Saturday, November 24, 2018

ഗീതാധ്യാനം

പാ‍ര്‍ഥായ പ്രതിബോധിത‍ാം ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിത‍ാം പുരാണമുനിനാ മധ്യേ മഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം ഭഗവതീമഷ്ടാദശാധ്യായിനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്ഗീതേ ഭവേദ്വേഷിണീം
ഭഗവാന്‍ നാരായണന്‍ സ്വയം അര്‍ജുനനോടുപദേശിച്ചതും, പൗരാണികമുനിയായ വേദവ്യാസ മഹര്‍ഷി മഹാഭാരതത്തിന്റെ മദ്ധ്യത്തില്‍ കോര്‍ത്തതും, അദ്വൈതമാകുന്ന അമൃതം വര്‍ഷിക്കുന്നതും, പതിനെട്ട് അദ്ധ്യായങ്ങളോടുകൂടിയതും ഭഗവതിയുമായ ശ്രീമദ് ഭഗവദ്ഗീതേ, അമ്മേ, ഞാന്‍ സംസാരനാശിനിയായ അവിടുത്തെ അനുസ്മരിക്കുന്നു.
നമോസ്തുതേ വ്യാസ വിശാലബുദ്ധേ
ഫുല്ലാരവിന്ദായതപത്രനേത്ര
യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ
മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ
ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ല‍ാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം.
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു.
വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.
ഭീഷ്മദ്രോണതടാ ജയദ്രഥജലാ ഗാന്ധാരനീലോത്പലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ ക‍ര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവിക‍ര്‍ണ്ണ ഘോരമകരാ ദുര്യോധനാവ‍ര്‍ത്തിനീ
സോത്തീ‍ര്‍ണ്ണാ ഖലു പാണ്ഡവൈ രണനദീ കൈവ‍ര്‍ത്തകഃ കേശവഃ
ഭീഷ്മന്‍, ദ്രോണന്‍ എന്ന രണ്ടു കരകളും, ജയദ്രഥനാകുന്ന ജലവും, ഗാന്ധാരനെന്ന കറുത്ത പാറയും, ശല്യനെന്ന മുതലയും, കൃപനെന്ന ഒഴുക്കും, കര്‍ണ്ണനെന്ന വേലിയേറ്റവും, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ ഭയങ്കരസ്രാവുകളും, ദുര്യോധനന്‍ എന്ന ചുഴിയും കൊണ്ട് ഇറങ്ങാന്‍ വയ്യാത്ത പടക്കളമാകുന്ന പെരുംപുഴ, കടത്തുകാരനായ ഭഗവാന്റെ കനിവുമാത്രംകൊണ്ട് ആ പാണ്ഡവന്മാര്‍ കടന്നു കര പറ്റി.
പാരാശര്യവചഃ സരോജമമലം ഗീതാ‍ര്‍ഥഗന്ധോത്കടം
നാനാഖ്യാനകകേസരം ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ പേപീയമാനം മുദാ
ഭൂയാദ്ഭാരതപങ്കജം കലിമലപ്രധ്വംസി നഃ ശ്രേയസേ
പരാശരമഹര്‍ഷിയുടെ പുത്രനായ വ്യാസന്റെ വാക്കുകളാകുന്ന നിര്‍മ്മലമായ സരസ്സിലുണ്ടായതും, ഗീതയുടെ പൊരുളാകുന്ന സുഗന്ധം പരത്തുന്നതും, പലവിധത്തിലുള്ള ആഖ്യാനങ്ങളാകുന്ന അല്ലികളുള്ളതും, ശ്രീകൃഷ്ണന്റെ കഥകളെ നന്നായി ബോധിപ്പിച്ച് വിടര്ന്നു നില്ക്കുന്നതും, ലോകത്തിലെ സജ്ജനങ്ങളാകുന്ന വണ്ടുകള്‍ ദിവസവും വന്നു തേന്‍ കുടിക്കുന്നതും, മഹാഭാരതമാകുന്ന താമരപ്പൂവ് നമ്മുടെ കലിമലത്തെയകറ്റുന്നതാകട്ടെ.
മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം
ആരുടെ കൃപയാലാണോ മൂകന്‍ വാഗ്മിയാകുന്നതു, മുടന്തന്‍ മല കയറുന്നതും, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു.

ഗീതാമാഹാത്മ്യം

ഗീതാശാസ്ത്രമിദം പുണ്യം യഃ പഠേത്പ്രയതഃ പുമാ‍ന്‍
വിഷ്ണോഃ പദമവാപ്നോതി ഭയശോകാദിവ‍ര്‍ജിതഃ
പവിത്രമായ ഈ ഗീതാശാസ്ത്രത്തെ പ്രയത്നപൂര്‍വ്വം പഠിക്കുന്നവന്‍ ഭയശോകങ്ങളില്‍ നിന്നു മുക്തനായി വിഷ്ണുവിന്റെ പദം പൂകുന്നു.
ഗീതാധ്യയനശീലസ്യ പ്രാണായാമപരസ്യ ച
നൈവ സന്തി ഹി പാപാനി പൂ‍ര്‍വ്വജന്മകൃതാനി ച
നിത്യവും ഗീത വായിക്കുകയും പ്രാണായാമം ശീലിക്കുകയും ചെയ്യുന്നവന്റെ പൂര്‍വ്വജന്മകൃതപാപങ്ങളും നശിക്കുകയും പുതുതായി പാപങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു.
മലനി‌ര്‍മോചനം പുംസ‍ാം ജലസ്നാനം ദിനേ ദിനേ
സകൃദ്ഗീത‍ാംഭസി സ്നാനം സംസാരമലനാശനം
ശരീരത്തിലെ അഴുക്ക് മാറുവാനായി മനുഷ്യര്‍ ദിവസവും കുളിക്കുന്നു. എന്നാല്‍ ഭഗവദ്ഗീതയാകുന്ന പുണ്യജലത്തില്‍ ഒരിക്കല്‍ മാത്രം കുളിച്ചാല്‍ അത് സംസാരമലത്തെ നശിപ്പിക്കുന്നു.
ഗീതാ സുഗീതാ ക‍ര്‍ത്തവ്യാ കിമന്യൈഃ ശാസ്ത്രവിസ്തരൈഃ
യാ സ്വയം പദ്മനാഭസ്യ മുഖപദ്മാദ്വിനിഃസൃതാ
ഭഗവദ്ഗീത വളരെ നന്നായി പഠിക്കേണ്ടതാണ്. വിഷ്ണുവിന്റെ മുഖപത്മത്തില്‍ നിന്ന് നിര്‍ഗ്ഗളിച്ച ഭഗവദ്ഗീതയുള്ളപ്പോള്‍ മറ്റ് അനേകം ശാസ്ത്രങ്ങള്‍ എന്തിന്?
ഭാരതാമൃതസ‍ര്‍‍‍വ്വസ്വം വിഷ്ണോ‍ര്‍‌വ്വക്‌ത്രാദ്വിനിഃസൃതം
ഗീതാഗംഗോദകം പീത്വാ പുന‍ര്‍‌ജന്മ ന വിദ്യതേ
മഹാഭാരതത്തിന്റെ സാരവും, ഭഗവാന്‍ വിഷ്ണുവിന്റെ തന്നെ ഉപദേശവുമായ ഗീതയുടെ പവിത്രമായ ഗംഗാജലം കുടിച്ചാല്‍ പുനര്‍ജ്ജന്മം ഉണ്ടാകുന്നതല്ല.
ഏകം ശാസ്ത്രം ദേവകീപുത്രഗീത-
മേകോ ദേവോ ദേവകീപുത്ര ഏവ
ഏകോ മന്ത്രസ്തസ്യ നാമാനി യാനി
ക‍ര്‍മ്മാപ്യേകം തസ്യ ദേവസ്യ സേവാ
ഒരേ ഒരു ശാസ്ത്രം കൃഷ്ണനുപദേശിച്ച ഗീതയും, ഒരേ ഒരു ഈശ്വരന്‍ ശ്രീകൃഷ്ണനും, ഒരേ ഒരു മന്ത്രം അവന്റെ നാമവും, ഒരെ ഒരു സേവ അവന്റെ സേവയുമാകുന്നു.
ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭ‍ാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം
ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.
ബ്രഹ്മാ വരുണേന്ദ്രരുദ്രമരുതഃ സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ
വേദൈഃ സ‍ാംഗപദക്രമോപനിഷദൈ‍ര്‍ ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതദ്ഗതേന മനസാ പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാസുരഗണാ ദേവായ തസ്മൈ നമഃ
യാതൊരു ദേവനെയാണോ ബ്രഹ്മാവ്, വരുണന്‍, രുദ്രന്‍, വായു എന്നിവര്‍ ദിവ്യങ്ങളായ സ്തവങ്ങളാല്‍ സ്തുതിക്കുന്നത്, സാമഗാനം ചെയ്യുന്നവര്‍ ആരെക്കുറിച്ചാണോ വേദോപനിഷത്തുക്കളുടെ പദക്രമപാഠങ്ങളാല്‍ പാടുന്നത്, ധ്യാനത്തില്‍ തദ്ഗതമനസ്കരായ യോഗികള്‍ ആരെയാണോ ദര്‍ശിക്കുന്നത്, ആരുടെ മഹത്വമാണോ ദേവന്മാരും അസുരന്മാരും അറിയാത്തത് ആ ദേവനെ ഞാന്‍ നമസ്കരിക്കുന്നു.
sreyas.in

No comments:

Post a Comment