെ മലര്‍ത്തിയടിക്കും. വേറെ ചിലപ്പോള്‍ തിരിച്ചും സംഭവിക്കും. ചിലപ്പോള്‍ രണ്ടുപേര്‍ക്കും വിജയിക്കാനാകാതെ, ആരുമാരും തോല്‍ക്കാതെ പരസ്പരം പിടിച്ചുനില്‍ക്കും. ഇടയ്ക്ക് പരസ്പരം ക്ഷമിച്ച് നില്‍ക്കും. വേറെ ചിലപ്പോള്‍ പരസ്പരം പരിശീലിപ്പിക്കും. ആരു ജയിച്ചു, ആരു തോറ്റു എന്ന് പറയാവാനാത്ത അവസ്ഥ. വിജയവും തോല്‍വിയും കാണാത്ത പോരാട്ടം.
ചില നേരങ്ങളില്‍ വീരബാഹു തുടങ്ങിയ സഹോദരങ്ങളും ശ്രീഗണേശനും വരെ ഈ പോരാട്ടത്തില്‍ പങ്കുചേരും.മറ്റുചിലപ്പോള്‍ ശ്രീപരാശക്തി മാതാവ് വന്ന് പരസ്പരം പ്രോത്സാഹിപ്പിച്ച് നില്‍ക്കും.ലോകഗുരുവായ ശ്രീപരമേശ്വരന്‍ തന്നെ നേരിട്ടുവന്ന് പ്രോത്സാഹനം നല്‍കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. മൊത്തത്തില്‍ പറഞ്ഞാല്‍ ശ്രീകൈലാസം തന്നെ ഒരു കളരി.
 ആയോധനക്കളരിയില്‍ ഗണേശന്‍ ഒരു ഭാഗത്തും മുരുകന്‍ മറുഭാഗത്തും ഇരുചേരികളില്‍നിന്ന് പോരടിക്കും. ഇടയ്ക്ക് ജഗദ്ഗുരു ദക്ഷിണാമൂര്‍ത്തി ഒരു വശത്തും പരാശക്തി മറുവശത്തും നിന്ന് പരിശീലനവും പ്രോത്സാഹനവും നല്‍കും. പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ അന്തരീക്ഷമാകും കൈലാസത്തില്‍ ആ സമയം.
പക്ഷെ, ശക്തിയുടേയോ ശിവന്റേയോ ഒറ്റവിളിയില്‍ എല്ലാ പോരാട്ടവീര്യവും ഉപേക്ഷിച്ച് അവര്‍ തോളോടു തോള്‍ ചേര്‍ന്നും തോളില്‍ കയ്യിട്ടും മടങ്ങിവരും.

No comments:

Post a Comment