Tuesday, November 27, 2018

ഭഗവദ് മായ
"ഞാൻ" എന്ന ഉണർവ്വായിരിക്കുന്ന ഹേ... പരമേശ്വരാ; അവിടുത്തേതിൽനിന്നും മനസ്സെന്ന ഒരനിർവചനീയ ശക്തി പൊന്തിവന്നു, അതിന്റെ കുറേ വാസനകൾ ഉണ്ടാക്കി, ആ വാസനകൾക്കനുസരിച്ച് ഇന്ദ്രിയങ്ങളിലൂടെ പുറമേയ്ക്കൊഴുകി, ആ വാസനകൾക്കനുയോജ്യമായ ഒരു ലോകം സൃഷ്ടിച്ചുകൊണ്ട് അതിൽ വിഹരിക്കുകയും, സുഖ-ദുഃഖങ്ങൾ തന്റേതെന്നു ധരിച്ച് അതിൽ സന്തോഷിച്ചും വിഷമിച്ചും കഴിഞ്ഞ്, പതിയെ അതിന്റെ ഉറവിടത്തിൽത്തന്നെ വിലയം പ്രാപിക്കുകയും, വീണ്ടും വീണ്ടും ഉദിക്കുകയും നിലനിൽക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ട് ഒരേ ചക്രത്തിൽ ചുറ്റിക്കൊണ്ടിരിക്കുന്നുവല്ലോ!
ഹേ പരമേശ്വരാ, അവിടുന്നാവട്ടെ ഇതിലൊന്നും ഇടപെടാതെ, ഇതിനാലൊന്നും ബാധിക്കപ്പെടാതെ, എന്നാൽ ഒരുതരത്തിൽ അതിനൊക്കെത്തന്നെ കാരണമായിക്കൊണ്ട്, നിശ്ചലതത്ത്വമായി നിലകൊള്ളുന്നുവല്ലോ! അവിടുത്തെ ശരിയാംവണ്ണം അറിഞ്ഞുകഴിഞ്ഞാൽ അവിടുത്തേതിൽനിന്നും വേറിട്ട, അവിടുത്തെ കാണുന്ന ഒരാൾ ഇല്ലാതെയുമിരിക്കുന്നുവല്ലോ. സർവ്വതും അവിടുന്നുതന്നെയായി നിലനിൽക്കുമ്പോൾതന്നെ, ഇക്കാണായ യാതൊന്നും അവിടുന്നല്ലാതെയുമിരിക്കുന്നുവല്ലോ! എന്തൊരു മഹാവിലാസം! അത്ഭുതം; അത്യത്ഭുതം!....sudha bharat

No comments:

Post a Comment